Sunday, June 23, 2019 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 11.09 AM

കേന്ദ്രമന്ത്രിയുടെ താമസം മുളംകുടിലില്‍ ; സ്വത്ത് വെറും 15 ലക്ഷം, പ്രചരണം നടത്തിയത് സൈക്കിളിലും ഓട്ടോയിലും ; ബിജെപി ടിക്കറ്റ് കാണാതെ പോയതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ചു, എന്നിട്ടും ജയിച്ചു...!!

uploads/news/2019/05/311769/prathap-singh-sarangi.jpg

ന്യൂഡല്‍ഹി: പുതിയതായി സ്ഥാനമേറ്റ നരേന്ദ്രമോഡിയുടെ 58 അംഗ മന്ത്രിസഭയില്‍ 56 ാമനായിട്ടായിരുന്നു പ്രതാപ് ചന്ദ്ര സിങ് സാരംഗി എന്ന പേര് സത്യപ്രതിജ്ഞാ ചടങ്ങിനായി വിളിച്ചത്. ചീകിയൊതുക്കാത്ത മുടിയും നീട്ടിവളര്‍ത്തിയ താടിയുമുള്ള ദുര്‍ബ്ബലനായ 64 കാരന്‍ സത്യപ്രതിജ്ഞാ വേദിയിലേക്ക് കയറിയപ്പോള്‍ രാഷ്ട്രപതി ഭവനിലെ 6000 അതിഥികള്‍ എത്തിയ വേദി കയ്യടികളാല്‍ പൊട്ടിത്തെറിച്ചു. കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ എഴുന്നേറ്റുനിന്ന് കരഘോഷത്തോടെയാണ് സാരംഗിയെ ആനയിച്ചത്.

രണ്ടാം മോഡി സര്‍ക്കാരില്‍ ഒഡീഷയിലെ ബാലസോറില്‍ നിന്നും എംപിയായി ജയിച്ചു കയറിയ പ്രതാപ് ചന്ദ്ര സാരംഗി സഹമന്ത്രിയായിട്ടാണ് സ്ഥാനമേറ്റത്. ലളിതമായ ജീവിതം കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായ പ്രതാപ് ചന്ദ്ര സാരംഗി 'ഒഡീഷാ മോഡി' എന്നാണ് അറിയപ്പെടുന്നത് തന്നെ. ഇപ്പോഴും മുളകൊണ്ടു നിര്‍മ്മിച്ച കുടിലില്‍ താമസിക്കുന്ന, സൈക്കിളില്‍ ജനസേവനത്തിനിറങ്ങുന്ന സര്‍ക്കാരിന്റെ ഗതാഗത സംവിധാനത്തില്‍ സഞ്ചരിക്കുന്ന പ്രതാപ് ചന്ദ്ര സാരംഗി ലളിത ജീവിതത്തിന് പേരുകേട്ടയാളാണ്. അദ്ദേഹത്തിന്റെ ജീവിതരീതി ട്വിറ്ററില്‍ തരംഗമാകുന്നത് ഇത് രണ്ടാം തവണയാണ്. ലളിതമായ ജീവിതെശെലികൊണ്ടും തീപ്പൊരി പ്രസംഗങ്ങള്‍ക്കൊണ്ടും ശ്രദ്ധേയനാണ് സാരംഗി.

ബി.ജെ.പിയുടെ ഒഡീഷാപ്രവേശനത്തിന്റെ പ്രതീകം കൂടിയാണ് സാരംഗി. ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ സിറ്റിങ് ബി.ജെ.ഡി. എം.പി. രവീന്ദ്രകുമാര്‍ ജെനയെ പരാജയപ്പെടുത്തിയാണ് സാരംഗി ആദ്യമായി പാര്‍ലമെന്റിലെത്തിയത്. ഒഡീഷയിലെ പ്രാദേശിക ചാനലായ ഒടിവിയില്‍ അവിവാഹിതനാണോ ബ്രഹ്മചാരിയാണോ എന്ന ചോദ്യത്തിന് അവിവാഹിതനാണ്. എന്നാല്‍ ബ്രഹ്മചാരിയല്ല എന്നായിരുന്നു മറുപടി. 28 ാം വയസ്സില്‍ ബേലൂരെ രാമകൃഷ്ണ മഠത്തില്‍ ചേര്‍ന്ന് സന്യാസം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സ്വാമി ആത്മസ്ഥാനന്ദനുമായ കൂടിക്കാഴ്ചയില്‍ വീട്ടില്‍ ആശ്രിതരായി ആരെങ്കിലുമുണ്ടോ എന്നദ്ദേഹം ചോദിച്ചു. വീട്ടില്‍ തന്നെ നോക്കി വിധവയായ പ്രായമുള്ള അമ്മയുണ്ടെന്ന് മറുപടി നല്‍കിയപ്പോള്‍ അവരെ സംരക്ഷിക്കാന്‍ സ്വാമി ആവശ്യപ്പെട്ടു. അതിന് ശേഷം കഴിഞ്ഞവര്‍ഷം അമ്മ മരിക്കും വരെ അവിവാഹിതനായി ജീവിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ ഡല്‍ഹിക്കു പോകാന്‍ മുള കൊണ്ടുള്ള തന്റെ വീട്ടില്‍ ബാഗ് പാക്ക് ചെയ്യുന്ന സാരംഗിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഒഡീഷാ രാഷ്ട്രീയത്തില്‍ സമ്പന്നരായ സ്ഥാനാര്‍ത്ഥികള്‍ വന്‍തുക ചെലവഴിച്ച് വിപുലമായ പ്രചരണം നടത്തിയപ്പോള്‍ തന്റെ സൈക്കിളിലായിരുന്നു സാരംഗിയുടെ പ്രചരണം. ചിലപ്പോഴെല്ലാം ഓട്ടോറിക്ഷയിലും.

എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് നിരഞ്ജന്‍ പട്‌നായിക്കിന്റെ മകന്‍ നവജ്യോതി പട്‌നായീക് തന്റെ രേഖകളില്‍ 104 കോടിയുടെ സ്വത്തുവകയും ബിജെഡിയുടെ എംപി രബീന്ദ്ര ജെന 72 കോടിയുടെ സ്വത്തം കാണിച്ചപ്പോള്‍ തനിക്ക് ചലിക്കുന്ന ഇനത്തില്‍ 1.5 ലക്ഷത്തിന്റെയും 15 ലക്ഷത്തിന്റെ നിശ്ചല സ്വത്തുമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. വരുമാനത്തിന്റെ പ്രധാന സ്രോതസ് കൃഷിയും പെന്‍ഷനും.

മദ്യനിരോധനം, വിദ്യാഭ്യാസം തുടങ്ങി അനേകം ജനകീയ സാമൂഹ്യ പ്രക്ഷോഭങ്ങളില്‍ ഇടപെടുന്നതിനാല്‍ ഏഴ് ക്രിമിനല്‍ കേസുകളും പേരിലുണ്ട്. ബാലസോര്‍, മായുര്‍ഭഞ്ജ് ജില്ലകളില്‍ ഗണ ശിക്ഷാ മന്ദിര്‍ യോഗജനയ്ക്ക് കീഴില്‍ ഗോത്ര ഗ്രാമങ്ങളില്‍ അനേകം പ്രവര്‍ത്തന കേന്ദ്രങ്ങള്‍ നടപ്പിലാക്കി. 2019 തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സാരംഗി പ്രധാനമായും ഊന്നിയത് കൃഷിയും ചിട്ടിഫണ്ട് തട്ടിപ്പുകളുമായിരുന്നു.

ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ സിബിഐ യുടെ 2016 അന്വേഷണം സാരംഗി ചോദ്യം ചെയ്തതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്‌നായിക്കിന് ഇത്തവണ പ്രചരണത്തിന് വളരെ കുറച്ച് സമയമേ കിട്ടിയിരുന്നുള്ളൂ എന്നാണ് ബിജെപിയുടെ പരിഹാസം. മറുവശത്ത് നരേന്ദ്രമോഡിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ചിട്ടിഫണ്ട് അഴിമതിയും പ്രചരണത്തില്‍ ഉയര്‍ത്തിയ സാരംഗി വീടുവീടാന്തരം കയറിയിറങ്ങി നടത്തിയ പ്രചരണത്തിലൂടെ അതിശക്തമായ മത്സരം നടന്ന മണ്ഡലത്തില്‍ 12,956 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം നേടിയത്.

ഒഡിയയിലും സംസ്‌കൃതത്തിലും അസാധാരണ വാഗ്മിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൂടിയായ പ്രതാപ് ചന്ദ്ര സിങ് സാരംഗി െസെക്കിളില്‍ ഗ്രാമത്തില്‍ റോന്തുചുറ്റുന്നത് പതിവുകാഴ്ചയാണ്. ബാലസോറിലെ ഫക്കീര്‍ മോഹന്‍ കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം സന്യാസിയാകാനാണ് ആഗ്രഹിച്ചതെങ്കിലും പിന്നീട് ആര്‍.എസ്.എസിലൂടെ സാമൂഹികസേവനത്തിലേക്കു കടക്കുകയായിരുന്നു.

വിഎച്ച്പിയുടെ ഒഡീഷയിലെ മുതിര്‍ന്ന നേതാവായ സാരംഗി ഒഡീഷയിലെ ബജ്‌രംഗ് ദളിന്റെ ഒഡീഷാ അദ്ധ്യക്ഷനുമായിട്ടുണ്ട്. രണ്ടു തവണ ഒഡീഷാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാരംഗി 2004 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും 2009 ല്‍ ബലാസോര്‍ ലോക്‌സഭാ സീറ്റിന് കീഴില്‍ വരുന്ന നീലഗിരി വിധാന്‍ സഭയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായുമാണ് ജയിച്ചു കയറിയത്. 2009 ലും അദ്ദേഹത്തെ ബിജെപി പിന്തുണച്ചിരുന്നു. എന്നാല്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പിന്തുണച്ചു കൊണ്ടുള്ള ടിക്കറ്റ് നഷ്ടപ്പെട്ടു. നോമിനേഷന്‍ സമയം അതിക്രമിച്ചതിനാല്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു. എന്നിട്ടും ജയിച്ചു നിയമസഭയിലെത്തി.

Ads by Google
Ads by Google
Loading...
TRENDING NOW