Friday, June 21, 2019 Last Updated 13 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 10.41 PM

വയല്‍ക്കിനാവുകളിലെ കാവ്യഭംഗി

uploads/news/2019/05/310547/sun2.jpg

ഉര്‍വരമായ മണ്ണ്‌, അതേ പോലെ മനസും. മനുഷ്യന്റെ നിലനില്‍പ്‌ മണ്ണില്‍ത്തന്നെയാണെന്ന തിരിച്ചറിവില്‍ പ്രകൃതിയോട്‌ ചേര്‍ന്നു നില്‍ക്കുകയാണ്‌ സ്‌മിതാ ബാലന്‍ എന്ന കൃഷി ഉദ്യോഗസ്‌ഥ. മണ്ണിലെ ഓരോ തളിരിലും പ്രതീക്ഷയുടെ, ഒപ്പം അതിജീവനത്തിന്റെ മുളപൊട്ടുന്നത്‌ നോക്കിക്കാണുമ്പോള്‍ അതില്‍ ഈ ഭൂമിയുടെ നിലനില്‍പ്പിന്നെത്തന്നെയാണ്‌ അവര്‍ കാണുന്നത്‌. അതു കൊണ്ടു തന്നെ ആ തളിര്‍ ഒരു കവിതയായി മനസില്‍ നിറയുന്നു. പച്ചപ്പണിയുന്നത്‌, പൂവിടുന്നത്‌ പാടങ്ങളും കൃഷിയിടങ്ങളും മാത്രമല്ല, മനസിലെ ഓരോ അണുവിലും കൂടിയാണെന്ന തിരിച്ചറിവ്‌ കൂടിയാണിത്‌. ആലപ്പുഴ മങ്കൊമ്പില്‍ സ്‌ഥിതി ചെയ്യുന്ന സംസ്‌ഥാന കീട നിരീക്ഷണ കേന്ദ്രം ഡയറക്‌ടറാണ്‌ സ്‌മിതാ ബാലന്‍. കുട്ടനാട്ടില്‍ കൊടുപ്പുന്ന കോയിപ്പള്ളില്‍ വീട്ടില്‍ അഡ്വ.സുദര്‍ശനകുമാറിന്റെ ഭാര്യ. ഏറെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും സ്വപ്‌നം കാണാനും, കഷ്‌ടപ്പെടുന്നവന്റെ വേദനകളോട്‌ ഒപ്പം നില്‍ക്കാനും അവരുടെ വിയര്‍പ്പിന്റെ ഉപ്പില്‍ വിളയുന്ന അന്നത്തിന്റെ വിലയറിയാനും അവരോടൊപ്പം കവിത മൂളാനും അവരിലൊരാളായി മാറാനും കഴിയുന്നു എന്നതാണ്‌ ഇവരുടെ പ്രത്യേകത.
മണ്ണിന്റെ മണമുള്ള ജീവസുറ്റ കവിതകളിലൂടെ, കൃഷിയുമായി ബന്ധപ്പെട്ടതും മനുഷ്യനെ ബാധിക്കുന്നതുമായ പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന ലേഖനങ്ങളിലൂടെ, മനസ്‌ തൊട്ടറിയുന്ന യാത്രാവിവരണങ്ങളിലൂടെ, ഒരേസമയം കൃഷി ഉദ്യോഗസ്‌ഥയും എഴുത്തുകാരിയും മികച്ച കുടുംബിനിയുമായ ഒരു പ്രതിഭയാണ്‌ സ്‌മിതാ ബാലന്‍. കാവ്യരചന വെറും സമയം പോക്കായി കാണാതെ വിഷയങ്ങളെ ഗൗരവപൂര്‍വം സമീപിക്കുന്ന സ്‌മിതയ്‌ക്ക് പ്രളയത്തില്‍ മുങ്ങിയ കുട്ടനാടിന്റെ പുനര്‍നിര്‍മിതിയില്‍ നാടൊത്തു ചേര്‍ന്നപ്പോള്‍ കാര്‍ഷിക സംസ്‌കൃതിയുടെ പുനരുജ്‌ജീവനത്തിനായി 'ദൂരെ വെയിലൊളിചിന്നുകയാണ്‌ നാം ചാരെ കതിരൊളി നെയ്യുകയാണ്‌ പാടം' എന്ന ഗാനവും 'ഞാറ്റുവേലപ്പാട്ടുയരുന്നു ആറ്റുവഞ്ചിപ്പൂ വിടരുന്നു' എന്ന ഗാനവും ഒട്ടും തനിമ നഷ്‌ടപ്പെടാതെ എഴുതാന്‍ കഴിഞ്ഞത്‌. തൃശൂരില്‍ നടന്ന അന്തര്‍ദേശീയ കാര്‍ഷികമേളയായ വൈഗയില്‍ മന്ത്രി വി.എസ്‌.സുനില്‍കുമാറാണ്‌ ഈ ഗാനങ്ങള്‍ പ്രകാശനം ചെയ്‌തത്‌.
ഞാറ്റുവേല എന്ന ആല്‍ബത്തിലെ ഈ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്‌ സജിത്ത്‌ കാരാഴ്‌മയാണ്‌. പിന്നണി ഗായിക ലാലി.ആര്‍.പിള്ളയും ഗൗരിസുനിലുമാണ്‌ ഗാനങ്ങള്‍ ആലപിച്ചത്‌. നേരത്തെയും ഗാനങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും ആദ്യമായി പുറത്തിറങ്ങിയ മ്യൂസിക്‌ ആല്‍ബം ഞാറ്റുവേലയാണ്‌. കൃഷിവകുപ്പിന്റെ പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം ലേഖനങ്ങളും എഴുതുന്നു. ഈ ലേഖനങ്ങള്‍ ഒരു നേരമ്പോക്കിനായി വായിക്കാനുള്ളതല്ല. വായനക്കാരനെ ആകര്‍ഷിക്കുന്ന ശൈലിയായതിനാല്‍ വായനയുടെയും ചിന്തയുടെയും ലോകത്തേക്ക്‌ എത്തിക്കാന്‍ കഴിയുന്ന രചനകള്‍ തന്നെയാണെന്ന്‌ നിസംശയം പറയാം. ആകാശവാണിയിലെ കാര്‍ഷിക പരിപാടികളില്‍ അവതാരകയായുമെത്തുന്നു.
കൃഷിയും പരിസ്‌ഥിതിയും സംബന്ധിച്ച ലേഖനങ്ങളുടെ സ്‌ഥിരം ക്ലീഷേകളല്ല സ്‌മിതയുടെ രചനകള്‍ എന്നത്‌ ശ്രദ്ധിക്കപ്പെടേണ്ടത്‌ തന്നെയാണ്‌. പ്രളയത്തിനു ശേഷം കുട്ടനാടന്‍ പാടശേഖരത്തില്‍ നൂറുമേനി വിളവ്‌ ലഭിച്ചപ്പോള്‍ സന്തോഷത്തോടെ തുടിച്ചത്‌ ഒരു കൃഷി ഉദ്യോഗസ്‌ഥയില്‍ മാത്രമല്ല, ഒരു കവിഹൃദയത്തില്‍ക്കൂടിയാണ്‌. അതുകൊണ്ടാണ്‌ പാടത്തേക്ക്‌ എങ്ങനെയാണ്‌ ഇറങ്ങേണ്ടതെന്ന്‌ അവര്‍ക്ക്‌ പറയാന്‍ കഴിയുന്നത്‌. കൃഷി ജീവിതമാക്കിയവര്‍, മണ്ണിലെ നനവും ചൂടും മനസുകളിലേകി, മണ്ണോളം മനസിനെ പാകപ്പെടുത്തിയവര്‍. വരള്‍ച്ചയും വറുതിയും വിണ്ടുകീറലും ഉപ്പുനീറ്റലും അമ്ലതയിലലിഞ്ഞിറങ്ങുന്ന എരിച്ചിലും എല്ലാമെല്ലാം മണ്ണിനൊപ്പം പകുത്തറിഞ്ഞവര്‍. വേരുരുകിത്തളരുന്ന ഞാറുകളത്രയും മണ്ണില്‍ നിന്നും മനസിലേക്ക്‌ പറിച്ചുനടുന്നവര്‍. മനസിന്റെ കണ്ണീര്‍ത്തണലില്‍ ആശങ്കകളുടെ ഹൃദയാകാശത്തിനു കീഴെ അവയ്‌ക്ക് പുത്തന്‍വേരുകള്‍ പൊട്ടി വളരാന്‍, അകക്കണ്ണടയ്‌ക്കാതെ കാവലിരിക്കുന്നവര്‍. അവര്‍ക്കൊപ്പം വേണം പാടത്തേക്ക്‌ പോകാന്‍ എന്നാണ്‌ കവയിത്രിയുടെ ആഗ്രഹം.
ഇതു തന്നെയാണ്‌ സ്‌മിതയിലെ കൃഷി ഉദ്യോഗസ്‌ഥയുടെയും മനസ്‌. പാടത്തെ ഇടവരമ്പുകളില്‍ ചെളിയില്‍ തെന്നുമ്പോള്‍ അവരുടെ കൈവഴക്കങ്ങളാണ്‌ തുണയാകേണ്ടതെന്നും അവര്‍ പറയുന്നു. പാടത്തെ മാത്രമല്ല അവയ്‌ക്ക് ജീവാമൃതം നല്‍കുന്ന തണ്ണീര്‍ത്തടങ്ങളെ, കായലുകളെ പൊട്ടിച്ചിരിപ്പിച്ചാലേ, വയല്‍ക്കിനാക്കളെ കതിരണിയിക്കാനാവൂ എന്നും വയല്‍പ്പക്ഷികളെ വിരുന്നൂട്ടാനാവൂയെന്നും തിരിച്ചറിയുക കൂടി ചെയ്യുകയാണിവിടെ.
''ജീവിതത്തില്‍ കനല്‍ച്ചൂടലിഞ്ഞൊരു കാറ്റു ചുറ്റിത്തിരിയുന്നുടലിലും വേവുകള്‍ക്കു വറുതിയില്ലാ, കാതില്‍ കാറ്റു മൂളുന്നിനിവരില്ലോര്‍മകള്‍''എന്നെഴുതുമ്പോള്‍ കവിതയുടെ ദീപ്‌തസൗന്ദര്യം വരികളില്‍ നിഴലിക്കുന്നു. യാത്രാവിവരണങ്ങളെ എത്രമാത്രം ആസ്വാദ്യകരമാക്കാം എന്നതിന്റെ ഉദാഹരണമാണ്‌ സ്‌മിതയുടെ രചനകള്‍.
ഹിമാചലിലെ മണാലിയിലുള്ള ഹിഡുംബി ക്ഷേത്രത്തെക്കുറിച്ച്‌ എഴുതി നിര്‍ത്തുന്നതിങ്ങനെ. മഹാഭാരത കഥയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കഥാപാത്രങ്ങള്‍ എങ്കിലും സൈ്‌ഥര്യത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും പ്രതിരൂപങ്ങളായ ആ അമ്മയും മകനും(ഹിഡിംബിയും ഘടോല്‍ക്കചനും) ക്ഷേത്ര ബിംബങ്ങളെന്നതിനപ്പുറം ആത്മബിംബങ്ങളായി മനസില്‍ നില്‍ക്കുന്നു. ഇതേ ശൈലി കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട രചനകളിലുടനീളം കാണാം. അതു തന്നെയാണ്‌ വരികളുടെ ശക്‌തിയും .്‌മിതയുടെ രചനകള്‍ നവ മാധ്യമങ്ങളിലൂടെയാണ്‌ കൂടുതലും വെളിച്ചം കണ്ടത്‌. പ്രത്യേകിച്ച്‌ കവിതകള്‍. ഇപ്പോള്‍ കവിതകളും ലേഖനങ്ങളും സമാഹരിച്ച്‌ പുസ്‌തകമാക്കാനുള്ള ശ്രമം നടക്കുകയാണ്‌.
യാത്രകളെ ഏറെ ഇഷ്‌ടപ്പെടുന്ന ഇവര്‍ ലോകത്തിന്റെ സ്‌പന്ദനങ്ങളെ അടുത്തറിയാനും ശ്രമിക്കുന്നുണ്ട്‌. സിറിയയിലെയും ബംഗ്ലാദേശിലെയും യമനിലെയും അഭയാര്‍ത്ഥികളായ കുട്ടികള്‍ ഇവരുടെ നൊമ്പരമാണ്‌. ഒപ്പം ലോകത്തിന്റെയും. മനസിന്റെ കോണില്‍ അഭയാര്‍ത്ഥികളായ കുട്ടികള്‍ ഒരു വിതുമ്പലാകുന്നു. അശാന്തഭൂമികകളില്‍ നിന്ന്‌ ആഴിത്തിരകളിലേറി പ്രതീക്ഷാ മുനമ്പുകളിലേക്ക്‌ തുഴഞ്ഞു കൊണ്ടേയിരിക്കുന്ന അഭയാര്‍ത്ഥികള്‍ എന്നും ലോകത്തിന്റെ വേദനയാണല്ലോ.
ആലപ്പുഴ ജില്ലയില്‍ പുഞ്ചപ്പാടങ്ങളും തോടുകളുമെല്ലാമുള്ള ഏവൂര്‍ എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിലാണ്‌ സ്‌മിതയുടെ ജനനം.എന്നാല്‍ അധ്യാപക ദമ്പതികളായ മാതാപിതാക്കള്‍ക്കൊലം കാസര്‍ഗോഡായിരുന്നു സ്‌കൂള്‍ ജീവിതകാലം. കാസര്‍കോഡിന്റെ സംസ്‌കാരവും രാഷ്‌ട്രീയവും തേജസ്വിനിപ്പുഴപോലെ ഏറെ സ്വാധീനിച്ചു. അവിടെ നിന്ന്‌ തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയിലേക്കൊരു പറിച്ചുനടല്‍.
അവിടെ നിന്ന്‌ ജീവിതത്തിന്റെ സുരക്ഷിതത്വത്തിലേക്ക്‌ കൈപിടിച്ച്‌ കുട്ടനാട്ടിലേക്ക്‌. യാത്രകളിലെല്ലാം പ്രകൃതിയുടെ വൈവിധ്യങ്ങളും കണ്ടു. ചന്ദ്രഭാഗയിലെ സൂര്യാസ്‌തമയങ്ങള്‍ കണ്ടു. മണ്ണിനെ പ്രണയിക്കുന്ന മനുഷ്യരെക്കണ്ടു. ജീവിതത്തോണിയില്‍ ഇനിയുമുണ്ട്‌ ഏറെ യാത്ര. തിരക്കുകളും പ്രാരാബ്‌ധങ്ങളും നിറഞ്ഞ ജീവിതത്തിനിടയിലും മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും പരിസ്‌ഥിതിയെയും സ്‌നേഹിച്ചു കൊണ്ട്‌ ഒരു മനോഹര സ്‌മിതമാവുകയാണ്‌ സ്‌മിത.

അനില്‍ ചെട്ടികുളങ്ങര

Ads by Google
Saturday 25 May 2019 10.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW