Friday, June 21, 2019 Last Updated 13 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 10.26 PM

മലമ്പുഴ യക്ഷിക്ക്‌ അന്‍പതിന്റെ യൗവ്വനം

uploads/news/2019/06/312053/sun1.jpg

കേരളത്തില്‍ നിലനിന്നിരുന്ന സാമ്പ്രദായിക ശില്‌പ സങ്കല്‌പങ്ങളെ തച്ചുടച്ചുകൊണ്ടാണ്‌ മലമ്പുഴയില്‍ 30 അടി ഉയരമുള്ള യക്ഷിയുടെ ശില്‍പം കാനായി കുഞ്ഞിരാമന്റെ കരവിരുതില്‍ പിറവികൊണ്ടത്‌. ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ ഒതുങ്ങാനുള്ളതല്ല ശില്‌പകലയെന്ന്‌ സൃഷ്‌ടിവൈഭവത്തിലൂടെ നടത്തിയ നവോത്ഥാനപരമായ ആ പ്രഖ്യാപനത്തിന്‌ അരനൂറ്റാണ്ട്‌ പ്രായം. ഇന്ത്യയിലെ തന്നെ ആദ്യ പബ്ലിക്‌ ആര്‍ട്ടെന്ന ഖ്യാതിയുള്ള ശില്‍പം പണികഴിപ്പിക്കുമ്പോള്‍ അതിന്റെ ശില്‌പിക്ക്‌ യാഥാസ്‌ഥിതികരുടെയും കപടസദാചാരവാദികളുടെയും എതിര്‍പ്പുകളും മര്‍ദ്ദനവും നേരിടേണ്ടി വന്നിരുന്നു. കേരളത്തിന്റെ സഞ്ചാര ഭൂപടത്തിലെ പ്രധാന ഏടുകളിലൊന്നായ യക്ഷിക്ക്‌ മതേതരമായി നിലകൊള്ളുന്ന ശില്‍പമെന്ന പ്രത്യേകതയൂം അവകാശപ്പെടാം.

മലമ്പുഴയും മഹാശില്‌പിയും: ഒരു നിയോഗം
1955 ഒകേ്‌ടാബര്‍ ഒന്‍പതിന്‌ മലമ്പുഴ അണക്കെട്ട്‌ ഉദ്‌ഘാടനം ചെയ്യുമ്പോള്‍ അരക്കോടിയില്‍ പരം രൂപ ചെലവായിരുന്നു. ഈ തുക തിരിച്ചുപിടിക്കണമെന്ന ഉദ്ദേശത്തോടെ 36 ഏക്കറില്‍ ഒരുക്കിയ ഉദ്യാനമാകട്ടെ, സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. 1967 ല്‍ ജലസേചനവകുപ്പും വിനോദസഞ്ചാരവകുപ്പും സംയുക്‌തമായി ടൂറിസ്‌റ്റുകളുടെ ശ്രദ്ധ ലഭിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു.
ഉദ്യാനത്തില്‍ ശില്‌പങ്ങള്‍ വന്നാല്‍ ഗുണം ചെയ്യുമെന്ന ആശയത്തിന്‌ സ്വീകാര്യത ലഭിച്ചതോടെ ശില്‌പിയെ കണ്ടെത്താനുള്ള അന്വേഷണമായി. മദ്രാസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സിലെ പ്രിന്‍സിപ്പലായ കെ.സി.എസ്‌.പണിക്കരാണ്‌ ലണ്ടനില്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ കാനായി കുഞ്ഞിരാമനെന്ന കാസര്‍ഗോഡുകാരനായ യുവാവിനെ ദൗത്യം ഏല്‍പ്പിക്കുന്നത്‌. മഹത്‌ശില്‌പത്തിനായി മഹാശില്‌പിയെ തന്നെ കൃത്യമായി കാലം നിയോഗിച്ചതാകാം.

പ്രകൃതി വരച്ചിട്ട ചിത്രം
മലയാറ്റൂര്‍ രാമകൃഷ്‌ണന്റെ 'യക്ഷി' എന്ന നോവല്‍ പ്രസിദ്ധീകൃതമായതും അതിന്റെ ചലച്ചിത്രാവിഷ്‌കാരം ചര്‍ച്ചചെയ്യപ്പെടുന്നതും അറുപതുകളുടെ അവസാനത്തിലാണ്‌. ഭീകരതയുടെയും ഭയത്തിന്റെയും പര്യായമായി കരുതിപ്പോന്ന യക്ഷിയോട്‌ ജനമനസുകളില്‍ സ്‌നേഹത്തിന്റെ ലാഞ്‌ഛന തോന്നിത്തുടങ്ങിയതും ഇക്കാലയളവിലാണ്‌. യാദൃച്‌ഛികമെന്നോണം ശില്‌പനിര്‍മാണത്തിന്‌ കാനായി നിയോഗിക്കപ്പെടുന്നതും അതേ സമയത്താണ്‌. ശില്‍പം നിര്‍മിക്കാന്‍ ഉദ്ദേശിച്ച സ്‌ഥലത്തോട്‌ ചേര്‍ന്ന്‌ രണ്ടുമാസക്കാലം ചെലവിട്ടപ്പോള്‍ അവിടുത്തെ ഭൂപ്രകൃതി അടുത്തറിയാനുള്ള ശ്രമവും ശില്‌പി നടത്തി. കുന്നില്‍ നിന്ന്‌ താഴ്‌വരയിലേക്ക്‌ നോക്കുമ്പോള്‍ സ്വതന്ത്രയായി മലര്‍ന്നുകിടക്കുന്ന സ്‌ത്രീരൂപം വരച്ചിട്ടതുപോലെയാണ്‌ അദ്ദേഹത്തിന്‌ അനുഭവപ്പെട്ടത്‌. പ്രകൃതി വരച്ചിട്ട ആ മനോഹരചിത്രം അപ്പാടെ പുനഃസൃഷ്‌ടിക്കുക എന്ന ദൗത്യം കാനായി ശിരസ്സാവഹിച്ചു. രണ്ടോ മൂന്നോ അടി മാത്രം വലിപ്പം വരുന്ന ശില്‌പങ്ങള്‍ പണിയുക എന്ന ആവശ്യമായിരുന്നു ജലസേചന വകുപ്പ്‌ മുന്നോട്ട്‌ വച്ചിരുന്നത്‌. അക്കാലത്തെ രീതിവച്ച്‌, കുടമേന്തി നില്‍ക്കുന്ന ശകുന്തളയോ അരയന്നമോ ഒക്കെയായിരുന്നു അവരുടെ ഭാവനയില്‍. ഉദ്യാനത്തിന്റെ അന്തരീക്ഷത്തിന്‌ യോജിക്കുന്നത്‌ അന്‍പതടി ഉയരം വരുന്ന കൂറ്റന്‍ ശില്‌പമായിരിക്കുമെന്ന്‌ കാനായി സമര്‍ത്ഥിച്ചെങ്കിലും ഫണ്ടിന്റെ പരിമിതി ചൂണ്ടിക്കാട്ടി, മുപ്പതടിയില്‍ ശില്‍പം നിര്‍മ്മിക്കാന്‍ കരാറായി.

സുന്ദരിയായ യക്ഷി
ലണ്ടനിലെ പഠനമാണ്‌ കാനായി കുഞ്ഞിരാമന്‌ പോസ്‌റ്റ് മോഡേണ്‍ കല അടുത്തറിയാനുള്ള അവസരം ഒരുക്കിയത്‌. പാശ്‌ചാത്യ കലയ്‌ക്കുള്ള സ്വാതന്ത്ര്യം ഇവിടെയും സൃഷ്‌ടിക്കണമെന്ന ചിന്തയും വേരൂന്നി. പാബ്ലോ പിക്കാസോയെപ്പോലുള്ളവര്‍ ആഫ്രിക്കന്‍ ഗോത്രകല സൂക്ഷ്‌മമായി വീക്ഷിച്ചിരുന്നു എന്ന അറിവ്‌, ശില്‌പകലയുടെ സ്വത്വത്തിലേക്ക്‌ ആഴ്‌ന്നിറങ്ങാന്‍ പ്രേരിപ്പിച്ചു. പനങ്കാടുകളുടെ നാടായ മലമ്പുഴ കെട്ടുകഥകളും യക്ഷിക്കഥകളും കൊണ്ട്‌ സമ്പന്നമായതുകൊണ്ടാകാം, പ്രകൃതി വരച്ചിട്ട സ്‌ത്രീരൂപത്തെ യക്ഷിയായി അവതരിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്‌. സര്‍വവും കാക്കുന്ന അമ്മയായി യക്ഷിയെ പ്രതിഷ്‌ഠിക്കുമ്പോള്‍ സ്‌ത്രീയുടെ പരിപാവന സവിശേഷതയായ സൃഷ്‌ടിപരതയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവസ്‌ഥയാണ്‌ കാനായി സ്വീകരിച്ചത്‌. കാലുകള്‍ നീട്ടി, മാറിടം ഉയര്‍ത്തി, അര്‍ദ്ധമയക്കത്തില്‍ ആകാശനീലിമയില്‍ പാളിനോക്കി, അലസമായി പാറിക്കളിക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കി പ്രകൃതിയും മൊട്ടക്കുന്നുകളുമായി സ്‌നേഹം പങ്കിടുന്ന യക്ഷി, നൈസര്‍ഗികമായി രചിക്കപ്പെട്ട ശില്‍പകാവ്യമാണ്‌.
ജനനവും പ്രസവവും പോലുള്ള അവസ്‌ഥകള്‍ തുറന്നുകാണിക്കുന്ന ശില്‌പങ്ങളും ചിത്രങ്ങളും ക്ഷേത്രങ്ങളില്‍ കാണുമ്പോള്‍ അവയിലെ നഗ്നത വശ്യതയ്‌ക്കായി തീര്‍ത്തതല്ലെന്ന ബോധം നമ്മുടെ സംസ്‌കാരത്തില്‍ അന്തര്‍ലീനമാണ്‌. പ്രകൃതിയെ ക്ഷേത്രമായും ഉദിച്ചുവരുന്ന സൂര്യനെ അവിടെ തെളിയുന്ന ദീപമായും കാണുന്ന കാനായി എന്ന മഹാശില്‌പി തീര്‍ത്ത മലമ്പുഴയിലെ യക്ഷിയുടെ നഗ്നതയും വശ്യതയ്‌ക്കുപകരം ദൈവീകതയാണ്‌ പ്രദാനം ചെയ്യുന്നത്‌. മലമ്പുഴയിലെ കാടുകളില്‍ പാര്‍ത്തിരുന്ന ഒരുകൂട്ടം ആദിവാസികള്‍ യേമൂരമ്മയെന്ന കുലദൈവത്തെ ആരാധിച്ചിരുന്നു. കല്ലില്‍ തീര്‍ത്ത അവരുടെ പ്രതിഷ്‌ഠ, അണക്കെട്ട്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ പൊളിച്ചുനീക്കേണ്ടി വന്നു. ദൈവീകമായ ഇടപെടല്‍ എന്നോണം, ആ പ്രതിഷ്‌ഠയിരുന്ന സ്‌ഥാനത്താണ്‌ യക്ഷിയുടെ ശില്‍പം നിര്‍മ്മിക്കപ്പെട്ടത്‌. ശില്‌പത്തിനു ചുറ്റും മണ്‍ചിരാതുകള്‍ തെളിച്ച്‌ ഭക്‌തിയോടെ ആദിവാസികള്‍ മലമ്പുഴയിലെ യക്ഷിയെ ആരാധിക്കുന്നു.

എതിര്‍പ്പുകളുടെ ഘോഷയാത്ര
ശില്‌പങ്ങളുടെ സ്‌കെച്ച്‌ വരച്ചുണ്ടാക്കുന്ന ശീലമില്ലാത്ത കാനായി, യക്ഷിയുടെ രൂപം വിരിയിച്ചെടുത്തതും ഭാവനയില്‍നിന്നാണ്‌. കല ജനങ്ങള്‍ക്കുവേണ്ടി ഉള്ളതാണെന്നും മ്യൂസിയത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ കലാകാരന്റെ സൃഷ്‌ടികള്‍ ശ്വാസം മുട്ടി കഴിയുന്നത്‌ താങ്ങാനാവില്ലെന്നും പറയുന്ന കാനായി, സ്വന്തം ക്യാന്‍വാസായി കണ്ടത്‌ പ്രകൃതിയെയാണ്‌. പത്തോളം സഹായികളെ ഒപ്പം കൂട്ടി പാലക്കാടന്‍ വെയിലില്‍ പ്രതിദിനം പത്തിലേറെ മണിക്കൂറുകള്‍ വിയര്‍പ്പൊഴുക്കി ശില്‌പ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ സന്ദര്‍ഭത്തില്‍, പൊതുസ്‌ഥലത്ത്‌ നഗ്ന ശില്‍പം വരുന്നെന്ന വാര്‍ത്ത പ്രചരിച്ചു.
കേരളസംസ്‌കാരത്തിന്‌ യോജിക്കാത്ത രൂപം ഉണ്ടാക്കിയാല്‍ ജഡം മലമ്പുഴ അണക്കെട്ടില്‍ പൊങ്ങുമെന്ന്‌ പറഞ്ഞ്‌ കാനായിയെയും സഹായികളെയും ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന്‌ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. നാലുമാസക്കാലം കാനായിക്കും കൂട്ടര്‍ക്കും മലമ്പുഴ വിട്ടുനില്‍ക്കേണ്ട സാഹചര്യംപോലൂം ഉണ്ടായി.
ശില്‍പം പൂര്‍ത്തിയാക്കുന്നത്‌ ഗുണത്തേക്കാള്‍ ദോഷം വരുത്തിവയ്‌ക്കുമോ എന്ന ആശങ്കകൊണ്ട്‌ പണിസാമഗ്രികള്‍ തികയില്ലെന്നും അനുവദിച്ച ഫണ്ട്‌ തീര്‍ന്നെന്നും ഒഴിവുകിഴിവുകള്‍ പറഞ്ഞ്‌ വകുപ്പധികൃതരും ഉഴപ്പി. ശില്‌പനിര്‍മാണം തന്റെ മാത്രം ഉത്തരവാദിത്തമാണെന്ന രീതിയില്‍ കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങിയപ്പോള്‍ ദിവസവേതനം പോലും കൈപ്പറ്റാതെ കാനായി യക്ഷിയെ പൂര്‍ത്തീകരിക്കാനുള്ള യജ്‌ഞത്തില്‍ വ്യാപൃതനായി. അവസാന മിനുക്കുപണികളുടെ സമയത്തുപോലും എതിര്‍പ്പുകളുടെ കെട്ടടങ്ങിയിരുന്നില്ല. സ്‌ത്രീസംഘടനകളും രാഷ്‌ട്രീയക്കാരും ശില്‍പം ഉടയ്‌ക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങി. ഉദ്‌ഘാടനത്തിന്‌ ശേഷം ശില്‌പത്തെ വെള്ളസാരിയുടുപ്പിക്കാം എന്ന ഉപാധിയോടെ അന്നത്തെ കളക്‌ടര്‍ പ്രശ്‌നം രമ്യമായി പരിഹരിച്ചു.
1969 ല്‍ പൂര്‍ത്തിയായ ശില്‍പം, പിറ്റേ വര്‍ഷമാണ്‌ സി.എന്‍. ശ്രീകണ്‌ഠന്‍ നായര്‍ അനാച്‌ഛാദനം ചെയ്‌തത്‌. മലമ്പുഴയിലെ യക്ഷിയുടെ പൂര്‍ണരൂപം പത്രങ്ങളില്‍ അച്ചടിച്ചുവന്നതോടെ ശില്‍പം കാണാന്‍ ആളുകളുടെ തിരക്കായി. വിവാദങ്ങള്‍ കെട്ടടങ്ങി എന്നുമാത്രമല്ല, അവഹേളനവും ഭീഷണിയും പതുക്കെ പൂച്ചെണ്ടുകളായി മാറുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌. നഗ്നതയില്‍ അശ്ലീലത ചികയുന്ന കണ്ണുകളല്ല മലയാളത്തിന്റെ പൈതൃകവും കേരളമണ്ണിന്റെ സംസ്‌കൃതിയുമെന്ന്‌ കാലം തെളിയിച്ചു. കേരളം സന്ദര്‍ശിക്കുന്ന പത്തിലൊരാള്‍ യക്ഷിയെ കാണാന്‍ എത്തുന്നു എന്നാണ്‌ കണക്ക്‌- ദിനംപ്രതി ശരാശരി 4000 പേര്‍.

ശില്‌പിയും സൃഷ്‌ടികളും
'മലമ്പുഴയിലെ യക്ഷി' ഒരു തുടക്കം മാത്രമായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ശില്‌പത്തിലും കാനായി എന്ന ശില്‌പിയുടെ വിയര്‍പ്പിന്റെ ഉപ്പുരസമുണ്ട്‌. തിരുവനന്തപുരം ശംഖുമുഖത്തെ ജലകന്യക അദ്ദേഹത്തിന്റെ സൃഷ്‌ടിയാണ്‌. കൊച്ചിയിലെ മുക്കോല പെരുമാള്‍, കണ്ണൂരിലെ അമ്മയും കുഞ്ഞും തുടങ്ങി ശ്രീ നാരായണ ഗുരു, നേതാജി, ശ്രീ ചിത്തിര തിരുനാള്‍, പട്ടം താണുപിള്ള, മന്നത്ത്‌ പദ്‌മനാഭന്‍, വിക്രം സാരാഭായ്‌, ഡോ. പല്‌പു, മാമ്മന്‍ മാപ്പിള, ഇ.എം.എസ്‌, ടാഗോര്‍ എന്നീ മഹാരഥന്മാരുടെ വെങ്കലപ്രതിമകളും നിര്‍മിച്ചത്‌ കാനായിയാണ്‌. മറ്റൊരു കലാകാരനും ലഭിക്കാത്ത അപൂര്‍വ ഭാഗ്യവും രാജാരവിവര്‍മ പുരസ്‌കാരത്തിലൂടെ കാനായി നേടി. അദ്ദേഹം രൂപകല്‍പന ചെയ്‌ത ശില്‌പമാണ്‌ പുരസ്‌കാരമായി ലഭിച്ചത്‌.

മൂത്തമകള്‍ക്കായുള്ള കരുതല്‍
ഈ വര്‍ഷം അന്‍പത്‌ തികയുന്ന മലമ്പുഴയിലെ യക്ഷിയെക്കാണാന്‍ അതിന്റെ ശില്‌പി എത്തിയത്‌ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. യക്ഷിയെ നോക്കുമ്പോള്‍ കാനായിയുടെ മുഖത്ത്‌ പ്രകടമായത്‌ മൂത്തമകളോടുള്ള ഒരച്‌ഛന്റെ കരുതലും വാത്സല്യവുമാണ്‌. തന്റെ കാലശേഷവും ആ ശില്‌പചാരുത നിലനില്‍ക്കണമെന്ന ആഗ്രഹംകൊണ്ട്‌ ശില്‍പത്തില്‍ വെങ്കലം പൂശുന്നതിനുള്ള അനുമതി തേടിയിരിക്കുകയാണ്‌ അദ്ദേഹം. തികച്ചും നിസ്വാര്‍ത്ഥമായി കലയെ ഉപാസിക്കുന്ന ഒരാള്‍ക്ക്‌ മാത്രമേ അത്തരത്തില്‍ ചിന്തിക്കാന്‍ കഴിയൂ. ശില്‌പകലയെയും ചിത്രകലയെയും ജനകീയമാക്കാന്‍ എണ്‍പത്തിരണ്ടാം വയസിന്റെ പടിവാതിലില്‍ നിന്നുകൊണ്ട്‌ പണിപ്പെടുന്ന കാനായിയെപ്പോലുള്ള കലാകാരന്മാരെ തേടി പത്മാപുരസ്‌കാരങ്ങള്‍ എത്താത്തത്‌ എന്തുകൊണ്ടാണെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

മീട്ടു റഹ്‌മത്ത്‌ കലാം

Ads by Google
Saturday 01 Jun 2019 10.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW