Saturday, June 08, 2019 Last Updated 43 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 01.35 AM

കേരളം യു.ഡി.എഫ്‌. കുമ്പിളില്‍ , ആകാംക്ഷയില്ല, ഞെട്ടല്‍ മാത്രം: തുടക്കത്തിലേ ചിത്രം വ്യക്‌തമാക്കി വോട്ടെണ്ണല്‍

uploads/news/2019/05/310249/k2.jpg

തിരുവനന്തപുരം: കേരളത്തില്‍ മുന്‍കൂട്ടി നിശ്‌ചയിച്ച തിരക്കഥപോലെ വോട്ടെണ്ണല്‍. രാവിലെ എട്ടുമുതല്‍ വൈകുന്നേരം അവസാനഫലം വരുന്നതുവരെ അവ്യക്‌തതകള്‍ ഒന്നുമില്ലായിരുന്നു. ഇടതുവിരുദ്ധ തരംഗത്തില്‍ യു.ഡി.എഫ്‌ തൂത്തുവാരുന്ന ചിത്രം തുടക്കത്തിലേ വ്യക്‌തമായി.
തപാല്‍ വോട്ടുകളുടെ ലീഡുനില പുറത്തുവന്നപ്പോള്‍ കണ്ണൂരും വടകരയിലും എല്‍.ഡി.എഫ്‌ മുന്നിലായിരുന്നു. അതു ക്രമേണ ഉയര്‍ന്ന്‌ എല്‍.ഡി.എഫ്‌- എട്ട്‌, യു.ഡി.എഫ്‌- അഞ്ച്‌ എന്ന നിലയിലായി. അതിനിടെ തിരുവനന്തപുരത്ത്‌ എന്‍.ഡി.എ സ്‌ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ നിസാര വോട്ടുകള്‍ക്കു മുന്നിലെത്തി. ബി.ജെ.പി ക്യാമ്പുകള്‍ സന്തോഷമുഖരിതമായി.
ഒന്‍പതിന്‌ വോട്ടിങ്‌ യന്ത്രങ്ങളിലെ കണക്കുകള്‍ പുറത്തുവന്നതോടെ യഥാര്‍ഥ ചിത്രം ലീഡുനിലയില്‍ പ്രതിഫലിച്ചു തുടങ്ങി. 19 സീറ്റുകളിലും യു.ഡി.എഫ്‌ മുന്നേറുന്ന വാര്‍ത്ത ഞെട്ടലോടെയാണ്‌ ഇടതുകേന്ദ്രങ്ങള്‍ കണ്ടത്‌. അപ്പോഴും തിരുവനന്തപുരത്ത്‌ കുമ്മനം മുന്നില്‍ തന്നെയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുമ്മനവും പിന്നിലായി. അതിനിടെ, പത്തനംതിട്ടയില്‍ എന്‍.ഡി.എ സ്‌ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ മുന്നിലെത്തി. ആ മുന്നേറ്റം അധികനേരം നീണ്ടില്ല. സുരേന്ദ്രനെ പിന്നിലാക്കി കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി ആന്റോ ആന്റണി മുന്നേറി. അടുത്ത ഒരുമണിക്കൂര്‍ 19 സീറ്റിലും യു.ഡി.എഫ്‌ വ്യക്‌തമായ ഭൂരിപക്ഷത്തില്‍ തന്നെയായിരുന്നു. വരാന്‍ പോകുന്ന വന്‍വിജയത്തിന്റെ പെരുമ്പറയെന്നോണം 10.45-ന്‌ വയനാട്ടില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലീഡുനില ലക്ഷം കവിഞ്ഞു. അമേഠിയില്‍ സ്‌മൃതി ഇറാനിക്കു പിന്നിലായ സമയത്താണ്‌ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നേറിയത്‌. 11.30 ഓടെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും എല്‍.ഡി.എഫ്‌ പിന്നിലാണെന്ന വാര്‍ത്തവന്നു. അതോടെ ഇടതു പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്നു കൊഴിഞ്ഞുപോകാന്‍ തുടങ്ങി. 25 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ആലപ്പുഴയിലും കാസര്‍കോഡും മാത്രമാണ്‌ എല്‍.ഡി.എഫ്‌ മുന്നിലുണ്ടായിരുന്നത്‌.
12 മണിയോടെ മലപ്പുറത്ത്‌ പി.കെ കുഞ്ഞാലിക്കുട്ടി ഒരുലക്ഷവും ആലത്തൂരില്‍ രമ്യ ഹരിദാസ്‌ 50,000 വോട്ടിന്റെയും ലീഡുനില ഉയര്‍ത്തി. ഇടതുകോട്ടകളായ ആലത്തൂരില്‍ പി.കെ ബിജുവും ആറ്റിങ്ങലില്‍ എ. സമ്പത്തും പിന്നിലായതോടെ യു.ഡി.എഫ്‌ തരംഗം ഉറപ്പായി. അരമണിക്കൂറിനുശേഷം 20 സീറ്റിലും ലീഡുയര്‍ന്നു. തിരുവനന്തപുരത്ത്‌ കുമ്മനം രാജശേഖരനെ പിന്നിലാക്കി സി. ദിവാകരന്‍ രണ്ടാം സ്‌ഥാനത്തേക്കു കയറി. 12. 30 ഓടെ എല്‍.ഡി.എഫിന്‌ ആശ്വസിക്കാന്‍ ആലപ്പുഴ മാത്രമായി. ഷാനിമോള്‍ ഉസ്‌മാനുമായി ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിലായിരുന്നു എ.എം ആരിഫ്‌. അങ്ങനെ യു.ഡി.എഫ്‌- 19, എല്‍.ഡി.എഫ്‌- ഒന്ന്‌ എന്നായി ലീഡുനില. എ.കെ.ജി സെന്റര്‍ മൗനത്തിലായപ്പോള്‍ കെ.പി.സി.സിയില്‍ ആഘോഷങ്ങളുടെ വെടിക്കെട്ട്‌ ഉയര്‍ന്നു. മൂന്നുമണിയോടെ പാലക്കാട്‌, ആലത്തൂര്‍, ഇടുക്കി മണ്ഡലങ്ങളില്‍ 99 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇടുക്കിയിലും പാലക്കാട്ടും ഒന്നരലക്ഷത്തോളം വോട്ടുകളുടെ ലീഡായിരുന്നു യു.ഡി.എഫിന്‌. ആലപ്പുഴ കഴിഞ്ഞാല്‍ മറ്റു മണ്ഡലങ്ങളില്‍ ആരു വിജയിച്ചെന്ന വിവരത്തേക്കാള്‍ ഭൂരിപക്ഷം എത്രയെ ചോദ്യം മാത്രമായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌.

സി.എസ്‌. സിദ്ധാര്‍ത്ഥന്‍

Ads by Google
Friday 24 May 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW