Friday, June 21, 2019 Last Updated 58 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 28 May 2019 02.59 PM

പുതുരുചിയില്‍ ബിരിയാണി

uploads/news/2019/05/311055/MdmCokry280519d.jpg

''ബിരിയാണി ഇഷ്ടമില്ലാത്തവരാരുണ്ട്? ഒരേ രുചിയിലുള്ള ബിരിയാണി കഴിച്ച് മടുത്തെങ്കില്‍ പുതിയ രുചികള്‍ പരീക്ഷിച്ചുനോക്കിയാലോ...''

ആംബുര്‍ ബിരിയാണി


ആവശ്യമുള്ള സാധനങ്ങള്‍
ബസുമതി അരി - 1/2 കിലോ
ആട്ടിറച്ചി - 1/2 കിലോ(ചെറിയ കഷണങ്ങളായി മുറിച്ചത്)
റിഫൈന്‍ഡ് ഓയില്‍ - ഒരു കപ്പ്
തൈര് - ഒരു കപ്പ്
തക്കാളി അരിഞ്ഞത് - 2 എണ്ണം
സവാള അരിഞ്ഞത് - 3 എണ്ണം
ഏലയ്ക്ക, ഗ്രാമ്പു, കറുവാപ്പട്ട, തക്കോലം - 2 എണ്ണം വീതം
മല്ലിയില അരിഞ്ഞത് - ഒരു പിടി
പുതിനയില അരിഞ്ഞത് - ഒരു പിടി
നാരങ്ങാനീര് - ഒരെണ്ണത്തിന്റേത്
പച്ചമുളക് - 2 എണ്ണം(നീളത്തില്‍ കീറിയത്)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
ബിരിയാണി മസാല - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


കുക്കറില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പു, തക്കോലം ഇവ ചേര്‍ത്തിളക്കുക. അതിലേക്ക് സവാള അരിഞ്ഞതും പച്ചമുളകും ചേര്‍ത്ത് സവാള വാടുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കാം. ഇതിലേക്ക് മുളകുപൊടി, ബിരിയാണി മസാല മല്ലിയില, പുതിനയില എന്നിവയും ഇറച്ചിയും ചേര്‍ത്തിളക്കി തക്കാളിയും തൈരും ഉപ്പും ചേര്‍ത്ത് നാല് വിസിലടിപ്പിക്കുക. ഇതിലേക്ക് പാകത്തിന് വെള്ളവും അരിയും ചേര്‍ത്ത് മൂന്ന് വിസില്‍ വരുന്നതുവരെ വേവിച്ച് വറ്റിക്കുക. നാരങ്ങാനീര് പിഴിഞ്ഞത് ഒഴിച്ചിളക്കി വിളമ്പാം.
uploads/news/2019/05/311055/MdmCokry280519c.jpg

കോവൈ ചിക്കന്‍ ബിരിയാണി


ആവശ്യമുളള സാധനങ്ങള്‍
ചിക്കന്‍ - 1/2 കിലോ
നാരങ്ങാനീര് - ഒരെണ്ണത്തിന്റെ പകുതിയുടേത്
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
(നാരങ്ങാനീര്, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി ഇവയെല്ലാം ചിക്കനില്‍ പുരട്ടി മാരിനേറ്റ് ചെയ്തുവയ്ക്കുക)
ബിരിയാണി അരി - 1/2 കിലോ(അര മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക)
തക്കാളി - 2 എണ്ണം(ചെറുതായി അരിഞ്ഞത്)
ചെറിയ ഉള്ളി - 4 എണ്ണം(അരിഞ്ഞത്)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
എണ്ണ - മൂന്ന് ടീസ്പൂണ്‍
നെയ്യ് - ഒരു ടീസ്പൂണ്‍
ബിരിയാണി ഇല - ഒരെണ്ണം
പച്ചമുളക് - ഒരെണ്ണം
സവാള അരിഞ്ഞത് - ഒരെണ്ണം

*** മസാലയ്ക്ക്
കറുവാപ്പട്ട - 3 എണ്ണം
ഗ്രാമ്പു - 3 എണ്ണം
പെരുംജീരകം - 1/2 ടീസ്പൂണ്‍
കുരുമുളക് - 1/2 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
ഏലയ്ക്ക - 2 എണ്ണം
വറ്റല്‍മുളക് - 2 എണ്ണം
ബിരിയാണി മസാല - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


മസാലയ്ക്കുള്ള ചേരുവകളെല്ലാം മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ഇതേ ജാറിലേക്ക് തന്നെ ചെറിയ ഉള്ളി, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ഇവ ചേര്‍ത്ത് വീണ്ടും അരച്ചെടുക്കുക, ശേഷം ഇതിലേക്ക് ഒരു ടീസ്പൂണ്‍ മുളകുപൊടിയും അല്‍പ്പം വെള്ളവും ചേര്‍ത്ത് വീണ്ടും അരച്ച് പേസ്റ്റുപോലെയാക്കുക.
പ്രഷര്‍ കുക്കര്‍ ചൂടാക്കി മൂന്ന് ടീ സ്പൂണ്‍ എണ്ണയും ഒരു ടീസ്പൂണ്‍ നെയ്യും ചേര്‍ത്ത് ഒരു ബിരിയാണി ഇല, ഒരു പച്ചമുളക്, സവാള അരിഞ്ഞത് എന്നിവ ചേര്‍ത്ത് വഴറ്റുക. മിക്സിയില്‍ അരച്ചുവച്ചിരിക്കുന്ന ബിരിയാണി മസാല ചേര്‍ത്ത് ഇളക്കി പച്ചമണം മാറുമ്പോള്‍ ഇതിലേക്ക് അരിഞ്ഞ തക്കാളിയും 2 ടീസ്പൂണ്‍ എണ്ണയും അല്‍പ്പം ഉപ്പും ചേര്‍ത്തടച്ച് അഞ്ച് മിനിറ്റ് വേവിക്കാം. തക്കാളി വെന്തശേഷം തവികൊണ്ട് ഉടച്ചെടുക്കാം. ഇനി ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക. ശേഷം പുതിനയിലയും മല്ലിയിലയും ചേര്‍ത്ത് ഇളക്കി വീണ്ടും അഞ്ച് മിനിറ്റ് അടച്ച് വേവിക്കുക.(ചിക്കന്‍ ഇപ്പോള്‍ പകുതി വെന്തിട്ടുണ്ടാവും). ഇതിലേക്ക് അഞ്ചര കപ്പ് വെള്ളവും ആവശ്യമെങ്കില്‍ അല്‍പ്പംകൂടി ഉപ്പും ചേര്‍ത്ത് വെളളം തിളയ്ക്കുമ്പോള്‍ അരി ചേര്‍ത്തുകൊടുക്കാം. വെന്തശേഷം കുക്കര്‍ തുറന്ന് ഇളക്കി വിളമ്പാം.
uploads/news/2019/05/311055/MdmCokry280519b.jpg

ഡിണ്ടിഗല്‍ തലപ്പാക്കട്ടി ബിരിയാണി


ആവശ്യമുള്ള സാധനങ്ങള്‍
മട്ടന്‍ - 3/4 കിലോ
ജീരകശാല അരി - 3/4 കിലോ
പച്ചമുളക് - ഒരെണ്ണം
ഏലയ്ക്ക - ഒരെണ്ണം
കറുവാപ്പട്ട - ഒരെണ്ണം
ബിരിയാണി ഇല - ഒരെണ്ണം
തക്കോലം - 2 എണ്ണം
മുളകുപൊടി - 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
തക്കാളി - ഒരെണ്ണം (ചെറുതായരിഞ്ഞത് )
തൈര് - 4 ടേബിള്‍ സ്പൂണ്‍
പുതിനയില - 1/2 പിടി
മല്ലിയില - 1/2 പിടി
വെള്ളം - 6 ഗ്ലാസ്
നെയ്യ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
നാരങ്ങ - ഒരെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

*** അരപ്പിന്
ചെറിയ ഉള്ളി - 26 എണ്ണം
പച്ചമുളക് - 3 എണ്ണം
പുതിനയില - 1 പിടി
മല്ലിയില - 1/2 പിടി

*** മസാല തയാറാക്കാന്‍
കൊത്തമല്ലി - 2 ടേബി ള്‍ സ്പൂണ്‍
കറുവാപ്പട്ട - ഒരെണ്ണം
ജാതിക്ക പൊടിച്ചത് - ഒരു ടീസ്പൂണ്‍
കുരുമുളക് - 1/2 ടീസ്പൂണ്‍
ജീരകം - ഒരു ടീസ്പൂണ്‍
ഏലയ്ക്ക - 5 എണ്ണം
ഗ്രാമ്പു - 5 എണ്ണം
കറുവാപ്പട്ട - ഒരെണ്ണം
ജീരകം - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


അരി അര മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക, മസാലയ്ക്കുള്ളത് പൊടിച്ചെടുക്കുക.
അരപ്പിനുള്ളത് മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക(അധികം അരഞ്ഞുപോകരുത്).
മട്ടന്‍ കുക്കറിലിട്ട് ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, അരപ്പില്‍ നിന്ന് ഒരു ടേബിള്‍ സ്പൂണ്‍ ഇവ പുരട്ടി വയ്ക്കുക. ഇതിലേക്ക് അരി കുതിര്‍ത്ത വെള്ളം രണ്ട് ഗ്ലാസ് ഒഴിച്ച് മട്ടണ്‍ വേവിക്കുക. മട്ടണ്‍ വെന്ത ശേഷം ഇറച്ചിയും വെള്ളവും വെവ്വേറെ മാറ്റി വയ്ക്കുക.
കുക്കര്‍ കഴുകി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് റിഫൈന്‍ഡ് ഓയില്‍ ഒഴിച്ചുകൊടുക്കുക, മൂന്ന് ടേബിള്‍ സ്പൂണ്‍ നെയ്യും അതിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് ഒരു പച്ചമുളക്, ഗ്രാമ്പു, ഏലയ്ക്ക, കറുവാപ്പട്ട, ബിരിയാണി ഇല, തക്കോലം ഇവ ചേര്‍ത്ത് ഇത് ചൂടായി വരുമ്പോള്‍അരച്ചുവച്ചതിന്റെ ബാക്കിയും ചേര്‍ത്ത് വഴറ്റി ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേര്‍ത്ത് വഴറ്റിയ ശേഷം പൊടിച്ചുവച്ച മസാല ചേര്‍ക്കാം.
പച്ചമണം മാറി മൂത്ത ശേഷം ഇതിലേക്ക് തക്കാളി ചേര്‍ത്ത് വേവിച്ച മട്ടണ്‍ ചേര്‍ത്തിളക്കുക. തൈരും, ഉപ്പും ചേര്‍ത്തിളക്കി അഞ്ച് മിനിറ്റ് ചെറിയ തീയില്‍ അടച്ച് വച്ച് വേവിക്കാം. ഇതിലേക്ക് ആറ് ഗ്ലാസ് വെള്ളവും (ഇറച്ചി വേവിച്ച വെള്ളം) ചേര്‍ത്ത് തിളച്ചുവരുമ്പോള്‍ കുതിര്‍ത്ത അരി ചേര്‍ത്തിളക്കി നാരങ്ങാനീരും ഒഴിച്ച് പുതിനയിലയും മല്ലിയിലയും ചേര്‍ത്ത് കുക്കര്‍ അടച്ച് വേവിക്കുക. വെന്ത ശേഷം ഇതിനുമുകളില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ച് പുതിനയിലയും മല്ലിയിലയും വിതറി 15 മിനിറ്റ് കുറഞ്ഞ തീയില്‍ അടുപ്പില്‍ വച്ചശേഷം ഇളക്കി വിളമ്പാം.
uploads/news/2019/05/311055/MdmCokry280519a.jpg

അഞ്ചപ്പര്‍ ബിരിയാണി


ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ - 1/2 കിലോ
ബസുമതി അരി - 2 കപ്പ്
വെള്ളം - 3 കപ്പ്
സവാള - ഒരെണ്ണം (നീളത്തില്‍ അരിഞ്ഞത്)
തക്കാളി - 2 എണ്ണം (അരിഞ്ഞത്)
പച്ചമുളക് - 5 എണ്ണം(മുറിച്ചത്)
മല്ലിയില - 1/4 കപ്പ് (അരിഞ്ഞത്)
പുതിനയില - 1/4 കപ്പ്(അരിഞ്ഞത്)
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 1/2 ടേബിള്‍ സ്പൂണ്‍
നെയ്യ് - 1/2 കപ്പ്
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
ബിരിയാണി ഇല - 2 എണ്ണം
കറുവാപ്പട്ട - 1/2 മുറി
ഗ്രാമ്പു - 3 എണ്ണം
ഏലയ്ക്ക - 2 എണ്ണം
ജാതിക്കാപ്പൊടി - 1/8 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ചിക്കന്‍ ചെറിയ കഷണങ്ങളായി മുറിച്ച് കഴുകി വൃത്തിയാക്കിയെടുക്കുക.
അരി പത്ത് മിനിറ്റ് വെള്ളത്തില്‍ കുതിരാന്‍ വയ്ക്കുക. ശേഷം വെള്ളം വാര്‍ന്നുപോകാന്‍ വയ്ക്കാം.
ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ത്ത് അരി ചെറുതായി വറുത്തുമാറ്റിവയ്ക്കുക.
അരി വറുത്ത അതേ പാനിലേക്ക് തന്നെ എണ്ണയും ഒരു ടേബിള്‍ സ്പൂണ്‍ നെയ്യും ചേര്‍ത്ത് ചൂടാക്കി അതിലേക്ക് അരിഞ്ഞുവച്ച സവാളയും പച്ചമുളകും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ശേഷം ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കാം. ഇതിലേക്ക് ചിക്കനും ചേര്‍ത്ത് അല്‍പ്പസമയം അടച്ചുവച്ച ശേഷം മുളകുപൊടി ചേര്‍ക്കാം. മൂന്ന് കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ അരി ചേര്‍ത്ത് അതിനുമുകളില്‍ മല്ലിയിലയും പുതിനയിലയും അരിഞ്ഞതും ബാക്കിവന്ന നെയ്യും ചേര്‍ത്തിളക്കാം. അടച്ചുവച്ച് തീ കൂട്ടിവച്ച് ഒരു വിസിലടിപ്പിച്ച ശേഷം തീ കുറച്ച് അഞ്ച്് മിനിറ്റുകൂടി വയ്ക്കാം. ആവി പോയശേഷം കുക്കര്‍ തുറന്ന് ഇളക്കി വിളമ്പാം.
uploads/news/2019/05/311055/MdmCokry280519.jpg

ലക്നൗ ബിരിയാണി


ആവശ്യമുള്ള സാധനങ്ങള്‍
ബിരിയാണി ഇല - ഒരെണ്ണം
കറുവാപ്പട്ട - 2 എണ്ണം
ഏലയ്ക്ക - 4 എണ്ണം
തക്കോലം - ഒരെണ്ണം
ഗ്രാമ്പു - 4 എണ്ണം
പെരുംജീരകം - ഒരു ടീസ്പൂണ്‍
മല്ലി - ഒരു ടീസ്പൂണ്‍
കുരുമുളക് - ഒരു ടീസ്പൂണ്‍
ഉലുവ - ഒരു ടീസ്പൂണ്‍
(ഇവയെല്ലാം വറുത്തുപൊടിക്കുക)
എണ്ണ - 4 ടീസ്പൂണ്‍
സവാള അരിഞ്ഞത് - 2 എണ്ണം (ഒരെണ്ണം നെയ്യില്‍ വഴറ്റി വയ്ക്കുക)
മുളകുപൊടി - 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ചിക്കന്‍ - 1/2 കിലോ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 ടേബിള്‍ സ്പൂണ്‍
ബദാം അരച്ചത് - 1/2 കപ്പ്
തൈര് - 1/2 കപ്പ്
പച്ചമുളക് കീറിയത് - 2 എണ്ണം
ബിരിയാണി മസാലപൊടി - 2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ബസുമതി അരി - 2 കപ്പ്(പകുതി വേവിക്കുക)
പാല്‍ - 1/2 കപ്പ്
കുങ്കുമപ്പൂവ് - 1/4 ടീസ്പൂണ്‍
ബദാം അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
പുതിനയില - ഒരു ടേബിള്‍ സ്പൂണ്‍
മല്ലിയില - ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് സവാള വഴറ്റി ബ്രൗണ്‍ നിറമാകുമ്പോള്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി ചിക്കനും ചേര്‍ത്തിളക്കാം. ഇത് ഇടത്തരം തീയില്‍ മൂന്ന് മിനിറ്റ് ഇളക്കുക. ഇതിലേക്ക് ബദാം അരച്ചത്, തൈര് ഇവചേര്‍ത്തിളക്കി പച്ചമുളക് കീറിയതും മസാലപ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ക്കാം. ചിക്കന്‍ സോഫ്റ്റാകുന്നതുവരെ മൂടിവച്ച് വേവിക്കാം. ഇതിനുമുകളില്‍ കഴുകി പകുതി വേവിച്ച അരി ഇട്ട് ഇളക്കാതെ നടുവില്‍ ഒരു കുഴിയുണ്ടാക്കുക. പാലില്‍ കുങ്കുമപ്പൂവ് ചേര്‍ത്തിളക്കി കുറച്ച് ഈ കുഴിലേക്കും ബാക്കി വന്നത് ചോറിനു മുകളിലായും ഒഴിച്ച് ബദാം അരിഞ്ഞതും സവാള വഴറ്റി വച്ചതും വിതറി നെയ്യും ഒഴിച്ച് പുതിനയിലയും മല്ലിയിലയും അരിഞ്ഞതും ചേര്‍ത്ത് അടച്ച് അഞ്ച് മിനിറ്റ് വേവിക്കാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Tuesday 28 May 2019 02.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW