Friday, June 21, 2019 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 10.41 PM

ട്രാഫിക്‌ സിഗ്നല്‍

uploads/news/2019/05/310542/sun4.jpg

കത്തി ജ്വലിക്കുന്ന സൂര്യന്റെ ചുവട്ടിലെ അനേകായിരം ട്രാഫിക്‌ സിഗ്നലുകളില്‍ ഒന്നില്‍ പച്ച വെളിച്ചം വന്നപ്പോള്‍ നിറുത്തിയിട്ടിരുന്ന വാഹനങ്ങള്‍ എല്ലാം ഒരേ സമയം കുതിക്കാന്‍ തുടങ്ങി. പല വാഹനങ്ങളിലെ യാത്രക്കാര്‍ക്കെല്ലാം ആ പച്ച വെളിച്ചം ഒരു ആശ്വാസമായിരുന്നു. പൊള്ളുന്ന ചൂടില്‍ നിന്ന്‌, നീണ്ടു നില്‍ക്കുന്ന ട്രാഫിക്‌ ബ്ലോക്കില്‍ നിന്ന്‌ എല്ലാം അവര്‍ക്കൊരു ആശ്വാസമായിരുന്നു. എന്നാല്‍ ടൈബുക്ക്‌ റഹ്‌മാന്‍ എന്ന ബംഗാളി യുവാവിന്‌ അത്‌ ആശ്വാസത്തിന്റെ വെളിച്ചമല്ലായിരുന്നു, പകരം തന്റെ വിശപ്പിനു ശമനം നല്‍കേണ്ട കച്ചവടത്തിന്‌ വിലങ്ങുതടിയായാണ്‌ ട്രാഫിക്‌ സിഗ്നലില്‍ കത്തിയ പച്ച വെളിച്ചത്തെ ടൈബുക്ക്‌ കണ്ടത്‌.
നാശം, എത്ര നേരമായി ഇങ്ങനെ നില്‍ക്കുന്നു. ഒരു വണ്ടിയേലും നിറുത്തിയിരുന്നെങ്കില്‍....
വാഹനങ്ങളില്‍ പതിപ്പിക്കാനാവുന്ന കരകൗശല വസ്‌തുക്കള്‍ വില്‍ക്കുന്ന ജോലിയാണ്‌ ടൈബുക്കിന്‌. ഒരു വണ്ടിയും നിറുത്താത്തതിന്റെ വിഷമവും ദേഷ്യവും മനസ്സില്‍ നിറഞ്ഞ ടൈബുക്ക്‌ സ്വയം പിറുപിറുത്തുകൊണ്ടിരുന്നു.
എന്താ ഭായി... ഇന്നും കച്ചവടം ഒന്നും നടന്നില്ല ?
ടൈബുക്കിന്റെ മുഖത്തെ വിഷമവും ഒട്ടിയ വയറും കണ്ടുകൊണ്ട്‌ വഴിയരികില്‍ വെള്ളക്കച്ചവടം നടത്തുന്ന ദിവാകരന്‍ ചോദിച്ചു.
ഇല്ല, ചേട്ടാ .. ആരും ഒന്നും വാങ്ങിയില്ല... എല്ലാരും വണ്ടി വേഗം ഓടിച്ചു പോകുന്നു. എനിക്ക്‌ വില്‍ക്കാന്‍ പറ്റിയില്ല.
ആഹ്‌.. സാരമില്ലടോ.. വാ ഒരു വെള്ളം കുടിക്കാം.
വേണ്ട ചേട്ടാ.. എന്റെ കൈയ്യില്‍ പൈസ ഇല്ല..
താന്‍ ഇത്‌ കുടിയ്‌ക്കടോ... പൈസ കിട്ടുമ്പോ തന്നാല്‍ മതി. കൊല്ലുന്ന ചൂടാണ്‌. വെള്ളം കുടിക്കാതിരുന്നാല്‍ തലകറങ്ങി താഴെപ്പോകും.
ദിവാകരന്‍ നല്‍കിയ തണുത്ത വെള്ളം ടൈബുക്ക്‌ ആര്‍ത്തിയോടെ കുടിച്ചു. ഭക്ഷണവും ജലവും ഒന്നും കിട്ടാതെ വറ്റി കിടന്ന ടൈബുക്കിന്റെ ശരീരം ചെറുതായി തണുത്തു.
ചൂടായതു കൊണ്ട്‌ എനിക്കിപ്പോള്‍ അത്യാവശ്യം നല്ല കച്ചവടം ഉണ്ട്‌.
കൂടുതല്‍ ഒന്നും സംസാരിക്കാതെ ടൈബുക്ക്‌ ഒരു മൂളലില്‍ ഉത്തരം നല്‍കി. എന്നിട്ട്‌ ദിവാകരന്‍ നല്‍കിയ വെള്ളം ആസ്വദിച്ചു കുടിച്ചുകൊണ്ടിരുന്നു.
എത്ര കിട്ടിയാല്‍ എന്താ, ഒന്നിനും തികയുന്നില്ല. രാവിലെ മുതല്‍ നല്ല കച്ചവടമാ.. പക്ഷേ രാത്രി വീട്ടിലേക്കു പോകാന്‍ നേരം എണ്ണിെപ്പറക്കി ഒരു അഞ്ഞൂറുരൂപ കഷ്‌ടി കിട്ടിയാല്‍ ആയി.
ദിവാകരന്റെ വാക്കുകള്‍ക്ക്‌ ടൈബുക്ക്‌ മറുപടി നല്‍കിയില്ല. കാരണം അഞ്ഞൂറുരൂപയുടെ ഒരു നോട്ടു കണ്ട കാലംപോലും അവന്‍ മറന്നിരിക്കുന്നു. ദിവസം അഞ്ഞൂറുരൂപ കിട്ടുന്ന ഒരു മനുഷ്യന്‍ അത്‌ തികയുന്നില്ലന്ന്‌ വിലപിക്കുന്നു. മൂന്ന്‌ മുറിയുള്ള ഒരു വീട്‌ ചെറുതാണെന്ന്‌ പരാതിപറയുന്നു. ഇതെല്ലാം കേട്ട്‌ അവന്‍ ഒരു നിമിഷം സ്വന്തം ജീവിതം ഓര്‍ത്തു.
ബംഗാളില്‍ തന്റെ വീടിരിക്കുന്ന സ്‌ഥലത്തേക്ക്‌ വാഹനങ്ങള്‍ പോകാന്‍ തക്ക വഴിയില്ല. കുടിക്കാനും കുളിക്കാനും എല്ലാം ഉപയോഗിക്കുന്നത്‌ ഒരേ വെള്ളം. വീടെന്നാല്‍ ഒറ്റമുറിയില്‍ കെട്ടിനിറുത്തിയ ഒരു ചതുരക്കഷ്‌ണം. ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും കിടക്കുന്നതും എല്ലാം ആ മുറിയില്‍. തന്റെ ജീവിത സാഹചര്യങ്ങള്‍ വെച്ച്‌ നോക്കുമ്പോള്‍ ദിവാകരന്‍ പറഞ്ഞ പരിഭവങ്ങള്‍, പരാതികള്‍ അവന്‌ സ്വര്‍ഗ്ഗമാണ്‌.
മനുഷ്യന്‍ അങ്ങനെയാണ്‌ ചേട്ടാ. ഉള്ളവന്‍ കിട്ടിയത്‌ കുറഞ്ഞുപോയി എന്ന്‌ വിലപിക്കും.. മറ്റുചിലരോ എന്തേലും കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കും.. എല്ലാര്‍ക്കും എല്ലാത്തിനോടും ആര്‍ത്തിയാണ്‌. മനുഷ്യന്റെ ആര്‍ത്തി തീരണമെങ്കില്‍ ലോകം അവസാനിക്കണം.
ദിവാകരന്റെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ സൗജന്യമായി നല്‍കിയ വെള്ളത്തിന്‌ നന്ദി പറഞ്ഞു കൊണ്ട്‌ അവന്‍ വീണ്ടും പഴേ ട്രാഫിക്‌ സിഗ്നലിന്റെ ചുവട്ടില്‍ വന്നു നിന്നു.
ഉച്ച സമയത്തു ചങ്ങനാശ്ശേരി റെയില്‍വേ സേ്‌റ്റഷന്‍ ബൈപ്പാസില്‍ കാറുകള്‍ കൂടുതല്‍ ആണ്‌. അതിനു കാരണവും ഉണ്ട്‌. വാഴൂര്‍ റോഡില്‍ നിന്ന്‌ വരുന്ന വാഹനങ്ങള്‍ക്കു പെട്ടന്ന്‌ പോകാന്‍ തക്ക സിഗ്നല്‍ കൂടുതല്‍ നേരം പച്ച കത്തി തന്നെ നില്‍ക്കും. അേത സമയം മറ്റു മൂന്നു വഴികളില്‍ നിന്ന്‌ വരുന്ന വാഹനങ്ങള്‍ക്കു സിഗ്നല്‍ കുറച്ചു നേരം മാത്രമേ കിട്ടൂ. അവര്‍ കൂടുതല്‍ നേരം ട്രാഫിക്കില്‍ കിടക്കേണ്ടി വരുന്നു. അത്തരം യാത്രക്കാരാണ്‌ ടൈബുക്കിന്റെ ജീവിതമാര്‍ഗവും.
സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നുണ്ട്‌. പതിവുപോലെ കാറുകള്‍ ഓരോന്നായി നിരനിരയായി വന്നു നിന്ന്‌ തുടങ്ങി. ടൈബുക്കിന്റെ ഉള്ളില്‍ വീണ്ടും പ്രതീക്ഷ ഉയര്‍ന്നു. രാവിലെ മുതല്‍ പട്ടിണിയാണ്‌. ആകെ കഴിച്ചത്‌ ദിവാകരന്‍ നല്‍കിയ തണുത്ത വെള്ളം മാത്രം. അതിന്റെ പച്ചപ്പിലാണ്‌ പിടിച്ചുനില്‍ക്കുന്നത്‌. നേരം ഒട്ടും തന്നെ പാഴാക്കാതെ ടൈബുക്ക്‌ കാറുകളുടെ മുമ്പിലേക്ക്‌ വില്‍ക്കാന്‍ വെച്ചേക്കുന്ന സാധനവുമായി ഓടി. ആദ്യത്തെ കാറുകാരന്‍ വാങ്ങിയില്ല, ടൈബുക്കിനെ ആട്ടിപായിച്ചു. രണ്ടാമത്തെ കാറുകാരനും സാധനം ഒന്നും വാങ്ങാന്‍ കൂട്ടാക്കാതെ ടൈബുക്കിനെ ഓടിച്ചു. അങ്ങനെ നിരന്നു കിടന്ന കാറുകളില്‍ ആരും തന്നെ സാധനം വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നു മാത്രമല്ല കാറുകളുടെ ഡോറിന്റെ വിന്‍ഡോ പോലും താഴ്‌ത്തിയില്ല.
അങ്ങനെ അവസാനം കിടന്ന കാറുകാരന്‍ ടൈബുക്കിനു മുമ്പില്‍ കാറിന്റെ വിന്‍ഡോ താഴ്‌ത്തി.
എത്ര രൂപയാ ?
ഭയ്യാ.. ഒരെണ്ണം നൂറു രൂപ..
അയ്യോ.. അത്‌ കൂടുതലാ.. ഒന്നാമത്‌ എനിക്കിതു വേണ്ട സാധനം അല്ല.. പിന്നെ കൊച്ചു കിടന്നു കരഞ്ഞ കൊണ്ടാണ്‌..
ഭയ്യാ.. ഇതുവരെ കച്ചവടം ഒന്നും നടന്നില്ല ഭയ്യാ.. ഒരെണ്ണം വാങ്ങൂ..
ശരി അമ്പതുരൂപയാണെങ്കില്‍ ഞാന്‍ വാങ്ങിക്കോളാം..
ഭയ്യാ.. അമ്പത്‌ രൂപാ..?
ടൈബുക്ക്‌ വിഷമിച്ചു നിന്നു.
അമ്പതിനാണെങ്കില്‍ മതി..
ഒരു കുലുക്കവുമില്ലാതെ കാറുകാരന്‍ പറഞ്ഞു.
രാവിലെ മുതലുള്ള വിശപ്പും കച്ചവടം നടക്കാത്ത സാഹചര്യവും എല്ലാംകൂടി ആയപ്പോള്‍ ടൈബുക്ക്‌ സമ്മതിച്ചു. എന്നാല്‍ ട്രാഫിക്‌ സിഗ്നലില്‍ പച്ച കത്തിയതിനാല്‍ കാറുകാരന്‍ സാധനം വാങ്ങാതെ തന്റെ ലക്ഷ്യം നോക്കി യാത്രയായി. മുമ്പില്‍ വന്നു കിട്ടിയ കച്ചവടം കളയാന്‍ മനസ്സില്ലാതെ ടൈബുക്ക്‌ കാറുകാരന്റെ പിറകെ ഓടി. തിരക്കുള്ള റോഡിന്റെ സെന്ററില്‍ എതിരെ വന്ന വാഹനം ടൈബുക്കിന്റെ ദേഹത്ത്‌ ചെന്ന്‌ മുട്ടി, കാലിനു പൊട്ടല്‍ ഏറ്റു. ഓടുന്ന വാഹനങ്ങള്‍ക്കു മുമ്പില്‍ കയറി തടസം നിന്നതിനു ട്രാഫിക്‌ പോലീസുകാരന്‍ ടൈബുക്കിന്റെ കവിളത്തു ആഞ്ഞടിച്ചു.
ചുട്ടു പൊള്ളുന്ന വെയിലില്‍ അവന്‍ റോഡില്‍ ഇരുന്നു കരഞ്ഞു. തന്റെ കാലിഞ്ഞു മുറിവുപറ്റിയതിലോ പോലീസുകാരന്‍ തല്ലിയതിലോ ആയിരുന്നില്ല അവന്‍ കരഞ്ഞത്‌. താന്‍ കച്ചവടം ചെയ്യാന്‍ വെച്ചിരുന്ന തന്റെ ജീവിത മാര്‍ഗമായ കരകൗശല വസ്‌തുക്കള്‍ തന്റെ മുമ്പില്‍ കാറുകള്‍ കയറി പൊട്ടി ചിതറി കിടക്കുന്നതു നോക്കിയാണ്‌ കരഞ്ഞത്‌.
രാത്രി ഏറെ വൈകി. വാഹങ്ങളുടെ തിരക്ക്‌ അവസാനിച്ചു. ട്രാഫിക്‌ സിഗ്നലുകള്‍ എല്ലാം ഓഫ്‌ ചെയ്‌തു. ഏറ്റവും അവസാനം അടയ്‌ക്കാറുള്ള കടയാണ്‌ ദിവാകരന്റേത്‌. ആ കടയും പൂട്ടി ദിവസവും കിട്ടുന്ന അഞ്ഞൂറുരൂപയും കൈയ്യില്‍ കരുതി ദിവാകരനും വീട്ടിലേക്കു പോയി. ട്രാഫിക്‌ സിഗ്നലുകള്‍ക്കപ്പുറം പാലത്തിന്റെ അടിയില്‍ ടൈബുക്ക്‌ ഉറങ്ങാനായി കിടന്നു. കാലിലെ വേദനയും കവിളിലെ അടികൊണ്ടു കല്ലിച്ചപാടും എല്ലാം അവന്‍ സഹിച്ചു കിടന്നു. പക്ഷേ അപ്പോഴും നാളെ എന്തെടുത്തു കച്ചവടം ചെയ്യും എന്ന കാര്യം ഓര്‍ത്തപ്പോള്‍ അവനു വിഷമം അടക്കാന്‍ ആയില്ല. സങ്കടം കണ്ണുനീരായി പുറത്തേയ്‌ക്കു വന്നു.
രാവിലെ കുടിച്ച തണുത്ത വെള്ളം നല്‍കിയ ഊര്‍ജം നഷ്‌ടമായിട്ട്‌ നേരം ഒരുപാടായിരുന്നു. എത്ര കിടക്കാന്‍ ശ്രമിച്ചിട്ടും വിശപ്പിന്റെ വിളി അവനെ ഉണര്‍ത്തികൊണ്ടിരുന്നു. ഒരുപാടു നേരം തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടു എന്തോ മനസ്സില്‍ കരുതി അവന്‍ എഴുന്നേറ്റു.
പാലത്തിന്റെ അടിയില്‍ താന്‍ കിടക്കുന്നതിന്റെ അടുത്തായി കിടക്കുന്ന ഒരു ഉരുളന്‍ കല്ല്‌ അവന്‍ കൈയ്യില്‍ എടുത്തു. എന്നിട്ട്‌ തന്റെ ഏറ്റവും വലിയ ശത്രുവായ ട്രാഫിക്‌ സിഗ്നലിലെ പച്ച വെളിച്ചം കത്തുന്ന ഭാഗത്തേക്ക്‌ ടൈബുക്ക്‌ കൈകളില്‍ കരുതിയ കല്ലെറിഞ്ഞു.
വിശപ്പിന്റെ മൂര്‍ച്ചയിലും കാലിന്റെ വേദനയിലും ഉള്ളില്‍ നീറുന്ന വേദനയ്‌ക്കിടയിലുമെല്ലാം ശക്‌തിയെന്നോണം അവന്‍ എറിഞ്ഞ കല്ല്‌ കൃത്യമായി അതിലേറ്റു. പൊട്ടി തകര്‍ന്നു വീഴുന്ന ചില്ലുകള്‍ കണ്ടു വേദന നിറഞ്ഞ മനസ്സിലും അവന്‍ സന്തോഷിച്ചു. എല്ലാത്തിനും സാക്ഷിയായി ചന്ദ്രന്‍ മുകളില്‍ ചിരിച്ചു കൊണ്ട്‌ നിന്നു.
പി.എം. സല്‍മാന്‍ റഷീദ്‌
മൊ: 9446617303

(നിയമപരമായ മുന്നറിയിപ്പ്‌ : ട്രാഫിക്‌ സിഗ്നല്‍ അടക്കമുളള പൊതുമുതല്‍ നശിപ്പിക്കുന്നത്‌ കുറ്റകരവും ശിക്ഷാര്‍ഹവുമാണ്‌. ഒരു സര്‍ഗാത്മക ചിത്രീകരണം എന്ന നിലയില്‍ മാത്രമാണ്‌ കഥയില്‍ ഇങ്ങനെയൊരു രംഗം അവതരിപ്പിച്ചിട്ടുളളത്‌. ഒരു കാരണവശാലും ഇത്‌ അനുസരിക്കാവുന്നതല്ല)

Ads by Google
Saturday 25 May 2019 10.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW