Wednesday, July 17, 2019 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 01.09 AM

പാകിസ്‌താനിലെ സിന്ധില്‍ എച്ച്‌.ഐ.വി. പടരുന്നു

uploads/news/2019/05/311103/in2.jpg

കറാച്ചി: രാജ്യത്തു പൊട്ടിപ്പുറപ്പെട്ട എച്ച്‌.ഐ.വി. ബാധയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പാകിസ്‌താന്‍ ലോകാരോഗ്യസംഘടനയുടെ സഹായം തേടി. അടുത്തിടെ പാകിസ്‌താനിലെ സിന്ധ്‌ പ്രവിശ്യയിലാണ്‌ 681 പേര്‍ക്ക്‌ എച്ച്‌.ഐ.വി. സ്‌ഥിരീകരിച്ചത്‌. ഇവരില്‍ 537 പേര്‍ കുട്ടികളാണെന്നതാണു (2-15 വയസ്‌) ഞെട്ടിക്കുന്ന വസ്‌തുത.
വടക്കുപടിഞ്ഞാറന്‍ സിന്ധ്‌ പ്രവിശ്യയിലെ ലര്‍കാന ജില്ലയിലുള്ള റാതോദേരോ പട്ടണത്തില്‍ മാത്രം 21,375 പേരുടെ രക്‌തസാമ്പിളുകള്‍ പരിശോധിച്ചു. ശുചിത്വരഹിതമായ ഉപകരണങ്ങള്‍, സുരക്ഷിതമല്ലാത്ത രക്‌തമാറ്റം, മുറിവൈദ്യന്‍മാരുടെ ചികിത്സ എന്നിവയാണു മേഖലയിലെ എച്ച്‌.ഐ.വി. വ്യാപനത്തിനു കാരണമായി ആരോഗ്യവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌. ലോകാരോഗ്യ സംഘടനയിലെ പത്തംഗ ദ്രുതകര്‍മസേന ദിവസങ്ങള്‍ക്കകം രാജ്യത്ത്‌ എത്തിയാലേ പെട്ടെന്നുള്ള രോഗവ്യാപനത്തിന്റെ കൃത്യമായ കാരണം മനസിലാക്കാന്‍ കഴിയൂവെന്ന്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സ്‌പെഷല്‍ അസിസ്‌റ്റന്റ്‌ സഫര്‍ മിര്‍സയെ ഉദ്ധരിച്ച്‌ ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. അമേരിക്കയിലെ സെന്റേഴ്‌സ്‌ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ (സി.ഡി.എസ്‌) എന്ന സ്‌ഥാപനത്തിന്റെ സഹായവും തേടിയിട്ടുണ്ട്‌. പാകിസ്‌താനിലെ പൊതുജനാരോഗ്യമേഖലയില്‍സി.ഡി.എസ്‌. നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്‌.
ഉപയോഗിച്ച സിറിഞ്ചുകള്‍ പായ്‌ക്ക്‌ ചെയ്‌ത്‌ വീണ്ടും ഉപയോഗിക്കുന്നതും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവും എച്ച്‌.ഐ.വി. ബാധയ്‌ക്കു കാരണമായിട്ടുണ്ടാകാമെന്നു സഫര്‍ മിര്‍സ ചൂണ്ടിക്കാട്ടി. രോഗികളില്‍ എച്ച്‌.ഐ.വി. വൈറസ്‌ കടത്തിവിട്ടതിനു കഴിഞ്ഞമാസം പോലീസ്‌ ഒരു ഡോക്‌ടറെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഈമാസം 17 വ്യാജവൈദ്യന്‍മാരെ അറസ്‌റ്റ്‌ ചെയ്യുകയും അവരുടെ ക്ലിനിക്കുകള്‍ അടച്ചുപൂട്ടുകയും ചെയ്‌തു. അരലക്ഷം എച്ച്‌.ഐ.വി. പരിശോധനാ കിറ്റുകള്‍ക്കുകൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും മിര്‍സ വ്യക്‌തമാക്കി. പാകിസ്‌താനില്‍ 1,63,000 എയ്‌ഡ്‌സ്‌ രോഗികളുള്ളതായാണു കണക്കുകള്‍. എന്നാല്‍, ഇവരില്‍ കാല്‍ലക്ഷം പേരേ എച്ച്‌.ഐ.വി. പ്രതിരോധകേന്ദ്രങ്ങളില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളൂ.
അതില്‍ത്തന്നെ 16,000 പേര്‍ മാത്രമാണു കൃത്യമായി ചികിത്സയ്‌ക്കു ഹാജരാകുന്നത്‌. സിന്ധില്‍ ഇതിനുമുമ്പ്‌ 2016-ലും പഞ്ചാബ്‌ മേഖലയില്‍ 2008-ലും എച്ച്‌.ഐ.വി. പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നു മിര്‍സ ചൂണ്ടിക്കാട്ടി. ഐക്യരാഷ്‌ട്രസംഘടനയുടെ റിപ്പോര്‍ട്ട്‌ പ്രകാരം ഏഷ്യയില്‍ എച്ച്‌.ഐ.വി. നിരക്ക്‌ കുതിച്ചുയരുന്ന രണ്ടാമത്തെ രാജ്യമാണു പാകിസ്‌താന്‍. 2017-ല്‍ മാത്രം 20,000 പേര്‍ക്കു രോഗബാധയുണ്ടായി.

Ads by Google
Wednesday 29 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW