Tuesday, May 28, 2019 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 28 May 2019 01.03 AM

സിക്കിമില്‍ ഇനി ഗോലേ യുഗം

uploads/news/2019/05/311003/4.jpg

സിക്കിമില്‍ 24 വര്‍ഷം നീണ്ട ചാലിങ്‌ ഭരണത്തിന്‌ അന്ത്യംകുറിച്ച പഴയ സഹപ്രവര്‍ത്തകന്‍ അധികാരത്തില്‍. തെരഞ്ഞെടുപ്പില്‍ തിരിച്ചടിനേരിട്ട പവന്‍ കുമാര്‍ ചാലിങ്‌ ഭരണത്തില്‍നിന്നു പുറത്തായതോടെ സിക്കിമില്‍ തുടക്കമിടുന്നത്‌ പുതുയുഗത്തിന്‌.
രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയെന്ന വിശേഷണവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട പവന്‍ കുമാര്‍ ചാംലിങ്ങിന്റെ സിക്കിം ഡെമോക്രാറ്റിക്‌ ഫ്രണ്ടിന്‌(എസ്‌.ഡി.എഫ്‌) അടിതെറ്റിയത്‌ പഴയ സഹപ്രവര്‍ത്തകന്‍കൂടിയായ പി.എസ്‌. ഗോലേയുടെ സിക്കിം ക്രാന്തി മോര്‍ച്ച(എസ്‌.കെ.എം)യുടെ മുന്നിലാണ്‌. എന്നാല്‍, ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണു ചാംലിങ്ങിനെ ഗോലേയുടെ പാര്‍ട്ടി പരാജയപ്പെടുത്തിയത്‌. 32 സീറ്റുള്ള സിക്കിമില്‍, ആറാം പോരാട്ടത്തിനിറങ്ങിയ ചാംലിങ്ങിന്റെ പാര്‍ട്ടി 15 സീറ്റിലൊതുങ്ങി. 17 സീറ്റ്‌ നേടിയ സിക്കിം ക്രാന്തി മോര്‍ച്ച പി.എസ്‌. ഗോലേയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഗോലേക്ക്‌ എം.എല്‍.എ. സ്‌ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ഈ കാരണം കൊണ്ട്‌ നാമനിര്‍ദേശപത്രിക തള്ളിയേക്കുമെന്നുള്ള ആശങ്ക മൂലം ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു ഗോലേ വിട്ടുനിന്നു. എന്നാല്‍, ഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രിപദത്തിനായി സിക്കിം ക്രാന്തി മോര്‍ച്ചയ്‌ക്കു മറ്റൊരാളെ പരിഗണിക്കേണ്ടിപോലും വന്നില്ല. സഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും, മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിക്കണമെന്നതാണു ഗോലേയുടെ മുന്നിലെ പ്രധാന വെല്ലുവിളി.
നേപ്പാളി ദമ്പതികളായ കാലു സിങ്‌ തമാങ്ങിന്റെയും ധാന്‍ മായ തമാങ്ങിന്റെയും മകനായി 1968 ഫെബ്രുവരി അഞ്ചിനാണു പ്രേം സിങ്‌ തമാങ്‌ എന്ന പി.എസ്‌. ഗോലേയുടെ ജനനം. ബിരുദം പൂര്‍ത്തിയാക്കിയശേഷം സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യപകനായി ചേര്‍ന്നെങ്കിലും മൂന്നു വര്‍ഷത്തിനുശേഷം ജോലി ഉപേക്ഷിച്ച്‌ സാമൂഹിക പ്രവര്‍ത്തനത്തിനിറങ്ങി. പിന്നീടാണു സിക്കിം ഡെമോക്രാറ്റിക്‌ ഫ്രണ്ടിനൊപ്പം ചേരുന്നത്‌. മൂന്നു പതിറ്റാണ്ടുകള്‍ നീണ്ട ഗോലേയുടെ രാഷ്‌ട്രീയ ജീവിതം സംഭവബഹുലമായിരുന്നു. 1994 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ സിക്കിം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 2009വരെ മൂന്നു തവണ ചാംലിങ്‌ സര്‍ക്കാരില്‍ മന്ത്രിയുമായി. 2009-ലെ തെരഞ്ഞെടുപ്പില്‍ എതിരാളികളില്ലാതെ നിയമസഭയിലെ എല്ലാ സീറ്റുകളിലേക്കും എസ്‌.ഡി.എഫ്‌. വിജയിച്ചു. എന്നാല്‍, സര്‍ക്കാരുണ്ടാക്കിയപ്പോള്‍ ഗോലേയെ പവന്‍ കുമാര്‍ ചാംലിങ്‌ അവഗണിച്ചു. മന്ത്രിസ്‌ഥാനം നിഷേധിക്കപ്പെട്ടതോടെ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ഗോലേ ഒടുവില്‍ എസ്‌.ഡി.എഫ്‌. വിട്ടു.
2013-ല്‍ സിക്കിം ക്രാന്തി മോര്‍ച്ച രൂപീകരിച്ചു. തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്‌.കെ.എം. പത്തു സീറ്റുകള്‍ നേടി ചാംലിങ്ങിന്റെ ഏകാധിപത്യത്തിന്‌ വെല്ലുവിളിയുയര്‍ത്തി. അഞ്ചു വര്‍ഷത്തിനിപ്പുറം 17 സീറ്റുകള്‍നേടി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍, ഒരിക്കല്‍ മന്ത്രിസ്‌ഥാനം നിഷേധിച്ച പവന്‍ കുമാര്‍ ചാംലിങ്ങിനോടുള്ള ഗോലേയുടെ മധുരപ്രതികാരം കൂടിയായി.

Ads by Google
Tuesday 28 May 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW