Monday, June 10, 2019 Last Updated 16 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.01 AM

തെരേസ മേയ്‌ രാജി പ്രഖ്യാപിച്ചു

uploads/news/2019/05/310336/in3.jpg

ലണ്ടന്‍: ബ്രെക്‌സിറ്റ്‌ പ്രതിസന്ധികള്‍ക്കൊടുവില്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസാ മേയ്‌ രാജി പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിന്‌ ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയുടെ നേതൃപദവിയില്‍നിന്നൊഴിയുമെന്നു മേയ്‌ വ്യക്‌തമാക്കി.
പുതിയ പ്രധാനമന്ത്രിയെ അതിനുശേഷമായിരിക്കും നിശ്‌ചയിക്കുക. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു വിടുതല്‍ തേടുന്നതിനുള്ള (ബ്രെക്‌സിറ്റ്‌) ധാരണയ്‌ക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എം.പിമാരില്‍നിന്നു തന്നെ എതിര്‍പ്പ്‌ ശക്‌തമായതോടെയാണ്‌ മൂന്നുവര്‍ഷത്തെ പ്രധാനമന്ത്രിപദത്തിനൊടുവില്‍ മേയ്‌ രാജി പ്രഖ്യാപിച്ചത്‌. കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയനില്‍നിന്ന്‌ വേര്‍പിരിയാനുള്ള അവസാനതീയതി ഒക്‌ടോബര്‍ 31 ആണ്‌.രാജ്യത്തിന്റെ ഉത്തമതാല്‍പര്യത്തിനുവേണ്ടി രാജിവയ്‌ക്കുന്നുവെന്നാണ്‌ രാജിപ്രഖ്യാപനം നടത്തിയ വൈകാരികവാക്കുകളിലൂടെ മേയ്‌ പറഞ്ഞു.
യൂറോപ്യന്‍ യൂണിയനില്‍നിന്നു വേര്‍പിരിയാനുള്ള (ബ്രെക്‌സിറ്റ്‌) ധാരണയ്‌ക്കു മന്ത്രിസഭാംഗങ്ങളില്‍നിന്നും സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയുടെ തന്നെ എം.പിമാരില്‍നിന്നും കടുത്ത എതിര്‍പ്പ്‌ നേരിട്ടതോടെയാണ്‌ മേയ്‌ പിന്‍ഗാമിക്കു വഴിയൊരുക്കിയത്‌. തന്റെ മടങ്ങല്‍ തീയതി എലിസബത്ത്‌ രാജ്‌ഞിയെ മേയ്‌ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ ജൂണ്‍ ആദ്യവാരം അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ സന്ദര്‍ശനത്തിനെത്തുമ്പോള്‍ മേയ്‌ തന്നെയായിരിക്കും പ്രധാനമന്ത്രിപദത്തില്‍.
മുന്‍ വിദേശകാര്യസെക്രട്ടറി ബോറിസ്‌ ജോണ്‍സണാണ്‌ പുതിയ പ്രധാനമന്ത്രിയാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്‌. മന്ത്രിസഭാംഗങ്ങളായ സാജിദ്‌ ജാവിദ്‌, മൈക്കല്‍ ഗോവ്‌, ആമ്പര്‍ റഡ്‌, മാറ്റ്‌ ഹാന്‍ക്കോക്ക്‌, ടോറി എം.പിമാരായ എസ്‌തര്‍ മക്‌വേ, റോറി സ്‌റ്റ്യൂവാര്‍ട്ട്‌ എന്നിവരും പ്രധാനമന്ത്രിപദം മോഹിക്കുന്നവരുടെ പട്ടികയിലുണ്ട്‌. 2016-ലാണ്‌ ബ്രെക്‌സിറ്റ്‌ ഹിതപരിശോധനയില്‍ ബ്രിട്ടന്‍ അനുകൂല നിലപാട്‌ എടുത്തത്‌.
വേര്‍പിരിയുന്നതിനുള്ള ധാരണകള്‍ യു.കെ. പാര്‍ലമെന്റില്‍ അംഗീകരിപ്പിച്ച്‌ ബ്രെക്‌സിറ്റ്‌ നടപടികള്‍ തുടങ്ങാന്‍ യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ച അന്തിമസമയം മാര്‍ച്ച്‌ 29 ആയിരുന്നു. എന്നാല്‍ തെരേസാ മേയ്‌ കൊണ്ടുവന്ന ധാരണകള്‍ സ്വന്തം പാര്‍ട്ടിയിലെ എം.പിമാരടക്കം തള്ളിയതോടെ പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. ഇതോടെ കൂടുതല്‍ സമയം മേയ്‌ ആവശ്യപ്പെട്ടതോടെ ഒക്‌ടോബര്‍ അവസാനംവരെ യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചു. ഇതിനിടെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന്‌ ബ്രെക്‌സിറ്റ്‌ ഒത്തുതീര്‍പ്പ്‌ ധാരണയുണ്ടാക്കാനുള്ളമേയുടെ ശ്രമം സ്വന്തം പാര്‍ട്ടിക്കുള്ളിലും രൂക്ഷമായ എതിര്‍പ്പ്‌ സൃഷ്‌ടിച്ചു. പുതുക്കിയ ബ്രെക്‌സിറ്റ്‌ കരാര്‍ പൊതുസഭയില്‍ പാസാക്കാനുള്ള നീക്കത്തോട്‌ കഴിഞ്ഞാഴ്‌ച മേയുമായുള്ള കൂടിക്കാഴ്‌ചയില്‍ യു.കെ. വിദേശകാര്യസെക്രട്ടറി ജെറമി ഹണ്ട്‌ എതിര്‍പ്പ്‌ വ്യക്‌തമാക്കിയിരുന്നു. ആഭ്യന്തര സെക്രട്ടറി സാജിദ്‌ ജാവിദും സമാനമായ എതിര്‍പ്പ്‌ അറിയിച്ചിരുന്നു.
മാര്‍ഗരറ്റ്‌ താച്ചറിനുശേഷം ബ്രിട്ടീഷ്‌ പ്രധാനമന്ത്രിപദത്തിലെത്തുന്ന വനിത എന്ന വിശേഷം പേറുന്ന തെരേസാ മേയ്‌ മൂന്നുവര്‍ഷത്തെ സംഘര്‍ഷഭരിതമായ ഭരണത്തിനൊടുവിലാണ്‌ വിടപറയുന്നത്‌. ബ്രെക്‌സിറ്റിനെതിരേ നിലപാട്‌ എടുത്ത ഡേവിഡ്‌ കാമറൂണ്‍ ഹിതപരിശോധനയെത്തുടര്‍ന്ന്‌ രാജിവച്ചതോടെയാണ്‌ ബ്രെക്‌സിറ്റ്‌ അനുകൂലനിലപാടുള്ള മേയ്‌ 2016-ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്‌. അതിനുമുമ്പ്‌ ആറുവര്‍ഷം ആഭ്യന്തരസെക്രട്ടറിയായിരുന്നു. ബ്രെക്‌സിറ്റ്‌ നിലപാടുകള്‍ക്ക്‌ കരുത്തേകാന്‍ തെരഞ്ഞെടുപ്പ്‌ നേരത്തേ നടത്തി സാഹസം കാട്ടിയ മേയ്‌ക്കും കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിക്കും തിരിച്ചടി കിട്ടി.
തൂക്കുസഭയാണ്‌ നിലവില്‍ വന്നത്‌. വടക്കന്‍ അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക്‌ യൂണിറ്റ്‌ പാര്‍ട്ടിയുടെ പിന്തുണയോടെയാണു മേയ്‌ ഭരിച്ചത്‌. എന്നാല്‍ ബ്രെക്‌സിറ്റ്‌ നീക്കങ്ങള്‍ പാളിയതോടെ പാര്‍ട്ടി എം.പിമാരില്‍നിന്നും പാര്‍ലമെന്റിലും മേയ്‌ക്ക് അവിശ്വാസവോട്ടെടുപ്പ്‌ നേരിടേണ്ടിവന്നു.
രണ്ടിനെയും അതിജീവിച്ചെങ്കിലും യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പുകൂടി നടക്കുന്ന പശ്‌ചാത്തലത്തില്‍ സമ്മര്‍ദങ്ങള്‍ ശക്‌തമായതോടെ മേയ്‌ സ്‌ഥാനമൊഴിയല്‍ പ്രഖ്യാപിക്കുകയായിരുന്നു. മേയുടെ സ്‌ഥാനമൊഴിയലോടെ ബ്രെക്‌സിറ്റ്‌ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്‌. മേയുടെ രാജി ബ്രെക്‌സിറ്റിനെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ്‌ യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജീന്‍ ക്ലോദ്‌ ജങ്കറുടെ പ്രതികരണം.

Ads by Google
Saturday 25 May 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW