Friday, June 21, 2019 Last Updated 15 Min 11 Sec ago English Edition
Todays E paper
Ads by Google
ഋഷി വി.എസ്.
Saturday 25 May 2019 01.46 PM

പാര്‍ട്ടിക്ക് വേണ്ടി, ജനങ്ങള്‍ക്ക് വേണ്ടി, ഇത്രയെങ്കിലും കേരളത്തിലെ സിപിഎം ചെയ്യണം

ചെയ്യുന്ന മണ്ടത്തരങ്ങള്‍ക്കെല്ലാം സര്‍ക്കാരിന് ഓശാനപാടി ഈ സൈബര്‍ പോരാളികളാണ് സിപിഎമ്മിനെ വഴിതെറ്റിച്ചത്. ഈ കൊടി താഴില്ല, ഞാന്‍ എന്നും കമ്യൂണിസ്റ്റ് ആണൊന്നൊക്കെ പറഞ്ഞു ആവേശം നല്‍കാനായി ഇവര്‍ വീണ്ടും ഇറങ്ങിയിട്ടുണ്ട്. ഇവരുടെ കെണിയില്‍ നിങ്ങള്‍ വീഴരുത്.
Kerala CPM after election

യുഡിഎഫിന്റെ മഹാവിജയത്തില്‍ മതിമറന്നു കോണ്‍ഗ്രസുകാര്‍ എതിരാളികളെ സൈബറിടത്തില്‍ വെറുതെവിടുകയാണ്. സിപിഎമ്മിന് അര്‍ഹതപ്പെട്ട ട്രോളുകള്‍ പോലും കൊടുക്കുന്നതേയില്ല. കേരളത്തില്‍ നിന്ന് സീറ്റ് ലഭിച്ചില്ലെങ്കിലും ബംഗാള്‍ ഉള്‍പ്പെടെ മറ്റെവിടെ നിന്നെങ്കിലും സീറ്റ് നേടി ഇടത് പക്ഷം ഇന്ത്യയില്‍ കുറച്ചെങ്കിലും നിലനില്‍ക്കണം എന്ന് പല കോണ്‍ഗ്രസുകാരും ഉള്ളില്‍ ആഗ്രഹിക്കുന്നുണ്ട്.

ഈ വിജയം നേരെ തിരിച്ചാണ് സംഭവിച്ചിരുന്നെങ്കില്‍ എന്ന് ആലോചിച്ചിട്ടുണ്ടോ സൈബര്‍ സഖാക്കളുടെ ട്രോളുകളിലും തെറിവിളികളിലും മനംമടുത്ത് കോണ്‍ഗ്രസുകാര്‍ക്ക് ഫേസ്ബുക്ക് അകൗണ്ട് താല്‍ക്കാലികമായി ഡീലീറ്റ് ചെയ്യേണ്ടി വരുമായിരുന്നു. അത്രക്കായിരിക്കും ട്രോള്‍സുനാമി. ട്രോള്‍ നിര്‍മാണത്തിനായി ഐ സി യു പ്രത്യേക ഡിവിഷന്‍ തന്നെ ആരംഭിച്ചേനെ.

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഡിസിസി പ്രസിഡന്റുമാരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കന്മാരും തെരുവിലിറങ്ങുകയും പത്രസമ്മേളനം നടത്തുകയും ചെയ്യുമായിരുന്നു. യുഡിഎഫ് പൊട്ടിത്തെറിക്കുമായിരുന്നു.പൂര്‍ണചുമതല ഉണ്ടായിരുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ആന്ധ്രാപ്രദേശില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയപ്പോഴും ആരും കുറ്റപ്പെടുത്താതിരിക്കുന്നത് കേരളത്തിലെ വിജയത്തില്‍ ഒരു പങ്ക് അദ്ദേഹത്തിനും അവകാശപ്പെട്ടത് കൊണ്ടാണ്.

ഇപ്പോഴും തോല്‍വിയെ അഡ്ഡ്രസ് ചെയ്യാന്‍ സഖാക്കള്‍ പഠിച്ചിട്ടില്ല എന്നതാണ് ദു:ഖകരം. എതിരാളിയെ കൊലപ്പെടുത്തിയതിനു തെളിവായി ഒരു കൈവിരല്‍ മുറിച്ചുകൊണ്ട് വരണം എന്നാവശ്യപ്പെട്ടയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം എതിരാളിയില്ലാത്ത പോരാളി എന്ന് വാഴ്ത്തിപ്പാടി. ഒടുവില്‍ അതിശക്തനായ നേതാവിനെ എതിരാളിയാക്കിയപ്പോള്‍ കൊലപാതക കേസിലെ പ്രതിക്ക് വേണ്ടിയാണ് സൈബര്‍ സഖാക്കള്‍ രംഗത്തിറങ്ങിയത്.

ചെയ്യുന്ന മണ്ടത്തരങ്ങള്‍ക്കെല്ലാം സര്‍ക്കാരിന് ഓശാനപാടി ഈ സൈബര്‍ പോരാളികളാണ് സിപിഎമ്മിനെ വഴിതെറ്റിച്ചത്. ഈ കൊടി താഴില്ല, ഞാന്‍ എന്നും കമ്യൂണിസ്റ്റ് ആണൊന്നൊക്കെ പറഞ്ഞു ആവേശം നല്‍കാനായി ഇവര്‍ വീണ്ടും ഇറങ്ങിയിട്ടുണ്ട്. ഇവരുടെ കെണിയില്‍ നിങ്ങള്‍ വീഴരുത്. തോല്‍വിയെ കുറിച്ച് പഠിക്കുകയും നിലപാടുകളില്‍ മാറ്റം വരുത്തുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം.

പരിണിത പ്രജ്ഞരായ നേതാക്കള്‍ യോഗം ചേര്‍ന്ന് പരാജയത്തെ ക്കുറിച്ച് വിലയിരുത്തുകയും താഴെത്തട്ടില്‍ ഇറങ്ങുകയും ചെയ്യുക. ബിജെപി വോട്ട് മറിച്ചത് കൊണ്ട് യുഡിഎഫ് ജയിച്ചു എന്നൊന്നും വിലയിരുത്തി തടിതപ്പരുത്. കാരണം ബിജെപിക്ക് വോട്ട് കൂട്ടിയിട്ടേയുള്ളൂ. ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന ശോഭാസുരേന്ദ്രന്‍ രണ്ടര ലക്ഷത്തോളം വോട്ട് പിടിച്ചു മാറ്റിയിട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് നാല്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇടതു പക്ഷത്തെ മലര്‍ത്തി അടിക്കുകയായിരുന്നു.

നേതാക്കന്മാര്‍ സോഷ്യല്‍ മീഡിയ വിട്ട് താഴെ തട്ടില്‍ ഇറങ്ങുക എന്നതിനര്‍ത്ഥം ലോക്കല്‍ കമ്മറ്റിയിലും ബ്രാഞ്ച് കമ്മറ്റിയിലും സംസാരിക്കുക എന്നതല്ല ഈ സംവിധാനത്തെ പത്തു വര്‍ഷം കൊണ്ട് ഷണ്ഡീകരിച്ചു എല്ലാം സംസ്ഥാന കമ്മറ്റിയുടെ വാര്‍പ്പ് മാതൃക ആക്കിയിട്ടുണ്ട്. ഓട്ടോറിക്ഷാ െ്രെഡവര്‍മാര്‍, തൊഴിലാളികള്‍ (പണിയെടുക്കുന്നവര്‍), ചെറുകിട കച്ചവടക്കാര്‍, അമ്പലത്തിലും പള്ളിയിലും പോകുന്നവര്‍, മല്‍സ്യത്തൊഴിലാളികള്‍ എന്നിവരോടൊക്കെ സംസാരിക്കുക. വീഴ്ച എന്താണെന്നു അവര്‍ പറഞ്ഞു തരും. പാര്‍ട്ടികമ്മറ്റികളെ വിശ്വസിച്ചാല്‍ അവര്‍ തരുന്ന കണക്ക് വിശ്വസിച്ചു പൊതുജന മധ്യത്തില്‍ അവഹേളിതരായപോലെ വീണ്ടും ഇതൊക്കെ ആവര്‍ത്തിക്കും.

ഇനി തൊലിപ്പുറത്തുള്ള ചികിത്സയല്ല ആവശ്യം. പ്രവര്‍ത്തന രഹിതമായ കിഡ്‌നിയുടെ മാറ്റിവയ്ക്കലാണ് നടത്തേണ്ടത്. നേതാക്കന്മാര്‍ മാത്രം അതിനായി ഒരു മൂന്ന് വര്‍ഷം മുന്‍പ് പിന്നോട്ടു പോകണം. പിണറായിയും കോടിയേരിയും മാത്രം ചിരിച്ചു നില്‍ക്കുന്ന കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ആണ് ഇത്തവണ സ്ഥാപിച്ചതെങ്കില്‍ മൂന്ന് വര്‍ഷം മുന്‍പ് ആ ബോര്‍ഡില്‍ നിങ്ങള്‍ വെട്ടിനിരത്തിയ ഒരാള്‍ കൂടി ഉണ്ടായിരുന്നു എന്ന് ഓര്‍ക്കുക. അഴിമതിയെയും ധാര്‍ഷ്ട്യത്തെയും മൂക്ക് കയറിട്ട് നിലക്ക് നിര്‍ത്താന്‍, എല്ലാം ശരിയാക്കാന്‍ മുന്നില്‍ ഞാനുണ്ടാകും എന്ന് ഉറപ്പ് നല്‍കിയ ഒരു ജ്ഞാനവൃദ്ധന്‍ ഉണ്ടായിരുന്നു. 62 കാരനായിരുന്ന കൊടിയേരിയേക്കാള്‍ 72 കാരനായ പിണറായിയേക്കാള്‍ ജനം വിശ്വസിച്ചത് അന്ന് 92 വയസുണ്ടായിരുന്ന വിഎസ് അച്യുതാനന്ദനെ ആയിരുന്നു.

ഇന്ന് 95 വയസില്‍ പിണറായിക്ക് പകരം വിഎസിനെ മുഖ്യമന്ത്രിആക്കണം എന്ന് ആരും പറയില്ല. പക്ഷെ ഒറ്റ ഫേസ് ബുക്ക് കമന്റ് കൊണ്ട് ഒരു കുഞ്ഞിന്റെ ജീവിതം രക്ഷിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ ഇവിടെ ഉണ്ട്. നെല്‍വിത്ത് എറിയാന്‍ ചുവന്ന പരവതാനിയില്‍ സോക്‌സും ഷൂസും ധരിച്ചു കോമാളിയാകാതെ നിപ ദുരന്തം കേരളത്തെ വിഴുങ്ങിയപ്പോള്‍ പേടിയില്ലാതെ സംഭവസ്ഥലത്ത് പോയ ശൈലജ മന്ത്രിയുണ്ടിവിടെ. അന്ധവിശ്വാസം പ്രചരിപ്പിക്കുകയും മോഡേണ്‍ മെഡിസിനെ തള്ളിപ്പറയുകയും ചെയ്തവരെ ജയിലിലടച്ച മന്ത്രി ശൈലജയാണ്. പിണറായിക്ക് പകരം കെ കെ ശൈലജയെ മുഖ്യമന്ത്രി ആക്കിയാല്‍ ചരിത്രത്തോട്, കെ ആര്‍ ഗൗരി അമ്മയോട് സിപിഎം ചെയ്യുന്ന മാപ്പപേക്ഷ കൂടിയാകും. വനിതാ മതില്‍ പണിയാന്‍ മാത്രമല്ല മുഖ്യമന്ത്രി ആക്കാന്‍ കൂടി സിപിഎമ്മിന് സ്ത്രീകളെ വേണം എന്ന് കാട്ടികൊടുക്കുമ്പോള്‍ ഇതുവരെ ഉയര്‍ത്തിയ സമത്വ മുദ്രാവാക്യങ്ങള്‍ ഹൃദയത്തില്‍ നിന്ന് ഉയര്‍ന്നതാണെന്നു ജനം വിശ്വസിക്കും.പുരുഷന്മാരെക്കാള്‍ ഏറെ സ്ത്രീകള്‍ ഉള്ള കേരളത്തില്‍ ഇന്നേ വരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ജയലളിതയും മായാവതിയും മമതയും കാട്ടിനല്‍കിയ വഴി ഇനി എങ്കിലും കേരളം കണ്ണ് തുറന്നു കാണണം. ഈ അവസരം സിപിഎം പാഴാക്കരുത്.

വിഡ്ഢിത്തരങ്ങള്‍ ചെയ്ത ശേഷം പാര്‍ട്ടി കമ്മറ്റി കൂടി പശ്ചാത്തപിക്കുകയല്ല മറിച്ചു അവസരം വരുമ്പോള്‍ ശരി ചെയ്യുകയാണ് വേണ്ടത്. വ്യക്തി ആരാധന ഉണ്ടായ സ്ഥലങ്ങളില്‍ നിന്നെല്ലാം കമ്യൂണിസം വേരറ്റുപോയി എന്ന ചരിത്രസത്യം മനസിലാക്കി പാര്‍ട്ടിക്ക് വേണ്ടി, ജനങ്ങള്‍ക്ക് വേണ്ടി ഇത്രയെങ്കിലും കേരളത്തിലെ സിപിഎം ചെയ്യണം. ഇത്രയെങ്കിലും പറയുന്നത് സിപിഎമ്മില്‍ വിശ്വാസമുള്ളത് കൊണ്ടാണ്. ഈ നാട്ടിലെ പാവങ്ങളിലെ പാവങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ചെങ്കൊടി ഒരു നേതാവിന്റെ ധാര്‍ഷ്ട്യം സംരക്ഷിക്കാന്‍ വേണ്ടി താഴ്ത്തികൊടുക്കരുത്.

Ads by Google
ഋഷി വി.എസ്.
Saturday 25 May 2019 01.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW