Friday, June 21, 2019 Last Updated 13 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 01.40 AM

നല്‍കലാണ്‌ നോമ്പുകാലം

uploads/news/2019/06/311920/re3.jpg

ലോകമെമ്പാടുമുള്ള വിശ്വാസികള്‍ തന്റെ പക്കലുള്ളത്‌ ഇല്ലാത്തവരിലേക്ക്‌ നല്‍കുന്നതില്‍ ഔത്സുക്യം കാണിക്കുന്ന മാസമാണ്‌ റമദാന്‍. വ്രതാനുഷ്‌ഠാനം പോലെതന്നെ നിര്‍ബന്ധ ദാനം (സകാത്ത്‌) നല്‍കുന്നതില്‍ വിശ്വാസികള്‍ ബദ്ധശ്രദ്ധരാണ്‌. പ്രഭാതം മുതല്‍ പ്രദോഷം വരെ പട്ടിണിയില്‍ കഴിയുന്നതിലൂടെ ദൈവ സാന്നിധ്യവും ആത്മീയ വിശുദ്ധിയും കരസ്‌ഥമാക്കുന്നതോടൊപ്പം പട്ടിണിപ്പാവങ്ങളുടെ വിശപ്പും കഷ്‌ടതയും വിശ്വാസി തിരിച്ചറിയുന്നു. വ്രതം ആത്മീയ അച്ചടക്കത്തെയും ത്യാഗ മനഃസ്‌ഥിതിയേയും പരിശീലിപ്പിക്കുന്നതു പോലെതന്നെ ദരിദ്രരോടും ദൗര്‍ഭാഗ്യരോടും നമ്മെ ആര്‍ദ്രതയുള്ളവരാക്കി മാറ്റുന്നു. അപരനു വേണ്ടിയുള്ള കരുതലിനായി വിശ്വാസി നിരന്തരം സ്വയമേവ ഓര്‍മപ്പെടുത്തുന്നു. ദശലക്ഷക്കണക്കിന്‌ വരുന്ന വിശ്വാസികളുടെ സ്വത്തുവകകളില്‍നിന്ന്‌ നല്‍കുന്ന നിര്‍ബന്ധ ദാനം (സകാത്ത്‌) ലോക ദാരിദ്ര്യ നിര്‍മാര്‍ജ്‌ജനത്തിനായുള്ള ക്രിയാത്മക ഉപാധിയാണ്‌. മത-ജാതി വര്‍ണ വര്‍ഗ ഭേദമന്യേ ആരുടെയും കണ്ണീരൊപ്പാനും സഹായഹസ്‌തങ്ങള്‍ നീട്ടാനും വ്രത കാലത്തെ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ ഇസ്‌ലാം അനുശാസിക്കുന്നു. ഗിവിങ്‌ ഈസ്‌ ലിവിങ്‌, നല്‍കലാണ്‌ ജീവനം. ഇസ്ലാമിന്റെ കാതലായ ഒരു ആശയമാണിത്‌, അപരരുടെ വേദനകളെ തിരിച്ചറിയലും അവര്‍ക്കുവേണ്ടിയുള്ള കരുതലും നല്‍കലും ആണ്‌ ഒരു യഥാര്‍ഥ വിശ്വാസിയെ സംഘടിപ്പിക്കുന്നത്‌. പ്രവാചകന്‍ തിരുമേനി പഠിപ്പിക്കുന്നു, നല്‍കുന്ന കൈകളാണ്‌ വാങ്ങുന്ന കൈകളേക്കാള്‍ ഏറെ ഉത്തമം.
നല്‍കും തോറും വര്‍ധിക്കുമെന്നാണ്‌ മതം വിശ്വാസിയെ ആവര്‍ത്തിച്ചു ഓര്‍മപ്പെടുത്തുന്നത്‌. നല്‍കല്‍ എന്ന സംസ്‌കാരം ഓരോ വിശ്വാസിയിലും അന്തര്‍ലീനമായിരിക്കണം, പരിശുദ്ധ റമദാന്‍ അതിനായുള്ള പണിപ്പുരയാണ്‌. നല്‍കല്‍ എന്ന ശീലം വ്രതകാലത്തേക്ക്‌ മാത്രമുള്ളതല്ല അത്‌ എല്ലാ കാലത്തേക്കുമുള്ളതാണ്‌. ഓരോ മാതാപിതാക്കളും മക്കളെ പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട സംസ്‌കാരമാണ്‌ ഗിവിങ്‌. അപരന്‌ നല്‍കുമ്പോഴാണ്‌ ഉപജീവനത്തിന്‌ അപ്പുറം ജീവനം സാധ്യമാകുന്നത്‌ എന്ന്‌ മക്കളെ നാം പഠിപ്പിക്കണം. പണമുള്ളവന്‌ മാത്രമല്ല ഏത്‌ പാവപ്പെട്ടവനും ദാനം സാധ്യമാണ്‌. കാരണം സ്വത്തു സമ്പാദ്യങ്ങള്‍ നല്‍കുക മാത്രമല്ല ദാനം, നബിതിരുമേനി പഠിപ്പിക്കുന്നു, ഒരു പുഞ്ചിരി പോലും ദാനമാണ്‌. ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, ഭൂമിയിലുള്ളവരോട്‌ കാരുണ്യം കാണിക്കാതെ, കരുണാമയനായ സ്രഷ്‌ടാവിനോട്‌ കാരുണ്യത്തെ ചോദിക്കുന്നത്‌ എത്രമാത്രം അര്‍ഥശൂന്യമാണ്‌! ജനങ്ങളിലേക്ക്‌ നീട്ടുന്ന കൈകളാണ്‌ അല്ലാഹുവിലേക്ക്‌ ഉയര്‍ത്തുന്ന കൈകളില്‍ ഏറ്റവും സ്വീകാര്യമായത്‌

മുഹമ്മദ്‌ ഹാഫിസ്‌ അദനി
(ശ്രീനഗറിലെ യെസ്‌ ഫിന്നിംഷ്‌ ഗ്രാന്‍ഡ്‌ സ്‌കൂള്‍ ഇന്റര്‍നാഷണല്‍ അക്കാദമിക്‌ ഡയറക്‌ടറാണ്‌ ലേഖകന്‍)

Ads by Google
Saturday 01 Jun 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW