Friday, June 21, 2019 Last Updated 13 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 10.26 PM

റൂബി

uploads/news/2019/06/312051/sun4.jpg

കാലത്ത്‌ പഞ്ച്‌ ചെയ്‌ത് നഴ്‌സിംഗ്‌സേ്‌റ്റഷനില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോേഴക്കും വിളി വന്നിരുന്നു. ഷിഫ്‌റ്റ്, ടേക്ക്‌ഓവര്‍ചെയ്യാതെ മിനികോണ്‍ഫറന്‍സ്‌റൂമിലെത്തണം.
അഡ്‌മിനിട്രേറ്റിവ്‌ വിങ്ങിന്റെ ഉള്ളിലാണ്‌ മിനികോണ്‍ഫറന്‍സ്‌റൂം. അതീവ രഹസ്യസ്വഭാവത്തിലുള്ള മീറ്റിംഗുകളാണ്‌ പൊതുവേ അവിടെവച്ചു നടത്തുക.
അലക്‌സ് ചെല്ലുമ്പോള്‍, ദീര്‍ഘവൃത്താകൃതിയിലുള്ള മേശയുടെ ഒരു ഭാഗത്തായി ഹോസ്‌പിറ്റലിന്റെ ഉടമയായ തടിയന്‍ ചീഫ്‌ മെഡിക്കലോഫീസറും. തൊട്ടരികില്‍ത്തന്നെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഹെഡും ഇരിപ്പുണ്ടായിരുന്നു.
ഇരുവരുടെയും കണ്ണുകളില്‍ പതിവില്ലാത്ത അനുനയഭാവം കണ്ടപ്പോള്‍ അലക്‌സിന്‌ അത്ഭുതമായി. മെഡിക്കല്‍റിപ്പോര്‍ട്ടുകള്‍ അടങ്ങിയ ഫയല്‍ നീട്ടിക്കൊണ്ട്‌ മെഡിക്കലോഫീസര്‍ അലക്‌സിനോട്‌ ഇരിക്കാന്‍ ആംഗ്യം കാണിച്ചു.
അലക്‌സ് മെഡിക്കല്‍റിപ്പോര്‍ട്ടിലേക്കു നോക്കി.
ആദം ബേബികുര്യാക്കോസ്‌, 72 വയസ്സ്‌.
ഹി ഈസ്‌ വെരി ഇമ്പോര്‍ട്ടന്റ്‌ ടു അസ്‌.
ടൈ തടവിക്കൊണ്ട്‌ അലക്‌സിന്റെ നേര്‍ക്ക്‌ അയാള്‍ നോക്കി.
മോസ്‌റ്റ് ഇമ്പോര്‍ട്ടന്റ്‌. തെര്‍ട്ടീന്‍ത്‌ ഫ്‌ലോര്‍. കീപ്പ്‌ ഇറ്റ്‌ ആസ്‌ എ ടോപ്പ്‌ സീക്രട്ട്‌. ഹെഡ്‌നേഴ്‌സ് വില്‍ എക്‌സ്പ്ലെയിന്‍ മോര്‍.
ഒന്നു നിറുത്തി അയാള്‍ തുടര്‍ന്നു:
ആര്‍ യു റെഡി ടു ഡു ദിസ്‌ സ്‌പെഷ്യല്‍ അസ്സൈന്മെന്റ്‌?
അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. വേഗത്തില്‍ സമ്മതമറിയിച്ച്‌ അവന്‍ പുറത്തുകടന്നു.
.പതിമൂന്നാംനിലയില്‍ ഒരു പേഷ്യന്റ്‌ എന്നുള്ളത്‌ അവനൊരു പുതിയ അറിവായിരുന്നു! അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിങ്ങിന്റെ മുകളിലുള്ള ഫ്‌ലോറിലേക്ക്‌ ആരെങ്കിലും പോയതായി കേട്ടിട്ടില്ല. പോകേണ്ട ആവശ്യം ആര്‍ക്കുംതന്നെ ഉണ്ടായിരുന്നില്ല എന്നതാണ്‌ വാസ്‌തവം. പതിമൂന്നാംനിലയിലെത്തിയപ്പോള്‍, ലിഫ്‌റ്റിനരികില്‍ത്തന്നെ ഹെഡ്‌നേഴ്‌സ് നില്‌പുണ്ടായിരുന്നു.
നീ ഡ്രസ്സൊന്നും എടുത്തില്ലേ?
ഇല്ല. റിപ്പോര്‍ട്ട്‌ തന്നിട്ട്‌, പതിമൂന്നില്‍ ചെല്ലാനാ ഓഫീസീന്ന്‌ പറഞ്ഞേ.
ങ്ങ്‌ഹും. പിന്നെപ്പോയി എടുത്താല്‍ മതി. മൂന്നുമാസത്തേക്കാ പോസ്‌റ്റിങ്ങ്‌. അതുവരെ വീട്ടില്‍പ്പോവാന്‍ പറ്റത്തില്ല.
ആദ്യം കണ്ട വാതിലിലൂടെ അകത്തേക്കു കടന്നപ്പോള്‍ ഒരു ചെറിയ ഇടനാഴിയായി. അതിന്‍റെ വലതുഭാഗത്തായിട്ടാണ്‌ രോഗിയുടെ മുറി. അവര്‍ ചെന്നപ്പോള്‍ അയാള്‍ നല്ല ഉറക്കത്തിലായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മെയില്‍നേഴ്‌സ് അരികിലായി നില്‌പുണ്ട്‌. അയാള്‍ പോകുന്ന ഒഴിവിലേക്കാണ്‌ അലക്‌സിന്റെ പോസ്‌റ്റിങ്ങ്‌. കാര്യങ്ങളുടെ ഏകദേശരൂപം അലക്‌സിന്‌ അപ്പോഴാണ്‌ പിടികിട്ടിയത്‌.
ശബ്‌ദമുണ്ടാക്കാതെ മൂവരും റസ്‌റ്റ്റൂമിലേക്ക്‌ മാറി. രോഗിയുടെ മുഴുവന്‍ രോഗവിവരങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഫോള്‍ഡറിന്റെ പാസ്സ്‌വേര്‍ഡ്‌ നല്‌കിയിട്ട്‌, അവര്‍ രണ്ടുപേരും താഴേക്കുപോയി. പോകുംമുമ്പ്‌ ഹെഡ്‌നേഴ്‌സ് ഒന്നുകൂടെ ഓര്‍മ്മിപ്പിച്ചു:
മരുന്നും, ആഹാരവും കൃത്യസമയത്ത്‌ കൊടുത്തോണം. കംപ്ലയിന്റ്‌ ഒന്നും ഒണ്ടാക്കരുത്‌. പിന്നെ, ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും വെളിയില്‍ ആരും അറിയരുത്‌.
ഒറ്റയ്‌ക്കായപ്പോള്‍ അലക്‌സ് അവിടമാകെ നടന്നുകണ്ടു.
രോഗി വി. ഐ. പി.തന്നെയാണ്‌. ഗംഭീരസൗകര്യങ്ങള്‍ അവിടെയുണ്ട്‌. രോഗിയുടെ മുറിയുടെ തൊട്ടടുത്തായിത്തന്നെയാണ്‌ അലക്‌സിന്റെ റസ്‌റ്റ്റൂം. എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്‌.
റൂമിനുള്ളില്‍ ചെറിയ ശബ്‌ദം കേട്ട്‌ അലക്‌സ് വേഗം ചെന്നുനോക്കി. കുര്യാക്കോസ്‌ ഉണര്‍ന്നിട്ടുണ്ട്‌.
നീ ഏതാടാ? മുന്നേ കണ്ടിട്ടില്ലല്ലോ? എന്താ പേര്‌? അയാള്‍ മുഖം ചുളിച്ചു.
ഞാനിവിടെ പുതിയതാ അപ്പച്ചാ. പേര്‌, അലക്‌സ്.
നഴ്‌സാന്നോ?
അതേ, നേഴ്‌സാ.
മോളിക്കുട്ടി എല്ലാം പറഞ്ഞുതന്നിട്ടൊണ്ടോ?
അലക്‌സ് ഉണ്ടെന്നു തലയാട്ടി.
ഇമചിമ്മാതെ അയാള്‍ അലക്‌സിനെ നോക്കിക്കൊണ്ടേയിരുന്നു. അപ്പോളാണ്‌ അലക്‌സ് അയാളുടെ മുഖം ശ്രദ്ധിച്ചത്‌. എവിടെയോ കണ്ട്‌ നല്ല പരിചയം.
അപ്പച്ചന്‍ ഉറങ്ങിക്കോ. ഊണ്‌ വരുമ്പോള്‍, ഞാന്‍ വിളിക്കാം.
അമ്പ്യുട്ട്‌ ചെയ്‌ത കാലുകളിലേക്ക്‌ അലക്‌സ് പുതപ്പ്‌ വലിച്ചിട്ടു.
ഉച്ചയ്‌ക്ക് കാന്റീനില്‍നിന്നും ആഹാരമെത്തി.
ഊണുകഴിഞ്ഞ്‌, കുര്യാക്കോസിന്റെ ബെഡ്‌ഡിനു സമീപത്തുതന്നെയുള്ള ചെറിയ റെസ്‌റ്റിംഗ്‌ചെയറില്‍ അലക്‌സ് മയങ്ങാന്‍ കിടന്നു. ഉറക്കം വന്നതേയില്ല. റെട്രോഗ്രേഡ്‌ - ആന്ററോഗ്രേഡ്‌ അംനേഷ്യ. സസ്‌പെക്‌ടഡ്‌ ഗോള്‍ഡ്‌ഫീല്‍ഡ്‌ സിന്‍ഡ്രോം, അതാണ്‌ കുര്യാക്കോസിന്റെ രോഗം. വീഴ്‌ചയിലുണ്ടായ ആഘാതം. അതേ അപകടത്തിന്റെ തുടര്‍ച്ചയായി രണ്ടുകാലുകളും മുട്ടിനു താെഴ നീക്കംചെയ്‌തിട്ടുണ്ട്‌. കൃത്രിമക്കാലുകള്‍കൊണ്ട്‌ ടോയ്‌ലെറ്റിലൊക്കെ പോകാന്‍ കഴിയുന്നുണ്ടെങ്കിലും പരസ്സഹായം ഒഴിവാക്കാന്‍ കഴിയാത്ത അവസ്‌ഥ.
ആരാണിയാള്‍?!
പേഷ്യന്റ്‌പ്ര?ഫൈലില്‍ പേരും വയസ്സും രോഗവിവരങ്ങളുമല്ലാതെ മറ്റൊന്നുമില്ല. ഏതാനും നാളുകള്‍കൊണ്ട്‌ അലക്‌സിന്‌ ഒരു കാര്യം മനസ്സിലായി. കുര്യാക്കോസിനെ ചുറ്റിപ്പറ്റി എന്തൊക്കെയോ ദുരൂഹതകളുണ്ട്‌. അയാള്‍ തനിച്ചാണ്‌. ആരും കാണാന്‍ വരാറില്ല.
കുര്യാക്കോസുമായി അലക്‌സ് സംസാരിച്ചുനോക്കി; പ്രയോജനമുണ്ടായില്ല. മറവിയുടെ കയത്തില്‍ത്തന്നെയായിരുന്നു അയാള്‍. പരസ്‌പരബന്ധമില്ലാതെ പറയും. ഭക്ഷണം കഴിച്ചാലും കഴിച്ചില്ല എന്നാവും പരാതി.
ഹെഡ്‌നേഴ്‌സ്, ഡ്യൂട്ടിഡോക്‌ടര്‍ എന്നിവര്‍ കാലത്തും വൈകീട്ടും പരിശോധനയ്‌ക്ക് എത്തുമ്പോള്‍ ആവലാതികളുടെ പൊതിയഴിച്ച്‌ അയാള്‍ കൂകിയാര്‍ക്കാറാണ്‌ പതിവ്‌.
ഈ ബഹളങ്ങള്‍ക്കിടയിലെപ്പോളോ ഓര്‍മ്മച്ചിന്തുകള്‍ പെറുക്കിയെടുത്ത്‌ വര്‍ത്തമാനം തുടങ്ങും. അലക്‌സിന്‌ അതു കേള്‍ക്കാന്‍ വലിയ താല്‌പര്യമാണ്‌. ചിലനേരങ്ങളിലെ സ്വാഭാവികമായ പെരുമാറ്റം കാണുമ്പോള്‍, അയാളുടെ മനോനില സാധാരണനിലയിലേക്ക്‌ മടങ്ങുകയാണെന്ന്‌ അലക്‌സിന്‌ തോന്നിയിട്ടുണ്ട്‌. എന്നാല്‍, പിറ്റേന്ന്‌ ഉറക്കമുണര്‍ന്നാല്‍ വീണ്ടും അസ്വാഭാവികമായ രീതികള്‍ കാണിച്ചുതുടങ്ങും!
പപ്പയുടെ അവസാനനാളുകളാണ്‌ അലക്‌സിന്‌ അപ്പോളൊക്കെ ഓര്‍മ്മവന്നത്‌. തഴപ്പായ വിരിച്ച, കയറ്‌ പാകിയ കട്ടിലില്‍ക്കിടന്നു കരയുന്ന അപ്പന്റെ അടുത്തിരിക്കുന്ന അമ്മച്ചി. കാലത്ത്‌, തളപ്പുമെടുത്ത്‌ തെങ്ങുകയറാന്‍ ഇറങ്ങുമ്പോള്‍ക്കാണുന്ന സ്‌ഥിരം കാഴ്‌ചയായിരുന്നു അത്‌.
എന്നതാടാ കൈയേല്‌?
വൈകീട്ട്‌ ഓട്‌സിന്റെ കഞ്ഞി മൊത്തിക്കുടിക്കുന്നതിനിടയില്‍ അലക്‌സിന്റെ മോതിരത്തിലായി കുര്യാക്കോസിന്റെ ശ്രദ്ധ.അലക്‌സ് മോതിരം ഊരിക്കൊടുത്തു.
ഓ, ബര്‍മ്മീസ്‌ റൂബിയാ, അല്ലിയോടാ? എവിടുന്നു കിട്ടി?
എനിക്കതൊന്നും അറിയാമ്മേലാ. പത്താംതരം പാസ്സായപ്പോ വല്യപ്പച്ചന്‍ തന്നതാ.
ഉം,നിന്റെ അപ്പനെന്നാടാ ജോലി?
മരംകേറ്റമാരുന്നു. തെങ്ങും കവുങ്ങും അടങ്കലെടുക്കും. റബ്ബറ്‌ വെട്ടാനും പോയിരുന്നതാ. കുന്നുമ്മേലേ പാപ്പിമുതലാളിയുടെ തോട്ടത്തിലെ മണ്ടപോയ തെങ്ങിലെ തത്തപ്പൊത്തില്‍ കൈയിട്ടതാ പപ്പ. കൂടടക്കം താഴോട്ടു പോന്നു. ഞാന്‍ പഠിച്ചോണ്ടിരിക്കുമ്പോഴാ.
അലക്‌സിന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു.
കരേയുവാന്നോ?! ആണുങ്ങള്‌ കരയാന്‍ പാടില്ല. നീയിങ്ങോട്ട്‌ നോക്ക്‌. ഇക്കാണുന്ന ആശുപത്രിയും അതിന്റെ പിന്നില്‍ക്കാണുന്ന എണ്‍പതേക്കറും ഞാനേ, എങ്ങനാ ഒണ്ടാക്കിയെന്നറിയാവോ?
കുര്യാക്കോസിന്റെ വാക്കുകള്‍ അലക്‌സിനെ അമ്പരപ്പിച്ചു! അപ്പോള്‍ അതാണ്‌ കാര്യം! ചീഫ്‌ മെഡിക്കലോഫീസറുടെ അപ്പനാണ്‌ കുര്യാക്കോസ്‌. അലക്‌സിന്‌ കൂടുതലറിയാന്‍ ആകാംക്ഷയുണ്ടായി.
എടാ, നിന്‍റെ കൈയിലിട്ടിരിക്കുന്ന മാണിക്യം; റൂബി, അതൊരു ഭാഗ്യമാ. ഉപ്പന്റെ കണ്ണിലെ ചോപ്പ്‌ നീ കണ്ടിട്ടുണ്ടോ? ആ നിറത്തിലുള്ള റൂബി, ഒരെണ്ണം മതി. പിന്നെ, നീ രക്ഷപെട്ടു..
കുര്യാക്കോസിന്റെ കണ്ണുകള്‍ ചുവന്നുതിളങ്ങുന്നതുപോലെ അലക്‌സിനു തോന്നി.
സംഗതിയൊക്കെ കേള്‍ക്കാന്‍ കൊള്ളാം. അതെവിടെക്കിട്ടാനാ? ഒക്കെ കെട്ടുകഥയല്ലേ? പാത്രം തിരികെ വാങ്ങുന്നതിനിടയില്‍ അലക്‌സ് പറഞ്ഞു.
തെങ്ങിന്റെ ചോട്‌ മാന്തിക്കോ. റൂബി കിട്ടും.
തെങ്ങിന്റെ ചോട്‌ മാന്താനോ? നാഗമാണിക്യം പാമ്പിന്റെ തലയുടെ മുകളിലല്ലേ കാണുക
അലക്‌സ് അവിശ്വാസത്തോടെ ചോദിച്ചു
ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. അടുത്തേക്ക്‌ നീങ്ങിനില്‌ക്കാന്‍ അയാള്‍ കൈകൊണ്ട്‌ ആംഗ്യം കാണിച്ചു. എന്നിട്ട്‌ പതുക്കെപ്പറഞ്ഞു:
എടാ പൊട്ടാ, നാഗമാണിക്യം എന്നൊന്നില്ല. ഞാനീപ്പറേന്നത്‌ ശരിക്കൊള്ള മാണിക്യത്തിന്റെ കാര്യമാ. ചെട്ടിയാര്‍പ്പടിയില്‍നിന്നു രണ്ടു കിലോമീറ്റര്‍ കുത്തനെ കുന്ന്‌ കയറിയാല്‍ പുത്തലനിരപ്പാ. അവിടെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഇടിവെട്ടേറ്റ തെങ്ങിന്റെ ചോട്‌ മാന്തിക്കോ. റൂബി കിട്ടും. കിഴക്കേ മലേലെല്ലാം റൂബിയുണ്ടെടാ. പക്ഷേ മാന്തിയെടുക്കണം. ഒക്കെ റബ്ബറു വച്ചു നശിപ്പിച്ചില്ലിയോ
മണ്ണിലെ ധാതുക്കള്‍ ചേര്‍ന്നുണ്ടാവുന്ന , അതായത്‌ ക്രോമിയം സംക്രമണത്തിന്റെ പ്രകൃത്യനുസരണമായ തന്മാത്രകള്‍. യഥാര്‍ത്ഥമാണിക്യത്തിന്റെ കഥകള്‍ അലക്‌സ് ആദ്യമായി കേള്‍ക്കുകയായിരുന്നു. ഒരു നുറുക്ക്‌ റൂബിയില്‍ കടന്നുവന്ന ഭാഗ്യങ്ങളുടെ വിവരണങ്ങളാണ്‌ കുര്യാക്കാസ്‌ പിന്നീട്‌ പറഞ്ഞത്‌. എല്ലാം കേട്ടുകഴിഞ്ഞ്‌ തലകുനിച്ചിരുന്ന അലക്‌സിനോട്‌ അയാള്‍ ചോദിച്ചു,
എന്നതാടാ മിണ്ടാത്തേ, ഇപ്പൊ വിശ്വാസായോ?, പിന്നൊരിക്കലാട്ടെ, റൂബി എടുക്കുന്ന വിധമൊക്ക പറഞ്ഞുതരാം
സമ്മതഭാവത്തിലുള്ള ചെറുചിരിയോടെ അലക്‌സ് റൂമില്‍നിന്ന്‌ പുറത്തേക്കു പോയി.
കാന്റീനില്‍നിന്നും ആഹാരം കൊണ്ടുവരുന്ന വറീതുമാപ്ലയോട്‌ കുര്യാക്കോസിനെപ്പറ്റി അലക്‌സ് കൂടുതല്‍ വിവരങ്ങള്‍ തിരക്കി.
വടക്കന്‍ ജില്ലയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ദരിദ്രനസ്രാണിക്കുടുംബത്തിലെ ഇളയവനാണ്‌ കുര്യാക്കോസ്‌. കഠിനാധ്വാനം കൊണ്ട്‌ വലിയ ബിസിനസ്സുകാരനായി, സ്വന്തമായി ആശുപത്രിയൊക്കെ കെട്ടി. ആശുപത്രിവലുതാക്കുന്നതിന്റെ പണിനടക്കുമ്പോളായിരുന്നു അപകടമുണ്ടായത്‌. മുകളില്‍നിന്നും താഴേക്കു വീണതാണ്‌. കുറെ നാള്‍ മെയിന്‍ബ്ലോക്കില്‍ ചികിത്സയിലായിരുന്നു. ആ സമയത്താണ്‌ കാല്‍ മുറിക്കുന്നത്‌. ഭാര്യ പണ്ടേ മരിച്ചതാണ്‌. ഇളയ മകന്‍ ഹോസ്‌പിറ്റലിന്റെ നടത്തിപ്പുമായി അവിടെത്തന്നെയുണ്ട്‌. ബാക്കിയുള്ള നാലുമക്കള്‍; കാനഡയിലും അമേരിക്കയിലുമായി കഴിയുന്നു. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും വിദേശത്തുള്ള മക്കളാരും അപ്പനെക്കാണാനായി വന്നിരുന്നില്ലെന്ന്‌ വറീതുമാപ്ല അല്‌പം സങ്കടത്തോടെയാണ്‌ പറഞ്ഞത്‌. മക്കളെപ്പറ്റി ചോദിച്ചപ്പോളെല്ലാം എല്ലാം മറന്നതുപോലേ അയാള്‍ കിടന്നത്‌ അലക്‌സ് ഓര്‍ത്തു. ഓര്‍മ്മയില്ലാഞ്ഞിട്ടോ അതോ ഓര്‍മ്മയില്ലെന്ന്‌ നടിക്കുന്നതോ? അലക്‌സിന്‌ ഒന്നും തീര്‍ച്ചയാക്കാനായില്ല.
അന്നുരാത്രി, കിടക്കുംമുമ്പ്‌ ഒരിക്കല്‍ക്കൂടെ കുര്യാക്കോസിന്റെ കിടക്കയ്‌ക്കരികില്‍ ചെന്നതാണ്‌ അലക്‌സ്. അയാള്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത്‌ അലക്‌സ് കണ്ടു.
അപ്പച്ചാ, വേദന വല്ലതുമുണ്ടോ?
നീ ഇരി, കൊറച്ച്‌ പറയാനൊണ്ട്‌.
വീണ്ടും വിങ്ങല്‍. വിങ്ങല്‍ കൂടിക്കൂടി പൊട്ടിക്കരച്ചിലായി. അതിനൊടുവില്‍ അലക്‌സിനെയുംകൂട്ടി കുര്യാക്കോസ്‌ പറന്നുയര്‍ന്നു. ഇരുവര്‍ക്കുമിടയില്‍ വെണ്‍മേഘത്തുണ്ടുകള്‍...
മൂടുതേഞ്ഞ വള്ളിനിക്കറിന്റെ മൂലയ്‌ക്കു പിടിച്ച്‌ മൂക്കളയൊലിപ്പിച്ചോടിവരുന്ന കൊച്ചുകുര്യാക്കോസ്‌. അപ്പനെ പോലീസ്‌ കൊണ്ടുപോയി. ചേമ്പ്‌ മോട്ടിച്ച കേസില്‍. പോലീസ്‌സേ്‌റ്റഷന്റെ മുറ്റത്ത്‌ കൈകെട്ടി നില്‌ക്കുകയാണ്‌ കുര്യാക്കോസിന്റെ അപ്പന്‍ ദേവസ്സി.
നെനക്ക്‌ പണിയെടുത്തു തിന്നാന്‍ പറ്റുവോടാ?
ഏഡ്‌ങ്ങത്ത്‌ കണ്ണുരുട്ടി.
സമ്മതം സൂചിപ്പിച്ച്‌ ദേവസ്സി തലയാട്ടിക്കാണിച്ചു.
താലൂക്കാപ്പീസില്‍ച്ചെന്ന്‌ ഒപ്പീസുബുക്കില്‍ പേരെഴുതിയപ്പോള്‍ ഒരു തൂമ്പായും നാലുമൂട്‌ കപ്പയും അമ്പതുരൂപയും കിട്ടി. വെട്ടിനിരത്തി പണിയെടുത്ത്‌ തിന്നാന്‍ തുടങ്ങിയപ്പോള്‍, മോഹം കൂടിവന്നു. വെട്ടിപ്പിടിച്ചാല്‍പ്പോരാ, കാശുവേണം; പ്രമാണിയാവണം. നാഗമാണിക്യം തേടി കുര്യാക്കോസ്‌ അലയാന്‍തുടങ്ങിയത്‌ അക്കാലത്താണ്‌.
പിന്നെ, ബിസിനസ്സ്‌ വളര്‍ന്നു, കാശുകാരനായി. മക്കളില്‍ ഇളയവന്‍ ഡോക്‌ടറായി വന്നപ്പോളാണ്‌ ആശുപത്രിക്കെട്ടിടത്തിന്‍റെ പുതിയ ബ്ലോക്ക്‌ പണിതുടങ്ങിയത്‌.
മറ്റൊരു മേഘക്കഷണത്തിലേക്ക്‌ കാലുയര്‍ത്തിവച്ച്‌, കുര്യാക്കോസ്‌ ദീര്‍ഘനിശ്വാസം വിട്ടു. അലക്‌സ് കണ്ടു.അപ്പനും മോനും തമ്മില്‍ തര്‍ക്കത്തിലാണ്‌. നാട്ടിലുള്ളതെല്ലാം വിറ്റിട്ട്‌ അവന്‌ കാനഡയില്‍ ആശുപത്രി പണിയണം. കെട്ടിയോള്‍ കാനഡക്കാരിയാണ്‌. നാട്ടില്‍ സ്‌ഥിരതാമസം പറ്റില്ല. കെട്ടിയ കാര്യം അറിയാഞ്ഞത്‌ കുര്യാക്കോസ്‌ ക്ഷമിച്ചു. പക്ഷേ, കെട്ടിയുയര്‍ത്തിയത്‌ വിറ്റുമാറാന്‍ അയാള്‍ സമ്മതിച്ചില്ല. പൊക്കത്തിലൊരു ബീമിന്റെ വക്കത്തായിരുന്നു രണ്ടുപേരും നിന്നിരുന്നത്‌. തര്‍ക്കത്തിനിടയില്‍ മോന്റെ കാലുയര്‍ന്നുവന്ന്‌ അപ്പനെ ചവിട്ടുന്നതു കണ്ട്‌ അലക്‌സ് ഞെട്ടി
എവിടെക്കെയോ തട്ടിത്തെറിച്ച്‌, ഒടുവില്‍ ആ കട്ടിലില്‍മേഘങ്ങള്‍ അപ്രത്യക്ഷമായി. ചുറ്റും അരണ്ടവെളിച്ചംമാത്രം. അലക്‌സിന്‌ ശബ്‌ദിക്കാന്‍ കഴിഞ്ഞില്ല. കുര്യാക്കോസ്‌ പുതപ്പുമാറ്റി, തന്റെ മുറിച്ച കാലിലേക്ക്‌ നോക്കി. ഇതെപ്പോഴാ പോയേന്ന്‌ എനിക്കറീല്ല. അയാളുടെ തല കൈയിലെടുത്ത്‌ അലക്‌സ് ദേഹത്തോട്‌ ചേര്‍ത്താശ്വസിപ്പിച്ചു.
അപ്പച്ചന്‍ കരയേണ്ടാ, ഞാനില്ലേ.
അയാള്‍ കരഞ്ഞുകരഞ്ഞ്‌ തളര്‍ന്നുറങ്ങുംവരെ അലക്‌സ് ഒപ്പമുണ്ടായിരുന്നു. അന്നുരാത്രി, അവന്റെ മനസ്സുനിറയെ കുര്യക്കോസിന്റെജീവിതമായിരുന്നു. എല്ലാം നേടിയിട്ടും ഒന്നും നേടാന്‍ കഴിയാതെപോകുന്ന ചിലര്‍.
പിറ്റേന്ന്‌ ചെല്ലുമ്പോള്‍ തലേന്നു കണ്ട കുര്യാക്കോസായിരുന്നില്ല. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌ ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കഭാവവുമായി അയാള്‍ കിടപ്പുണ്ടായിരുന്നു. ഹെഡ്‌നേഴ്‌സ് വന്നപ്പോള്‍ കുര്യാക്കോസ്‌ പറഞ്ഞ കാര്യങ്ങള്‍ ചെറുതായി സൂചിപ്പിച്ചുനോക്കി. അവര്‍ പെട്ടെന്ന്‌ ദേഷ്യപ്പെട്ടു.
വെളിവില്ലാത്തവര്‍ പറയുന്നതൊന്നും കേള്‍ക്കേണ്ട. വീട്ടിലെ കഷ്‌ടപ്പാടും ദുരിതവുമോര്‍ത്താണ്‌ നിന്നെ ഇതിനു ഞാന്‍ സപ്പോര്‍ട്ട്‌ ചെയ്‌തത്‌. നീ നിന്റെ കാര്യം നോക്ക്‌.
ആദം ബേബി കുര്യാക്കോസ്‌ അപ്പോള്‍ തിരിഞ്ഞുകിടക്കുകയായിരുന്നു. ജനാലയിലൂടെ മേഘാവൃതമായ ആകാശവും നോക്കിക്കിടക്കുന്നതു കണ്ടപ്പോള്‍ അലക്‌സിന്‌ വിഷമം തോന്നി.
അപ്പച്ചാ, എന്റെ റൂബി കൈയില്‌ വച്ചോ. ഭാഗ്യം തിരികെ വന്നാലോ.
തന്റെ മോതിരം ഊരി കുര്യാക്കോസിന്റെ കൈയില്‍ വച്ചുകൊടുക്കുമ്പോള്‍ അലക്‌സ് പറഞ്ഞു. അതു ശ്രദ്ധിക്കാതെ, പുതപ്പ്‌ ദൂരേക്കു മാറ്റിയിട്ട്‌ കാലം ബാക്കിവച്ച തുടകള്‍ക്കിടയിലൂടെ രണ്ടുകൈകകളും കുത്തിത്തിരുകിക്കിടന്ന്‌ അയാള്‍ പിറുപിറുത്തു:
മഴപെയ്യും. പെയ്യട്ടെ, തകര്‍ത്തു പെയ്യട്ടെ.
ഉച്ചക്കു മുമ്പായി ഹെഡ്‌നേഴ്‌സും ഡ്യൂട്ടിഡോക്‌ടറും പതിവില്ലാതെ വീണ്ടും റൗണ്ട്‌സിന്‌ വന്നു. ഏതൊക്കെയോ പേപ്പറില്‍ കുര്യാക്കോസിനെക്കൊണ്ട്‌ ഒപ്പിടുവിക്കുന്നതും തള്ളവിരല്‍ പതിപ്പിക്കുന്നതും അലക്‌സ് ശ്രദ്ധിച്ചു. അലക്‌സിനോട്‌ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ അവര്‍ താല്‌പര്യം കാണിച്ചില്ല. അതിനിടയില്‍ സീല്‍ചെയ്‌ത ഒരു തടിച്ച കവര്‍ താഴേ ഓഫീസില്‍ കൊണ്ടുക്കൊടുക്കാനായി ഡോക്‌ടര്‍ അലക്‌സിന്‍റെ കൈയിലേല്‌പിച്ചു.എന്തായിരിക്കുമത്‌? അവന്‍ ജിജ്‌ഞാസകൊണ്ട്‌ വീര്‍പ്പുമുട്ടി.
ലിഫ്‌റ്റിനുള്ളില്‍വച്ച്‌ കവറിന്റെ പുറകുവശം ശ്രദ്ധാപൂര്‍വം തുറന്നു.അവയവദാനത്തിന്‌ സ്വയം സമ്മതിക്കുന്ന ഫോമുകള്‍. കരള്‍, വൃക്ക, കണ്ണ്‌, തുടങ്ങി മുടിവരെ ദാനം ചെയ്യാന്‍ തയ്യാറാണെന്നു കാണിക്കുന്ന സമ്മതപത്രങ്ങള്‍ എല്ലാറ്റിലും കുര്യാക്കോസിന്റെ ഒപ്പും തള്ളവിരല്‍മുദ്രയുമുണ്ട്‌. ഫോമിലെ തീയതി കണ്ടപ്പോള്‍ അലക്‌സ് ഞെട്ടി. മൂന്നുവര്‍ഷം മുമ്പുള്ള തീയതി താഴത്തെ നിലയിലെത്തിയെങ്കിലും ലിഫ്‌റ്റില്‍ നിന്നും പുറത്തിറങ്ങാതെ പതിമൂന്നാം നിലയിലേക്കുള്ള ബട്ടണ്‍ അലക്‌സ് അമര്‍ത്തി.
ഓടിച്ചെന്നപ്പോള്‍ മുറിയിലാരും ഉണ്ടായിരുന്നില്ല. എന്തുചെയ്യണമെന്നറിയാതെ അലക്‌സ് കുഴങ്ങി. ആ നിലയിലാകെ പരതിനോക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
തിരികെ മുറിയില്‍വന്ന്‌ ആദം ബേബി കുര്യാക്കോസിന്റെ കിടക്കയ്‌ക്കരികില്‍ നില്‌ക്കുമ്പോള്‍ അവന്‌ ഉച്ചത്തില്‍ കരയാന്‍ തോന്നി. കണ്ണുകള്‍ ഇറുക്കിത്തുറന്നപ്പോള്‍ കുര്യാക്കോസിന്റെ തലയിണയ്‌ക്കു മീതേ മോതിരം കിടക്കുന്നതു കണ്ടു. റൂബി... കൈയിലെടുത്തശേഷം അല്‌പനേരം അവന്‍ എന്തോ ഓര്‍ത്തുനിന്നു. പിന്നീട്‌, ജനാല തുറന്ന്‌ പുറത്തെ മഴയിലേക്ക്‌ അതു വലിച്ചെറിഞ്ഞു.

ഉണ്ണി മാധവന്‍
968-99619217

Ads by Google
Saturday 01 Jun 2019 10.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW