Friday, June 21, 2019 Last Updated 13 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 10.41 PM

സിനിമയെ പ്രണയിച്ച ദമ്പതികള്‍

uploads/news/2019/05/310545/sun7.jpg

സിനിമയെ ഒരുപോലെ പ്രണയിച്ച ദമ്പതികളായിരുന്നു നന്ദകുമാര്‍ കാവിലും ആശ പ്രഭയും. 1996-ല്‍ പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍നിന്ന്‌ ദേശീയ പുരസ്‌കാരത്തോടെയാണ്‌ നന്ദകുമാര്‍ പഠിച്ചിറങ്ങിയത്‌. മാന്ത്രികവീണ, മഴനൂല്‍ക്കനവ്‌, ഏറനാടിന്‍ പോരാളി, അവന്‍, യു കാന്‍ ഡു എന്നീ ചിത്രങ്ങളാണ്‌ നന്ദകുമാര്‍ സംവിധാനം ചെയ്‌തത്‌. വൈക്കം സ്വദേശിനിയായ ആശ കേരള പ്രസ്‌ അക്കാദമിയില്‍ ജേര്‍ണലിസം പഠനത്തിനുശേഷം സി ഡിറ്റില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ കോഴ്‌സിനു ചേര്‍ന്നു. ഇതിനൊപ്പം ദൂരദര്‍ശനില്‍ പോഗ്രാമുകളും ചെയ്‌തുതുടങ്ങി.
ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്‌ത സൂസന്നയില്‍ സഹകരിച്ചുകൊണ്ടാണ്‌ ആശ സിനിമാ ജീവിതം ആരംഭിച്ചത്‌. ഈ സിനിമയുടെ സെറ്റില്‍വെച്ച്‌ ആശ തിരക്കഥ മുതല്‍ വിതരണം വരെയുള്ള അണിയറപ്രവത്തനങ്ങളെല്ലാം പഠിച്ചു. തുടര്‍ന്ന്‌ പ്രിയനന്ദനന്‍, പവിത്രന്‍, ശശിധരന്‍ എന്നിവരുടെ സിനിമകളില്‍ സഹസംവിധായികയായി. ഈ കാലയളവില്‍ നന്ദകുമാറിനെ പരിചയപ്പെട്ടു. സൗഹൃദത്തിനിടയിലെപ്പോഴോ ഇരുവര്‍ക്കുമിടയില്‍ പ്രണയവും മൊട്ടിട്ടിരുന്നു. തിരുവനന്തപുരത്തെ ചിത്രാഞ്‌ജലി സ്‌റ്റുഡിയോ ആ പ്രണയത്തിനു സെറ്റിട്ടു.
പ്രണയത്തിനൊപ്പം സിനിമാ സ്വപ്‌നങ്ങളും വളര്‍ന്നു. 2001-ലായിരുന്നു വിവാഹം. തുടര്‍ന്ന്‌ നന്ദകുമാറിന്റെ ചിത്രങ്ങളുടെ അണിയറയില്‍ ആശയുമുണ്ടായിരുന്നു. കേരള സംസ്‌ഥാന ചലച്ചിത്ര വികസന കോര്‍പറേഷനില്‍ ആശയും നന്ദകുമാറും ജോലിക്കു ചേര്‍ന്നതും ഒരേ ദിനത്തിലാണ്‌. യു കാന്‍ ഡു എന്ന ചിത്രത്തില്‍ ഭര്‍ത്താവ്‌ സംവിധായകനായപ്പോള്‍ ഭാര്യ നിര്‍മാതാവായി. അതിനു ശേഷമാണ്‌ ഇരുവരും ഒരുമിച്ച്‌ സിദ്ധാര്‍ഥന്‍ എന്ന ഞാന്‍ സിനിമയുടെ കഥയെഴുതിയതും തിരക്കഥ പകുതിയോളമാക്കിയതും.

പാതിയില്‍ മുറിഞ്ഞ സ്വപ്‌നം
2016-മാര്‍ച്ച്‌ നാലിനായിരുന്നു നന്ദകുമാറിന്റെ അപ്രതീക്ഷിത വേര്‍പാട്‌. പതിനാറുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഒരു സൂചനയും നല്‍കാതെ ആശയെയും മക്കളെയും തനിച്ചാക്കി നന്ദകുമാര്‍ പോയി. തലേദിവസം മകന്റെ പിറന്നാളായിരുന്നു.
ആഘോഷമൊക്കെ കഴിഞ്ഞ്‌ ഒരു പരിശോധനയ്‌ക്കായാണ്‌ ആശയും നന്ദകുമാറും ആശുപത്രിയില്‍ പോയത്‌. അവിടെ വച്ച്‌ പാതിയില്‍ മുറിഞ്ഞ സ്വപ്‌നം പോലെ സിനിമാ സ്വപ്‌നങ്ങള്‍ ബാക്കിവച്ച്‌ നന്ദകുമാര്‍ പോയി. കാര്‍ഡിയാക്‌ അറസ്‌റ്റായിരുന്നു. നന്ദകുമാറിന്റെ അദൃശ്യമായ സാമീപ്യത്തില്‍ സ്വപ്‌നങ്ങളെല്ലാം ചേര്‍ത്തുവച്ച്‌ ആശ തിരക്കഥ പൂര്‍ത്തിയാക്കി സിനിമയുടെ സംവിധാനവും ഏറ്റെടുത്തു.

സിദ്ധാര്‍ഥന്‍ എന്ന ഞാന്‍
ഒരു നാട്ടിന്‍പുറത്തുകാരന്റെ കഥയാണ്‌ സിദ്ധാര്‍ഥന്‍ എന്ന ഞാന്‍. കേരളത്തിന്റെ സമകാലീന സാമൂഹിക ചുറ്റുപാടുകളിലേക്കു കണ്ണോടിക്കുന്ന സിനിമ. ജാതി, പണം, നിറം എന്നിവയൊക്കെ എങ്ങനെ ഒരു മനുഷ്യനെ പാര്‍ശ്വവല്‍ക്കരിക്കുന്നു എന്ന്‌ ഈ ചിത്രം കാണിച്ചുതരുന്നു. സിബി തോമസാണ്‌ നായകന്‍.
നായിക അതുല്യ പ്രമോദ്‌. ചിത്രത്തില്‍ ദിലീഷ്‌ പോത്തനും ഇന്ദ്രന്‍സും അഭിനയിച്ചിട്ടുണ്ട്‌. അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമൊക്കെ ആശയുടെയും നന്ദകുമാറിന്റെയും അടുത്ത സുഹൃത്തുക്കളാണ്‌. സിനിമയിലെ നാലു പാട്ടുകളും ഹിറ്റായിക്കഴിഞ്ഞു. കണ്ടവരൊക്കെ ആശയെ നേരിട്ടുവിളിച്ച്‌ അഭിനന്ദനം അറിയിച്ചു.

വെല്ലുവിളികള്‍
നവാഗത സംവിധായിക എന്ന നിലയില്‍ വെല്ലുവിളികള്‍ അധികം നേരിടേണ്ടി വന്നില്ലെന്ന്‌ ആശ പറയുന്നു. എല്ലാവരും അടുത്ത സുഹൃത്തുക്കളായതിനാല്‍ നന്ദകുമാറിന്റെ സ്വപ്‌ന സാക്ഷാത്‌കാരത്തിനൊപ്പം നിന്നു. സാമ്പത്തികമായിരുന്നു പ്രശ്‌നം. ആദ്യം സിനിമയ്‌ക്ക് നിര്‍മാതാവ്‌ ഉണ്ടായിരുന്നു.
ചില കാരണങ്ങള്‍ കൊണ്ട്‌ നിര്‍മാതാവിനെ ഒഴിവാക്കേണ്ടി വന്നപ്പോള്‍ ആശയുടെ അച്‌ഛന്‍ നിര്‍മാണം ഏറ്റെടുത്തു. യശോദരാജ്‌ മൂവീസ്‌ എന്ന ബാനറില്‍ അച്‌ഛന്‍ പ്രഭാകരന്‍ നായരാണ്‌ സിനിമ നിര്‍മ്മിച്ചത്‌. കഥയെഴുത്ത്‌ മുതല്‍ വിതരണം വരെയുള്ള എല്ലാം കാര്യങ്ങളും സ്വയം ഏറ്റെടുത്തതിന്റെ വെല്ലുവിളിയുണ്ടായിരുന്നു.
കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഡോക്യുമെന്ററി വിഭാഗത്തിന്റെ മേധാവിയാണ്‌ ആശപ്രഭ. അതുകൊണ്ട്‌ കെ.എസ്‌.എഫ്‌.ഡി.സിയുടെ പിന്തുണ ലഭിച്ചു. രാവും പകലുമെന്നില്ലാതെ കഠിനാധ്വാനം ചെയ്‌താണ്‌ സിനിമ പൂര്‍ത്തിയാക്കിയത്‌. മുന്നോട്ടുള്ള പ്രയാണത്തില്‍ സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ തീരുമാനം. രണ്ടു മൂന്ന്‌ നല്ല ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്‌.
അമ്മയുടെയും അച്‌ഛന്റെയും സിനിമാ സ്വപ്‌നങ്ങള്‍ക്ക്‌ കട്ട സപ്പോര്‍ട്ടുമായി പ്ലസ്‌ ടുവിനും പത്തിലും പഠിക്കുന്ന മക്കളായ ആദിത്യനും ആദിനാഥനുമുണ്ട്‌. തിരുവനന്തപുരത്താണ്‌ ആശയുടെ താമസം.

അനിതാ മേരി ഐപ്‌

Ads by Google
Saturday 25 May 2019 10.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW