Friday, June 21, 2019 Last Updated 13 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 10.26 PM

വെയിലും മഴയും...

uploads/news/2019/06/312050/sun3.jpg

വര്‍ഷങ്ങള്‍ക്കുശേഷം പൈതലിനെ ഓര്‍ക്കാന്‍ കാരണം സൈനികന്റെ മൃതദേഹത്തോടുള്ള അവഗണനയെന്ന വാര്‍ത്തയാണ്‌. നാലു ദിവസം മുമ്പ്‌, അതിര്‍ത്തിയിലെവിടെയോ ഉള്‍പ്രദേശത്തുവച്ച്‌ മരണപ്പെട്ട ജവാന്റെ മൃതശരീരമാണ്‌ രാവിലെ വിമാനത്തില്‍ എത്തിച്ചത്‌. ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ വിമാനത്താവളത്തില്‍ ചെന്ന്‌ ജവാന്റെ മൃതശരീരം സ്വീകരിച്ച്‌ ആദരവുകള്‍ അര്‍പ്പിച്ചില്ലത്രേ.
പ്രാദേശിക നേതാവായിരുന്നു പരാതിയുമായി മാധ്യമങ്ങളെ സമീപിച്ചതെങ്കിലും പത്രവാര്‍ത്തയില്‍ തന്റെ പേരില്ലെന്നുള്ളത്‌ അദ്ദേഹത്തെ നിരാശനാക്കി. പിന്നെ അതിന്റെ പേരിലായി അദ്ദേഹത്തിന്റെ പ്രതിഷേധം. പത്രസ്‌ഥാപനത്തിലെ തന്റെ പരിചയക്കാരനെ വിളിച്ച്‌ പ്രതിഷേധം അറിയിച്ച്‌ നേതാവ്‌ സമാധാനിച്ചു.
നാലര പതിറ്റാണ്ടു മുമ്പായിരുന്നു പൈതലിനെ പരിചയപ്പെടുന്നതും സ്‌നേഹത്തിലാകുന്നതും.
പൈതല്‍ എന്ന്‌ പേരു പറഞ്ഞ്‌ അദ്ദേഹം സ്വയം പരിചയപ്പെടുത്തുമ്പോള്‍ എനിക്ക്‌ കൗതുകമായിരുന്നു. പേരിനു ചേരാത്ത ശരീരം. ഒത്ത ഉയരവും അതിനൊത്ത വണ്ണവുമുള്ള പൈതലിനോട്‌ അടുത്തപ്പോള്‍, അദ്ദേഹം ശരിക്കും പൈതല്‍ തന്നെയെന്ന്‌ തോന്നുകയും ചെയ്‌തു. എന്നേക്കാള്‍ പത്തുവയസ്സിനെങ്കിലും പ്രായക്കൂടുതലുണ്ടാകും നിഷ്‌കളങ്കനും സാധുവുമായ പൈതലിന്‌.
സഹോദര നിര്‍വിശേഷമായ കരുതലായി പൈതലിനെന്നോട്‌.
ആര്‍മിയില്‍ സിഗ്നല്‍ റജിമെന്റില്‍ ഹവീല്‍ദാറായിരുന്നു. പെന്‍ഷനായ ശേഷം ഗ്രഫില്‍ ചേര്‍ന്ന പൈതല്‍, ടാക്‌സ്ഫോഴ്‌സ് സിഗ്നല്‍ സെന്ററിലെ ടെലഫോണ്‍ ഓപ്പറേറ്റര്‍ ആയിരുന്നു. ഞാന്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌. ഉടുപ്പിന്റെ കൈയില്‍ മൂന്നുവരയടയാളവുമായി ആര്‍മിയിലെ ഹവീല്‍ദാര്‍ റാങ്കിനു സമം.
ഗ്രഫില്‍ ചേരാന്‍ പൈതല്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നത്രേ.
മുപ്പത്തിയാറാമത്തെ വയസില്‍ പെന്‍ഷണറായി ജീവിക്കാനായി വീട്ടിലേക്കു ചെല്ലുമ്പോള്‍ പൈതലിനെ സ്വീകരിച്ചത്‌ അമ്പരപ്പിക്കുന്ന സംഭവങ്ങളായിരുന്നു.
ഒരു ഇഷ്യൂ ദിവസമാണ്‌ പൈതല്‍ മനസ്സു തുറന്നത്‌.
റേഷന്‍ സ്‌റ്റോറിന്റെ മുമ്പിലെ ക്യൂവില്‍ നിന്ന്‌ വാങ്ങിയ ക്വോട്ടയായ രണ്ട്‌ പെഗ്ഗ്‌ റമ്മും പക്കാവടയുമായി ആളൊഴിഞ്ഞ കോണിലിരുന്ന്‌ അല്‌പാല്‌പമായി മദ്യപിക്കുമ്പോഴായിരുന്നു പൈതലിന്റെ മനസ്സ്‌ തുറക്കല്‍.
ഇഷ്യൂദിനത്തിലെ ക്വോട്ടാ കിട്ടുന്നതിന്‌ മുമ്പേ തന്നെ പൈതല്‍ മദ്യപിച്ചിരുന്നു.
പൈതല്‍ പതിഞ്ഞ ശബ്‌ദത്തില്‍ പറഞ്ഞു.
വാര്‍ഷികാവധിയുടെ രണ്ടുമാസങ്ങളില്‍ എല്ലാം നേരെയായിരുന്നു. അല്ലെങ്കില്‍ അങ്ങനെ മനസിലാക്കിച്ചു. അങ്ങോട്ടുമിങ്ങോട്ടും വിടാതെ ഭാര്യ സെലിനാ, പൈതലിനെ ശുശ്രൂഷിച്ചു; സന്തോഷിപ്പിച്ചു. മദ്യപാനം ഭര്‍ത്താവിന്റെ ദൗര്‍ബല്യമാണെന്ന്‌ മനസ്സിലാക്കിയ ഭാര്യ, മദ്യപാനത്തിനാവശ്യമായ ഒത്താശകള്‍ ചെയ്‌തുകൊടുക്കുകയും പ്രേരിപ്പിക്കുകയും ചെയ്‌തു.
മദമിളകിയവളായി പൈതലിനെ പ്രലോഭിപ്പിച്ച്‌ സെലിനാ കൂടെ നിര്‍ത്തി.
പൈതങ്ങളെപ്പോലെ ശുദ്ധമനസ്‌കനായ പൈതലേട്ടനെ വേദനിപ്പിക്കാനോ നിരാശപ്പെടുത്താനോ പ്രകോപിപ്പിക്കാനോ നാട്ടുകാരോ ബന്ധുക്കളോ തുനിഞ്ഞതുമില്ല; കാരണങ്ങള്‍ ഉണ്ടായിട്ടും.
മേല്‍വസ്‌ത്രമില്ലാതെ കഴുത്തിറക്കമുള്ള ബ്ലൗസിട്ട്‌ കൈലി താഴ്‌ത്തിയുടുത്ത്‌ നിറഞ്ഞ മന്ദഹാസത്തോടെ സ്വീകരിക്കുന്ന തടിച്ച സെലീനാമ്മയെ പ്രിയമായിരുന്നു നാട്ടുകാര്‍ക്ക്‌.
ഓടിച്ചെല്ലുമ്പോള്‍ മടിയില്ലാതെ വായ്‌പ കൊടുക്കുമായിരുന്ന സെലീനാമ്മയെ എങ്ങനെ പിണക്കും, എതിരാക്കും എന്നുള്ളതായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും വിചാരം.
സൈനികന്റെ ഇരുമ്പുപെട്ടിയില്‍ റം ബോട്ടിലുകള്‍ മാത്രമല്ല തോക്കുമുണ്ടാകാമെന്ന്‌ നാട്ടുകാര്‍ സംശയിക്കാതെയുമിരുന്നില്ല. പ്രകോപിപ്പിക്കപ്പെടുന്ന പൈതലേട്ടന്‍ തോക്കെടുത്താലുള്ള ഭവിഷ്യത്തുകളോര്‍ത്ത്‌ ബോധവാന്മാരാകുകയും ചെയ്‌തു, അവര്‍.
തമിഴ്‌ സിനിമകളില്‍ നിന്നാണ്‌ തോക്കുപയോഗത്തിന്റെ ഭവിഷ്യത്തുകള്‍ അവര്‍ മനസിലാക്കിയിട്ടുള്ളത്‌. തമിഴ്‌ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു തിയേറ്റര്‍ കള്ളുഷാപ്പിനടുത്തുതന്നെയുള്ളതും കള്ളുകുടിക്കുശേഷം ഏതെന്ന്‌ നോക്കാതെ മുടക്കമില്ലാതെ സിനിമ കാണുന്ന പതിവുമുണ്ടവര്‍ക്ക്‌. സിനിമകളിലെ അടിപിടിയും വെടിവെയ്‌പും ഹരമാണെങ്കിലും, തോക്കുപയോഗം ശരിയല്ലെന്നാണ്‌ അവരുടെ പൊതുനിഗമനം. ഒന്നുപറഞ്ഞ്‌ രണ്ടാമത്തേതിന്‌ തോക്കെടുക്കുന്ന സ്വഭാവത്തോട്‌ യോജിക്കാനേ കഴിയില്ലവര്‍ക്ക്‌.
കൈയടിയോടൊപ്പം വായിലടിയുന്ന മദ്യനാറ്റമുള്ള കൊഴുത്ത ഉമിനീര്‍ ഇരിക്കുന്നയിടത്തുതന്നെ തുപ്പുന്ന സ്വഭാവവും സിനിമ കാണുന്നതിനിടയിലെ അവരുടെ പതിവു തന്നെ.
നാടന്‍ കള്ളുഷാപ്പിനുള്ളിലെ എരിവുമണവും മടിപ്പിക്കുന്ന ഗന്ധവുമായിരുന്നു സിനിമ കൊട്ടകയ്‌ക്കുള്ളിലും.
വേണ്ടാ; പൈതലേട്ടനെ പ്രകോപിക്കേണ്ട. രണ്ടുമാസം കഴിയുമ്പോള്‍ വന്നതുപോലെ മടങ്ങിക്കോളും.
നാട്ടുകാരായ അഭ്യുദയകാംക്ഷികള്‍ സമാധാനിച്ചു.
അവധിക്കാല ഉപയോഗത്തിനായി ജവാന്മാര്‍ക്ക്‌ അനുവദനീയമായ രണ്ടുകുപ്പി റം മൂന്നോ, നാലോ ദിവസം കൊണ്ട്‌ പൈതല്‍ ഒറ്റയ്‌ക്ക് തീര്‍ക്കുമായിരുന്നു. മദ്യപാനത്തിന്‌ സുഹൃത്തുക്കളെ വീട്ടിലേക്ക്‌ ക്ഷണിക്കുകയോ കൂട്ടുകൂടിയുള്ള മദ്യപാനമോ പൈതലിനില്ലായിരുന്നു. ഗ്ലാസിലൊഴിച്ച മദ്യത്തില്‍ നിന്ന്‌ വിരല്‍ നനച്ച്‌ നാക്കില്‍ വച്ച്‌ രുചിച്ചും തൊട്ടുരുമ്മിയിരുന്നും സെലിനാ പൈതലിനെ ഇളക്കുകയും ചെയ്‌തു.
മദ്യപാനം സ്വകാര്യസുഖമാണ്‌ പൈതലിന്‌.
പൈതലിന്റെ ആ സ്വഭാവത്തോട്‌ നാട്ടിലെ പൊതുകുടിയന്മാരില്‍ ചിലര്‍ക്കെങ്കിലും അമര്‍ഷമുണ്ടായിരുന്നെങ്കിലും, സെലീനാമ്മയെ ഓര്‍ത്ത്‌, പൈതലിനെ പ്രകോപിപ്പിച്ചില്ല.
സൈനിക യൂണിറ്റില്‍ നിന്നും റേഷനായി അനുവദിച്ച്‌ കൊണ്ടുവരുന്ന കുപ്പികള്‍ തീര്‍ന്നാല്‍ വിമുക്‌തഭടനായ ബന്ധുവിന്‌ യൂണിറ്റ്‌ കാന്റീനില്‍ നിന്നു കിട്ടുന്ന ക്വോട്ടായില്‍ നിന്ന്‌ വാങ്ങാമെന്ന്‌ സെലീനാ പൈതലിനെ ഓര്‍മ്മിപ്പിച്ചു. അവളെ വിലക്കണമെന്നുണ്ടായിരുന്നെങ്കിലും, അവളുടെ സാമീപ്യത്തെയും പെരുമാറ്റത്തിലെ പ്രത്യേകതയെയും അലങ്കോലപ്പെടുത്തുവാന്‍ മനസനുവദിച്ചില്ല.
സൈനികരുടെ അവധിക്കാലം തീവ്രാനുരാഗത്തിന്റെയും വികാരശമനത്തിന്റെയും നാളുകളാണ്‌.
എങ്കിലും പതിവില്ലാത്ത പരുക്കന്‍ ശബ്‌ദത്തില്‍ നീട്ടിമൂളി, ബന്ധുവിന്റെ കൈയില്‍ നിന്ന്‌ മദ്യം വാങ്ങാമെന്നുള്ള സെലീനയുടെ ഓര്‍മ്മപ്പെടുത്തലിനെ പൈതല്‍ നിരുത്സാഹപ്പെടുത്തി.
സെലീനയുടെ ആ ബന്ധുവിനെ ശത്രുവായിട്ടായിരുന്നു പൈതല്‍ കണ്ടിരുന്നത്‌. അയാളുടെ സാമീപ്യത്തെപ്പോലും പൈതല്‍ വെറുത്തു.

** ** ** **
സൈനികസേവനം അവസാനിപ്പിച്ച്‌ നാട്ടില്‍ സ്‌ഥിരതാമസമായപ്പോള്‍ ശീലങ്ങളും പൈതലിന്‌ മാറ്റേണ്ടിവന്നു.
യൂണിറ്റ്‌ കാന്റീന്‍ നിന്നും വിമുക്‌തസൈനികര്‍ക്ക്‌ സൗജന്യനിരക്കില്‍ കിട്ടുന്ന മദ്യം തീര്‍ന്നാല്‍, കള്ളുകുടിക്കും.
കാന്റീനില്‍ നിന്ന്‌ മദ്യം വാങ്ങിയ ഒരു ദിവസം നാട്ടുനടപ്പു രീതിയനുസരിച്ച്‌, കൂടിയ വിലയ്‌ക്ക് മദ്യം വാങ്ങാനെത്തിയ ഒരാളോട്‌ പൈതല്‍ തട്ടിക്കയറുകയും ചെയ്‌തു. സൗജന്യനിരക്കില്‍ കാന്റീനില്‍ നിന്നും വിമുക്‌ത സൈനികര്‍ക്ക്‌ ലഭ്യമാക്കുന്ന മദ്യം രണ്ടും മൂന്നും ഇരട്ടി വിലയ്‌ക്ക് മറിച്ചുവില്‌ക്കുന്നവരെപ്പോലെയാണ്‌ പൈതലെന്നു കരുതിയായിരുന്നു സമീപനം. പൈതലാകുമ്പോള്‍ വിലയിളവും പ്രതീക്ഷിച്ചു.
സൗമ്യനായ പൈതല്‍ ഈറ്റപ്പുലിയായി.
വിമുക്‌തസൈനികരോടുള്ള സര്‍ക്കാരിന്റെ കടപ്പാടോ ഔദാര്യമോ ആണ്‌ സൗജന്യനിരക്കിലുള്ള മദ്യവും. അതുവിറ്റ്‌ കഞ്ഞികുടിക്കുന്നവര്‍ സൈനികരെന്ന വിളിപ്പേരിനു പോലും അര്‍ഹരല്ല. മേലാല്‍ ഈ ആവശ്യവുമായി പടി ചവിട്ടിയേക്കരുത്‌...
പൈതല്‍ ആക്രോശിച്ചു.
ഇളിഭ്യനായ അയാള്‍, പൈതലിന്റെ രാജ്യസ്‌നേഹത്തെ പുച്‌ഛിച്ചു.
ഹോ, ഇയാളൊരു രാജ്യസ്‌നേഹി...
കാര്‍ക്കിച്ച്‌ തുപ്പി ഇറങ്ങിപ്പോകുമ്പോള്‍, വീടറിയാത്തവനാ നാടറിയുന്നേ എന്ന്‌ അയാള്‍ പിറുപിറുത്തത്‌ കേട്ടെങ്കിലും ആ പറഞ്ഞതിന്റെ പൊരുള്‍ പൂര്‍ണ്ണമായി പൈതലിന്‌ അപ്പോള്‍ മനസിലായിരുന്നില്ല.
മദ്യം വാങ്ങാനെത്തിയ ആളിനോട്‌ തട്ടിക്കയറി പിണക്കിയതിനുശേഷമായിരുന്നു, ഷാപ്പിലേക്കു ചെല്ലുന്ന പൈതലിനെ നോക്കിയുള്ള മറ്റുള്ളവരുടെ അമര്‍ത്തിച്ചിരിയും കുശുകുശുപ്പും തുടങ്ങിയത്‌.
പെന്‍ഷണറുടെ തുരുമ്പെടുത്ത പെട്ടിയില്‍ തോക്കുമില്ല ഉണ്ടയുമില്ലെന്ന്‌ തിരിച്ചറിഞ്ഞവരുടെ അന്തിക്കുള്ള ചര്‍ച്ചയിലൂടെയാണ്‌ പൈതല്‍ കാര്യങ്ങള്‍ ഗ്രഹിച്ചത്‌. സെലീനാമ്മയുടെ സ്വാതന്ത്ര്യമില്ലായ്‌മ നാട്ടുകാരുടെ പ്രശ്‌നവുമായി. കാഴ്‌ചാസുഖമുള്ള സെലീനാമ്മയുടെ സാമീപ്യവും വായ്‌പയും നഷ്‌ടപ്പെട്ടതിലുള്ള നിരാശയും പൈതലിന്റെ മര്‍ക്കട സ്വഭാവത്തോടുള്ള എതിര്‍പ്പുമായിരുന്നു ഷാപ്പിലെ കുടിയന്മാര്‍ക്ക്‌.
ഒരു കമ്പനിക്കായെങ്കിലും ഒരിക്കല്‍ പോലും തങ്ങളിലാരെയും വിളിക്കാത്ത പൈതലിന്റെ മര്‍ക്കടസ്വഭാവം അവരെ അലോസരപ്പെടുത്തുന്നുമുണ്ടായിരുന്നു.
ധാര്‍ഷ്‌ട്യക്കാരനായ പൈതലിനെ ഒതുക്കണം; ഒറ്റപ്പെടുത്തണം. അവര്‍ ഏകസ്വരത്തില്‍ തീരുമാനമെടുത്തു.
ബന്ധുവെന്ന്‌ സെലിനാ അവകാശപ്പെടുന്ന വിമുക്‌തഭടനോടുള്ള സെലീനയുടെ അടുപ്പവും അയാളുടെ അസ്വാഭാവികസന്ദര്‍ശനങ്ങളും തൊട്ടും തൊടാതെയും, ഷാപ്പിലിരുന്ന്‌ അവര്‍ പരസ്‌പരം, എന്നാല്‍ പൈതല്‍ കേള്‍ക്കാനായി ചര്‍ച്ച ചെയ്‌തു.
പൈതലിനോടുള്ള വിരോധം, സെലീന ചെയ്‌തിട്ടുള്ള ഉപകാരങ്ങളെ വിസ്‌മരിപ്പിക്കാന്‍ പ്രേരിപ്പിച്ചു. സെലീനയെ സ്വഭാവദൂഷ്യമുള്ളവളാക്കി, പൈതലിനെ പ്രകോപിപ്പിച്ച്‌ ആത്മരതിയനുഭവിച്ചു. അവരില്‍ ചിലരെങ്കിലും അപ്പോഴും സെലീനായുടെ കടക്കാരുമായിരുന്നു.
പല ദിവസങ്ങളിലെ ചര്‍ച്ചകളിലൂടെ വീണുകിട്ടിയ വിവരങ്ങള്‍ പൈതലിനെ സംശയാലുവാക്കി. സത്യമോ മിഥ്യയോ എന്നറിയാനാകാതെ കുഴഞ്ഞു.
ചോദിച്ചാല്‍ ഇല്ലെന്നേ ഉത്തരം കിട്ടൂ. ഒന്നുമില്ലാതെ പലതും പറയുകയില്ലല്ലോ? തിരുത്തിക്കാനുമാവില്ല. ദീര്‍ഘകാലബന്ധമാണ്‌. കൊടുക്കല്‍ വാങ്ങലുകള്‍ പലതും കാണും. പറഞ്ഞ്‌ വലുതാക്കി കൂടുതല്‍ അപമാനിതനാകാതിരിക്കുന്നതാണ്‌ ബുദ്ധി.
പൈതല്‍ ഓര്‍ത്തു. ഭര്‍ത്താവിനോടല്ല, ഒളിപുരുഷനോടാണ്‌ സ്‌ത്രീക്ക്‌ വിധേയത്വം. സെലീന തന്നെ ഇല്ലാതാക്കും. അപമാനിക്കും. പൈതല്‍ തീര്‍ച്ചപ്പെടുത്തി.
അറിഞ്ഞതിനേക്കാള്‍ ഏറെയായിരിക്കും അറിയാത്തത്‌.
തനിക്കത്‌ താങ്ങാനാവില്ല.
ഉഗ്രവിഷമുള്ള പാമ്പായിരുന്നു കൂടെ കിടന്നിരുന്നത്‌. വിളമ്പിയിരുന്നതും വിഷം തന്നെയായിരുന്നു.
ചത്തില്ല.
അപമാനിതനായി മുറിഞ്ഞ മനസുമായി ഇനിയുമിവിടെ കഴിയാനാവില്ല.
രക്ഷപ്പെടണം.
തീരുമാനം പെട്ടെന്നായിരുന്നു. ഗ്രഫിലെ ജോലി സാദ്ധ്യതകളെപ്പറ്റിയോര്‍ത്തു. വിമുക്‌തസൈനികര്‍ക്ക്‌ ഗ്രഫില്‍ ധാരാളം അവസരങ്ങളുണ്ട്‌. ജോലി കിട്ടിയേക്കും. അതിര്‍ത്തി പ്രദേശങ്ങളിലെവിടെയെങ്കിലും ആരുമറിയാതെ കഴിയണം.
ഗ്രഫ്‌-ജനറല്‍ റിസേര്‍വ്വ്‌ എന്‍ജിനീയറിംഗ്‌ ഫോഴ്‌സ്, ബി.ആര്‍.ഒ-ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ എന്നും അറിയപ്പെടുന്നു. സൈനികാവശ്യങ്ങള്‍ക്കായി അതിര്‍ത്തിയിലേക്കുള്ള റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളുമാണ്‌ ഗ്രഫിന്റെ ഉത്തരവാദിത്വം.
സൈനികരീതി തന്നെ.
സേവന-വേതന വ്യവസ്‌ഥകള്‍ക്ക്‌ സിവില്‍ സര്‍വ്വീസും അച്ചടക്കത്തിനായി സൈനിക നിയമങ്ങളുമാണ്‌ ഗ്രഫില്‍. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഗ്രഫുകാര്‍ക്ക്‌, ഭാഗികമായിട്ടാണെങ്കിലും, സൈനികര്‍ക്കുള്ള സൗജന്യങ്ങളും ബാധകമാക്കിയിട്ടുണ്ട്‌. സൈനികരും ഡപ്യൂട്ടേഷനായി ഗ്രഫിലുണ്ട്‌. പ്രധാനമായും ഓഫീസേഴ്‌സ്.
പൈതല്‍ ഗ്രഫില്‍ ചേര്‍ന്നു. ടെലഫോണ്‍ ഓപ്പറേറ്റര്‍.
റൂര്‍ഖിയിലെ റിക്രൂട്ടിംഗ്‌ സെന്ററില്‍ നിന്ന്‌ മിസോറാമിലേക്കായിരുന്നു പൈതലിന്‌ പോസ്‌റ്റിംഗ്‌.

(തുടരും)

കൈപ്പട്ടൂര്‍ തങ്കച്ചന്‍

Ads by Google
Saturday 01 Jun 2019 10.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW