Friday, June 21, 2019 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 04.43 PM

ഇസ്‌ലാമിക രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാന്റെ ഇടപെടലുകൾ അവസാനിപ്പിക്കണം : സൗദി വിദേശ മന്ത്രി ഇബ്രാഹിം അൽഅസ്സാഫ്

uploads/news/2019/05/311814/Gulf310519d.jpg

ജിദ്ദ : ഇസ്‌ലാമിക രാജ്യങ്ങളുടെ ആഭ്യന്തരങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ മുസ്‌ലിം ലോകം നിരാകരിക്കണമെന്ന് സൗദി വിദേശ മന്ത്രി ഇബ്രാഹിം അൽഅസ്സാഫ് ആവശ്യപ്പെട്ടു. പതിനാലാമത് ഇസ്‌ലാമിക് ഉച്ചകോടിക്കു മുന്നോടിയായി ജിദ്ദയിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ വിദേശ മന്ത്രിമാരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം യെമനിലെ വിമതർക്ക് ഇറാൻ നൽകുന്ന പിന്തുണ മറ്റു രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾക്ക് വ്യക്തമായ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി .

സൗദി അറേബ്യക്കും ഗൾഫിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കും നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾ ലോക സമാധാനത്തിന് ഭീഷണിയാണ്. സർവ ശക്തിയോടെയും നിശ്ചയദാർഢ്യത്തോടെയും ഇതിനെ ചെറുക്കണം. ഭീകര ഗ്രൂപ്പുകളും മിലീഷ്യകളും നടത്തുന്ന നശീകരണ പ്രവർത്തനങ്ങൾ ചെറുക്കുന്നതിന് കൂടുതൽ പ്രയത്‌നങ്ങൾ ആവശ്യമാണ്.

യെമനിൽ സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കുന്നതിന് സൗദി അറേബ്യ വലിയ ശ്രദ്ധയാണ് നൽകുന്നത്. നിയമാനുസൃത ഭരണകൂടത്തെ അട്ടിമറിച്ച് ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ ഭരണം തുടരുന്നത് ഖേദകരമാണ്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾക്ക് വ്യക്തമായ തെളിവാണ് യെമനിൽ ഹൂത്തികൾക്ക് അവർ നൽകുന്ന പിന്തുണ. ഒ.ഐ.സി ചാർട്ടറിനും യു.എൻ ചാർട്ടറിനും നിരക്കാത്ത നിലക്ക് മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ ഒ.ഐ.സി തള്ളിക്കളയണം. ഇറാന്റെ ഇടപെടലുകളാണ് യെമൻ ജനതയുടെ ദുരിതം വർധിപ്പിച്ചത്.

ഇസ്‌ലാമിക രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ, അഭയാർഥികളുടെ എണ്ണം വർധിക്കൽ, ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും വിഭാഗീയതയുടെയും വ്യാപനം എന്നിവ അടക്കം അത്യന്തം അപകടകരമായ വെല്ലുവിളികളിലൂടെയാണ് മുസ്‌ലിം ലോകം കടന്നുപോകുന്നത്. ഒറ്റക്കെട്ടായി നിന്ന് വെല്ലുവിളികളെ ശക്തമായും നിശ്ചയദാർഢ്യത്തോടെയും നേരിടണം.

ഒ.ഐ.സി രൂപീകൃതമായിട്ട് അമ്പതു വർഷം പിന്നിടുന്നു. ഇന്നും ഇസ്‌ലാമിക ലോകം നേരിടുന്ന പ്രധാന വെല്ലുവിളി ഇസ്രായിലുമായുള്ള സംഘർഷമാണ്. സൗദി അറേബ്യയുടെ ഒന്നാമത്തെ പ്രശ്‌നം ഫലസ്തീൻ പ്രശ്‌നമാണ്. യു.എൻ തീരുമാനങ്ങൾക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി ഫലസ്തീൻ ജനതക്ക് നിയമാനുസൃതമായ മുഴുവൻ അവകാശങ്ങളും ലഭിക്കുകയും കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും വേണം. ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം രാഷ്ട്രീയ, ധാർമിക ഉത്തരവാദിത്തം വഹിക്കണം.

സിറിയയിലും ലിബിയയിലും സോമാലിയയിലും അഫ്ഗാനിസ്ഥാനിലും മുസ്‌ലിം സമുദായം ഗുരുതരമായ സ്ഥിതിവിശേഷങ്ങൾ അഭിമുഖീകരിക്കുന്നു. ലോകത്ത് നിരവധി പ്രദേശങ്ങളിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾ കൊടിയ ദുരിതവും വെല്ലുവിളികളും നേരിടുന്നു. സിറിയയുടെ അഖണ്ഡതയും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കുന്ന നിലക്ക് സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാക്കുന്നതിന് നടത്തുന്ന ആത്മാർഥമായ ഏതു ശ്രമങ്ങൾക്കുമൊപ്പം സൗദി അറേബ്യ നിലയുറപ്പിക്കും.

കൂട്ടക്കുരുതിക്കും വംശീയ ഉന്മൂലനത്തിനും നിർബന്ധിത പലായനത്തിനും റോഹിൻഗ്യൻ മുസ്‌ലിംകൾ വിധേയരാകുന്നതിനെ സൗദി അറേബ്യ അപലപിക്കുന്നു. റോഹിൻഗ്യൻ മുസ്‌ലിംകൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളിൽ നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്നതിന് ചേർന്ന 46 -മത് ഒ.ഐ.സി വിദേശ മന്ത്രിമാരുടെ യോഗം രൂപീകരിച്ച മന്ത്രിതല കമ്മിറ്റിക്ക് എല്ലാ അംഗ രാജ്യങ്ങളും പിന്തുണ നൽകണം.

ഭീകര വിരുദ്ധ പോരാട്ടത്തിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. യു.എ.ഇ തീരത്തുവെച്ച് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും സൗദിയിൽ എണ്ണ പൈപ്പ് ലൈനിലെ പമ്പിംഗ് നിലയങ്ങൾ ലക്ഷ്യമിട്ട് പൈലറ്റില്ലാ വിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥക്കും പ്രാദേശിക, ആഗോള സമാധാനത്തിനും ഭീഷണി സൃഷ്ടിക്കും. ഇത്തരം നശീകരണ പ്രവർത്തനങ്ങൾ സർവ ശക്തിയോടെയും നിശ്ചയ ദാർഢ്യത്തോടെയും ചെറുക്കണമെന്നും സൗദി വിദേശ മന്ത്രി ഇബ്രാഹിം അൽഅസ്സാഫ് പറഞ്ഞു.

Ads by Google
Friday 31 May 2019 04.43 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW