Saturday, May 25, 2019 Last Updated 22 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.32 AM

അപരനോടുള്ള കടപ്പാട്‌

uploads/news/2019/05/310435/re4.jpg

സാമൂഹ്യ ജീവിതത്തില്‍ മനുഷ്യന്‍ എങ്ങനെ ഇടപടണമെന്നും സമൂഹത്തോട്‌ തന്റെ കടപ്പാട്‌ എന്താണെന്നും അനുഭവത്തിലൂടെ പഠിപ്പിക്കുകയാണ്‌ നോമ്പ്‌. അതുകൊണ്ട്‌ തന്നെ നോമ്പ്‌ സാമൂഹ്യ പ്രതിബദ്ധതയെ ഉദ്‌ഘോഷിക്കുന്നു. പട്ടിണി കിടക്കുന്നവന്റെയും മംഗല്യ സാഫല്യം അന്യം നിന്നവന്റെയും വേദനയും വ്യഥയും മനസിലാക്കാന്‍ നോമ്പ്‌ മനുഷ്യനെ പാകപ്പെടുത്തുന്നു. ഇസ്ലാമിലെ നോമ്പിന്റെ ഏറ്റവും സുതാര്യമായ രീതി പ്രകടമാകുന്നത്‌ ഫിത്‌റ്‌ സകാത്തിലൂടെയാണ്‌. അന്നവും വെള്ളവും എത്ര പ്രാധാന്യമുള്ളതാണെന്ന്‌ ബോധിപ്പിക്കുന്നു നോമ്പ്‌. അന്നപാനീയങ്ങള്‍ മാത്രം ഉപേക്ഷിക്കുകയല്ല തന്റെ നാവിനെയും കണ്ണിനെയും തന്റെ മുഴുവന്‍ അവയവങ്ങളെയും പിടിച്ചു കെട്ടുന്നതിലും നോമ്പിന്റെ ഭാഗധേയത്വം ഉണ്ട്‌.
മറ്റൊരുത്തനെ നാവുകൊണ്ടും കൈ കൊണ്ടും അക്രമിക്കലും കണ്ണുകൊണ്ട്‌ അല്ലാഹു നിഷിദ്ധമാക്കിയ കേന്ദ്രങ്ങളിലേക്കുള്ള നോട്ടവും ഖല്‍ബ്‌ കൊണ്ട്‌ മറ്റൊരുത്തനെ സംബന്ധിച്ചുള്ള തെറ്റായ വിചാരചിന്തയും എല്ലാം കുറ്റകരമാണെങ്കില്‍ പോലും നോമ്പ്‌ അതൊന്നു കൂടി ഉറപ്പിച്ചു പറയുന്നു. അല്ലാഹുവിന്റെ വചനം, അതിനെ അന്വര്‍ഥമാക്കുകയാണ്‌: എന്റെ അടിമകളെ, നിങ്ങളുടെ സഹോദരന്മാരെ നിങ്ങളുടെ നാവിന്റെയും നിങ്ങളുടെ മറ്റു അവയവങ്ങളുടെയും അക്രമത്തില്‍ നിന്ന്‌ രക്ഷപ്പെടുത്താതെ നിങ്ങള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതിലോ വിചാര വികാരങ്ങള്‍ പിടിച്ചു കെട്ടുന്നതിലോ എനിക്കു യാതൊരു താത്‌പര്യവുമില്ല. എല്ലാവരും ഏകോദര സഹോദരങ്ങളാണെന്നും എല്ലാവരുടെയും വേദന ഒരേ വേദനയാണെന്നും മനോവേദനയും ശാരീരിക വേദനയും എല്ലാ ക്ലേശങ്ങളും എല്ലാവരും ഒരേ അര്‍ഥത്തില്‍ അനുഭവിക്കേണ്ടതുമാണെന്നുമുള്ള തിരിച്ചറിവില്‍ നിന്ന്‌ മറ്റൊരാളെ വേദനിപ്പിക്കാതെ ജീവിക്കാന്‍ മനുഷ്യന്‍ നോമ്പ്‌ വഴി പാഠം പഠിക്കുന്നു.
ഇരുപത്തിയൊമ്പതോ മുപ്പതോ ദിവസം നോമ്പനുഷഠിച്ചതിനു ശേഷം മനുഷ്യന്‍ ഏകദേശം രണ്ടര കിലോ അരിയാണ്‌ ഫിത്‌ര്‍ സകാത്ത്‌ നല്‍കേണ്ടത്‌. അരിയുടെ മൂല്യം മനുഷ്യന്‍ നോമ്പിലൂടെ മനസിലാക്കിയപ്പോള്‍ തന്റെ സഹജീവിയെ അരികൊടുത്തു തന്നെ തനിക്കു ബോധ്യപ്പെട്ട ഒരു സംഭവത്തോട്‌ പ്രതികരിക്കുകയാണ്‌ മനുഷ്യന്‍. പെരുന്നാള്‍ രാവും പകലും തനിക്കും തന്റെ കുടുംബത്തിനും കഴിക്കാനുള്ള ഭക്ഷണവും വസ്‌ത്രവും താമസ സ്‌ഥലവും കഴിച്ച്‌ വല്ലതും മിച്ചമുണ്ടെങ്കില്‍ അത്‌ തന്റെ അയല്‍പകത്തുള്ള, നാട്ടിലുള്ള, കുടുംബത്തിലുള്ള ദരിദ്രരുടെയും പാവങ്ങളുടെയും കടക്കാരന്റെയും വഴിയാത്രക്കാരന്റെയും പുതുവിശ്വാസിയുടെയും മുതലാണ്‌, അവര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌ എന്ന്‌ കണിശമായി ഇസ്ലാം നിഷ്‌കര്‍ശിക്കുന്നു. മുസ്ലിം ജീവിതത്തിലെ ഏത്‌ ആരാധനയും സാമൂഹ്യ പ്രതിബന്ധതയുള്ളവനാകാനും കുടുംബ മഹിമ ഇണക്കി ചേര്‍ക്കുന്നവനാകാനും മനുഷ്യനെ പാകപ്പെടുത്തുന്നു.
ഇസ്ലാമിലെ എല്ലാ ആരാധനകളിലും ഇത്‌ കാണാന്‍ സാധിക്കും. നിസ്‌കാരത്തിനു വരുന്നവന്‍ കിട്ടുന്ന സ്‌ഥലത്ത്‌ ഇരിക്കണം. അവിടെ രാജാവെന്നോ ഭരണാധിപനെന്നോ വ്യത്യാസമില്ല. ഹജ്‌ജിലും ഇതേ പ്രകാരമാണ്‌. കുചേലനും കുബേരനും പണക്കാരനും പണിക്കാരനും ഉള്ളവനും ഇല്ലാത്തവനും എല്ലാവരും ഒരേ വസ്‌ത്രം ധരിച്ച്‌ ഒരേ സ്‌ഥലത്ത്‌ ഒരുമിച്ച്‌ കൂടി ഒരേ നാഥനിലേക്ക്‌ തിരിഞ്ഞ്‌ ഒരേ മന്ത്രം ഉരുവിട്ട്‌ സമത്വ ബോധത്തെ ഉദ്‌ഘോഷിക്കുന്നു. ഇസ്ലാമിലെ ഏത്‌ കര്‍മമെടുത്ത്‌ പരിശോധിച്ചാലും അതിലെല്ലാം സാമൂഹ്യനീതിയും സാമൂഹ്യ പ്രതിബന്ധതയും മനുഷ്യപ്പറ്റും ഉദ്‌ഘോഷിക്കുന്നതായും അത്‌ നടപ്പില്‍ വരുത്തുന്നതായും അതിനു പരിശീലനം നല്‍കുന്നതായും കാണാന്‍ സാധിക്കും.

ഇബ്‌റാഹീം ബാഖവി മേല്‍മുറി

(സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ സെക്രട്ടറിയും മഅ്‌ദിന്‍ ദഅ്‌വാ കോളജ്‌ പ്രിന്‍സിപ്പലുമാണ്‌ ലേഖകന്‍)

Ads by Google
Saturday 25 May 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW