Wednesday, June 26, 2019 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.13 AM

കപ്പടിക്കാത്തവര്‍

uploads/news/2019/05/310405/s2.jpg

ഏകദിന ലോകകപ്പ്‌ കിരീടത്തില്‍ മുത്തമിടാത്ത ഒരുപിടി പ്രതിഭകളുണ്ട്‌. ഇരുപത്‌ വര്‍ഷം ക്രീസിലെ അടക്കിഭരിച്ച മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്‌ ഒരു തവണ മാത്രമാണു ലോകകപ്പ്‌ കിരീടം കൈയില്‍ പിടിക്കാനായത്‌.
2011 ല്‍ ഇന്ത്യ ജേതാക്കളാകുമ്പോള്‍ സച്ചിന്റെ ആറാം ലോകകപ്പായിരുന്നു. ഒരു തവണ പോലും കിരീടം ഏറ്റുവാങ്ങാതെ വിരമിക്കേണ്ടി വന്നവരില്‍ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലി, ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ച്‌, ഇയാന്‍ ബോതം, പാകിസ്‌താന്റെ വഖാര്‍ യൂനിസ്‌, ബാറ്റിങ്‌ ഇതിഹാസം വെസ്‌റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറ, ദക്ഷിണാഫ്രിക്കയുടെ ലാന്‍സ്‌ ക്ലൂസ്‌നര്‍ എന്നിവരാണു പ്രമുഖര്‍. 1999 മുതല്‍ 2007 വരെ മൂന്ന്‌ ലോകകപ്പുകള്‍ കളിച്ച താരമാണു സൗരവ്‌ ഗാംഗുലി. 2003 ല്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ ഗാംഗുലിക്കായി. അതേ ലോകകപ്പില്‍ മൂന്ന്‌ സെഞ്ചുറികളുമായി നിറഞ്ഞു നില്‍ക്കാനും ഗാംഗുലിക്കായി. ഒത്തുകളി വിവാദത്തില്‍പ്പെട്ട്‌ തകര്‍ന്നു കിടന്ന ടീം ഇന്ത്യയെ ഇന്നു കാണുന്ന കരുത്തുറ്റ നിലയിലെത്തിച്ചതും ഗാംഗുലിയുടെ നായക മികവാണ്‌.
ലോകകപ്പുകളിലെ ഗാംഗുലിയുടെ പ്രകടനം അസാധാരണമായിരുന്നു. 22 മത്സരങ്ങളിലായി 55.88 ശരാശരിയില്‍ 1006 റണ്ണെടുക്കാന്‍ ബംഗാള്‍ കടുവയ്‌ക്കായി. കരിയറിനോടു വിടപറയുമ്പോള്‍ അദ്ദേഹത്തിന്റെ ഏക ദുഖം കിട്ടാക്കനിയായ ലോകകപ്പിനെ കുറിച്ചായിരുന്നു. സച്ചിനെക്കാള്‍ സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനായിരുന്നു ബ്രയാന്‍ ലാറ. ലാറയുടെ റെക്കോഡുകള്‍ സാധാരണ ക്രിക്കറ്റ്‌ പ്രേമികള്‍ക്കു പോലും മനപ്പാഠവുമാണ്‌. ടെസ്‌റ്റില്‍ ആദ്യമായി ക്വാട്രാപ്പിള്‍ (400) റണ്ണെടുക്കുന്ന ബാറ്റ്‌സ്മാനാണു ലാറ. വെസ്‌റ്റിന്‍ഡീസിനു വേണ്ടി 299 ഏകദിനങ്ങള്‍ കളിച്ചെങ്കിലും ലോകകപ്പ്‌ കിരീടം അന്യമായിരുന്നു.
മൂന്നു ഫൈനലുകളില്‍ (ഒരുവട്ടം നായകനുമായി) കളിച്ചിട്ടും കിരീടം അകന്നു പോകുന്നതു നോക്കി നില്‍ക്കേണ്ടി വന്ന താരമാണ്‌ ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ച്‌. 1987 ല്‍ ഇന്ത്യക്കെതിരേ മുംബൈയില്‍ നടന്ന സെമി ഫൈനലില്‍ ഗൂച്ച്‌ നേടിയ സെഞ്ചുറി ലോകകപ്പിലെ മികച്ച ഇന്നിങ്‌സുകളിലൊന്നാണ്‌. 1976 മുതല്‍ 1995 വരെ ഗൂച്ച്‌ ഇംഗ്ലണ്ട്‌ ടീമിന്റെ ഭാഗമായി. ലിസ്‌റ്റ് എ യില്‍ 22,211 റണ്ണുമായി റെക്കോഡിടാനും ഗൂച്ചിനായി. പരുക്കു മൂലം ലോകകപ്പ്‌ കിരീടം നേടിയ ടീമിന്റെ ഭാഗമാകാന്‍ കഴിയാത്ത താരമാണു പാകിസ്‌താന്റെ മുന്‍ പേസര്‍ വഖാര്‍ യൂനിസ്‌. ലോകോത്തര പേസറായിരുന്ന വഖാറിനെ പരുക്കു മൂലം പാകിസ്‌താന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. റിവേഴ്‌സ് സ്വിങ്ങിന്റെ തലതൊട്ടപ്പനാണു വഖാര്‍. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച്‌ വിക്കറ്റ്‌ നേട്ടം കുറിച്ചതും വഖാറാണ്‌. 1999 ലെ ഫൈനലില്‍ കളിച്ചെങ്കിലും പാകിസ്‌താന്‍ ഓസ്‌ട്രേലിയയോടു തോറ്റു.
എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായാണു ദക്ഷിണാഫ്രിക്കയുടെ ജാക്ക്‌ കാലിസിനെ പരിഗണിക്കുന്നത്‌. ടെസ്‌റ്റ്, ഏകദിനങ്ങളില്‍ കാലിസ്‌ കൈവരിക്കാത്ത നേട്ടങ്ങളില്ല. ഏകദിനത്തില്‍ 273 വിക്കറ്റുകളും 11,000 റണ്ണും നേടിയ താരമാണ്‌. സനത്‌ ജയസൂര്യക്കു ശേഷം ഏകദിനത്തില്‍ 10,000 റണ്ണും 250 വിക്കറ്റുമെടുക്കുന്ന താരം കൂടിയാണ്‌.
17 സെഞ്ചുറികളും 86 അര്‍ധ സെഞ്ചുറികളും സ്വന്തമാക്കിയെങ്കിലും ഒരു തവണ പോലും ഫൈനലില്‍ കളിക്കാതെയാണു കാലിസ്‌ കളംവിട്ടത്‌. 'ജീനിയസ്‌' എന്ന പേരിനു തികച്ചും അര്‍ഹനാണു കാലിസിന്റെ സമകാലികനായ എ.ബി. ഡിവിലിയേഴ്‌സ്. 53.50 ശരാശരിയും 100 നടുത്ത്‌ സ്‌ട്രൈക്ക്‌ റേറ്റുമുള്ള അപകടകാരിയായിരുന്നു ഡിവിലിയേഴ്‌സ്. വെസ്‌റ്റിന്‍ഡീസിനെതിരേ നടന്ന ഒരു മത്സരത്തില്‍ 31 പന്തില്‍ സെഞ്ചുറിയടിക്കാനും ഡിവിലിയേഴ്‌സിനായി. ടെന്നീസ്‌, ഹോക്കി, ഗോള്‍ഫ്‌ തുടങ്ങിയ കായിക ഇനങ്ങളിലും ഡിവിലിയേഴ്‌സ് സാന്നിധ്യമായി.
ഡിവിലിയേഴ്‌സ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഒരു നാനോ സെക്കന്‍ഡില്‍ മത്സരം സ്വന്തമാക്കാമെന്ന അഹങ്കാരം ദക്ഷിണാഫ്രിക്കയ്‌ക്കുണ്ടായിരുന്നു. സ്വന്തമായി ഷോട്ടുകള്‍ ആവിഷ്‌കരിച്ച ഡിവിലിയേഴ്‌സിനെതിരേ ഫീല്‍ഡിങ്‌ ഒരുക്കാനും എതിരാളികള്‍ ബുദ്ധിമുട്ടി. ഡിവിലിയേഴ്‌സും രാജ്യാന്തര ക്രിക്കറ്റിനോടു വിടപറഞ്ഞതു ലോകകപ്പെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാതെയാണ്‌. ആരാധകര്‍ സ്‌നേഹപൂര്‍വം സുലു എന്നു വിളിക്കുന്ന ലാന്‍സ്‌ ക്ലൂസനറും കിരീടമില്ലാതെയാണു ക്രീസ്‌ വിട്ടത്‌. 1999 ലോകകപ്പിലെ താരമായിരുന്നു ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന സെമി ഫൈനല്‍ മത്സരം മാത്രം മതി ക്ലൂസ്‌നറിനെ ഓര്‍ക്കാന്‍. 2000 ത്തില്‍ വിഡ്‌സണ്‍ ക്രിക്കറ്റര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം നല്‍കി. ബേസ്‌ബോള്‍ കളിക്കാരനെപ്പോലുള്ള ബാക്ക്‌് ലിഫ്‌റ്റുമായി ക്രീസില്‍നില്‍ക്കുന്ന ക്ലൂസ്‌നര്‍ ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്നു.
പാകിസ്‌താന്റെ ഓള്‍റൗണ്ടര്‍ ഷാഹിദ്‌ അഫ്രീഡിയും ലോകകപ്പെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാതെയാണു വിരമിച്ചത്‌. 1996 ല്‍ 37 പന്തില്‍ സെഞ്ചുറിയടിച്ചതോടെയാണ്‌ അഫ്രീഡിയെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌. ലെഗ്‌ സ്‌പിന്നര്‍ കൂടിയായ അഫ്രീഡി ഏകദിനത്തിലെ വിക്കറ്റ്‌ വേട്ടക്കാരില്‍ അഞ്ചാമനാണ്‌.
ആരാധകര്‍ 'ബൂം ബൂം' എന്ന ഓമനപ്പേരില്‍ വിളിക്കുന്ന അഫ്രീഡി ക്രിക്കറ്റില്‍ സ്‌ഫോടനാത്മക ബാറ്റിങ്ങിന്‌ ആധുനിക മുഖം നല്‍കിയവരില്‍ പ്രമുഖനാണ്‌. ശ്രീലങ്കയുടെ മുന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ കുമാര്‍ സംഗക്കാരയ്‌ക്കും ലോകകപ്പ്‌ കിരീടം അന്യമായി. 2015 ലോകകപ്പില്‍ സംഗക്കാരയുടെ ലങ്കയെ തോല്‍പ്പിച്ചാണ്‌ ഇന്ത്യ ജേതാക്കളായത്‌്.
പിന്നാലെ സംഗ വിരമിക്കുകയും ചെയ്‌തു. തുടര്‍ച്ചയായ നാലു സെഞ്ചുറികളുമായി സംഗക്കാര ലോകകപ്പില്‍ നിറഞ്ഞു നിന്നിരുന്നു. 2007, 2011 ലോകകപ്പുകളിലും കിരീടം സംഗക്കാരയുടെ കൈയില്‍നിന്നു വഴുതി. ലോകോത്തര ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലാണ്‌ ഇംഗ്ലണ്ട്‌ മുന്‍ നായകന്‍ ഇയാന്‍ ബോതത്തിന്റെ സ്‌ഥാനം. 1992 ലോകകപ്പ്‌ ബോതത്തിന്റെയായിരുന്നു. 10 മത്സരങ്ങളിലായി 16 വിക്കറ്റെടുത്ത ബോതം ഇംഗ്ലണ്ടിനെ ഫൈനല്‍ വരെയെത്തിച്ചു. ഫൈനലില്‍ പാകിസ്‌താനോടു തോറ്റത്‌ ബോതത്തിന്റെ കരിയറിലെ ദുഖ ബിന്ദുവാണ്‌. ആധുനിക ക്രിക്കറ്റില്‍ പലരും ബോതത്തിന്റെ പിഞ്ച്‌ ഹിറ്റിങ്‌ ശൈലിയാണു പിന്തുടരുന്നത്‌.

Ads by Google
Saturday 25 May 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW