Friday, June 21, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 10.21 AM

എന്നോട് സംസാരിക്കാന്‍ വരുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം ടൊവീനോയെക്കുറിച്ചാ അറിയേണ്ടത്- സംയുക്ത പറയുന്നു

''തീവണ്ടിയുടെ വിജയത്തിന് ശേഷം തന്റെ നാലാമത്തെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കൈയടി നേടുകയാണ് സംയുക്ത മേനോന്‍. ''
Interview with Samyuktha Menon

ജീവാംശമായ് താനേ നീയെന്നില്‍
കാലങ്ങള്‍ മുന്നേ വന്നൂ...

ഈ പാട്ടിനൊപ്പം പ്രേക്ഷകരുടെ മനസി ല്‍ ചേക്കേറിയ നായികയാണ് സംയുക്ത മേനോന്‍. പുതുമുഖ നായികയുടെ പേടിയേതുമില്ലാതെ ലില്ലി എന്ന ചിത്രത്തില്‍ ടൈറ്റില്‍ വേഷവും ചെയ്ത സംയുക്ത പോപ്കോണിലൂടെയാണ് മലയാള സിനിമയിലെത്തിയത്. ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലാണ് സംയുക്ത.

ഒരു യമണ്ടന്‍ പ്രേമകഥയുടെ അനുഭവങ്ങള്‍?


തീവണ്ടിയിലെ ജീവാംശമായി എന്ന സോങ് റിലീസായ ശേഷമാണ് ഒരു യമണ്ടന്‍ പ്രേമകഥ കമ്മിറ്റ് ചെയ്തത്. സീനിയറായ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ആധ്യ സിനിമയാണ്. ബിബിന്‍ ചേട്ടനും വിഷ്ണു ചേട്ടനുമൊക്കെ ഹിറ്റ് തിരക്കഥാകൃത്തുക്കളാണ്. എന്നെ സംബന്ധിച്ച് ഓരോ സിനിമയും പുതിയ അനുഭവങ്ങളാണ്. ചെയ്തിട്ടുള്ള സിനിമകളിലൊന്നും ഒരേ ക്രൂവായിരുന്നില്ല. കല്‍ക്കിയിലാണ് മുമ്പ് വര്‍ക്ക് ചെയ്ത ക്രൂവിനൊപ്പം വര്‍ക്ക് ചെയ്യുന്നത്.

മുമ്പ് സ്‌ക്രീനില്‍ കണ്ട് ഇഷ്ടം തോന്നിയ അഭിനേതാക്കള്‍ക്കൊപ്പമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ ഞാനഭിനയിച്ചത്. അതിന്റെ ടെന്‍ഷനുണ്ടായിരുന്നു. വളരെ സിമ്പിളായൊരു സിനിമയാണിത്. എല്ലാ പ്രേക്ഷകര്‍ക്കും എന്‍ജോയ് ചെയ്യാന്‍ കഴിയുന്ന സിനിമ. അങ്ങനൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞ് വലിയ കാര്യമാണെന്ന് വിശ്വസിക്കുന്നു.

ദുല്‍ഖറിനെക്കുറിച്ച്?


ആളുകള്‍ക്ക് വലിയ ആരാധനയാണ് ദുല്‍ഖറിനോട്. അതിന്റെയൊരു ടെന്‍ഷനുണ്ടായിരുന്നു.

ടൊവിനോ തോമസ് എന്ന ആദ്യ നായകനെക്കുറിച്ച്?


എന്നോട് സംസാരിക്കാന്‍ വരുന്ന പെണ്‍കുട്ടികള്‍ക്കൊക്കെ ടൊവിനോയെക്കുറിച്ചാണ് അറിയേണ്ടത്. ഒന്നുകില്‍ ടൊവിയുടെ വിശേഷങ്ങള്‍ അറിയണം അല്ലെങ്കില്‍ അവരുടെ അന്വേഷണം അറിയിക്കണം. വളരെ കംഫര്‍ട്ടബിളായി ഒരുമിച്ചഭിനയിക്കാന്‍ കഴിയുന്ന നടനാണ്. ടൊവി വളരെ ഫ്രണ്ട്ലിയാണ്.

അതുകൊണ്ട് അഭിനയിക്കുന്ന സമയത്ത് സീന്‍ ശരിയായില്ലെങ്കില്‍ റീ ടേക്ക് ചെയ്യാമോയെന്ന് ധൈര്യമായി ചോദിക്കാം. ഉയരെ എന്ന ചിത്രത്തില്‍ എനിക്ക് ഗസ്റ്റ് അപ്പിയറന്‍സ് ഉണ്ട്. ആ സീന്‍ ടൊവിനോയ്ക്കൊപ്പമാണ്. പിന്നെ കല്‍ക്കിയിലും ഞങ്ങള്‍ ഒരുമിച്ചാണ് അഭിനയിക്കുന്നത്.

ഒരുപാട് സംസാരിക്കുന്ന ആളാണ് ടൊവിനോ. ലൊക്കേഷനില്‍ ടൊവിയുണ്ടെങ്കില്‍ ബ്രേക്ക് ടൈമില്‍ ഫോണില്‍ കുത്തിയിരിന്ന് സമയം കളയേണ്ടി വരില്ല. അത്ര ഫണ്‍ ആയിട്ടാണ് സംസാരിക്കുന്നത്. ഞാനും നന്നായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. ലൊക്കേഷന്‍ വളരെ ലൈവായി നിലനിര്‍ത്താന്‍ ടൊവിയ്ക്ക് പറ്റും.

Interview with Samyuktha Menon

സിനിമ പ്രൊഫഷനാക്കാനുള്ള തീരുമാനത്തിന് പിന്നില്‍?


അഭിനയിച്ചു തുടങ്ങിയശേഷം സിനിമയെ ഇഷ്ടപ്പെട്ട ആളാണ് ഞാന്‍. നടി എന്ന നിലയില്‍ ഒരുപാട് മാറ്റങ്ങള്‍ എനിക്ക് സമ്മാനിച്ച സിനിമയാണ് ലില്ലി. ലില്ലിയുടെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് ഞാന്‍ ചെയ്ത ഹോംവര്‍ക്ക് കാരണമാണ് ഒരുപാട് കാര്യങ്ങള്‍ പഠിച്ചതും സിനിമയോട് കൂടുതല്‍ താല്‍പര്യം തോന്നിയതും.

ഒഴുക്കിനൊപ്പം നീന്തുന്ന ആളാണ് ഞാന്‍. ആരോ തെളിച്ചിട്ട പാതയിലൂടെ പോകാതെ സ്വന്തമായി വഴി കണ്ടെത്തി മുന്നോട്ട് സഞ്ചരിച്ച വ്യക്തി. സിനിമ പ്രൊഫഷനാക്കാനുള്ള കാരണമെന്താണെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

ഒരിക്കലും ഞാനായിട്ട് സിനിമയെ തേടിപ്പോയിട്ടില്ല. അവിചാരിതമായിട്ടാണ് സിനിമയിലെത്തിയത്. ഒരുപാട് ഇഷ്ടം തോന്നിയതുകൊണ്ടാണ് സിനിമ പ്രൊഫഷനായി തെരഞ്ഞെടുത്തത്. വളരെ പാഷണേറ്റാണിപ്പോള്‍. അഭിനയിക്കാന്‍ മാത്രമല്ല, മറ്റു സിനിമകള്‍ കാണാനും ഒരുപാടിഷ്ടമാണ്.

ലില്ലി നല്‍കിയ അനുഭവങ്ങള്‍?


സംവിധായകനുള്‍പ്പെടെ അണിയറപ്രവര്‍ത്തകരില്‍ കൂടുതല്‍പേരും പുതുമുഖങ്ങളായിരുന്നു. കൂട്ടത്തില്‍ സീനിയര്‍ ഞാനായിരുന്നെന്ന് പറയാം. കുറേ സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ലില്ലി എന്ന ചിത്രം. അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പരസ്പരം അറിയാമായിരുന്നു. സുഹൃത്തുക്കളായതുകൊണ്ടുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കിലും വളരെ സീരിയസായാണ് എല്ലാവരും ആ ചിത്രത്തെ കണ്ടത്.

ലില്ലിയ്ക്ക് വേണ്ടി കഷ്ടപ്പെട്ടപ്പോഴാണ് ശരിക്കും സിനിമയോട് കൂടുതല്‍ അടുപ്പം തോന്നുന്നത്. ഒരു സിനിമയ്ക്ക് വേണ്ടി ഹാര്‍ഡ്‌വര്‍ക്ക് ചെയ്യുക, അതിന് ഫലമുണ്ടാവുക എന്നത് വലിയൊരു കാര്യമാണ്.

പ്രേക്ഷകരില്‍ നിന്ന് നല്ലൊരു വാക്ക് കേള്‍ക്കണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അഭിനേതാവെന്ന നിലയില്‍ കരിയറില്‍ നിര്‍ണ്ണായകമായ സിനിമയായിരുന്നു. ലില്ലിയില്‍ നന്നായി പെര്‍ഫോം ചെയ്തതുകൊണ്ടാണ് തീവണ്ടിയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്.

പോപ്കോണ്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സിനിമയില്‍ തുടരാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നോ?


പോപ്കോണില്‍ എനിക്ക് അഭിനയിക്കാ ന്‍ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നില്ല. ലില്ലിയിലൊക്കെ അഭിനയിച്ചപ്പോഴാണ് ശരിക്കുമൊരു കോണ്‍ഫിഡന്‍സ് കിട്ടിയത്. പൊതുവേ ഒരു കാര്യത്തിനോടും പേടിയില്ലാത്ത ആളാണ് ഞാന്‍.

പക്ഷേ അഭിനയിച്ചു തുടങ്ങിയപ്പോള്‍ ശരിക്കും പേടി തോന്നി. കാരണം ക്യാമറയ്ക്ക് മുമ്പിലാണെങ്കിലും ആ ക്യാമറ ഒരുപാട് പേരുടെ കണ്ണുകളാണ്. ആ വിഷ്വലുകള്‍ പിന്നീട് ഒരുപാട്പേര്‍ കാണുന്നതാണ്. ജീവിതത്തിലേതുപോലല്ല ക്യാമറയ്ക്ക് മുമ്പില്‍ നില്‍ക്കുന്നത്. അഭിനയം എന്റെ പ്രൊഫഷന്‍ അല്ലെന്നും ആ സമയത്ത് തോന്നി.

വളരെ എനര്‍ജറ്റിക്കായ സംയുക്ത റിയല്‍ ലൈഫില്‍ ബോള്‍ഡാണോ?


ഇമോഷണലി ബോള്‍ഡായൊരാളാണ് ഞാന്‍. പെട്ടെന്ന് സങ്കടം വരുമെങ്കിലും അത് ഉള്ളിലൊതുക്കാന്‍ അറിയാം. എത്ര ബുദ്ധിമുട്ടുള്ള പ്രശ്നങ്ങളെയും മറികടക്കാനുള്ള ധൈര്യമെനിക്കുണ്ട്. ജീവിതത്തില്‍ എല്ലാ പ്രശ്നങ്ങളേയും അതിജീവിക്കാമെന്നൊരു വിശ്വാസം എനിക്കുണ്ട്.
Interview with Samyuktha Menon

സെലിബ്രിറ്റി ഇമേജ് ആസ്വദിക്കാറുണ്ടോ?


സെലിബ്രിറ്റി ഇമേജിനേക്കാള്‍ എല്ലാവര്‍ക്കുമറിയാവുന്ന ഒരാള്‍ എന്ന ഇമേജ് വളരെ രസകരമാണ്. ചില സമയത്ത് ഒറ്റയ്ക്കിരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തോന്നിയാലും അങ്ങനെ പറ്റില്ല. ചില സമയത്ത് ഒരു പബ്ലിക് സ്ഥലത്ത് പോയിരുന്നാ ല്‍ എല്ലാവരും തിരിച്ചറിയും. അവര്‍ നമ്മളെ നോക്കുന്നതു കാണുമ്പോഴേ അറിയാം, തിരിച്ചറിഞ്ഞെന്നും അടുത്തു വന്ന് സംസാരിക്കുമെന്നും. അതൊക്കെ എന്‍ജോയ് ചെയ്യാറുണ്ട്.

ബര്‍ത്ത് ഡേയുള്‍പ്പെടെ എന്നെ കുറിച്ചുള്ള കാര്യങ്ങളെല്ലാം പ്രേക്ഷകര്‍ക്കറിയാമെന്നതാണ് ഏറ്റവും വലിയ കാര്യം. ചിലരൊക്കെ പാലക്കാടല്ലേ നാട്?? എന്നൊക്കെ ചോദിക്കും. എല്ലാവര്‍ക്കും അറിയാം എന്നൊരു ഫീല്‍ ശരിക്കും നല്ലൊരു അനുഭവം തന്നെയാണ്. എന്നെ തിരിച്ചറിയാത്തവരുമുണ്ടാകും. പ്രേക്ഷകര്‍ അടുത്ത് വന്ന് വിശേഷങ്ങള്‍ ചോദിക്കുന്നതും സിനിമയെക്കുറിച്ചുള്ള അഭിപ്രായം പറയുന്നതുമൊക്കെ എനിക്കിഷ്ടമാണ്.

പ്രൈവസി വേണമെന്ന് തോന്നുമ്പോഴേ സെലിബ്രിറ്റി ഇമേജ് പ്രശ്നമാകുന്നുള്ളൂ. പക്ഷേ അത്തരം അവസരങ്ങള്‍ വളരെ കുറവാണ്. ആളുകളും ബഹളവുമൊക്കെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. പൊതുവെ ഒറ്റയ്ക്കിരിക്കാന്‍ താല്‍പര്യവുമില്ല. ഒറ്റയ്ക്കിരിക്കാന്‍ തോന്നുമ്പോഴൊക്കെ സോളോ ട്രിപ്പുകള്‍ പോകാറാണ് പതിവ്. സിനിമ കഴിഞ്ഞാല്‍ വായനയും യാത്രകളുമാണ് ഏറെയിഷ്ടം.

മലയാളത്തില്‍ സജീവമാകുന്ന സമയത്ത് തമിഴിലും അഭിനയിച്ചു?


ലില്ലിയില്‍ അഭിനയിക്കും മുമ്പാണ് തമിഴില്‍ അഭിനയിച്ചത്. തമിഴില്‍ കഴിഞ്ഞ വര്‍ഷം ഒരു സിനിമ ചെയ്തിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഷൂട്ട് ചെയ്ത മറ്റൊരു തമിഴ് സിനിമ ഈ വര്‍ഷമാണ് റിലീസ് ചെയ്തത്. തമിഴ് പ്രേക്ഷകര്‍ക്ക് ഞാന്‍ അത്ര സുപരിചിതയല്ല. ലില്ലിയും തീവണ്ടിയുമൊക്കെ എന്നെ തേടിയെത്തിയതുപോലെ തമിഴിലും ഒരു അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍?


എല്ലാ കഥാപാത്രങ്ങള്‍ ചെയ്യാനും ഇഷ്ടമാണ്. ഏതെങ്കിലുമൊരു കഥാപാത്രം എന്ന് പറയുന്നതിനേക്കാള്‍ ഇതുവരെ അഭിനയിക്കുകയോ ആലോചിക്കുകയോ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതാണ് ഏറ്റവും സന്തോഷം.

ബോള്‍ഡായും വളരെ പാവം പെണ്‍കുട്ടിയായും അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. കുറച്ചുനാള്‍ കഴിഞ്ഞ് പുറകിലേക്ക് നോക്കുമ്പോള്‍ സംതൃപ്തി തോന്നണമെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. ഈ നടിയ്ക്ക് ഇത്തരം കഥാപാത്രങ്ങളാണ് ചേരുന്നത് എന്നൊരു ഇമേജുണ്ടാക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ അത്ഭുതപ്പെടുത്താനാണ് ആഗ്രഹം.

സംയുക്ത എന്ന പേരില്‍ മലയാളത്തില്‍ ഒരു നായിക ഉണ്ടായിരുന്നു. പേര് മാറ്റണമെന്ന് തോന്നിയോ?


പേര് മാറ്റണെമന്നും മാറ്റരുതെന്നും ഒരുപാട് പേര്‍ പറഞ്ഞു. പേര് മാറ്റണോ എന്ന കാര്യത്തില്‍ ഒരു നിമിഷം പോലും എനിക്ക് സംശയിക്കേണ്ടി വന്നിട്ടില്ല. അമ്മ സെലക്ട് ചെയ്ത പേരാണിത്. ദേവി എന്നാണര്‍ത്ഥം. ഞാനത്രയും സ്നേഹിക്കുന്ന പേരാണ് സംയുക്ത.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW