Wednesday, June 19, 2019 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 11.28 AM

ഗ്ലാമര്‍ റോളുകളോടും ഐറ്റംഡാന്‍സിനോടും ഇനി ബൈ... ഇനിയ പറയുന്നു

''ഗ്ലാമര്‍ റോളുകളില്‍ നിന്ന് മാറി അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താനൊരുങ്ങുകയാണ് ഇനിയ. ''
Interview with Actress Iniya

ഇനിപ്പ്, മധുരം അഥവാ സ്വീറ്റ് ഗേ ള്‍ എന്നാണ് ഇനിയ എന്ന പേരിന്റെ അര്‍ത്ഥം. പേര് പോലെ തന്നെ സ്വീറ്റ് ആന്‍ഡ് ക്യൂട്ട് ഗേളാണ് ഇനിയ. പുത്തന്‍പണം, പരോള്‍, പെങ്ങളില എന്നീ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ഗ്ലാമര്‍ റോളുകളോടും ഐറ്റംഡാന്‍സിനോടും ബൈ പറയാനൊരുങ്ങുകയാണ് ഇനിയ.

മലയാളത്തില്‍ നിന്നുള്ള ആദ്യ അവാര്‍ഡിനെക്കുറിച്ച്?


കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ പെങ്ങളില, പരോള്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച രണ്ടാമത്തെ നടിയായി. മലയാളത്തില്‍ നിന്ന് ഒരു അവാര്‍ഡ് ഇതാദ്യമാണ്.

എന്റെ ആദ്യ തമിഴ് ചിത്രമായ വാഗയ് സൂട വാ യിലെ അഭിനയത്തിന് തമിഴ്നാട്ടില്‍ അവാര്‍ഡ് കിട്ടിയിരുന്നു. കേരളത്തില്‍ നിന്നൊരു അവാര്‍ഡ് എന്നെ സംബന്ധിച്ച് വലിയൊരംഗീകാരമാണ്.

ടി.വി ചന്ദ്രന്‍ ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച്?


സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് കരിയറിലെ വലിയൊരു ലേണിംഗ് എക്സ്പീരിയന്‍സാണ്. പഴയ നാടകങ്ങളൊക്കെ സ്‌റ്റേജില്‍ അവതരിപ്പിക്കുന്നതുപോലുള്ള അനുഭവമാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്നത്.

കുട്ടിക്കാലത്ത് ഞാനും അനിയനും നാടകത്തില്‍ അഭിനയിച്ചിരുന്നു. അനിയന്‍ സുഷമ സ്വരാജിന്റെ കൈയില്‍ നിന്ന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. അങ്ങനെ നാടകത്തെകുറിച്ച് വളരെ ചെറിയ കാര്യങ്ങളേ പഠിച്ചിട്ടുള്ളു. അതേ അനുഭവമാണ് ടി.വി ചന്ദ്രന്‍ സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ കിട്ടുന്നത്. ലാല്‍ സാറിനൊപ്പം മുമ്പ് അയാള്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.

ഒരുപാട് അംഗീകാരങ്ങള്‍ ലഭിച്ച ചിത്രമാണത്. ഞാന്‍ അഭിനയിച്ചിട്ടുള്ള സിനിമകള്‍ക്ക് അംഗീകാരങ്ങള്‍ കിട്ടുമ്പോള്‍ എനിക്കും സന്തോഷമാണ്, കാരണം ആ സിനിമയിലൂടെ എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെടുമല്ലോ.

പരോളില്‍ മമ്മൂട്ടിയുടെ നായികയായി?


മമ്മൂക്ക അഭിനയിച്ച പുത്തന്‍പണത്തില്‍ ഞാനൊരു ക്യാരക്ടര്‍ റോള്‍ ചെയ്തിരുന്നു. പരോളിലാണ് മമ്മൂക്കയുടെ ഭാര്യയായി അഭിനയിക്കുന്നത്. ആ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം എട്ട് കിലോ കൂട്ടി. ചിത്രത്തില്‍ എന്റെ മകനായി അഭിനയിക്കുന്ന കുട്ടിയുടെ മൂന്ന് ഗെറ്റപ്പുകള്‍ കാണിക്കുന്നുണ്ട്.

ആത്രയും വലിയ കുട്ടിയുടെ അമ്മയായി അഭിനയിക്കുന്നതിനായി കുറച്ചു പ്രായവും പക്വതയുമൊക്കെ തോന്നിപ്പിക്കാന്‍ അപ്പിയറന്‍സിലൊക്കെ ചെറിയ മാറ്റങ്ങള്‍ വരുത്തി.

പുത്തന്‍പണത്തില്‍ മമ്മൂക്കയ്ക്കൊപ്പം കോമ്പിനേഷന്‍ സീനുണ്ടായിരുന്നില്ല. പരോളില്‍ ഞങ്ങളൊരുമിച്ചുള്ള ആദ്യ സീന്‍ ഷൂട്ട് ചെയ്യാനായി ഡയലോഗ് കാണാപ്പാഠം പഠിച്ച് മമ്മൂക്കയുടെ മുമ്പില്‍ നിന്നപ്പോള്‍ ഒരു നിമിഷം മനസ് ബ്ലാങ്കായിപ്പോയി. രണ്ടാമത്തെ ടേക്കിന് മുമ്പായി മമ്മൂക്ക എന്നെ അടുത്ത് വിളിച്ച് ഡയലോഗ് പറയാന്‍ ആവശ്യപ്പെട്ടു.

ഡയലോഗ് പറഞ്ഞതും, ഇത്രയല്ലേ ഉള്ളൂ, അതങ്ങ് സിംപിളായി പറഞ്ഞാല്‍ പോരേ??എന്ന് ചോദിച്ചു. അതോടെ എനിക്ക് ധൈര്യമായി. ഇപ്പോ ള്‍ മമ്മൂക്കയ്ക്കൊപ്പം മൂന്നാമത്തെ ചിത്രമായ മാമാങ്കം ചെയ്തുകൊണ്ടിരിക്കുകയാണ്. മാമാങ്കത്തില്‍ എന്റെ കഥാപാത്രത്തിന്റെ പേര് ഉണ്ണുനീലി എന്നാണ്. സാമുദ്രിക കാലഘട്ടത്തിലുള്ള അപ്സരസാണ് ഉണ്ണുനീലി.

Interview with Actress Iniya

ഗ്ലാമര്‍ റോളുകളില്‍ നിന്ന് മാറി സീരിയസ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയല്ലോ?


കുറച്ച് സീരിയസായ കഥാപാത്രങ്ങളാണ് ഇപ്പോള്‍ എന്നെ തേടിയെത്തുന്നത്. അത്തരം അഭിനയ സാധ്യതയുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനാണ് എനിക്കും താല്‍പര്യം. ഒരു ബബ്ലി നായികയായി നായകന്റെ പുറകെ നടക്കാതെ കുറച്ച് വ്യത്യസ്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്.

ചില സിനിമകളില്‍ ഗാനരംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടാറുണ്ടല്ലോ?


സിനിമയുടെ ക്രൂവിനെ നോക്കിയിട്ടാണ് അത്തരം സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി, നാദിര്‍ഷിക്കയുടെ ചിത്രമാണ്, പൃഥ്വിയേട്ടന്‍ ഇന്ദ്രേട്ടന്‍ പിന്നെ ജയസൂര്യ ചേട്ടന്‍ എന്നീ മൂന്ന് യൂത്ത് സ്റ്റാര്‍സിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു.

വളരെ ഫണ്‍ ആയിട്ടുള്ളൊരു സെന്‍സേഷണല്‍ സോങ് ചെയ്യാന്‍ പറ്റി. ആ സിനിമയിലേക്ക് നാദിര്‍ഷിക്ക വിളിച്ച് സോങ്ങിന്റെ ട്രാക്ക് കേള്‍പ്പിച്ചപ്പോള്‍ വേറൊന്നും നോക്കിയില്ല, അത് ചെയ്യാന്‍ തീരുമാനിച്ചു.

മലയാളത്തില്‍ മുമ്പും നായികാവേഷം ചെയ്തുകൊണ്ടിരുന്ന നായികമാര്‍ ഐറ്റംഡാന്‍സ് ചെയ്തിട്ടുണ്ട്. അത് പക്ഷേ അവരെ നെഗറ്റീവായാണ് ബാധിച്ചത്. എന്നെ സംബന്ധിച്ച് അമര്‍ അക്ബര്‍ അന്തോണി പ്ലസായിട്ടേ തോന്നിയിട്ടുള്ളു.

സ്പോര്‍ട്‌സിനോട് താല്‍പര്യമുണ്ടല്ലേ?


സ്പോര്‍ട്‌സ് റിലേറ്റഡായ കാര്യങ്ങളോട് താല്‍പര്യമുണ്ട്. ബാഡ്മിന്റണ്‍ കളിക്കാറുണ്ട്. ഇപ്പോള്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പഠിക്കുന്നുണ്ട്.

ഇനിയയിലേക്കുള്ള മാറ്റം ?


മാറ്റങ്ങളൊന്നുമില്ല, ക്യാമറയ്ക്ക് മുമ്പിലെത്തുമ്പോള്‍ ഞാന്‍ ഇനിയയാകും, അല്ലാത്തപ്പോള്‍ ഞാന്‍ ശ്രുതിയാണ്. ആദ്യ സിനിമയായ വാഗയ് സൂട വാ യില്‍ അഭിനയിക്കുമ്പോള്‍ സര്‍ഗുണം സാറാണ് പേരു മാറ്റിയത്.

തമിഴില്‍ ശ്രുതി വളരെ കോമണായതു കൊണ്ടാണത്. സത്യം പറഞ്ഞാല്‍ ആ പേരു മാറ്റത്തിനു ശേഷം എന്റെ കരിയറില്‍ വലിയൊരു മാറ്റം വന്നു.

ആ സിനിമയ്ക്ക് തന്നെ എനിക്കാദ്യമായി ഒരവാര്‍ഡും കിട്ടി. പേരു മാറ്റത്തിനു ശേഷം എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു എന്നത് നിഷേധിക്കാനാവില്ല. സെലിബ്രിറ്റിയായശേഷം ആകെ ഉണ്ടായൊരു മാറ്റം പ്രൈവസി നഷ്ടമായെന്നത് മാത്രമാണ്.

ഫ്രണ്ട്‌സിനൊപ്പമൊന്നും പുറത്ത് ഫ്രീയായി പോകാന്‍ കഴിയാറില്ല. പുറത്ത് പോകുമ്പോള്‍ എല്ലാവരുമെന്നെ തിരിച്ചറിയുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുമ്പോള്‍ സന്തോഷവും തോന്നാറുണ്ട്.

മൂന്ന് ചിത്രങ്ങളില്‍ അമ്മവേഷങ്ങള്‍ ചെയ്തു. ഇമേജിനെ പേടിയില്ലേ?


മൂന്ന് ചിത്രങ്ങളിലെ അമ്മവേഷങ്ങള്‍ തമ്മിലും വ്യത്യാസമുണ്ട്. ഇനി കിട്ടുന്ന കഥാപാത്രങ്ങളിലും അത്തരം വൈവിധ്യമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇനി അമ്മ വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല.

മലയാളിയാണെന്ന് പലര്‍ക്കുമറിയില്ല ?


ഞാന്‍ തെലുങ്കത്തിയാണെന്നാണ് മിക്കവരുടേയും ധാരണ. മലയാളം അറിയില്ലേന്ന് പലരും സംശയിക്കാറുണ്ട്. പ്യുവര്‍ മലയാളിയാണ് ഞാന്‍. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, അറബി ഭാഷകളറിയാം. മലയാളിയാണെങ്കിലും സൗത്ത് ഇന്ത്യന്‍ നായിക എന്നാണ് ഞാന്‍ അറിയപ്പെടുന്നത്.

ഫിറ്റ്നെസില്‍ ശ്രദ്ധിക്കാറുണ്ടോ?


കഥാപാത്രങ്ങള്‍ക്കായി വണ്ണംകൂട്ടുകയും കുറയ്ക്കുകയും ചെയ്യേണ്ടി വരാറുണ്ട്. ആ സമയത്ത് കൃത്യമായി ഡയറ്റ് നോക്കും. നന്നായി വര്‍ക്കൗട്ട് ചെയ്യാറുണ്ട്. ഭക്ഷണം നിയന്ത്രിച്ചുകൊണ്ടുള്ള ഡയറ്റിനോട് പൊതുവേ താല്‍പര്യം കുറവാണ്. മമ്മിയുണ്ടാക്കുന്ന നാടന്‍ രുചിയിലുള്ള ഭക്ഷണങ്ങള്‍ ഒരുപാടിഷ്ടമാണ്.
ഏറ്റവും കൂടുതല്‍ റീഫ്രഷ്ഡാകുന്നത് നൃത്തം ചെയ്യുമ്പോഴാണ്. ഞാനിപ്പോള്‍ കണ്ടംപററി ഡാന്‍സ് പഠിക്കുന്നുണ്ട്.
Interview with Actress Iniya

മലയാള സിനിമയില്‍ സത്രീകള്‍ക്ക് പ്രാധാന്യം കൂടുന്നുണ്ടല്ലോ?


സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ വരുന്നതിന്റെ കാരണം മഞ്ജു ചേച്ചിയെപ്പോലുള്ള ലേഡി സൂപ്പര്‍ സ്റ്റാറുകളാണ്. അവര്‍ക്കു വേണ്ടി കഥാപാത്രങ്ങള്‍ എഴുതി ഉണ്ടാക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കിട്ടുന്നു. എനിക്കും അതുപോലെ നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്.

ഡ്രീം റോളുകള്‍?


അഞ്ച് ഡ്രീം റോളുകളാണ് മനസിലുള്ളത്. ഫൈറ്റര്‍ ഗേള്‍, മോഡേണ്‍ പെണ്‍കുട്ടി, ഡാന്‍സര്‍, പക്കാ നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടി, ഝാന്‍സിറാണി പോലെ ചരിത്രപ്രാധാന്യമുള്ള വേഷം എന്നീ സ്വപ്നങ്ങള്‍ മനസിലുണ്ട്. നായകനൊപ്പം നില്‍ക്കുന്ന റോളുകള്‍ ചെയ്താലും ഒരു സോളോ കഥാപാത്രം ചെയ്താല്‍ മാത്രമേ നമ്മുടെ കഴിവ് പുറത്തെടുക്കാനാവൂ.

സിനിമയല്ലാതെയുള്ള ഇഷ്ടങ്ങള്‍?


യാത്ര ചെയ്യും, പുസ്തകങ്ങള്‍ വായിക്കും, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്.

കുടുംബത്തിന്റെ പിന്തുണ?


ചെറുപ്പം മുതല്‍ ഡാഡിയും മമ്മിയും വളരെ സപ്പോര്‍ട്ടീവാണ്. നൃത്തം പഠിപ്പിക്കാനും പ്രോഗ്രാമുകളില്‍ പങ്കെടുപ്പിക്കാനുമൊക്കെ അവര്‍ കൂടെയുണ്ടാകും. ഷൂട്ടിങ്ങിലാണെങ്കില്‍ ഓരോ ദിവസത്തേയും വിശേഷങ്ങള്‍ ഫോണില്‍ വിളിച്ച് അവരോട് പറയാറുണ്ട്.
അനിയനാണ് എന്റെ കഥാപാത്രങ്ങളെക്കുറിച്ച് കൂടുതല്‍ ക്രിട്ടിസൈസ് ചെയ്യുന്നത്. മമ്മിയാണെന്നെ ഗൈഡ് ചെയ്യുന്നത്. ഡാഡിയും ലൊക്കേഷനില്‍ കൂടെ വരാറുണ്ട്.

പുതിയ പ്രോജക്ടുകള്‍?


കന്നടയില്‍ ആദ്യമായി നായികയാകുന്ന ദ്രോണ ഉടന്‍ റിലീസ് ചെയ്യും. സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍ സാറിന്റെ ഭാര്യയായാണ് അഭിനയിക്കുന്നത്. മുമ്പ് തമിഴ്, കന്നട ബഹുഭാഷാ ചിത്രം ചെയ്തിരുന്നു. അതില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നു. മാമാങ്കം, താക്കോല്‍ എന്നീ മലയാള ചിത്രങ്ങള്‍ ചെയ്തു. തമിഴില്‍ ആക്ഷന്‍ ഹീറോയ്ന്‍ ഓറിയന്റഡായ കോഫി എന്ന സിനിമയും ചെയ്യുന്നുണ്ട്.

അശ്വതി അശോക്

Ads by Google
Monday 27 May 2019 11.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW