Friday, June 21, 2019 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 03.57 PM

കുട്ടികളിലെ പ്രമേഹം

'' ചെറുകുടലിന്റെ ഡിയോഡിനം എന്ന ഭാഗത്തേയ്ക്ക് ചെറുകുഴല്‍വഴി ദഹനരസങ്ങളെത്തിക്കുന്ന ഗ്രന്ഥിയാണ് പാന്‍ക്രിയാസ് അഥവാ ആഗ്‌നേയഗ്രന്ഥി. ആഗ്‌നേയഗ്രന്ഥികളില്‍ ചെറിയ ദ്വീപുകള്‍പോലെ ഒരുകൂട്ടം ബീറ്റാകോശങ്ങളുണ്ട്. ഈ കോശങ്ങള്‍ ഉണ്ടാക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍''
diabetes in childrens

കുട്ടികള്‍ക്കും പ്രമേഹമോ എന്നു ചിന്തിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. അതെ, കുട്ടികള്‍ക്ക്, നവജാതശിശുക്കള്‍ക്കുവരെ പ്രമേഹ വരാം. അവയുടെ കാരണങ്ങള്‍ വ്യത്യസ്തമാണെന്നു മാത്രം.

ചെറുകുടലിന്റെ ഡിയോഡിനം എന്ന ഭാഗത്തേയ്ക്ക് ചെറുകുഴല്‍വഴി ദഹനരസങ്ങളെത്തിക്കുന്ന ഗ്രന്ഥിയാണ് പാന്‍ക്രിയാസ് അഥവാ ആഗ്‌നേയഗ്രന്ഥി. ആഗ്‌നേയഗ്രന്ഥികളില്‍ ചെറിയ ദ്വീപുകള്‍പോലെ ഒരുകൂട്ടം ബീറ്റാകോശങ്ങളുണ്ട്. ഈ കോശങ്ങള്‍ ഉണ്ടാക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍.

നമുക്ക് എനര്‍ജി നല്‍കുന്ന ഗ്ലൂക്കോസ് കോശങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ഇന്‍സുലിന്‍ വേണം. ബീറ്റാകോശങ്ങളില്‍നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ നേരിട്ട് രക്തത്തിലേക്കാണ് കടക്കുന്നത്.

ഈ ഇന്‍സുലിന്‍ ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും വേണ്ട ഹോര്‍മോണാണ്. രക്തത്തിലൂടെയെത്തുന്ന ഇന്‍സുലിന്‍ കോശങ്ങള്‍ക്കുള്ളില്‍ കടക്കുകയും രക്തത്തിലൂടെ തന്നെയെത്തുന്ന ഗ്ലൂക്കോസില്‍നിന്നും എനര്‍ജി ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇന്‍സുലിന്റെ കുറവ്


ഇന്‍സുലിന്‍ കുറവുണ്ടായാല്‍ കോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ഉപയോഗപ്പെടുത്താന്‍ കഴിയാതെയാകും. അപ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവുകൂടുന്നു. വീണ്ടും ഇന്‍സുലിന്‍ കുറയുകയാണെങ്കില്‍, ഗ്ലൂക്കോസിന്റെ കുറവല്ല എന്നു മനസിലാക്കാതെ കരള്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ഗ്ലൈക്കോജന്‍ അമിനോ ആസിഡുകള്‍ തുടങ്ങിയവയില്‍നിന്നും വീണ്ടും ഗ്ലൂക്കോസ് ഉണ്ടാക്കും.

അങ്ങനെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുന്നു. 180 മില്ലിഗ്രാം/ 100 മില്ലി രക്തത്തില്‍ എന്ന അളവില്‍ അധികമാകുമ്പോള്‍ വൃക്കകള്‍ക്ക് ഇവയെ പുറന്തള്ളാന്‍ കഴിയാതെവരുന്നു. അപ്പോള്‍ ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറത്തുപോകും. ഇതുകൊണ്ടാണ് പ്രമേഹത്തിന് 'മൂത്രത്തില്‍ പഞ്ചസാരയുടെ അസുഖം' എന്നുപറയുന്നത്.

ഗ്ലൂക്കോസ് ഉപയോഗിക്കാനാവാതെ വരുമ്പോള്‍ ശരീരം മറ്റു വസ്തുക്കളായ കൊഴുപ്പ്, ഫാറ്റി ഓക്‌സിഡുകളില്‍നിന്നും ഊര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ തുടങ്ങും. ഈ പ്രക്രിയയുടെ ഫലമായ കീറ്റോ ആസിഡുകള്‍ രക്തത്തില്‍ അധികമാകുകയും 'ഡയബെറ്റിക് കീറ്റോ അസിഡോസിസ്' എന്ന രോഗാവസ്ഥ സംജാതമാകുകയും ചെയ്യുന്നു. ഇതുമൂലംരക്തത്തിലെ അസിഡിറ്റി വര്‍ധിക്കും. മാത്രമല്ല തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുകയും ശ്വസനഗതി തകരാറിലാകുകയും ചെയ്യുന്നു. രോഗി മരണപ്പെടാന്‍ തന്നെ ഇത് കാരണമായേക്കാം.

ദാഹം കലശലാകുന്നു


ധാരാളം പഞ്ചസാര മൂത്രത്തിലൂടെ പോകുമ്പോള്‍ അതിനോടൊപ്പം ധാരാളം വെള്ളവും വിസര്‍ജ്ജിക്കേണ്ടിവരും. അതിനാല്‍ ദാഹം കലശലാകും. എപ്പോഴും വെള്ളം കുടിക്കേണ്ടിവരുന്നു. ഒരു പരിധികഴിഞ്ഞാല്‍ നിര്‍ജ്ജലീകരണം വരെ സംഭവിക്കാം. തത്ഫലമായി രക്തസമ്മര്‍ദം കുറയുകയും ഷോക്ക് അവസ്ഥയുണ്ടായി മരണം സംഭവിക്കുകയും ചെയ്യുന്നു.
diabetes in childrens

നാം കഴിക്കുന്ന ആഹാരത്തില്‍നിന്നും കിട്ടുന്ന ഗ്ലൂക്കോസ് മൂത്രത്തിലൂടെ പോകുന്നതിനാല്‍ വീണ്ടും വിശക്കുന്നു. എത്ര ആഹാരം കഴിച്ചാലും ശരീരം മെലിഞ്ഞിരിക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യും. അതുകൊണ്ടാണ് പ്രമേഹരോഗികളില്‍, അമിതമായ വിശപ്പ്, ദാഹം, മെലിച്ചില്‍ എന്നിവ കാണപ്പെടുന്നത്.

കുട്ടികളിലെ രോഗ കാരണങ്ങള്‍


ഇന്‍സുലിന്റെ കുറവുകൊണ്ടാണ് കുട്ടികളില്‍ പ്രമേഹരോഗം ഉണ്ടാകുന്നതെന്നു പറഞ്ഞുവല്ലോ. മുതിര്‍ന്നവരില്‍ ഇന്‍സുലിന്‍ ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവു കുറവാണ് പ്രമേഹത്തിനു കാരണമാകുന്നത്. കുട്ടികളില്‍ ഉണ്ടാകുന്ന പ്രമേഹം ടൈപ്പ്-1 പ്രമേഹം എന്നറിയപ്പെടുന്നു. കുട്ടികളില്‍ അധികവും ടൈപ്പ്-1 പ്രമേഹവും മുതിര്‍ന്നവരില്‍ ടൈപ്പ്-2 പ്രമേഹവുമാണ് ഉണ്ടാകുന്നതെങ്കിലും അപൂര്‍വമായി മറിച്ചും സംഭവിക്കാം.

എന്താണ് ചികിത്സ


ഇന്‍സുലിന്‍ കുത്തിവയ്ക്കുക യാണ് ചികിത്സ. വായിലൂടെ കഴിക്കാവുന്ന ഇന്‍സുലിനുവേണ്ടി കഠിനശ്രമത്തിലാണ് ഗവേഷകര്‍. എന്ത് ആഹാരം കഴിച്ചാലും അത്രയും ഗ്ലൂക്കോസിനെ കൈകാര്യം ചെയ്യാനുള്ള ഇന്‍സുലിന്‍ പാന്‍ക്രിയാസ് രക്തത്തിലേക്ക് കലര്‍ത്തും. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ഇന്‍സുലിനു മാത്രമല്ല മറ്റുചില ഹോര്‍മോണുകള്‍ക്കും പങ്കുണ്ട്.

കൃത്യമായി നടക്കുന്ന ഈ പ്രക്രിയ താളം തെറ്റുകയാണ് പ്രമേഹരോഗത്തില്‍. ആഹാരം കഴിച്ച്, ദഹിച്ച് ഗ്ലൂക്കോസ് രക്തത്തില്‍ കലരുമ്പോഴേക്കും അതിനെ കൈകാര്യം ചെയ്യാനുള്ള ഇന്‍സുലിന്‍ തയാറാകണം. അതിനാല്‍ ആഹാരം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും ഇന്‍സുലിന്‍ കുത്തിവച്ചിരിക്കണം.

നേരിട്ട് രക്തത്തിലേക്ക് പ്രവേശിക്കുന്ന രീതി സൗകര്യപ്രദമല്ലാത്തതിനാല്‍ തൊലിയുടെ താഴെയാണ് ഇന്‍സുലിന്‍ കുത്തിവയ്ക്കുക. അവിടെനിന്ന് രക്തത്തിലൂടെ ഹൃദയത്തിലെത്തുന്നു. തുടര്‍ന്ന് ഹൃദയം രക്തം പമ്പുചെയ്യുന്ന ആര്‍ട്ടറികളിലൂടെ ഓരോ കോശങ്ങളിലും എത്തും.

ഈ താമസം ഉള്ളതുകൊണ്ടാണ് ആഹാരത്തിനു മുന്‍മ്പ് ഇന്‍സുലിന്‍ കുത്തിവയ്‌പെടുക്കേണ്ടിവരുന്നത്. കുത്തിവയ്പ് കഴിഞ്ഞ് ആഹാരം കഴിക്കാന്‍ താമസിച്ചാല്‍ ഗ്ലൂക്കോസിന്റെ അളവ് കുറയാനിടയാകുകയും ഹൈപ്പോഗ്ലൈസീമിയയ്ക്കു കാരണമാകുകയും ചെയ്യുന്നു.

ഓരോ പ്രാവശ്യം ആഹാരം കഴിക്കുമ്പോഴും ആവശ്യമായ ഹോര്‍മോണാണ് ഇന്‍സുലിന്‍. അതിനാല്‍ ദിവസം നാല് നേരവും ഇന്‍സുലിന്‍ കുത്തിവയ്‌പെടുക്കുന്നതാണ് ഉത്തമം. എന്നാല്‍ പ്രായോഗികമായി അതിനു ബുദ്ധിമുട്ടേറയാണ്. അതിനാല്‍ കൂടുതല്‍ സമയം രക്തത്തില്‍ നിലനില്‍ക്കുന്ന ഇന്‍സുലിനുകള്‍ കണ്ടുപിടിക്കപ്പെട്ടു. അങ്ങനെ കുത്തിവയ്പുകളുടെ എണ്ണം കുറച്ചു. എന്നാലും രണ്ട് പ്രാവശ്യമെങ്കിലും കുത്തിവയ്ക്കാതെ രോഗാവസ്ഥ നിയന്ത്രിക്കാനാവില്ല.

ആഹാരത്തില്‍ ശ്രദ്ധിക്കാന്‍


കുഞ്ഞുങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നവരാണ്. അതിനാല്‍ ആഹാരത്തിന്റെ അളവും ഗുണവും അവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. പ്രമേഹരോഗിയായതുകൊണ്ട് കടുത്തനിയന്ത്രണങ്ങളൊന്നും ആഹാരത്തില്‍ പാടില്ല. അത് കുട്ടിക്ക് ശാരീരികവും മാനസികവുമായ പ്രയാസമുണ്ടാക്കും.

അവരുടെ പ്രായത്തിനൊത്ത കലോറി ലഭ്യമാകത്തക്കവിധം വേണം ആഹാരം ക്രമീകരിക്കുവാന്‍. ഊര്‍ജ്ജത്തിന്റെ 55 ശതമാനം അന്നജത്തില്‍നിന്നും 30 ശതമാനം കൊഴുപ്പില്‍നിന്നും 15 ശതമാനം മാംസ്യത്തില്‍നിന്നും കിട്ടുന്നവിധം വേണം ആഹാരം തിരഞ്ഞെടുക്കുവാന്‍.

3 പ്രധാന ആഹാരമായും 3 ലഘു ആഹാരങ്ങളായും ക്രമപ്പെടുത്തണം. 20 ശതമാനം ഊര്‍ജ്ജം രാവിലെ, 20 ശതമാനം ഉച്ചയ്ക്ക്, 30 ശതമാനം രാത്രി ഭക്ഷണം, 10 ശതമാനം 3 ലഘുഭക്ഷണങ്ങളായും നല്‍കണം.

diabetes in childrens

ദിവസവും ഒരേസമയം തന്നെ ഭക്ഷണം കഴിക്കാവുന്ന രീതി ക്രമപ്പെടുത്തണം. പഞ്ചസാരയും, പഞ്ചസാര അടങ്ങിയ സാധനങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. വല്ലപ്പോഴും ആകാം. കല്യാണത്തിനും മറ്റും പോകുമ്പോള്‍ കുട്ടി മാത്രം പായസം കഴിക്കണ്ട എന്നു പറയരുത്.

അത്തരം സാഹചര്യത്തില്‍ അല്പം കൂടുതല്‍ ഇന്‍സുലിന്‍ കുത്തിവച്ചാല്‍ മതി. ആഹാരത്തില്‍ ധാരാളം നാരുകള്‍ വേണം. പച്ചക്കറികള്‍ കൂടുത ലായി കഴിക്കണം. അധികം മധുരമില്ലാത്ത പഴങ്ങള്‍ കഴിക്കാവുന്നതാണ്. ചോറുണ്ണുന്നതില്‍ കുഴപ്പമില്ല. പക്ഷേ അമിതമാകരുത്. പ്രമേഹമുള്ളവര്‍ക്ക് മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ക്രമമായ വ്യായാമം ആവശ്യമാണ്. ഇന്‍സുലിന്‍ കുത്തിവയ്പിന്റെ ഡോസ് കുറയ്ക്കാനും ഇത് സഹായിക്കും.

നിരീക്ഷണം


രോഗം ചികിത്സിച്ചാല്‍ മാത്രം പോരാ, ചികിത്സ എത്രമാത്രം ഫലവത്താണെന്ന് നിരീക്ഷിച്ചറിയുകയും വേണം. രോഗനിയന്ത്രണത്തിന് ഇത് പ്രധാനമാണ്. ശരിയായ രീതി ദിവസം 4 നേരം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നതാണ്.

രക്തത്തിലെ ഹീമോഗ്ലോബിന്റെ ഗ്ലൈക്കോഡിലേറ്റഡ് ഫ്രാക്ഷന്‍ പരിശോധിച്ചാല്‍ മൂന്നുമാസത്തെ രോഗനിയന്ത്രണം എത്ര ഫലപ്രദമായിരുന്നുവെന്ന് അറിയാന്‍ കഴിയും. 3 മാസം കൂടുമ്പോള്‍ ഈ പരിശോധന നടത്തേണ്ടത് ആവശ്യമാണ്.

ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് വലിയ വേദന കൂടാതെ രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കാവുന്നതാണ്. എന്തെങ്കിലും അസുഖങ്ങള്‍ പിടിപ്പെടുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിച്ചറിയേണ്ടതാണ്. ആ സമയത്ത് ഇന്‍സുലിന്‍ എടുക്കുന്നവര്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് കുറയാനിടയുണ്ട്.

രക്തത്തില്‍ ഗ്ലൂക്കോസ് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് മാതാപിതാക്കളും കുഞ്ഞുങ്ങളും അധ്യാപകരും അറിഞ്ഞിരിക്കണം. ഡയറിയിലോ ഐ.ഡി. കാര്‍ഡിലോ, പ്രമേഹരോഗിയാണെന്ന് എഴുതി സൂക്ഷിക്കുന്നതും നല്ലതാണ്. ഗ്ലൂക്കോസിന്റെ അളവു കുറഞ്ഞാല്‍ പഞ്ചസാരയോ മുട്ടായിയോ കഴിക്കണം.

മാനസികമായി പ്രയാസമുണ്ടാക്കുന്ന രോഗമാണ് പ്രമേഹം. അതിനാല്‍ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകരുടെ പിന്‍തുണ ആവശ്യമാണ്. അവരുടെ പ്രശ്‌നങ്ങള്‍ ക്ഷമയോടെ കേള്‍ക്കാനും ആശ്വസിപ്പിക്കാനും, ധൈര്യം പകരാനും ഡോക്ടര്‍മാര്‍ തയാറാകണം. ധൈര്യത്തോടെ ജീവിതവഴിയില്‍ മുന്നേറാന്‍ അതിലൂടെ കുട്ടികള്‍ക്ക് കഴിയും.

കടപ്പാട്: ഡോ. എസ്. ലത

Ads by Google
Ads by Google
Loading...
TRENDING NOW