Friday, June 07, 2019 Last Updated 27 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.29 AM

രാജ്‌ താക്കറെയും രക്ഷകനായില്ല

uploads/news/2019/05/310422/bft1.jpg

മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്‌) നേതാവ്‌ രാജ്‌ താക്കറെയുടെ താരമൂല്യത്തില്‍ പഴയപ്രതാപം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസ്‌-എന്‍.സി.പി.സഖ്യത്തിന്റെ ശ്രമം വിഫലം. അദ്ദേഹത്തിന്റെ സൗകര്യത്തിനൊത്തു പ്രചാരണസമയം ചിട്ടപ്പെടുത്താന്‍ വരെ തയാറായിരുന്നു മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍. എം.എന്‍.എസിനെ ഒപ്പംകൂട്ടണമെന്ന എന്‍.സി.പിയുടെ ആവശ്യത്തെ ശക്‌തമായി എതിര്‍ത്ത പി.സി.സി. പ്രസിഡന്റ്‌ അശോക്‌ ചവാന്‍ പോലും താക്കറെയുടെ സമയത്തിനായി കാത്തിരുന്നു. ഒടുവില്‍ ശിവസേന- ബി.ജെ.പി സഖ്യത്തിനെതിരേ പ്രചാരണത്തിനിറങ്ങാന്‍ അദ്ദേഹം സമ്മതിച്ചു. ആദ്യമായി പ്രചാരണം തുടങ്ങിയത്‌ അശോക്‌ ചവാന്‍ മത്സരിച്ച നാന്ദഡ്‌ മണ്ഡലത്തിലായിരുന്നു. തുടര്‍ന്ന്‌ എന്‍.സി.പിയുടെ അഞ്ച്‌ പ്രധാന മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ മറ്റു നാലു മണ്ഡലങ്ങളിലും കാടിളക്കി പ്രചാരണം.
ഫലം വന്നപ്പോഴാകട്ടെ, ചവാനടക്കം എല്ലാവരും തോറ്റു. ശിവസേന- ബി.ജെ.പി സഖ്യം സീറ്റുകള്‍ തൂത്തുവാരി. നാലിടത്ത്‌ എന്‍.സി.പി. വിജയിച്ചപ്പോള്‍ ഒരിടത്ത്‌ മാത്രമാണു കോണ്‍ഗ്രസ്‌ കരകയറിയത്‌. എം.എന്‍.എസ്‌. മത്സരിച്ചില്ലെങ്കിലും പ്രതിപക്ഷ സഖ്യത്തിന്റെ താരപ്രചാരകനായി ചാവേറായി. സ്വന്തം നേതാക്കളെ പോലും ഉപേക്ഷിച്ചായിരുന്നു എന്‍.സി.പി- കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളും നേതാക്കളും താക്കറെയുടെ സമയത്തിനായി കാത്തിരുന്നത്‌. എന്നാല്‍, അവര്‍ എട്ടുനിലയില്‍ പൊട്ടിയതോടെ താക്കറെയുടെ രാഷ്‌ട്രീയഭാവിയും അനിശ്‌ചിത്വത്തിലായി.
2014ലെ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന താക്കറെയോട്‌ ബി.ജെ.പി മമത പുലര്‍ത്തിയതു ശിവസേനയിലും കടുത്ത അതൃപ്‌തിക്ക്‌ കാരണമായിരുന്നു. നരേന്ദ്രമോഡിയെ പിന്തുണയ്‌ക്കും; പക്ഷേ, ശിവസേനയ്‌ക്ക്‌ വോട്ടില്ലെന്നായിരുന്നു കാര്‍ട്ടുണിസ്‌റ്റായ അദ്ദേഹത്തിന്റെ നിലപാട്‌. ഇതിനെതിരേ ശിവസേന നിലപാട്‌ കടുപ്പിച്ചതോടെ മോഡി പാര്‍ട്ടിഅധ്യക്ഷന്‍ ഉദ്ദവ്‌ താക്കറെയെ ഫോണിലൂടെ അനുനയിപ്പിക്കുകയായിരുന്നു. പിന്നാലെ ബി.ജെ.പി. നേതാവ്‌ രാജീവ്‌ പ്രതാപ്‌ റൂഡി ഡല്‍ഹിയില്‍നിന്ന്‌ മുംബൈയില്‍ പറന്നെത്തി. ശിവസേനയാണു തങ്ങളുടെ മുഖ്യ ഘടകകക്ഷിയെന്ന്‌ ഉറപ്പും കൊടുത്തു. ഇതോടെയാണു കഴിഞ്ഞ തവണ ബി.ജെ.പി. സഖ്യം മിന്നുന്ന വിജയം കരസ്‌ഥമാക്കിയത്‌.
ബി.ജെ.പിയും ശിവസേനയും ചേര്‍ന്ന്‌ പാര്‍ട്ടിയെ വിഴുങ്ങിയതോടെ അടിത്തറ നഷ്‌ടമായ സാഹചര്യത്തിലാണ്‌ ഇത്തവണ കോണ്‍ഗ്രസ്‌- എന്‍.സി.പി സഖ്യത്തിന്റെ ഭാഗമാകാന്‍ രാജ്‌താക്കറെ നീക്കം നടത്തിയത്‌. എന്‍.സി.പി. അനുകൂലിച്ചെങ്കിലും പാര്‍ട്ടിക്ക്‌ സ്വാധീനമില്ലെന്നു വ്യക്‌തമായ കോണ്‍ഗ്രസ്‌ ഇതിനെ ശക്‌തമായി എതിര്‍ത്തു. എന്നാല്‍, പ്രചാരണത്തിന്‌ രാജിനായി അദ്ദേഹത്തിന്റെ സഹായം തേടുകയായിരുന്നു.
പ്രചാരണത്തിലുട നീളം മോഡിക്കെതിരേ അദ്ദേഹം ആഞ്ഞടിച്ചു. വേദിയില്‍ സ്‌ഥാപിച്ച കൂറ്റന്‍ബോര്‍ഡുകളില്‍ തെളിഞ്ഞ മോഡിയുടെ പരസ്യചിത്രങ്ങളിലെ കൃത്രിമത്വം തുറന്നുകാട്ടി പ്രവര്‍ത്തകരെ കൊണ്ട്‌ ചൗക്കിദാര്‍ ചോര്‍ ഹേ മുദ്രാവാക്യം ഏറ്റുവിളിപ്പിച്ചു.
ശിവസേനാ തലവനായിരുന്ന ബാല്‍ താക്കറെയുടെ സഹോദര പുത്രനാണ്‌ രാജ്‌ താക്കറെ. സംസാരത്തിലും ശരീരഭാഷയിലും അദ്ദേഹത്തിന്റെ തനിപ്പകര്‍പ്പ്‌. ബാല്‍താക്കറെയുടെ അനന്തരാവകാശി ആയാണു രാജിനെ കണ്ടിരുന്നത്‌. വന്യജീവി ഫോട്ടോഗ്രഫിയില്‍ കമ്പമുള്ള ഉദ്ദവ്‌ താക്കറെ, രാഷ്‌ട്രീയ മുഖ്യധാരയില്‍നിന്ന്‌ അകന്നുമാറി കഴിയുമ്പോഴും ശിവസേനയുടെ വിദ്യാര്‍ഥി വിഭാഗമായ ഭാരതീയ വിദ്യാര്‍ഥി സേന രൂപീകരിച്ചും മറ്റും രാജ്‌ സജീവമായി. രാഷ്‌ട്രീയത്തില്‍ താല്‍പ്പര്യമില്ലായിരുന്ന ഉദ്ദവിനെ ദാദു എന്ന്‌ വിളിച്ച്‌ (ജ്യേഷ്‌ഠ സഹോദരന്‍) കൂട്ടിക്കൊണ്ടുവന്നാണ്‌ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നത്‌. രാജിന്റെയും ബാല്‍ താക്കറെയുടെയും ഫോട്ടോയെടുത്ത്‌ സമയം കളഞ്ഞ അദ്ദേഹം, രാഷ്‌ട്രീയത്തിലേക്കില്ലെന്ന നിലപാടിലായിരുന്നു.
എന്നാല്‍, അപ്രതീക്ഷിതമായി ഉദ്ദവിനെ തന്റെ പിന്‍ഗാമിയായി ബാല്‍ താക്കറെ പ്രഖ്യാപിച്ചതോടെ രാജ്‌ ഇടഞ്ഞു. ശിവസേന വിട്ട്‌ എം.എന്‍.എസ.്‌ രൂപീകരിച്ച്‌ ഉദ്ദവിനെതിരേ തിരിഞ്ഞു. പിതൃസഹോദരന്റെ വഴി തന്നെയായിരുന്നു രാജും പാര്‍ട്ടി വളര്‍ത്താന്‍ തെരഞ്ഞെടുത്തത്‌. മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി ദക്ഷിണേന്ത്യക്കാര്‍ക്കെതിരേ ബാല്‍ കലാപമുയര്‍ത്തിയപ്പോള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്‌ സ്വദേശികള്‍ക്കെതിരേ രാജ്‌ നിലകൊണ്ടു. നഗരത്തിലെ സൈന്‍ ബോര്‍ഡുകള്‍ മറാത്തിയിലാക്കണമെന്ന്‌ ആവശ്യമുന്നയിച്ചും രംഗത്തെത്തി. ബാല്‍താക്കറെയുടെ രൂപസാദൃശ്യമുള്ള രാജിനെ മറാത്തി ജനത നെഞ്ചേറ്റി. എം.എസ്‌.എസ്‌. മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ നിര്‍ണായക ഘടകമായി.
2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജിന്റെ സ്‌ഥാനാര്‍ഥികള്‍ പരമ്പരാഗത വോട്ടുകള്‍ പിടിച്ചതോടെ ബി.ജെ.പി- ശിവസേനാ സഖ്യം ദയനീയമായി പരാജയപ്പെട്ടു. മറാത്തി വികാരം ജ്വലിപ്പിച്ച്‌ എം.എന്‍.എസ്‌. മത്സരിച്ച മുംബൈയിലെ എല്ലാ മണ്ഡലങ്ങളിലും പൂനെയിലും നാസിക്കിലും സഖ്യം തോറ്റു. നിയമസഭാ തെരഞ്ഞെടുപ്പിലും സമ്മര്‍ദശക്‌തിയായി.
എന്നാല്‍, 2014 ലെ മോഡി തരംഗത്തില്‍ കാലിടറുമെന്ന്‌ തിരിച്ചറിഞ്ഞതോടെ മോഡിക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ രാജ്‌ സഖ്യത്തില്‍ ആശയക്കുഴപ്പം തീര്‍ത്തു. ബി.ജെ.പിയുമായി ശിവസേന ഇടയുന്ന സാഹചര്യത്തില്‍ രാജുമായി സൗഹൃദം സ്‌ഥാപിക്കാനും ബി.ജെ.പി. അണിയറ നീക്കവും നടത്തി. എന്നാല്‍, ശിവസേനയുടെ എതിര്‍പ്പു മൂലം സൗഹൃദം ഉപേക്ഷിച്ചു. അഞ്ചു വര്‍ഷംകൊണ്ട്‌ എം.എസ്‌.എസിനെ വിഴുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളെ നിര്‍ത്താനും കഴിഞ്ഞില്ല.
ശിവസേനയെയും ബി.ജെ.പി. വിഴുങ്ങിത്തുടങ്ങിയിട്ടുണ്ട്‌. ഇക്കാര്യത്തില്‍ ഉദ്ദവ്‌ തികച്ചും അസ്വസ്‌ഥനാണെങ്കിലും മോഡി- ഷാ ടീമിനെ പ്രതിരോധിക്കാന്‍ കരുത്തുമില്ല. മുഖ്യമന്ത്രിസ്‌ഥാനം വീതംവയ്‌ക്കുന്നതിനടക്കം ശിവസേന മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം നിരാകരിച്ചാണ്‌ ഇത്തവണ ബി.ജെ.പി. സഖ്യം പുതുക്കിയത്‌. ബി.ജെ.പിക്ക്‌ കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ലെങ്കില്‍ സമ്മര്‍ദ ഗ്രൂപ്പാകാനായിരുന്നു ഉദ്ദവിന്റെ പദ്ധതി. രാജിനെ പോലെ ഉദ്ദവിനെയും ദുര്‍ബലനാക്കി, അടുത്ത അഞ്ചുവര്‍ഷം കൊണ്ടു ശിവസേനയെ മെരുക്കുകയാണു അമിത്‌ ഷായുടെ ലക്ഷ്യം.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Saturday 25 May 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW