Friday, June 21, 2019 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 03.08 PM

വിനായകന്‍ നായകനാകുന്ന തൊട്ടപ്പന്‍

Thottappan

കിസ്മത്തിനു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്‍. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ വിനായകനാണ് നായകന്‍.

ഫ്രാന്‍സിസ് നൊറോണയുടെ ശ്രദ്ധേയമായ കഥയുടെ സ്വതന്ത്ര ദൃശ്യാവിഷ്‌ക്കാരമാണ് തൊട്ടപ്പന്‍. പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരി, ഷൈലജാ മണികണ്ഠന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം പ്രിയംവദ നായികയാകുന്നു.

ഗ്രാമത്തിലെ ഒരു തുരുത്തിലെ ജീവിത സാഹചര്യങ്ങളുമായി ഇഴുകി ചേര്‍ന്നു കഴിയുന്ന ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് ഇത്താക്കും ജോണപ്പനും. കുട്ടിക്കാലം മുതല്‍ ഒന്നായി ജീവിക്കുന്ന ഇവര്‍ പെരും കള്ളന്മാരാണ്, ഒപ്പം നല്ല മദ്യപാനികളുമാണ്. പരസ്പരം ജീവന്‍ കൊടുക്കാന്‍ തയ്യാറുള്ളവര്‍. അതുകൊണ്ടു തന്നെ ഒരിക്കല്‍ ജോണപ്പന്‍, ഇത്താക്കിനോട് പറഞ്ഞു

Thottappan

എന്റെ കൊച്ചിന്റെ തലതൊട്ടപ്പന്‍ നീയായിരിക്കും..

മദ്യത്തിന്റെ ലഹരിയില്‍ പറഞ്ഞതായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. കാലം തിരിഞ്ഞു. ജോണപ്പന്റെ ഭാര്യ പ്രസവിച്ചു. പെണ്‍കുട്ടി. മാമോദീസയ്ക്കു തീയതി കുറിച്ചു. അന്ന് മറ്റൊന്നു കൂടി സംഭവിച്ചു. ആ രാത്രി ജോണപ്പനെ കാണാതായി. ആളെ തേടി നാടു നീളെ എല്ലാവരും അലഞ്ഞു. കണ്ടെത്താനായില്ല. പറഞ്ഞ സമയത്തു തന്നെ ചടങ്ങ് നടത്തി. ഇത്താക്ക് കുഞ്ഞിന്റെ തലതൊട്ടപ്പനായി. കുട്ടിക്ക് സാറ എന്നും പേരിട്ടു.

ജോണപ്പന്‍ ഇല്ലാതായതോടെ ഇത്താക്ക് ജീവന്‍ നഷ്ടപ്പെട്ടവനെ പോലെയായി. മൗനത്തിലായ ജോണപ്പന്റെ ഭാര്യയ്ക്ക് മകള്‍ സാറയെ നേരാവണ്ണം നോക്കാന്‍ കഴിഞ്ഞില്ല. അതോടെ സാറയ്ക്ക് ഇത്താക്കായി എല്ലാം. അതോടെ ഇത്താക്കിന്റെ ജീവിതരീതി മാറി. സ്വന്തം മകളെപോലെ ഇത്താക്ക് സാറയെ വളര്‍ത്തി.

സാറ വളര്‍ന്നു. വയസ് ഇരുപതായി. ഇത്താക്കിന്റെ സ്വഭാവവും പ്രവൃത്തിയും സാറയുടെ കൈമുതലായി. തുരുത്തില്‍ സാറ പൗരുഷമുള്ള പെണ്ണായി അറിയപ്പെട്ടു. ഈ തുരുത്തിലേയ്ക്കാണ് ഇസ്മയില്‍ വരുന്നത്. റിട്ടേര്‍ഡ് പോലീസുകാരന്‍ നടത്തുന്ന ചെമ്മീന്‍ കെട്ടില്‍ ജോലിക്കാരനായിട്ടാണ് ഇസ്മയില്‍ എത്തിയത്. അയാളുടെ വരവോടെ ആ തുരുത്തിലും ഇത്താക്കിന്റെ ജീവിതത്തിലും ഉണ്ടായ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് തൊട്ടപ്പന്‍ എന്ന ചിത്രത്തില്‍ ഷാനവാസ് കെ ബാവക്കുട്ടി ദൃശ്യവല്‍ക്കരിക്കുന്നത്.

ഇത്താക്കായി വിനായകനും ജോണപ്പനായി ദിലീഷ് പോത്തനും ഇസ്മയിലായി റോഷന്‍ മാത്യുവും സാറയായി പ്രിയംവദയും അഭിനയിക്കുന്നു.

Thottappan

മനോജ് കെ ജയന്‍, ലാല്‍, ഇര്‍ഷാദ്, സിനോജ് വര്‍ഗ്ഗീസ്, പ്രശാന്ത് മുരളി, സുനില്‍ സുഖദ, രഘുനാഥ് പലേരി, ബിനോയ് നമ്പാല, മനു ജോസ്, ഡാവിഞ്ചി, മഞ്ജു പത്രോസ്, സുനിത അജിത് കുമാര്‍, രശ്മി സതീഷ്, ശ്രീജദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

** ടൈറ്റില്‍ കാര്‍ഡ്
സംഭാഷണം-പി.എസ്.റഫീഖ്, ഛായാഗ്രഹണം-സുരേഷ് രാജന്‍, എഡിറ്റര്‍ജിതിന്‍ മനോഹരം, ഗാനങ്ങള്‍-അന്‍വര്‍ അലി, പി.എസ്. റഫീഖ്,അനീഷ് ദാസന്‍, സംഗീതം-ലീല.എല്‍, ഗിരീഷ്‌ക്കുട്ടന്‍, പശ്ചാത്തല സംഗീതംജസ്റ്റിന്‍ വര്‍ഗ്ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ജിനു പി കെ, ഷൈന്‍, ലൈന്‍ പ്രൊഡ്യൂസര്‍ബൈജു മോഹന്‍, കലക്രയോണ്‍ ജയന്‍, മേക്കപ്പ്്അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരംനിസ്സാര്‍, പരസ്യകലഓള്‍ഡ് മങ്ക്‌സ്, കാസ്റ്റിംങ് ഡയറക്ടര്‍ബിനോയ് നമ്പാല, അസോഷ്യേറ്റ് ഡയറക്ടര്‍ഉണ്ണി സി, എ കെ രജിലേഷ്, സൗബിന്‍ നാഥ്, അസിസ്റ്റന്റ് ഡയറക്ടര്‍അരുണ്‍ ഉടുമ്പന്‍ ചോല, വിപിന്‍ കൃഷ്ണ, പ്രൊഡക്ഷന്‍ മാനേജര്‍പ്രിന്‍സ് റാഫേല്‍.

ം എ എസ് ദിനേശ്
ഷാജി നാഥന്‍

Ads by Google
Ads by Google
Loading...
TRENDING NOW