Friday, June 21, 2019 Last Updated 13 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 10.41 PM

ഡോണ്‍ഹൗസിലേക്ക്‌ ഒരു തീര്‍ഥയാത്ര

uploads/news/2019/05/310546/sun1.jpg

പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്‌ഞാതാവ്‌ ചാള്‍സ്‌ ഡാര്‍വിന്റെ വസതിയായ ഇംഗ്ലണ്ടിലെ ഡോണ്‍ ഹൗസ്‌ സന്ദര്‍ശിക്കുക എന്നത്‌ ജീവിതത്തിലെ വലിയ ഒരാഗ്രഹമായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ്‌ അത്‌ സാദ്ധ്യമായത്‌. മനുഷ്യന്റെയും ജന്തുജീവി വര്‍ഗ്ഗത്തിന്റെയും രൂപഭേദങ്ങളെപ്പറ്റിയുണ്ടായിരുന്ന ലോകത്തിന്റെ എല്ലാ ധാരണകളെയും അപ്പാടെ മാറ്റിമറിച്ചുകൊണ്ടാണ്‌ ഡാര്‍വിന്‍ തന്റെ പരിണാമസിദ്ധാന്തം ലോക സമക്ഷം അവതരിപ്പിച്ചത്‌. 19-ാം നൂറ്റാണ്ടിലെ മാനവചരിത്രത്തെ ആകെ തിരുത്തിക്കുറിച്ച ഒരു മഹാസംഭവമായിരുന്നു അത്‌. അതുകൊണ്ട്‌ തന്നെ ഡാര്‍വിന്റെ വസതിയിലേയ്‌ക്കുള്ള യാത്ര ഒരു തീര്‍ഥയാത്ര തന്നെയായിരുന്നു.
ലണ്ടനിലുള്ള എന്റെ സഹോദരി പുത്രന്‍ നസീര്‍ ബാബുവും, സഹോദരന്റെ മകള്‍ ബിന്ദുവുമൊത്താണ്‌ ലണ്ടന്‌ സമീപമുള്ള റൂറല്‍ വില്ലേജായ ഡോണിലുള്ള ഡാര്‍വിന്റെ വസതിയായ ഡോണ്‍ഹൗസ്‌ സന്ദര്‍ശിച്ചത്‌.
പരിണാമ സിദ്ധാന്തം അടക്കമുള്ള അദ്ദേഹത്തിന്റെ പ്രശസ്‌തമായ ശാസ്‌ത്രഗ്രന്ഥങ്ങള്‍ ഈ വസതിയിലെ സ്വന്തം മുറിയില്‍ ഇരുന്നാണ്‌ അദ്ദേഹം എഴുതി തീര്‍ത്തത്‌. അദ്ദേഹത്തിന്റെ കുടുംബ ഫോട്ടോകളും, പ്രത്യേകിച്ച്‌ ഭാര്യയുടെയും മക്കളുടെയും ചെറുമക്കളുടെയും ചിത്രങ്ങളും വിവരങ്ങളും എല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്‌. ഡോണ്‍ വസതി മുഴുവന്‍ ഞങ്ങള്‍ ചുറ്റിക്കറങ്ങി കണ്ടു. പ്രഭുകുടുംബത്തില്‍പ്പെട്ട ഡാര്‍വിന്റെ വസതി അതി വിശാലമായ ഒന്നായിരുന്നു. ഭൂമുഖത്ത്‌ ഏറ്റവും നല്ല വിവിധ ഇനം ചെടികള്‍കൊണ്ട്‌ നിറഞ്ഞ പൂന്തോട്ടവും നമുക്ക്‌ കാണാന്‍ കഴിഞ്ഞു. ഡാര്‍വിന്റെ മരണത്തിന്‌ ശേഷം 1929 ലാണ്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഡോണ്‍ ഹൗസ്‌ ഒരു മ്യൂസിയമായി പ്രഖ്യാപിക്കുന്നത്‌.
ബ്രിട്ടീഷ്‌ പ്രകൃതി ശാസ്‌ത്രജ്‌ഞന്‍, പരിണാമ വാദത്തിന്റെ ഉപജ്‌ഞാതാവ്‌ എന്നീ നിലകളിലാണ്‌ അദ്ദേഹം ലോക പ്രശസ്‌തനായത്‌. 1809 ഫെബ്രുവരി 12 ന്‌ ഇംഗ്ലണ്ടിലെ ഷറൂസ്‌ ബെറീനില്‍ ഡാര്‍വിന്‍ ജനിച്ചു. കവിയും ഭിഷഗ്വരനും ശാസ്‌ത്രജ്‌ഞനുമായിരുന്ന ഇറാസ്‌മസ്‌ ഡാര്‍വിന്റെ പൗത്രനാണ്‌ ഇദ്ദേഹം. ചാള്‍സിന്റെ അച്‌ഛനും ഒരു ഭിഷഗ്വരനായിരുന്നു.
ചാള്‍സ്‌ ഡാര്‍വിന്റെ വിദ്യാഭ്യാസം ആരംഭിച്ചത്‌ ഷറൂസ്‌ ബെറി സ്‌കൂളിലായിരുന്നു. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇദ്ദേഹം 1825 ല്‍ എഡിന്‍ബെറോ സര്‍വ്വകലാശാലയില്‍ വൈദ്യശാസ്‌ത്രപഠനത്തിന്‌ ചേര്‍ന്നു. ചാള്‍സിന്റെ പിതാവ്‌ കുടുംബ പാരമ്പര്യം അനുസരിച്ച്‌ ഇദ്ദേഹത്തെയും ഭിഷഗ്വരനാക്കണമെന്ന്‌ ആഗ്രഹിച്ചാണ്‌ വൈദ്യശാസ്‌ത്രപഠനത്തിന്‌ പ്രേരിപ്പിച്ചത്‌. പക്ഷേ ചാള്‍സിന്‌ ഇതില്‍ തീരെ താല്‍പര്യമില്ലായിരുന്നു. കുട്ടികാലം മുതല്‍ തന്റെ ചുറ്റിലും കാണപ്പെടുന്ന ജന്തുക്കളില്‍ തല്‌പരനായിരുന്നു ചാള്‍സ്‌. അദ്ദേഹം പ്രകൃതി ശാസ്‌ത്രമാണ്‌ പഠിക്കാന്‍ ആഗ്രഹിച്ചത്‌. അതിനാല്‍ വൈദ്യശാസ്‌ത്രത്തോട്‌ വിരക്‌തിതോന്നിയ ചാള്‍സ്‌ 1828 ല്‍ സര്‍വ്വകലാശാലയോട്‌ വിടപറഞ്ഞു. പിന്നീട്‌ ക്രൈസ്‌റ്റ് കോളേജില്‍ ചേര്‍ന്ന അദ്ദേഹം 1831 ല്‍ 10-ാം റാങ്കോടെ പ്രകൃതി ശാസ്‌ത്രത്തില്‍ ബിരുദം നേടി. പ്രകൃതി ശാസ്‌ത്രത്തോടൊപ്പം ഭൂവിജ്‌ഞാനത്തിലും അറിവ്‌ നേടിയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംഭാവന സെസ്‌ജീവിക്‌ എന്ന തിയോളജിസ്‌റ്റുമായി ചേര്‍ന്ന്‌ നടത്തിയ ഭൂസര്‍വ്വേയിലെ പങ്കാളിത്തമായിരുന്നു. ഇതിലൂടെ വിവിധ രാജ്യങ്ങളുടെ ഭൂഘടനയെ പറ്റിയുള്ള അറിവും ചാള്‍സ്‌ നേടിയെടുത്തു.
1831 ല്‍ തെക്കെ അമേരിക്കയിലെ കടലോരം സര്‍വ്വേ ചെയ്യാനായി പുറപ്പെട്ട ബീഗിള്‍ എന്ന കപ്പലിലെ പ്രകൃതി ശാസ്‌ത്രജ്‌ഞനായി തന്റെ 22-ാമത്തെ വയസില്‍ ചാള്‍സ്‌ നിയമിതനായി. ബീഗിള്‍ അതിന്റെ പര്യടനം 1831 ഡിസംബര്‍ 27 ന്‌ തുടങ്ങി. 5 വര്‍ഷം നീണ്ടുനിന്ന ഈ കാലയളവില്‍ ഇവര്‍ വിവിധ ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ചു. ഈ ഭൂഭാഗങ്ങളിലെ എല്ലാ ജന്തുക്കളുടെയും സൂക്ഷ്‌മ നീക്ഷണത്തിലായിരുന്നു ഡാര്‍വിന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. ഇവിടെ എല്ലാം ജന്തു സ്‌പെഷീസിന്‌ നേരിയ തോതില്‍ വ്യത്യാസം വന്നിട്ടുള്ളതായി അദ്ദേഹം കണ്ടെത്തി. യാത്രയ്‌ക്കിടയില്‍ ഗാലപ്പാ ഗോസ്‌ എന്ന ദ്വീപില്‍ കുറച്ചുനാള്‍ തങ്ങുകയുണ്ടായി. അവിടെ കണ്ട ജന്തുക്കള്‍ ചാള്‍സ്‌ ഡാര്‍വിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. അവിടെ കാണപ്പെട്ട ഭീമാകാരന്മാരായ ആമകളും, പ്രത്യേക ഇനം പക്ഷികളും ഈ ദ്വീപിന്‌ ചുറ്റുപാടുമുള്ള സ്‌ഥലങ്ങളിലൊന്നും തന്നെ ഇല്ലാത്തവയായിരുന്നു. അവിടെ കണ്ട 14 ഇനത്തിലുള്ള പക്ഷികള്‍ ലോകത്തില്‍ മറ്റൊരിടത്തും ഉള്ളവയായിരുന്നില്ല. ഇപ്രകാരം സ്‌പെഷീസ്‌ വ്യത്യസ്‌ഥമാകുന്നത്‌ എന്തുകൊണ്ടാണ്‌ എന്ന ചിന്തയാണ്‌ ചാള്‍സിനെ പ്രകൃതി ശാസ്‌ത്രജ്‌ഞനെന്ന നിലയില്‍ പരിണാമ വാദ സിദ്ധാന്തം കരുപ്പിടിപ്പിക്കുന്നതിലേക്ക്‌ നയിച്ചത്‌.
ബീഗില്‍ പര്യടനത്തിന്‌ ശേഷം ചാള്‍സ്‌ ഡാര്‍വിന്‍ 1836 ല്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തി. ബീഗിളില്‍ പര്യടനം നടത്തികൊണ്ടിരുന്ന കാലത്ത്‌ പല ഭൂഭാഗങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെയും വിവരങ്ങളുടെയും അടിസ്‌ഥാനത്തില്‍ ഡാര്‍വിന്‍ ഒരു ഗ്രന്ഥം രചിക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളോളം നീണ്ടുനിന്നിരുന്ന പഠന നിരീക്ഷണങ്ങള്‍ക്ക്‌ ശേഷം ജീവി വര്‍ഗ്ഗത്തിന്റെ പരിണാമത്തെ പറ്റിയുള്ള നിഗമനങ്ങളും അവയുടെവിശദാംശങ്ങളും വിശകലനം ചെയ്യപ്പെടുന്ന ഒറിജിന്‍ ഓഫ്‌ സ്‌പീഷീസ്‌എന്ന കൃതി 1859 നവംബര്‍ 24 ന്‌ ഡാര്‍വിന്‍ പ്രസിദ്ധീകരിച്ചു. ഈ കൃതിയുടെ പൂര്‍ണമായ നാമം ഒറിജിന്‍ ഓഫ്‌ സ്‌പീഷീസ്‌ ബൈ മീന്‍സ്‌ ഓഫ്‌ നാച്വറല്‍ സെലക്ഷന്‍ ഫോര്‍ ദാ പ്രിസര്‍വേഷന്‍ ഓഫ്‌ ഫെവേര്‍ഡ്‌ റേസസ്‌ ഇന്‍ ദാ സ്‌ട്രഗിള്‍ ഫോര്‍ ലൈഫ്‌ എന്നാണ്‌. ശാസ്‌ത്രരംഗത്തും സമൂഹത്തിലാകമാനവും ഒരു കൊടുംകാറ്റ്‌ തന്നെ ഈ കൃതി അഴിച്ചുവിടുകയുണ്ടായി. അതു വരെ ധരിച്ച്‌ വച്ചിരുന്ന പല വിശ്വാസ പ്രമാണങ്ങളെയും തകിടം മറിക്കുന്ന ആശയങ്ങളാണ്‌ ഡാര്‍വിന്‍ ഈ കൃതിയിലൂടെ അവതരിപ്പിച്ചത്‌. ജീവന്റെ വികാസ പരിണാമത്തെപറ്റി ഡാര്‍വിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ യാഥാസ്‌ഥിതികരായ പലര്‍ക്കും സ്വീകാര്യമായിരുന്നില്ല. പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ വര്‍ഷങ്ങള്‍കൊണ്ടാണ്‌ ജീവ പരിണാമം നടന്നിട്ടുള്ളതെന്നും അല്ലാതെ ഒറ്റ ദിവസത്തെ സൃഷ്‌ടി അല്ല ഇതെന്നും ഡാര്‍വിന്‍ സമര്‍ത്ഥിച്ചു. ഈ പ്രത്യേക സിദ്ധാന്തം ഡാര്‍വിസം എന്ന പേരില്‍ പിന്നീട്‌ അറിയപ്പെട്ടു. ആധുനിക ശാസ്‌ത്ര നേട്ടങ്ങള്‍ സംഭാവന ചെയ്‌തിട്ടുള്ള അറിവുകള്‍ കൂടി ഉള്‍ക്കൊണ്ട്‌ കാലാകാലങ്ങളില്‍ പരിഷ്‌കരിക്കപ്പെട്ട ഈ സിദ്ധാന്തം ഇന്ന്‌ നിയോ ഡാര്‍വനിസം എന്നാണ്‌ അറിയപ്പെടുന്നത്‌.
1882 ഏപ്രില്‍ 19 ന്‌ ചാള്‍സ്‌ ഡാര്‍വിന്‍ നിര്യാതനായി. ഇംഗ്ലണ്ടിലെ മഹാപുരുഷന്മാരുടെ ഭൗതിക ശരീരം അടക്കം ചെയ്യാറുള്ള വെസ്‌റ്റ് മിനിസ്‌റ്റര്‍ ആബിയില്‍ ന്യൂട്ടണ്‍, ഫാരഡേ എന്നീ ശാസ്‌ത്രകാരന്‍മാരുടെ കല്ലറകള്‍ക്ക്‌ സമീപത്താണ്‌ ഡാര്‍വിന്റെ ഭൗതിക ശരീരവും അടക്കം ചെയ്‌തിട്ടുള്ളത്‌.
പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ വളരെ സാവധാനവും അനുകൂല സവിശേഷതകള്‍ ഉപയോഗപ്പെടുത്തിയും നടന്ന ക്രമബദ്ധമായ മാറ്റങ്ങളിലൂടെയാണ്‌ ഇന്ന്‌ കാണപ്പെടുന്ന ജീവികള്‍ പരിണമിച്ച്‌ ഉയര്‍ന്നതെന്ന്‌ ഡാര്‍വിന്‍ സമര്‍ത്ഥിച്ചു. ഇതിലൂടെ യുക്‌തി സഹവും ശാസ്‌ത്രീയവുമായ ഡാര്‍വനിസം എന്ന പരിണാമ സിദ്ധാന്തം ആവിഷ്‌കരിച്ചു. 20 വര്‍ഷത്തെ നിരന്തരമായ പഠനവും ഗവേഷണവുംകൊണ്ടാണ്‌ ചരിത്രപ്രസിദ്ധമായ ഒറിജിന്‍ ഓഫ്‌ സ്‌പിഷീസ്‌ എന്ന ഗ്രന്ഥവും മറ്റൊരു ഗ്രന്ഥമായ ദി ഡിസെന്റ ഓഫ്‌ മാന്‍ എന്നിവയും അദ്ദേഹം ലോകത്തിന്‌ സംഭാവന ചെയ്‌തത്‌. ഈ കൃതികള്‍ ശാസ്‌ത്രലോകത്ത്‌ സൃഷ്‌ടിച്ച വിപ്ലവം ലോകത്തൊട്ടാകെ വലിയ ചലനങ്ങളാണ്‌ ഉണ്ടാക്കിയത്‌. യാഥാസ്‌ഥിതികര്‍ അദ്ദേഹത്തിനെതിരായി വലിയ യുദ്ധപ്രഖ്യാപനം തന്നെ നടത്തിയെങ്കിലും ഇംഗ്ലണ്ടിലെ നിലവിലുണ്ടായിരുന്ന ഏതു കാര്യങ്ങളെ സംബന്ധിച്ചുമുള്ള സഹിഷ്‌ണുതാപരമായ നിലപാടാണ്‌ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്‌.
ഡാര്‍വിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരാണ്‌ കമ്മ്യണിസ്‌റ്റ് ആചാര്യന്‍മാരായ കാള്‍മാര്‍ക്‌സും ഫെഡറിക്‌ എംഗല്‍സും. ജീവല്‍ പ്രകൃതിയുടെ പരിണാമത്തിന്റെ നിയമം ഡാര്‍വിന്‍ കണ്ടുപിടിച്ചതുപോലെ മാനവചരിത്രത്തിന്റെ വളര്‍ച്ചയുടെ നിയമം മാര്‍ക്‌സ് കണ്ടുപിടിച്ചു.
സാമൂഹിക ശാസ്‌ത്രത്തില്‍ മാര്‍ക്‌സും എംഗല്‍സും ഒരു വിപ്ലവം വരുത്തികൊണ്ടിരുന്ന അതേ കാലഘട്ടത്തിലാണ്‌ ചാള്‍സ്‌ ഡാര്‍വിന്‍ ജീവ ശാസ്‌ത്രത്തില്‍ വിപ്ലവം ഉണ്ടാക്കുന്നത്‌. പില്‍കാല വിശ്വചരിത്രത്തെ അത്രമാത്രം സ്വാധീനിച്ച സംഭവങ്ങള്‍ മറ്റൊന്നുമില്ല. 1859 ല്‍ രാഷ്‌ട്രീയ ധനശാസ്‌ത്രവിമര്‍ശനത്തിന്‌ ഒരു സംഭാവന എന്ന മാക്‌സിയന്‍ കൃതി പുറത്തുവന്ന അതേ കാലഘട്ടത്തിലാണ്‌ ഡാര്‍വിന്റെ ദി ഒറിജിന്‍ ഓഫ്‌ സ്‌പീഷീസും പുറത്തുവന്നത്‌. മതത്തിന്റെയും ആത്മീയവാദത്തിന്റെയും മേലേ ഭൗതിക വാദത്തിന്റെയും വൈരുദ്ധ്യവാദത്തിന്റെയും വിജയം പ്രഖ്യാപിക്കുന്ന കൃതി. മാര്‍ക്‌സിസ്‌റ്റ് സിദ്ധാന്തത്തിന്റെ ശാസ്‌ത്രീയ സാധൂകരണം പോലെ.
ഡാര്‍വിന്റെ പുസ്‌തകം പുറത്തിറങ്ങിയ ഉടന്‍ തന്നെ അത്‌ വായിച്ച്‌ മാര്‍ക്‌സ് അതേക്കുറിച്ച്‌ അഭിനന്ദിച്ച്‌ എഴുതി. ഡാര്‍വിനിസത്തിന്റെ വിപ്ലവാത്മകത വിവരിച്ച മാര്‍ക്‌സ് അതിന്റെ പോരായ്‌മകളും ചൂണ്ടിക്കാട്ടി. സമരവും അതില്‍ അര്‍ഹതയുള്ളത്‌ അതിജീവിക്കലും എന്ന ജീവി വര്‍ഗ്ഗത്തിന്റെ നിയമം സോഷ്യല്‍ ഡാര്‍വിനിസ്‌റ്റുകള്‍ മനുഷ്യകുലത്തിന്റെ മേല്‍, സാമൂഹ്യ സംഭവങ്ങളുടെ മേല്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നത്‌ ആപല്‍കരമാണെന്ന്‌ മകള്‍ ലോറയ്‌ക്ക് അയച്ച ഒരു കത്തില്‍ മാര്‍ക്‌സ് ചൂണ്ടികാണ്ടുന്നുണ്ട്‌.
മാര്‍ക്‌സ് മൂലധനത്തിന്റെ ഒന്നാംവാള്യം ഡാര്‍വിന്‌ അയച്ചുകൊടുക്കുകയുണ്ടായി. അതീവ സ്‌നേഹ ബഹുമാനങ്ങളോടെ അത്‌ കൈപ്പറ്റിയ ഡാര്‍വിന്‍ കൃതജ്‌ഞത പ്രകടിപ്പിച്ചു കൊണ്ട്‌ മറുപടി അയയ്‌ക്കുകയും ചെയ്‌തു. നാം ഇരുവരും വ്യത്യസ്‌ഥ മേഖലയിലാണ്‌ പഠനം നടത്തുന്നത്‌ എങ്കിലും രണ്ടും മനുഷ്യവര്‍ഗ്ഗത്തിന്‌ ഭാവിയില്‍ ആനന്ദമുണ്ടാക്കുമെന്ന്‌ വിശ്വസിക്കുന്നു എന്ന്‌ മറുപടിയില്‍ വിശദമാക്കുകയും ചെയ്‌തു.
ഡാര്‍വിന്‍ ലോകത്തെ എല്ലാ പിന്‍തിരിപ്പന്മാര്‍ക്കും, യാഥാര്‍ത്ഥ്യങ്ങളെ ഒരിക്കലും അംഗീകരിക്കാത്തവര്‍ക്കും തന്റെ പരിണാമ സിദ്ധാന്തത്തില്‍ കൂടി കനത്ത പ്രഹരമാണ്‌ ഏല്‍പ്പിച്ചത്‌. ലോകപുരോഗതിയ്‌ക്ക് മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത മഹത്തായ സംഭാവനയാണ്‌ ശാസ്‌ത്രജ്‌ഞന്‍ എന്ന നിലയില്‍ അദ്ദേഹം നല്‍കിയത്‌. അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ച്‌, അദ്ദേഹത്തെ സംബന്ധിച്ച വിശദമായ കാര്യങ്ങള്‍ മനസിലാക്കാനും മഹാനായ ആ ശാസ്‌ത്രജ്‌ഞന്‌ ആദരാജ്‌ഞലികള്‍ അര്‍പ്പിക്കാനും കഴിഞ്ഞതില്‍ വലിയ സംതൃപ്‌തിയോടെയാണ്‌ ഈ ലേഖകന്‍ ഡോണ്‍ ഹൗസില്‍ നിന്നും വിടപറഞ്ഞത്‌.

അഡ്വ.ജി. സുഗുണന്‍
ഫോണ്‍: 9847132428

Ads by Google
Saturday 25 May 2019 10.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW