Wednesday, June 26, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 26 May 2019 01.31 AM

ഇന്ത്യ-ന്യൂസിലന്‍ഡ്‌ സന്നാഹ മത്സരം : ഇന്ത്യക്ക്‌ ആറു വിക്കറ്റ്‌ തോല്‍വി

uploads/news/2019/05/310623/s1.jpg

ലണ്ടന്‍: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ തിരിച്ചുപിടിക്കാന്‍ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യക്കു തുടക്കം പിഴച്ചു. ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ബോള്‍ട്ട്‌ കൊടുങ്കാറ്റില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു.
ഇന്നലെ ഓവലില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനോട്‌ ആറു വിക്കറ്റിനാണ്‌ ഇന്ത്യ തോല്‍വി സമ്മതിച്ചത്‌. കിവീസ്‌ പേസര്‍ ട്രെന്റ്‌ ബോള്‍ട്ടിന്റെ തകര്‍പ്പന്‍ ബൗളിങ്ങിനു മുന്നില്‍ ബാറ്റിങ്‌ നിര തകര്‍ന്നപ്പോള്‍ വെറും 179 റണ്‍സ്‌ മാത്രമാണ്‌ ഇന്ത്യക്കു നേടാനായത്‌.
തുടര്‍ന്ന്‌ 180 റണ്‍സ്‌ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ്‌ 37.1 ഓവറില്‍ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ വിജയറണ്‍ കുറിച്ചു. നായകന്‍ കെയ്‌ന്‍ വില്യംസണ്‍(67), മധ്യനിര താരം റോസ്‌ ടെയ്‌ലര്‍(71) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ്‌ കിവീസിനു ജയം അനായാസമാക്കിയത്‌.
മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ (22), കോളിന്‍ മണ്‍റോ (4), ഹെന്റ്‌റി നിക്കോളാസ്‌ (15), ടോം ബ്ലണ്‍ഡല്‍ (0) എന്നിങ്ങനെയാണ്‌ മറ്റു കിവീസ്‌ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യക്കായി ജസ്‌പ്രിത്‌ ബുംറ, ഹര്‍ദ്ദിക്‌ പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹാല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതം വീഴ്‌ത്തി.
നേരത്തെ, ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി ബാറ്റിങ്‌ തെരഞ്ഞെടുക്കുയായിരുന്നു. എന്നാല്‍ തീരുമാനം തെറ്റിയെന്നു ബോധ്യപ്പെടാന്‍ അധികം വൈകിയില്ല.
രണ്ടാം ഓവറില്‍ത്തന്നെ ഓപ്പണര്‍ രോഹിത്‌ ശര്‍മയുടെ വിക്കറ്റ്‌ നഷ്‌ടമായി. ആറു പന്തില്‍ രണ്ടു റണ്‍സെടുത്ത രോഹിത്തിനെ ട്രെന്റ്‌ ബോള്‍ട്ട്‌ വിക്കറ്റിനു മുന്നില്‍ കുരുക്കി. തന്റെ അടുത്ത ഓവറില്‍ മറ്റൊരു ഓപ്പണര്‍ ശിഖര്‍ ധവാനെയും ബോള്‍ട്ട്‌ മടക്കിയയച്ചു. ഏഴു പന്തില്‍ രണ്ടു റണ്‍സെടുത്ത ധവാന്‍ വിക്കറ്റ്‌ കീപ്പര്‍ ബ്ലണ്ടലിനു ക്യാച്ച്‌ നല്‍കുകയായിരുന്നു.
തുടര്‍ന്ന്‌ നാലാം നമ്പറില്‍ ഇറങ്ങിയ ലോകേഷ്‌ രാഹുലിന്റെ ഊഴമായിരുന്നു. ബോള്‍ട്ടിന്റെ മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ത്തന്നെ രാഹുലും പവലിയന്‍ കയറി. ബോള്‍ട്ടിനെ ബൗണ്ടറിയടിച്ച്‌ തുടങ്ങിയ രാഹുലിന്‌ തൊട്ടുപിന്നാലെ പിഴച്ചു. പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ക്ലീന്‍ ബൗള്‍ഡ്‌. 10 പന്തില്‍ ആറു റണ്‍സായിരുന്നു സമ്പാദ്യം.
പിന്നീട്‌ ടീമിനെ കരകയറ്റാന്‍ നായകന്‍ കോഹ്ലിയും ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്‌ പാണ്ഡ്യയുടെയും ശ്രമം. മെല്ലെ പിടിച്ചുനിന്നു കൂട്ടുകെട്ടുണ്ടാക്കാനുള്ള ഇവരുടെ ശ്രമം വില്യംസണ്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോമിനെ പന്തേല്‍പ്പിച്ചതോടെ പാളി. ഗ്രാന്‍ഡ്‌ഹോമിന്റെ ആദ്യ ഓവറില്‍ത്തന്നെ കോഹ്ലി ക്ലീന്‍ ബൗള്‍ഡ്‌. 24 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 18 റണ്‍സായിരുന്നു സമ്പാദ്യം. അഞ്ചാം വിക്കറ്റില്‍ എം.എസ്‌. ധോണി ഹാര്‍ദിക്‌ പാണ്ഡ്യ സഖ്യം 38 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തെങ്കിലും ജയിംസ്‌ നീഷാമിനെ പന്തേല്‍പിച്ചു വില്യംസണ്‍ ആ കൂട്ടുകെട്ടും തകര്‍ത്തു.
തന്റെ രണ്ടാം ഓവറില്‍ നീഷം പാണ്ഡ്യയെ പുറത്താക്കി. 37 പന്തില്‍ ആറു ബൗണ്ടറി സഹിതം 30 റണ്‍സായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം. ബൗണ്ടറിയടിച്ചു തുടങ്ങിയ ദിനേഷ്‌ കാര്‍ത്തിക്കിന്‌ അമിതാവേശം വിനയായി. മൂന്നാം പന്തില്‍ നീഷാമിനെ ഗാലറിയിലെത്തിക്കാനുള്ള ശ്രമം പിഴച്ചു. ബൗണ്ടറിക്കരികെ ഇഷ്‌ സോധിക്കു ക്യാച്ച്‌. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ധോണിയെ ടിം സൗത്തിയും പുറത്താക്കി. 42 പന്തില്‍ ഒരു ബൗണ്ടറി സഹിതം 17 റണ്‍സെടുത്ത ധോണി നീഷാമിനു ക്യാച്ച്‌ സമ്മാനിച്ച്‌ കൂടാരം കയറി.
ഭുവനേശ്വര്‍ കുമാര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സ്‌കോര്‍ 115ല്‍ നില്‍ക്കെ ജയിംസ്‌ നീഷാം പുറത്താക്കി. ഇതോടെ എട്ടിന്‌ 115 റണ്‍സ്‌ എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ഒന്‍പതാം വിക്കറ്റില്‍ രവീന്ദ്ര ജഡേജ കുല്‍ദീപ്‌ യാദവ്‌ സഖ്യം പടുത്തുയര്‍ത്തിയ 62 റണ്‍സ്‌ കൂട്ടുകെട്ടാണ്‌ രക്ഷിച്ചത്‌. ഇന്ത്യന്‍ ഇന്നിങ്‌സിലെ ടോപ്‌ സ്‌കോററായ ജഡേജ 54 റണ്‍സെടുത്ത്‌ ഒന്‍പതാമനായാണ്‌ പുറത്തായത്‌. ആറു ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടുന്നതാണ്‌ ജഡേജയുടെ ഇന്നിങ്‌സ്. കുല്‍ദീപ്‌ യാദവ്‌ 36 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 19 റണ്‍സെടുത്ത്‌ പത്താമനായി പുറത്തായി.
ന്യൂസീലന്‍ഡിനായി ട്രെന്റ്‌ ബോള്‍ട്ട്‌ 6.2 ഓവറില്‍ 33 റണ്‍സ്‌ വഴങ്ങി നാലു വിക്കറ്റ്‌ വീഴ്‌ത്തി. ജയിംസ്‌ നീഷാം ആറ്‌ ഓവറില്‍ 26 റണ്‍സ്‌ വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

Ads by Google
Sunday 26 May 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW