Friday, June 21, 2019 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.39 AM

ആത്മസമരത്തിന്റെ ഭൂമിക

uploads/news/2019/05/310054/re3.jpg

ഒരിക്കല്‍ തിരുദൂതരോട്‌ ചോദിക്കപ്പെട്ടു; അല്ലാഹു ആകാശത്തോ ഭൂമിയിലോ? വിശ്വാസികളുടെ ഹൃദയത്തില്‍ എന്നായിരുന്നു അവടത്തെ മറുപടി. അപ്പോള്‍ വിശ്വാസിയുടെ ഹൃദയമാണ്‌ അല്ലാഹുവിന്റെ ഇരിപ്പിടം. അവിടെ ഭൗതിക താല്‍പര്യങ്ങളെ പ്രതിഷ്‌ഠിച്ചു വച്ചവന്‌ സ്രഷ്‌ടാവിനെ കുടിയിരുത്താനാവില്ല. സൃഷ്‌ടിയും സ്രഷ്‌ടാവും കൂടി ഒരിടത്ത്‌ ഒത്തുചേരുകയുമില്ല. ഏതെങ്കിലും ഒന്നിനെ അവിടെ നിന്ന്‌ ആട്ടിപ്പായിക്കണം. അതുകൊണ്ടാണ്‌ ആത്മീയ വെളിച്ചം ആഗ്രഹിക്കുന്നവന്‍ ദേഹേച്‌ഛകളെ ആട്ടിപ്പായിക്കുകയും അവിടെ അല്ലാഹുവിനെ കുടിയിരുത്തുകയും വേണമെന്ന്‌ മതം പറയുന്നത്‌.
ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവിനെക്കാളും അവന്റെ ദൂതരെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും, നിങ്ങളുടെ പിതാക്കളും പുത്രന്മാരും ഇണകളും ബന്ധുക്കളും സമ്പാദിച്ചുണ്ടാക്കിയ സ്വത്തുകളും മാന്ദ്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയക്കുന്ന കച്ചവടവും നിങ്ങള്‍ തൃപ്‌തിപ്പെടുന്ന വീടുകളുമാണ്‌ നിങ്ങള്‍ക്ക്‌ പ്രിയപ്പെട്ടതെന്നാല്‍ അല്ലാഹു അവന്റെ കല്‍പനകൊണ്ടുവരുന്നതു വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല(ഖുര്‍ആന്‍ 9/24).
ഒരു വിശ്വാസിയുടെ ഹൃദയത്തില്‍ സര്‍വോപരി പ്രിയപ്പെട്ടത്‌ അല്ലാഹു മാത്രമായിരിക്കണമെന്നും ഭൗതികതയുടെ സ്വന്തബന്ധങ്ങളും ചുറ്റുപാടുകളും അതിനു മുന്നില്‍ ബലിയര്‍പ്പിക്കപ്പെടേണ്ടതാണെന്നും വളച്ചുകെട്ടില്ലാതെ വ്യക്‌തമാക്കുകയാണീ ഖുര്‍ആന്‍ വചനം. ഇങ്ങനെ സര്‍വോപരിയായി അകതാരില്‍ റബ്ബിനെ പ്രതിഷ്‌ഠിച്ചതുകൊണ്ടാണ്‌ ഇബ്‌റാഹീം(അ) അല്ലാഹുവിന്റെ ആത്മമിത്ര(ഖലീലുല്ലാഹ്‌)വും ഒരു സമുദായം(ഉമ്മത്ത്‌) തന്നെയുമായി വിശേഷിപ്പിക്കപ്പെട്ടത്‌. ജീവിതത്തിന്റെ സായംസന്ധ്യയില്‍ ആറ്റുനോറ്റുണ്ടായ ഏക മകനെ അല്ലാഹുവിന്റെ താല്‍പര്യത്തിനു മുന്നില്‍ ബലിയറുക്കണമെന്ന്‌ ആജ്‌ഞ വന്നപ്പോള്‍, മറുത്തൊന്ന്‌ ആലോചിക്കാന്‍ ഇബ്‌റാഹീം(അ) ഒരുമ്പെട്ടില്ല. അല്ലാഹുവിലേക്കുള്ള വഴിയില്‍ മകനൊരു തടസ്സമാകരുതെന്ന ബോധം അദ്ദേഹത്തിനുണ്ടായി. അല്ലാഹുവെന്ന ലക്ഷ്യത്തിനു മുന്നില്‍ വിഘ്‌നം സൃഷ്‌ടിക്കാനിടയുള്ള സര്‍വതിനെയും അറുത്തുമാറ്റാന്‍ ഞാന്‍ ഒരുക്കമാണെന്ന ആ ഉറച്ച തീരുമാനമായിരുന്നു ഇസ്‌മാഈലിനു നേരെ കത്തിയുയര്‍ത്തി അദ്ദേഹം നടപ്പിലാക്കിയത്‌.
പ്രണയിനിയോട്‌ പ്രണേതാവിനുണ്ടാകുന്ന പ്രേമാനുരാഗവും അലയടിച്ചുയരുന്ന അഭിനിവേശവുമാണ്‌ ഹൃദയത്തില്‍ അല്ലാഹുവിനെ കുടിയിരുത്തുമ്പോള്‍ വിശ്വാസിക്കുണ്ടാവുക. കാമുകിയുടെ പ്രീതി സമ്പാദിക്കാനുതകുന്നതെന്തും പ്രവര്‍ത്തിക്കാന്‍ കാമുകന്‍ തയാറായിരിക്കുമല്ലോ. അവള്‍ക്കിഷ്‌ടമില്ലാത്തതില്‍ നിന്നും മാറിനില്‍ക്കാനും ഇഷ്‌ടമല്ലാത്തതിനെ മാറ്റിവയ്‌ക്കാനും അവന്‍ ഒരുക്കമായിരിക്കും. അതാണിവിടെ സംഭവിക്കുന്നത്‌. അത്തരമൊരുഘട്ടത്തില്‍ ഖല്‍ബില്‍ നാമ്പെടുക്കുന്ന ഗുണവിശേഷമാണ്‌ ഇഖ്‌ലാസ്‌ (ആത്മാര്‍ത്ഥ). ഇഖ്‌ലാസിന്റെ അസാന്നിധ്യമാണ്‌ ഖല്‍ബിലേക്ക്‌ പ്രകടനപരതയുടെ വൈറസുകളെ കടത്തിവിടുന്നത്‌. അഞ്ചുനേരത്തെ നമസ്‌കാരം ശാരീരിക വ്യായാമത്തെ എത്രത്തോളം സഹായിക്കും, റമദാനിലെ വ്രതാനുഷ്‌ഠാനം ആരോഗ്യ പരിപാലനത്തിന്‌ എങ്ങനെ ഉപയോഗപ്പെടുത്താം എന്നിങ്ങനെയുള്ള ചിന്തകളെല്ലാം ഹൃദയത്തില്‍ ഇടം പിടിയ്‌ക്കുന്നത്‌ അതുകൊണ്ടാണ്‌. മറ്റുള്ളവര്‍ക്കിടയിലാകുമ്പോള്‍ സ്വന്തം ചെയ്‌തികളെ മനോഹരമാക്കാനും ജനശ്രദ്ധ പതിയില്ലെന്നു കണ്ടയിടങ്ങളില്‍ തോന്നിയതെന്തും ചെയ്ായനും മതത്തിന്റെ ആളുകളടക്കം ശ്രമിക്കുന്നതും ഈ വൈറസ്‌ അകത്തു കടന്നതുകൊണ്ടാണ്‌.
രിയാഅ്‌ എന്നറിയപ്പെടുന്ന ഈ സ്വഭാവത്തെ ഗുരുതരമായ അപരാധമായിട്ടാണ്‌ ഇസ്‌ലാം കണക്കാക്കിയിട്ടുള്ളത്‌. ശിര്‍ക്കുന്‍ ഖഫിയ്യ്‌(ഗോപ്യമായ ശിര്‍ക്ക്‌) എന്നാണ്‌ മതപ്രമാണങ്ങളെല്ലാം അതിനെ വിശേഷിപ്പിച്ചിട്ടുള്ളത്‌. ആരാധ്യന്‍ അല്ലാഹു മാത്രമാണെന്ന വിശ്വസ പ്രഖ്യപനമാണ്‌ തൗഹീദ്‌. അതിന്റെ വിപരീതമാണ്‌ ശിര്‍ക്ക്‌. പ്രകടനപരതയില്‍ അല്ലാഹുവിനോടൊപ്പം മറ്റൊരാളുടെ പ്രീതി കൂടി പ്രതീക്ഷിക്കുന്നു. അതുകൊണ്ടതില്‍ ശിര്‍ക്ക്‌ സംഭവിക്കുന്നു. അത്‌ ഗുരുതരമായ തെറ്റാകുന്നു എന്നും എന്റെ സമുദായത്തിനു മേല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത്‌ ഈ ശിര്‍ക്കിനെയാണെന്നും നബി(സ) പറഞ്ഞതായി നിരവധി ഹദീസുകളില്‍ കാണാം.

(സത്യധാര ദൈ്വവാരികയുടെ എഡിറ്ററാണു ലേഖകന്‍)

Ads by Google
Thursday 23 May 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW