Friday, June 21, 2019 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 10.41 PM

സൗപര്‍ണ്ണിക

uploads/news/2019/05/310548/sun3.jpg

സോമദത്തനും അശ്വത്ഥാമാവും ഓടി. ഘടോല്‍ക്കചന്‍ കൗരവരെ കൊന്നുതള്ളി. ശകുനി പേടിച്ചുവലിഞ്ഞു.
ദ്രോണര്‍ പറഞ്ഞു. ''ദുര്യോധന, ഘടോല്‍ക്കചന്‍ സാധാരണക്കാര്‍ക്ക്‌ അവധ്യനാണ്‌. ഇവനെ കൊന്നില്ലെങ്കില്‍ നാളെ പ്രഭാതത്തില്‍ കൗരവര്‍ കാണുകയില്ല. നീ കര്‍ണനോട്‌ കാര്യം പറയൂ...''
ദുര്യോധനന്‍ കര്‍ണനെ കണ്ടു. കര്‍ണന്‍ പറഞ്ഞു. ''പ്രഭോ, രാത്രി യുദ്ധം നന്നല്ല. ഘടോല്‍ക്കചന്‍ പിന്തിരിയും. ഗുരു പറഞ്ഞാല്‍ മതി. പ്രഭാതത്തില്‍ ആവാം...''
''ആരുപറഞ്ഞാലും അവന്‍ മാറുകയില്ല. ദ്രോണരെയും വധിച്ച്‌ യുദ്ധം ജയിച്ചേ മാറുകയുള്ളൂ. നീ ഇറങ്ങണം. അവനെ കൊല്ലണം.''
കര്‍ണന്‍ സമ്മതിച്ചു.
യുദ്ധസന്നദ്ധനായി കര്‍ണന്‍ വന്നു. എന്നാലും രാത്രി യുദ്ധത്തിന്‌ കര്‍ണന്‍ മടിച്ചു. ഈ സമയം കൃഷ്‌ണന്‍ ഘടോല്‍ക്കചനോടു പറഞ്ഞു.
''ഘടോല്‍ക്കച, രാത്രിയില്‍ നിനക്ക്‌ ബലവും ശക്‌തിയും ഏറും. നിന്റെ മുത്തച്‌ഛന്‍ പണ്ടു നേടിയ വരമാണ്‌. ആ വരുന്നത്‌ കര്‍ണനാണ്‌. അവനെ നീ വധിക്കണം. പാണ്ഡവരുടെ സമസ്‌ത ദുരിതത്തിനും കാരണം അവനാണ്‌....''
ഘടോല്‍ക്കചന്‍ അലറി മുന്നോട്ടു പാഞ്ഞു.
അജ്‌ജുനന്‍ ഭഗവാനോട്‌ പറഞ്ഞു
''കൃഷ്‌ണ, അങ്ങ്‌ എന്താണ്‌ ചെയ്‌തത്‌. കര്‍ണനോട്‌ എതിര്‍ക്കാന്‍ അവനു കഴിയുമോ? അഭിമന്യു മരിച്ചു. ഇവര്‍ ജീവിച്ചിരിക്കട്ടെ. കര്‍ണനെ ഞാന്‍ എതിര്‍ക്കാം. ഇല്ലെങ്കില്‍ ഘടോല്‍ക്കചനെ ഞാന്‍ സഹായിക്കാം.''
കൃഷ്‌ണന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
''പാര്‍ത്ഥാ.. ഘടോല്‍ക്കചന്‍ കര്‍ണന്റെ നേര്‍ക്കു ചെല്ലട്ടെ. യുദ്ധം ഗംഭീരമാകും. കര്‍ണന്‍ നിനക്കു മാത്രം മാറ്റിവച്ചിരിക്കുന്ന വേല്‍ ഘടോല്‍ക്കചനില്‍ പ്രയോഗിക്കാം. അങ്ങനെ നീ രക്ഷപ്പെടും.''
അര്‍ജ്‌ജുനന്‍ ക്ഷീണിതനായി.
ഭഗവാന്‌ അവനില്‍ കരുണ തോന്നി.
ഘടോല്‍ക്കചന്റെ മരണം അനിവാര്യമാണെന്ന്‌ ബോധ്യപ്പെടുത്തി. എതിര്‍ത്തുകയറിയ ഘടോല്‍ക്കചന്‍ കര്‍ണനുമായി പോരടിച്ചു.
അതിശക്‌തമായിരുന്നു ആ യുദ്ധം. ഘടോല്‍ക്കചന്‍ കര്‍ണന്റെ തേരു തകര്‍ത്തു. ഭൂമിയില്‍ നില്‍ക്കുന്ന കര്‍ണനെ മാറ്റിക്കൊണ്ട്‌ ഘടോല്‍ക്കചന്‍ മുന്നാട്ടുകയറി. പടയെ നശിപ്പിക്കാന്‍ നോക്കി. അഗ്നിയില്‍ പെട്ട ശലഭം പോലെ പട നശിച്ചുകൊണ്ടിരുന്നു. കൗരവര്‍ ആകെ പതറി. എങ്ങനെയും ഘടോല്‍ക്കചനെ കൊല്ലണം.
ദുര്യോധനന്‍ കര്‍ണനെ കണ്ടു.
''കര്‍ണാ ഈ അവസ്‌ഥ വന്നിട്ടും നീ അവനെ കൊല്ലാത്തത്‌ എന്തുകൊണ്ടാണ്‌?''
''ദുര്യോധന.... പിന്തിരിയുന്നതാണ്‌ നല്ലത്‌. അവന്റെ ചിറ്റപ്പനു വേണ്ടി കരുതിവച്ചിരിക്കുന്ന വേല്‍ മാത്രമേ എന്റെ പക്കലുള്ളു. അത്‌ എടുത്തു പ്രയോഗിച്ചാല്‍ പിന്നെ ഒരിക്കലും അര്‍ജുനനെ കൊല്ലാന്‍ ആവില്ല. ദേവപതിയുടെ പക്കല്‍നിന്ന്‌ കവചകുണ്ഡലങ്ങള്‍ കൊടുത്തപ്പോള്‍ വരമായി സ്വീകരിച്ചതാണ്‌ ആ വേല്‍. അതുമാത്രമേ എന്റെ പക്കലുള്ളു.''
ദുര്യോധനന്‍ പറഞ്ഞു ''കര്‍ണാ, ഇന്നു ജയിക്കാതെ നാളെ ജീവിക്കുന്നതെങ്ങനെ? പ്രഭാതത്തിനു മുമ്പ്‌ ഘടോല്‍ക്കചന്‍ നമ്മെ വകവരുത്തും. അവന്‍ ജയിച്ചുകയറുകയാണ്‌.''
കര്‍ണന്‍ പിന്തിരിഞ്ഞതു കണ്ടപ്പോള്‍ ശ്രീകൃഷ്‌ണന്‍ ഘടോല്‍ക്കചനെ പ്രോത്സാഹിപ്പിച്ചു. ''വിടരുത്‌ അവനെ. എല്ലാ ചെയ്‌തികള്‍ക്കും കാരണം കര്‍ണനാണ്‌.''
ആര്‍ത്തട്ടഹസിച്ചുകൊണ്ട്‌ ഘടോല്‍ക്കചന്‍ മുന്നേറി. അര്‍ജജുനന്റെ രഥം ശ്രീകൃഷ്‌ണന്‍ പുറകോട്ടിറക്കി. ദ്രോണരും ദുര്യോധനനും കര്‍ണനെ പ്രേരിപ്പിച്ചു. ഗത്യന്തരമില്ലാതെ കര്‍ണന്‍ രഥത്തില്‍ കയറി.
രണ്ടു യാമം കഴിഞ്ഞിരിക്കുന്നു. കൗരവപ്പടയെ തിന്നുതീര്‍ത്തുകൊണ്ട്‌ ഘടോല്‍ക്കചന്‍ മുന്നേറുകയാണ്‌. കൗരവര്‍ ഓടി രക്ഷപ്പെടുകയാണ്‌. കര്‍ണന്‍ വീണ്ടും വരുന്നതു കണ്ടപ്പോള്‍ ഘടോല്‍ക്കചന്‌ ശക്‌തിയേറി. അവന്‍ ഗദകൊണ്ട്‌ കര്‍ണനെ പ്രഹരിച്ചു. തേരും കുതിരയും തകര്‍ന്ന്‌ കര്‍ണന്‍ ഭൂമിയില്‍ ചാടി...
കൗരവപ്പട തോറ്റോടി...
ദുര്യോധനന്‍ വിളിച്ചുപറഞ്ഞു. 'കര്‍ണാ ഇനി അമാന്തിക്കരുത്‌.''
കര്‍ണന്‍ പിന്നെ ആലോചിച്ചില്ല. വേല്‍ ഘടോല്‍ക്കചന്റെ നേര്‍ക്ക്‌ അയച്ചു. അഗ്നി ചീറ്റിക്കൊണ്ട്‌ വേല്‍ ഘടോല്‍ക്കചന്റെ നേര്‍ക്കു പാഞ്ഞു. കൗരവപ്പടയും പാണ്ഡവപ്പടയും ഞെട്ടിനിന്നു.
മൂന്നാം യാമത്തിന്റെ പകുതി കഴിഞ്ഞിരിക്കുന്നു.
രാത്രിയുദ്ധം ഏതാണ്ട്‌ അവസാനിച്ച മട്ടാണ്‌. ചില സ്‌ഥലങ്ങളില്‍ നേരിയ പോര്‍വിളികള്‍ നടക്കുന്നുണ്ട്‌. ഇരുവിഭാഗങ്ങളിലെയും മികച്ച പോരാളികള്‍ പോരുനിര്‍ത്തി കൈനിലകളിലേക്കു മടങ്ങി. നാളെ വീണ്ടും ഏറ്റുമുട്ടാന്‍ വേണ്ടി വിശ്രമിച്ചു.
കൗരവരുടെ കൈനിലകളില്‍ സന്തോഷം തുടികൊട്ടുന്നു. പാണ്ഡവരില്‍ ശക്‌തനായ ഒരുവന്റെ അധഃപതനം ആണിന്ന്‌. ജയദ്രഥന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും പടയെ മുക്‌തമാക്കാന്‍ ഇതു സഹായിക്കും
പാണ്ഡവരുടെ കൈനിലകളിലും ആര്‍പ്പുവിളി ഉയരുന്നു. ആ ശബ്‌ദം കേട്ടുകൊണ്ടാണ്‌ ഭീമന്‍ ഉത്തരദിക്കില്‍ നിന്നും വന്നത്‌. ദക്ഷിണ ദിക്കിലായിരുന്നു ഘടോല്‍ക്കചന്‍. അര്‍ജ്‌ജുനന്‍ സഹായി ആയും ഉണ്ടായിരുന്നു. ഘടോല്‍ക്കചന്‍ പോരില്‍ വിജയിച്ചു കാണും. അതാണ്‌ ഇത്ര ആരവം. ആരെയായിരിക്കും അവന്‍ പരാജയപ്പെടുത്തിയിരിക്കുക. ഇനി കര്‍ണനെത്തന്നെയാണോ? എങ്കില്‍ ആഘോഷിക്കേണ്ട വിജയം തന്നെയാണ്‌. കൗരവപ്പടയുടെ മരണം കണ്ടാല്‍ നടന്ന പോരിനെക്കുറിച്ച്‌ ഊഹിക്കാം.
ധര്‍മ്മജന്റെ കൈനിലയിലും സന്തോഷം തുടിക്കുകയാണ്‌. കൈനിലക്ക്‌ പുറത്ത്‌ എത്തിയപ്പോഴാണ്‌ ചെവി കുത്തിത്തുളയ്‌ക്കുന്നതു പോലെ ഈ വാക്കുകള്‍ പുറത്തുവന്നത്‌.
കര്‍ണന്‍ പാര്‍ത്ഥന്‌ കരുതിവച്ചിരുന്ന വേലാണത്‌. അത്‌ ഇങ്ങനെ പോയതോടെ അര്‍ജ്‌ജുനന്‍ രക്ഷപ്പെട്ടു. പക്ഷേ അവസാന നിമിഷംവരെ പോരടിച്ചാണ്‌ അവന്‍ വീണത്‌.
ഭീമന്‍ അകത്തേക്കു നോക്കി.
എല്ലാവരും സന്തോഷത്തിലാണ്‌. കര്‍ണന്റെ വേല്‍ നഷ്‌ടപ്പെട്ടിരിക്കുന്നു. കവചകുണ്ഡലങ്ങള്‍ കൊടുത്തപ്പോള്‍ ദേവേന്ദ്രന്‍ നല്‍കിയ പകരം ആയുധം. ഒരാളെ അതുപയോഗിച്ച്‌ കൊല്ലാം. എത്ര വലിയ വില്ലാളിയെയും. പിന്നെ ആ വേലിന്‌ ശക്‌തിയുണ്ടായിരിക്കുകയില്ല. അപ്പോള്‍ അതു സംഭവിച്ചു. കര്‍ണന്‍ ഘടോല്‍ക്കചന്റെ നേര്‍ക്ക്‌ വേല്‍ പ്രയോഗിച്ചു....
ഓര്‍ത്തപ്പോള്‍ ഭീമന്‍ ഞെട്ടിത്തെറിച്ചു.
ഘടോല്‍ക്കചന്‍ മരിച്ചു. പാര്‍ത്ഥന്‍ രക്ഷപ്പെട്ടു.
തന്റെ മകന്‍...
പിതാവിനെ കണ്ട്‌ കൊതീ തീരാത്തവന്‍...
ഭീമന്‍ ഇരുട്ടിലൂടെ പാഞ്ഞു.
ഘടോല്‍ക്കചന്‍ ചവിട്ടി മെതിച്ച കൗരവപ്പട.
മരണത്തിലേക്ക്‌ സാവധാനം നീങ്ങുന്നവര്‍. പകുതി മരിച്ചവര്‍. കയ്യുംകാലും അറ്റു തെറിച്ചവര്‍.
രക്‌തം പുഴയായി ഒഴുകുന്നു. അവിടവിടെ തടാകം ഒരുക്കുന്നു. ഭീമന്‍ ഒരു തടാകത്തില്‍ വീണു.
വേഗത്തിലുള്ള നടത്തയില്‍ വീണുകിടക്കുന്നവരുടെ കൈകളും കാലുകളും ഉടക്കുന്നു. നെഞ്ചില്‍ ചവിട്ടുമ്പോള്‍ മരിക്കാനുള്ളവര്‍ ഞരങ്ങുന്നു...
എവിടെ ഘടോല്‍ക്കചന്‍?
ഭീമന്‍ അന്വേഷിച്ചു നടന്നു.
വിശാലമായ ഒരു ക്ഷേത്രത്തിലേക്ക്‌ ഭീമന്‍ നോക്കി നിന്നു. രാത്രിയുദ്ധത്തിന്‌ കത്തിച്ചുവച്ച പന്തങ്ങളുടെ അരണ്ട വെളിച്ചത്തില്‍ യുദ്ധക്കളം ഭയാനകമായി.
നിരവധി പേര്‍ പെട്ടുകിടക്കുന്ന കളത്തില്‍ എവിടെ തിരയാന്‍?
ഭീമന്‍ ഓരോ മുഖവും നോക്കി മുമ്പോട്ടു നടന്നു.
എവിടെയും ഞരക്കങ്ങള്‍..നിലവിളികള്‍...രക്ഷിക്കണെ എന്നുള്ള പ്രാര്‍ത്ഥനകള്‍. ദാഹിച്ചു രക്‌തം തന്നെ കുടിക്കുന്ന മനുഷ്യക്കോലങ്ങള്‍...
യുദ്ധം അറുതിയില്ലാത്ത വറുതി തന്നെ...
മാനസിക വിഭ്രാന്തി ബാധിച്ച ഒരുവനെപ്പോലെ ഭീമന്‍ ഓടിനടന്നു. അലംബുഷന്റെ ശിരസ്സ്‌ അരണ്ട വെളിച്ചത്തില്‍ ഭീമന്‍ തിരിച്ചറിഞ്ഞു. അമ്പരപ്പോടെ ചുറ്റും നോക്കി.
അണയാറായ ഒരു പന്തം വീശി കൊളുത്തി ജ്വലിപ്പിച്ചു. അല്‌പം അകലെ ആകാശത്തിലേക്കു പൊന്തിച്ചു നില്‍ക്കുന്ന വേല്‌.
'അതുതന്നെ' മനസ്സില്‍ ഓര്‍ത്തു.
കുത്തൊഴുക്കു പോലെ അങ്ങോട്ടു പാഞ്ഞു.
കര്‍ണന്‍ അയച്ച വേല്‌ നെഞ്ചില്‍ തറച്ച്‌ മലര്‍ന്നുകിടക്കുകയാണ്‌ ഘടോല്‍ക്കചന്‍.
ഭീമന്‍ അടുത്തണഞ്ഞു. പന്തത്തിന്റെ നേരിയ വെളിച്ചം അവരിലേക്ക്‌ അരിച്ചെത്തി. ശാന്തമാണ്‌ ആ മുഖം. മരിച്ചിട്ടില്ലെന്നു തോന്നുന്നു. സംസാരിക്കാനാവുന്നില്ല. നാക്ക്‌ തൊണ്ടയിലേക്കു വലിഞ്ഞിരിക്കുന്നു.
അച്‌ഛനെ ആ ഏകാന്തതയിലും മകന്‍ തിരിച്ചറിഞ്ഞു.
ആ മുഖത്ത്‌ സന്തോഷത്തിന്റെ നേരിയ ഛായ.
വേല്‌ ഊരിയാല്‍ മകന്റെ ജീവന്‍ പിടയാതെ പോകും. അതെങ്കിലും പിതാവായ താന്‍ ചെയ്‌തില്ലെങ്കില്‍...
ഭീമന്റെ കവിള്‍ നദിയായി. ഘടോല്‍ക്കചന്റെ കവിളില്‍ അതു പതിച്ചു. അവന്‍ ഞെട്ടി കണ്ണുതുറന്നു. ആ കണ്ണുകള്‍ പൂര്‍ണമായും തുറന്നു. നിറഞ്ഞുതുളുമ്പുകയാണ്‌ ആ കണ്ണുകള്‍. ഭീമന്റെ കവിളില്‍ ഒഴുകിയ ഒരു തുള്ളി അവിടെ പതിച്ചു. ഘടോല്‍ക്കചന്റെ കവിളിലൂടെ ഗംഗയൊഴുകി.
തണുത്ത കാറ്റില്‍ രക്‌തത്തിന്റെ ഗന്ധം.
കുറുക്കന്റെ ഓരി... പട്ടികളുടെ മോങ്ങല്‍. മനുഷ്യന്റെ നിലവിളി.
അവരുടെ ഇടയില്‍ വാചാലമായ മൗനം കനത്തു.
മകന്റെ കവിളില്‍ തലോടിക്കൊണ്ട്‌ ഭീമന്‍ വേല്‌ ഊരിയെടുത്തു. രക്‌തം പൂക്കുറ്റി പോലെ. ഘടോല്‍ക്കചന്‍ ഒന്നു പിടഞ്ഞു. കവിളില്‍ സംതൃപ്‌തിയുടെ ചിരി. കണ്ണുകളില്‍ പിതാ വ്‌ വാരിയെടുത്തു ഓമനിച്ച പുത്രന്റെ ആത്മസംതൃപ്‌തി.
തിരിഞ്ഞു നടക്കുമ്പോള്‍ മനസ്‌ ഗന്ധമാദനത്തിന്റെ താഴ്‌വരയില്‍ അലഞ്ഞു.
ധര്‍മ്മജന്റെ കൈനിലയില്‍ സന്തോഷത്തിന്റെ അലകള്‍.
തന്റെ കുടീരത്തിലെത്തിയ ഭീമന്‌ ഉറക്കം നഷ്‌ടപ്പെട്ടു.
അദ്ദേഹം കുരുക്ഷേത്രത്തിലേക്ക്‌ നോക്കിയിരുന്നു.
** ** **
കുരുക്ഷേത്ര യുദ്ധം കഴിഞ്ഞു. കൗരവര്‍ സമൂലം നശിച്ചു. പാണ്ഡവര്‍ സംഗരത്തില്‍ ജയിച്ചു. ധര്‍മ്മജന്‍ രാജാവായി. ദ്വിഗ്‌വിജയം നടന്നു. അധികാരത്തിന്റെ ആഘോഷം എവിടെയും നൃത്തമാടി. അപ്പോഴും അസ്വസ്‌ഥമായിരുന്നു ഭീമന്റെ മനസ്സ്‌.
പലപ്പോഴും ആലോചിച്ച കാര്യമാണ്‌. അവന്‍ യുദ്ധത്തിനു വരാതിരുന്നുവെങ്കില്‍... ഈ ചിന്തകള്‍ക്കു സ്‌ഥാനമില്ലാതായേനെ. ഒരു പിതാവിന്റെ കടമകള്‍ ഒന്നും താന്‍ ചെയ്‌തില്ല. എന്നിട്ടും അവന്‍ പുത്രന്റെ കടമ നിര്‍വഹിച്ചു. മരണംകൊണ്ട്‌ കണക്കുതീര്‍ത്തു.
വേല്‌ തറച്ചുകിടക്കുന്ന ഘടോല്‍ക്കചന്‍. ആ രാത്രി ഒരിക്കലും മറക്കാനാവില്ല. സൗപര്‍ണിക ഇപ്പോള്‍ എങ്ങനെയാവും?
മകന്‍ നഷ്‌ടപ്പെട്ടു. ഭര്‍ത്താവോ നഷ്‌ടപ്പെട്ടതിനു തുല്യം. ഊണിലും ഉറക്കത്തിലും ചിന്തകള്‍ ഭീമനില്‍ പൊന്തിപ്പൊടിഞ്ഞു. ധര്‍മ്മജനെ പിരിയാന്‍ ആവുന്നില്ല. സൗപര്‍ണികയ്‌ക്ക് ഒരാശ്വാസവാക്ക്‌ കൊടുക്കാനും കഴിയുന്നില്ല.
ഭീമന്റെ മനസ്‌ കുരുക്ഷേത്രമായി.
ഒരുദിവസം. ഗന്ധമാദനത്തിന്റെ താഴ്‌വര ഇറങ്ങി ഭീമന്‍ ചെന്നു.
സൗപര്‍ണിക ഇപ്പോള്‍ എന്തു ചെയ്യുകയാവും?
മകനെ തിരക്കി കാത്തിരിക്കുകയായിരിക്കുമോ? പാണ്ഡവര്‍ യുദ്ധം ജയിച്ചെങ്കിലും നഷ്‌ടങ്ങളുടെ ഭീകരത അവള്‍ അറിഞ്ഞിരിക്കുമോ? ജീവിതം തനിക്ക്‌ അര്‍പ്പിച്ചവളാണവള്‍. ഭര്‍ത്തൃസുഖം എന്തെന്ന്‌ ആ കാട്ട്‌പെണ്ണ്‌ അറിഞ്ഞിട്ടില്ല. കുലത്തിന്റെ വഴികള്‍ മാറിനടന്ന സൗപര്‍ണികയ്‌ക്ക് ദുഃഖമല്ലാതെ എന്താണുള്ളത്‌.
എങ്ങനെ അവളെ ആശ്വസിപ്പിക്കും.
അവളോടൊത്തു കഴിയാന്‍ ജ്യേഷ്‌ഠന്‍ അനുവദിക്കുകയില്ല. അര്‍ജ്‌ജുനനോട്‌ ഏറെ താല്‌പര്യം കാണിക്കുന്ന പാഞ്ചാലിയോടൊത്തുള്ള ജീവിതം സഹനത്തിനു മാത്രം ഉള്ളതാണ്‌...
സൗപര്‍ണികയുടെ ഗുഹയ്‌ക്കരികില്‍നിന്നും ആകാശത്തിലേക്ക്‌ കറുത്ത പുക ഉയരുന്നു.
ഒരു ഞെട്ടലോടെ ഭീമന്‍ നടന്നു.
ശവം എരിയുന്ന ഗന്ധം ഭീമനില്‍ തുളഞ്ഞിറങ്ങി...
അതുവഴി വന്ന ഒരുവനോട്‌ ഭീമന്‍ തത്രപ്പെട്ട്‌ കാര്യം ചോദിച്ചു.
'സൗപര്‍ണിക തമ്പുരാട്ടിയുടെ അമ്മയുടെ അമ്മ മരിച്ചു. അവരെ ദഹിപ്പിക്കുകയാണ്‌.'
മുത്തി മരിച്ചു.
കാലത്തിന്റെ ആദ്യന്തരഹിതമായ ഒരിടവേളയില്‍ ജീവിച്ച്‌ മുത്തി മരിച്ചു. സൗപര്‍ണികയ്‌ക്ക് താങ്ങും തണലുമായിരുന്ന മുത്തി. കാലത്തിന്റെ മുമ്പിലൂടെ നടന്നവര്‍.
മരണം!
ആരും ഇവിടെ ശിരസ്സു നമിക്കുന്നു.
മരണം. നിതാന്ത സത്യം!
ശവപ്പുരയ്‌ക്ക് അടുത്തുനില്‍ക്കുകയായിരുന്നു സൗപര്‍ണിക. കാലം അവള്‍ക്കും ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ഭീമന്‍ അതു മനസ്സിലാക്കി.
ആദ്യനോട്ടത്തില്‍ തന്നെ ഭീമനെ അവള്‍ തിരിച്ചറിഞ്ഞു.
അണപൊട്ടിയ പോലെ സൗപര്‍ണിക കുതിച്ചെത്തി.
നമസ്‌കരിച്ച അവളെ ഭീമന്‍ ഉയര്‍ത്തി.
ആ കണ്ണുകള്‍ ഒരായിരം കഥകളുടെ കനത്ത മൗനത്തോടെ പരസ്‌പരം ഇടഞ്ഞു.
അവള്‍ ഘടോല്‍ക്കചനെക്കുറിച്ചൊന്നും ചോദിച്ചില്ല. എന്തെങ്കിലും ചോദിക്കുമെന്ന്‌ ഭീമന്‍ ആശിച്ചു. ചിന്തയുടെ ദശാസന്ധിയില്‍ മൗനത്തിന്റെ കഴുത്തു ഞെരിച്ചുകൊണ്ട്‌ ഭീമന്‍ പറഞ്ഞു.
''കുമാരന്‍ അനശ്വരനായി...''
മൗനത്തിന്റെ വാല്‍ക്കഷണമായി ആ വാക്കുകള്‍ ലയിച്ചു.
അവള്‍ എന്തെങ്കിലും പറഞ്ഞെങ്കില്‍... അവളുടെ കണ്ണുകള്‍ നിറയുന്നില്ല. ചുണ്ടുകള്‍ വിറയ്‌ക്കുന്നില്ല. ദുഃഖത്തിന്റെ പാരമ്യം ഘനീഭവിച്ച അവസ്‌ഥയില്‍ കണ്ണീരിനെന്തു സ്‌ഥാനം?
ഭീമന്‍ അവളെ മാറോടു ചേര്‍ത്തു. നൂറ്റിയൊന്നു കൗരവരെ തച്ചുകൊന്ന ഭീമന്റെ മാറിടം വിറയ്‌ക്കുന്നുവോ.
ഒരു കുഞ്ഞിനെപ്പോലെ അവള്‍ പറ്റിച്ചേര്‍ന്നു നിന്നു.
മുത്തിയുടെ ആശീര്‍വാദം പോലെ പുക അവരെ പൊതിഞ്ഞു. സൗപര്‍ണികയുടെ കരയില്‍ അവര്‍ ഇരുന്നു.
സായാഹ്‌്നമായി.
രണ്ടുപേര്‍ക്കും അധികം സംസാരിക്കാനില്ല.
സൂര്യന്‍ താഴുകയാണ്‌. നാട്ടുവെളിച്ചത്തില്‍ വനം ചുവന്നു.
''ജ്യേഷ്‌ഠന്റെ അടുത്ത്‌ എപ്പോഴും ഞാനുണ്ടാകണം. ഇനിയും ആ ആഗ്രഹത്തെ മുറിച്ചുതള്ളാന്‍ വയ്യ...''
വാക്കുകള്‍ അടര്‍ന്നുവീണു. നദിയുടെ ഓളങ്ങളില്‍ അവ ലയിച്ചു. ഭീമന്‍ എഴുന്നേറ്റു. സൗപര്‍ണികയിലേക്കിറങ്ങി. നദി മരവിച്ചിരിക്കുന്നു.
വനത്തില്‍ മഞ്ഞുവീണിരിക്കുന്നു....
മരവിപ്പിന്റെ കാഠിന്യം ഭീമന്‍ തൊട്ടറിഞ്ഞു.
മഹാപ്രസ്‌ഥാനം പോലെ ഭീമന്‍ നടന്നു. ഭീമനെ നിഴല്‍ മൂടി...

(അവസാനിച്ചു)

തുളസി കോട്ടുക്കല്‍

Ads by Google
Saturday 25 May 2019 10.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW