Friday, June 21, 2019 Last Updated 13 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 10.41 PM

സംവിധാനം മോഹന്‍ലാല്‍

uploads/news/2019/05/310544/sun6.jpg

മലയാള സിനിമ കണ്ട ഇതര നടന്‍മാരില്‍ നിന്നും മോഹന്‍ലാലിനെ വ്യത്യസ്‌തനാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്‌? ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'അടിമുടി' കലാകാരനാണ്‌ ലാല്‍. ബോണ്‍ ആക്‌ടര്‍ എന്ന ക്ലീഷേ പ്രയോഗം ലാലിനെ കുറച്ചു കാണലായി പോകും. അതിനുമപ്പുറത്ത്‌ ജന്മജന്മാന്തരങ്ങളായി കലാത്മകത നിലനില്‍ക്കുന്ന സവിശേഷമായ ഒരു ആത്മാവാണ്‌ അദ്ദേഹത്തിന്റേത്‌ എന്ന്‌ പറഞ്ഞാലും അതിശയോക്‌തിയാവില്ല. സ്‌കൂള്‍ പഠനകാലത്ത്‌ ബെസ്‌റ്റ് ആക്‌ടറായിരുന്ന ലാല്‍ ഗുസ്‌തി ചാമ്പ്യനായും തിളങ്ങി. അതിനപ്പുറം അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്നില്ല അദ്ദേഹം. ആദ്യചിത്രം തിരനോട്ടം സാങ്കേതിക കാരണങ്ങളാല്‍ വളരെ വൈകിയാണ്‌ വെളളിത്തിരയിലെത്തിയത്‌. ആദ്യം റിലീസായ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ഒരു സ്‌റ്റൈലിഷ്‌ ആക്‌ടര്‍ എന്നതിനപ്പുറം മറ്റൊന്നും നാം കണ്ടില്ല. എന്നാല്‍ അഭിനയത്തില്‍ തനത്‌ ശൈലി സൂക്ഷിക്കുന്ന ഒരാള്‍ എന്ന്‌ അന്നേ ലാല്‍ വിലയിരുത്തപ്പെട്ടു. പിന്നീട്‌ വില്ലനായും നായകനായും സാധാരണ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട ലാല്‍ അഭിനയസാദ്ധ്യതകയുള്ള മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചതോടെ തന്റെയുളളിലെ അസാധാരണ റേഞ്ചുളള നടനെ പുറത്തെടുത്തു. രുപഭാവങ്ങളിലും ശരീരഭാഷയിലും മാനസികാവസ്‌ഥയിലും വ്യക്‌തിത്വത്തിലും പരസ്‌പരം വലിയ വൈജാത്യം പുലര്‍ത്തുന്ന കഥാപാത്രങ്ങളെ അതിന്‌ പാകമായ വിധത്തില്‍ അവതരിപ്പിച്ചു കൊണ്ട്‌ ലോകനിലവാരമുള്ള നടനാണ്‌ താനെന്ന്‌ അദ്ദേഹം തെളിയിച്ചു. സ്‌ഫടികം, വാനപ്രസ്‌ഥം, ദേവാസുരം, വരവേല്‍പ്പ്‌, വെളളാനകളുടെ നാട്‌, ഉയരങ്ങളില്‍, വാസ്‌തുഹാര, കിരീടം, ഭരതം, കമലദളം, ദശരഥം, താളവട്ടം...എന്നിങ്ങനെ അഭിനയകലയുടെ അത്യൂദാത്തതലങ്ങളിലൂടെ സഞ്ചരിക്കുന്ന ലാലിനെ കണ്ട്‌ ഇന്ത്യന്‍ സിനിമ ഒന്നടങ്കം വിസ്‌മയിച്ചു. എന്നാല്‍ തന്റെ ആത്മാവിഷ്‌കാരം അഭിനയത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ വൈവിധ്യപുര്‍ണ്ണമായ കര്‍മ്മരംഗങ്ങളില്‍ വ്യാപരിക്കാനാണ്‌ ലാല്‍ ഇഷ്‌ടപ്പെട്ടത്‌. സംസ്‌കൃതനാടകനടനായും( കര്‍ണ്ണഭാരം) മജീഷ്യനായും ഗായകനായും ബ്ലോഗ്‌ എഴൂത്തുകാരനായും ഹൈക്കുകവിയായും എല്ലാം സാന്നിദ്ധ്യമറിയിച്ച ലാല്‍ നിര്‍മ്മാതാവ്‌, വിതരണക്കാരന്‍, സ്‌റ്റുഡിയോ ഉടമ എന്നിങ്ങനെ ചലച്ചിത്രവ്യവസായത്തിന്റെ വിവിധ മേഖലകളിലും താന്‍ ആര്‍ക്കും പിന്നിലല്ലെന്ന്‌ തെളിയിച്ചു.
നിര്‍മ്മാതാക്കള്‍ ചലച്ചിത്രവ്യവസായത്തിന്റെ ആണിക്കല്ലായിരുന്ന കാലത്താണ്‌ ലാല്‍ സിനിമയിലെത്തുന്നത്‌. ഉദയ, നവോദയ, സെഞ്ച്വറി, മഞ്ഞിലാസ്‌, സുപ്രിയ,മെരിലാന്റ ്‌, ഗൃഹലക്ഷ്‌മി എന്നിങ്ങനെ വന്‍ബാനറുകളുടെ അപ്രമാദിത്തം സിനിമയെ ഭരിച്ചിരുന്ന കാലത്ത്‌ താത്‌കാലിക ഡ്രൈവറായി വന്ന ആന്റണി പെരുമ്പാവൂരിനെ നിര്‍മ്മാതാവാക്കി കൊണ്ട്‌ സിനിമയില്‍ കലാകാരന്റെ പ്രാധാന്യം ലാല്‍ അരക്കിട്ടുറപ്പിച്ചു. ആന്റണി എന്ന നിര്‍മ്മാതാവിന്റെ കുപ്പായം നല്‍കുന്ന ധ്വനി അപാരമാണ്‌. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളായ പുലിമുരുകന്‍, ലൂസിഫര്‍, ദൃശ്യം എന്നീ ചിത്രങ്ങള്‍ പിറന്നത്‌ ലാല്‍-ആന്റണി കൂട്ടുകെട്ടിലാണെന്നതും ശ്രദ്ധേയം.
ലഫ്‌റ്റനന്റ ്‌ കേണല്‍ എന്ന സമുന്നത പദവി വഹിച്ചുകൊണ്ട്‌ ഉന്നതമായ സാമൂഹികപ്രതിബദ്ധത പുലര്‍ത്താനും ലാലിന്‌ സാധിച്ചു.
ഇപ്പോള്‍ ഇതാ സംവിധായകന്‍ എന്ന നിലയിലും മലയാളികള്‍ക്ക്‌ മുന്നിലെത്താന്‍ ഒരുങ്ങുകയാണ്‌ ലാല്‍. ബറോസ്‌ എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്ന ഈ ചിത്രത്തിന്‌ തിരക്കഥ രചിക്കുന്നത്‌ ലാലിന്റെ ആദ്യസിനിമയുടെ അമരക്കാരനായ ജിജോ നവോദയ ആണ്‌. ചരിത്ര പശ്‌ചാത്തലത്തിലുളള സിനിമയാണ്‌ ലാല്‍ ഒരുക്കുന്നത്‌. പോര്‍ച്ചുഗലില്‍ ചിത്രീകരിക്കുന്നു ഈ ത്രീഡി ചിത്രം കുട്ടികള്‍ക്കും മുതര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്‌ടപ്പെടും വിധത്തില്‍ ഒരുക്കാനാണ്‌ ലാലിന്റെ തീരുമാനം.
സംവിധായകനാവാനുള്ള താത്‌പര്യം ഏറെക്കാലമായി മനസിലുണ്ടായിരുന്നെങ്കിലും യാഥാര്‍ത്ഥ്യത്തിലേക്ക്‌ വഴിതുറന്നത്‌ വളരെ യാദൃശ്‌ചികമായ ഒരു കൂടിക്കാഴ്‌ചയായിരുന്നുവന്നെ ലാല്‍ പറയുന്നു. 'ഒരു ത്രീഡിഷോയ്‌ക്ക് വേണ്ടിയാണ്‌ ഞാനും സംവിധായകന്‍ രാജീവ്‌കുമാറും കൂടി ജിജോയെ കാണുന്നത്‌. അദ്ദേഹം ബറോസിന്റെ കഥ പറഞ്ഞപ്പോള്‍ ഇത്‌ മഹത്തായ ഒരു സിനിമയ്‌ക്ക് പറ്റിയ ആശയമാണെന്ന്‌ ഞാന്‍ പറഞ്ഞു. പക്ഷേ, ഇത്ര വലിയ ഒരു സിനിമ ആര്‌ സംവിധാനം ചെയ്യുമെന്ന്‌ ജിജോ ചോദിച്ചപ്പോള്‍ ഞാന്‍ ചെയ്യാമെന്ന്‌ പറഞ്ഞു. ജിജോ എന്നെ പ്രോത്സാഹിപ്പിച്ചു.' ഒക്‌ടോബറില്‍ ഷൂട്ടിംഗ്‌ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ഗോവയില്‍ ചിത്രീകരിക്കാനാണ്‌ സംവിധായകന്റെ പദ്ധതി.
മോഹന്‍ലാലിലെ അപാരപ്രതിഭാശാലി സിനിമാ പ്രവര്‍ത്തകര്‍ക്ക്‌ മാത്രമല്ല കലയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും എക്കാലവും ഒരു അത്ഭുതമായിരുന്നു. ഒരു വ്യാഴവട്ടക്കാലം നിരന്തരാഭ്യസനം നിര്‍വഹിച്ചവരേക്കാള്‍ സൂക്ഷ്‌മതയും ആഴവും തന്മയത്വവും ലാലിന്റെ നൃത്തച്ചുവടുകള്‍ക്കുണ്ടെന്ന്‌ പ്രമുഖ നര്‍ത്തകി വാണി ഗണപതി സാക്ഷ്യപ്പെടുത്തുന്നു. കഥകളി ചുവടുകള്‍ അവതരിപ്പിക്കുന്നതിലും ലാല്‍ പ്രകടിപ്പിച്ച പാടവം കഥകളി ആചാര്യന്‍മാരാല്‍ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌. കമലദളം , വാനപ്രസ്‌ഥം എന്നീ ചിത്രങ്ങള്‍ക്ക്‌ വേണ്ടി ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടു നിന്ന പരിശീലനത്തിലൂടെയാണ്‌ ലാല്‍ ഈ രംഗത്തെ പ്രമുഖരുടെ പ്രശംസക്ക്‌ പാത്രീഭവിച്ച പ്രകടനം നടത്തിയത്‌. ഈ തരത്തില്‍ ഏത്‌ കാര്യത്തിലും അസൂയാവഹമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന സകലകലാവല്ലഭനായ ലാലിന്റെ കന്നി സംവിധാന സംരംഭത്തെ ഏറെ പ്രതീക്ഷയോടെയാണ്‌ ചലച്ചിത്രലോകം ഉറ്റുനോക്കുന്നത്‌.
ഇതിനിടയില്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചരിത്രസിനിമ കുഞ്ഞാലിമരയ്‌ക്കാര്‍ റിലീസിന്‌ ഒരുങ്ങുന്നു.

എസ്‌. നന്ദകിഷോര്‍

Ads by Google
Saturday 25 May 2019 10.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW