Friday, May 24, 2019 Last Updated 51 Min 51 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Friday 24 May 2019 01.35 AM

കേരളത്താമരപ്പൂ വിരിഞ്ഞില്ല, അമിത്ഷായുടെ നിര്‍ദേശം അവഗണിച്ച് മോഡി ഫാക്ടര്‍ വിഷയമാക്കാതെ ശബരിമല ‘കത്തിച്ചു’, ‘സുവര്‍ണാവസരം' കളഞ്ഞുകുളിച്ച ബി.ജെ.പി. സംസ്ഥാന നേതൃത്വം തെറിച്ചേക്കും

ശബരിമല വിഷയത്തിന്റെ യഥാര്‍ഥ ഗുണഭോക്‌താവായി കോണ്‍ഗ്രസ്‌ കേരളത്തില്‍ മാറി. ശബരിമല വിഷയത്തില്‍ എന്‍.എസ്‌.എസ്‌. അടക്കമുള്ള സംഘടനകളുടെ പിന്തുണ ലഭിച്ചതോടെ ബി.ജെ.പിക്കു സംസ്‌ഥാനത്ത്‌ താമര വിരിയിക്കാമെന്ന പ്രതീഷ കൈവന്നിരുന്നു. പക്ഷേ പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തിന്റെ നിലപാടുകള്‍ പലപ്പോഴും അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കി.
BJP in Kerala parliament election

തിരുവനന്തപുരം : ശബരിമലയുടെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്തു താമര വിരിയിക്കാനുള്ള "സുവര്‍ണാവസരം" ഫലം കാണാതെ പോയതിന്റെ ഞെട്ടലില്‍ ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട്‌ തുറക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതിനു സംസ്‌ഥാന നേതൃത്വം വലിയ വില കൊടുക്കേണ്ടി വരുമെന്നാണു സൂചന. സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌. ശ്രീധരന്‍പിള്ളയുടേതടക്കം പലരുടെയും സ്‌ഥാനങ്ങള്‍ തെറിച്ചേക്കും. ചിലയിടങ്ങളില്‍ വോട്ടുവിഹിതം വര്‍ധിപ്പിച്ചതല്ലാതെ കാര്യമായ നേട്ടം കൊയ്യാന്‍ ബി.ജെ.പിക്കായില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ മോഡി തരംഗം ആഞ്ഞടിച്ചു. നരേന്ദ്ര മോഡി ഫാക്‌ടറായിരിക്കണം ഇക്കുറി തുറുപ്പു ചീട്ടാക്കേണ്ടതെന്നായിരുന്നു അമിത്‌ ഷാ സംസ്‌ഥാന നേതൃത്വത്തെ അറിയിച്ചത്‌. എന്നാല്‍ കേരളത്തില്‍ മോഡി ഫാക്‌ടര്‍ വലിയ അളവില്‍ ബി.ജെ.പി. ചര്‍ച്ചയാക്കിയില്ല. മറിച്ച്‌ ശബരിമലയാണു കത്തിച്ചത്‌. ഇത്‌ വോട്ടുകളുടെ ഏകീകരണത്തിന്‌ അവസരമുണ്ടാക്കി.

എന്നാല്‍, ഇടതുപക്ഷത്തിനെതിരായ ഈ വികാരം വോട്ടാക്കിയത്‌കോണ്‍ഗ്രസായിരുന്നു. ഇതിന്‌ സംസ്‌ഥാന നേതൃത്വം കേന്ദ്രത്തിന്‌ മറുപടി നല്‍കേണ്ടി വരും. ഇതിനൊപ്പം ന്യൂനപക്ഷങ്ങളിലെ മോഡിപ്പേടിയും കോണ്‍ഗ്രസിനുള്ള വോട്ടായി മാറി. ബി.ജെ.പി. എ പ്ലസ്‌ മണ്ഡലങ്ങളായി കണ്ടിരുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലേറ്റ തോല്‍വിക്കും ഘടകകക്ഷികയായ ബി.ഡി.ജെ.എസിന്‌ മത്സരിച്ച ഒരിടങ്ങളിലും ഒരു ചലനംപോലും സൃഷ്‌ടിക്കാനാകാത്തതിനും സംസ്‌ഥാന നേതൃത്വം കേന്ദ്രത്തിന്‌ മറുപടി നല്‍കേണ്ടിവരും.

തിരുവനന്തപുരത്ത്‌ പര്‍ട്ടിയുടെ മുന്‍ അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ രംഗത്തിറക്കിയത്‌ വിജയം മാത്രം ലക്ഷ്യമിട്ടായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ബിജെപിക്കു കുമ്മനത്തിന്റെ പരാജയം. ശബരിമല വിവാദം കത്തിനിന്ന പത്തനംതിട്ടയില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണു കെ. സുരേന്ദ്രനെ സ്‌ഥാനാര്‍ഥിയാക്കിയത്‌. ശബരിമലവിഷയത്തില്‍ മുന്നില്‍നിന്നതും ജയില്‍വാസവുമെല്ലാം പ്രചാരണത്തില്‍ സുരേന്ദ്രനു തുണയായി. പ്രചരണഘട്ടത്തില്‍ ഏറ്റവും സ്വീകാര്യനായ ബി.ജെ.പി. സ്‌ഥാനാര്‍ഥിയും സുരേന്ദ്രനായിരുന്നു. എന്നാല്‍, വോട്ട്‌ കൂടിയെങ്കിലും വിജയത്തിലെത്താനായില്ല.

തൃശൂരില്‍ ബി.ഡി.ജെ.എസ്‌. നേതാവ്‌ തുഷാര്‍ വെള്ളാപ്പള്ളിയെ രംഗത്തിറക്കിയെങ്കിലും രാഹൂല്‍ഗാന്ധി വയനാട്‌ സ്‌ഥാനാര്‍ഥിയായതോടെ അവിടേക്കു മാറ്റി. തൃശൂരില്‍ അവസാന നിമിഷം സുരേഷ്‌ ഗോപിയെ സ്‌ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. പ്രചാരണത്തില്‍ ഇടത്‌ വലത്‌ നേതാക്കളെ കടത്തിവെട്ടി മിന്നുന്ന പ്രകടനമാണ്‌ സുരേഷ്‌ ഗോപി നടത്തിത്‌. ഇതും പക്ഷേ, വോട്ടായില്ല.

ശബരിമല വിഷയത്തിന്റെ യഥാര്‍ഥ ഗുണഭോക്‌താവായി കോണ്‍ഗ്രസ്‌ കേരളത്തില്‍ മാറി. ശബരിമല വിഷയത്തില്‍ എന്‍.എസ്‌.എസ്‌. അടക്കമുള്ള സംഘടനകളുടെ പിന്തുണ ലഭിച്ചതോടെ ബി.ജെ.പിക്കു സംസ്‌ഥാനത്ത്‌ താമര വിരിയിക്കാമെന്ന പ്രതീഷ കൈവന്നിരുന്നു. പക്ഷേ പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തിന്റെ നിലപാടുകള്‍ പലപ്പോഴും അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ കാര്യമായി നേടുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതാണ്‌ തിരിച്ചടിക്കു പിന്നില്‍.

ജി. അരുണ്‍

Ads by Google
ജി. അരുണ്‍
Friday 24 May 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW