Thursday, June 20, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 09.14 AM

'രണ്ട് മക്കളുടെയും പഠനച്ചിലവ് ഏറ്റെടുത്തോട്ടെ'..: ലിനി മരിച്ച് മൂന്നാം നാള്‍ പാര്‍വതി എന്നെ വിളിച്ചു ചോദിച്ചു

Facebook post,  Sajeesh,  Parvathy

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് നിപ്പ വൈറസ് എന്ന മാരക രോഗത്തിനു മുന്നില്‍ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ ലിനി എന്ന നഴ്‌സിനേയും രോഗം പിടിമുറുക്കി ഒടുവില്‍ മരണത്തിനു കീഴടങ്ങി. രണ്ടു മക്കളെയും ഭര്‍ത്താവിന്റെ കൈകളില്‍ ഏല്‍പ്പിച്ചാണ് ലിനി യാത്രയായത്. ലിനിയുടെ മരണത്തിനു പിന്നാലെ നടി പാര്‍വതിയുടെ ഇടപെടല്‍ വെളിപ്പെടുത്തിക്കൊണ്ട് ഭര്‍ത്താവ് സജീഷ് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സജീഷ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ലിനിയുടെ മരണത്തിനു ശേഷം ഇതുവരെ ഒരു സിനിമയും കണ്ടിട്ടില്ല, അതുകൊണ്ട് തന്നെ ഉയരെ കാണാന്‍ ശ്രമിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് സജീഷിന്റെ കുറിപ്പ് ആരംഭിക്കുന്നത്. പാര്‍വതി എന്ന നടിയെ എടുത്തു പറഞ്ഞുകൊണ്ടാണ് കുറിപ്പ്. ലിനി മരിച്ച് മൂന്നാം ദിവസം പാര്‍വതി വിളിക്കുകയും വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠനച്ചിലവ് താന്‍ ഏറ്റെടുത്തോളാമെന്ന് പറയുകയും ചെയ്തതോടെയാണ്, പാര്‍വതി എന്ന വ്യക്തിയെ നേരിട്ട് അറിയുന്നത് എന്ന് സജീഷ് പറയുന്നു. അന്നത് സ്‌നേഹത്തോടെ നിരസിക്കുകയും പിന്നീട് പാര്‍വതി തന്നെ മുന്‍കൈ എടുത്ത് മറ്റൊരു മെഡിക്കല്‍ ഗ്രൂപ്പ് ഡോക്ടര്‍മാര്‍ ഇതേ ആവശ്യവുമായി വന്ന് മക്കളുടെ പഠനച്ചിലവ് ഏറ്റെടുക്കുകയായിരുന്നുവെന്നും സജീഷ് കുറിക്കുന്നു.

സജീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഉയരെ.... ഉയരെ... പാർവ്വതി

പാർവ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകൻ കൂടിയാണ്‌ ഞാൻ. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട്‌ തന്നെ 'ഉയരെ' കാണാൻ ശ്രമിച്ചിട്ടില്ല.
പക്ഷെ ഞാൻ കാണും, കാരണം ആ സിനിമയെ കുറിച്ച്‌ വളരെ നല്ല അഭിപ്രായം ഉളളത്‌ കൊണ്ട്‌ മാത്രമല്ല, പാർവ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങൾക്കെതിരെ ശബ്ദിച്ചതിന്‌ ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ്‌ ഒറ്റപ്പെടുത്തി സിനിമയിൽ നിന്നും തുടച്ച്‌ നീക്കാൻ നടത്തിയ ശ്രമങ്ങൾ ധീരതയോടെ നേരിട്ട നടി എന്നത്‌ കൊണ്ടും

അതിനപ്പുറം പാർവ്വതി എന്ന വ്യക്തിയെ എനിക്ക്‌ നേരിട്ട്‌ അറിയുന്നത്‌
ലിനി മരിച്ച്‌ മൂന്നാം ദിവസം എന്നെ വിളിച്ച്‌
" സജീഷ്‌, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട്‌ സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത്‌ ഞങ്ങൾ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്‌. സജീഷിന്‌ വിരോധമില്ലെങ്കിൽ രണ്ട്‌ മക്കളുടെയും പഠന ചിലവ്‌ ഞാൻ എടുത്തോട്ടെ, ആലോചിച്ച്‌ പറഞ്ഞാൽ മതി" എന്ന വാക്കുകൾ ആണ്‌.
പക്ഷെ അന്ന് ഞാൻ വളരെ സ്നേഹത്തോടെ അത്‌ നിരസിച്ചു. പിന്നീട്‌ പാർവ്വതി തന്നെ മുൻ കൈ എടുത്ത്‌ അവറ്റിസ്‌ മെഡിക്കൽ ഗ്രുപ്പ്‌ ഡോക്ടർ മാർ ഇതേ ആവശ്യവുമായി വന്നു.
" ലിനിയുടെ മക്കൾക്ക്‌ ലിനി ചെയ്ത സേവനത്തിന്‌ ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ്‌ ഈ ഒരു പഠന സഹായം" എന്ന പാർവ്വതിയുടെ വാക്ക്‌ എന്നെ അത്‌ സ്വീകരിക്കാൻ സന്നദ്ധനാക്കി.

ലിനിയുടെ ഒന്നാം ചരമദിനത്തിന്‌ കെ.ജി.എൻ.എ സംഘടിപ്പിച്ച അനുസ്മരണത്തിൽ വച്ച്‌ പാർവ്വതിയെ നേരിട്ട്‌ കാണാനും റിതുലിനും സിദ്ധാർത്ഥിനും അവരുടെ സ്നേഹമുത്തങ്ങളും ലാളനവും ഏറ്റ്‌ വാങ്ങാനും കഴിഞ്ഞു.

ഒരുപാട്‌ സ്നേഹത്തോടെ Parvathy Thiruvothu ന്‌
ആശംസകൾ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW