Tuesday, June 11, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.30 AM

വര്‍ധിച്ചുവരുന്ന സ്വര്‍ണക്കടത്ത്‌

uploads/news/2019/05/310046/editorial.jpg

കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ സ്വര്‍ണം കടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണെന്നാണ്‌ സമീപകാലത്തെ വിവിധ സംഭവങ്ങള്‍ വ്യക്‌തമാക്കുന്നത്‌. തിരുവനന്തപുരത്ത്‌ കടത്തിക്കൊണ്ടുവന്ന 25 കിലോ സ്വര്‍ണം പിടിച്ചത്‌ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്‌. കടത്തിക്കൊണ്ടുവരുന്നതിന്റെ ചെറിയൊരംശം മാത്രമാണ്‌ പിടികൂടപ്പെടുന്നത്‌. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തിനു പിന്നില്‍ അഭിഭാഷകരടക്കമുള്ള പ്രഫഷണലുകളായിരുന്നു. ഇവര്‍ക്കു വേണ്ട ഒത്താശകള്‍ ചെയ്‌തു കൊടുത്തതാകട്ടെ കസ്‌റ്റംസിന്റെ ഉദ്യോഗസ്‌ഥരും. രാജ്യത്തേക്ക്‌ അനധികൃതമായി സ്വര്‍ണവും മറ്റും കടത്തുന്നതു തടയാന്‍ ചുമതലപ്പെട്ടവര്‍തന്നെ അതിനു തുരങ്കം വയ്‌ക്കുന്നത്‌ ആശങ്കയുണര്‍ത്തുന്നതാണ്‌.

ആറുമാസമെങ്കിലും വിദേശത്തു താമസിച്ച ഒരാള്‍ക്കു നിയമപരമായി നികുതിയടച്ച്‌ ഒരു കിലോ സ്വര്‍ണം മാത്രമാണ്‌ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ അനുമതിയുള്ളത്‌. ഒരു കിലോ സ്വര്‍ണം എത്തിക്കുന്നതിന്‌ മൂന്നരലക്ഷം രൂപ നികുതി നല്‍കണം. വിദേശത്തുനിന്ന്‌ ആഭരണ രൂപത്തിലല്ലാതെ കൊണ്ടുവരുന്നത്‌ തങ്കമാണ്‌. ഇത്‌ പല രൂപത്തിലാക്കി കടത്തുന്നു. പൊടിച്ചു ദ്രാവകരൂപത്തിലാക്കിയും ചെരുപ്പിന്റെയും വസ്‌ത്രത്തിന്റെയും ഗൃഹോപകരണങ്ങളുടെയും ഉള്ളില്‍ വച്ചും സ്വര്‍ണം കടത്താന്‍ പല മാര്‍ഗങ്ങളാണ്‌ സ്വീകരിക്കുക. ഇങ്ങനെയെത്തിക്കുന്നതിനു കനത്ത തുക പ്രതിഫലം ലഭിക്കുന്നതിലാണു കടത്തുകാരുടെ കണ്ണ്‌. തിരുവനന്തപുരത്തു പിടിച്ച 25 കിലോ സ്വര്‍ണം പുറത്തെത്തിച്ചിരുന്നെങ്കില്‍ ഒരു കോടിയോളം രൂപ ഇടനിലക്കാര്‍ക്കു ലഭിക്കുമെന്നു കരുതപ്പെടുന്നു. ഇങ്ങനെ എത്തിക്കുന്ന സ്വര്‍ണം വാങ്ങാന്‍ താത്‌പര്യമുള്ള അനേകം കച്ചവടക്കാരുണ്ട്‌. നികുതിവെട്ടിപ്പു നടത്താമെന്നതാണ്‌ ഇവര്‍ സൗകര്യമായി കാണുന്നത്‌.

കള്ളക്കടത്തുകാര്‍ സ്വര്‍ണം കടത്തുന്നതിന്‌ നിരപരാധികളായ നിര്‍ധന യുവതികളെ വരെ ഉപയോഗിക്കുന്നതായി "മംഗളം" റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. വിസിറ്റിങ്‌ വിസയില്‍ യുവതികളെ ഗള്‍ഫിലേക്ക്‌ അയയ്‌ക്കുകയും തിരിച്ചു വരുമ്പോള്‍ അവരെ ഉപയോഗിച്ചു സ്വര്‍ണം കടത്തുകയും ചെയ്യുകയാണു പതിവ്‌. ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നതിന്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ വലിയതുകയാണ്‌ പാരിതോഷികം കിട്ടുന്നത്‌. സ്വര്‍ണക്കടത്തുകാര്‍ എത്തുന്ന സമയത്ത്‌ അവരുമായി ഒത്തുകളിക്കുന്ന ഉദ്യോഗസ്‌ഥര്‍ ഡ്യൂട്ടിക്കെത്തുന്നതിലൂടെയാണു സുഗമമായ കടത്ത്‌ സാധിക്കുന്നത്‌. ഇത്‌ ഒന്നോ രണ്ടോ പേര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല. ഉദാഹരണത്തിന്‌ തിരുവനന്തപുരത്ത്‌ പിടിയിലായ സെറീന ഈ മാസം മാത്രം ദുബായില്‍ പോയി വന്നത്‌ ആറു തവണയായിരുന്നു. ഇവര്‍ വരുന്ന സമയത്തൊക്കെ കടത്തിവിടാന്‍ ഒരേ ഉദ്യോഗസ്‌ഥന്‍ സ്‌ഥലത്തുണ്ടായിരുന്നു താനും. ഇങ്ങനെ എത്രയോ പേര്‍ കടന്നു പോകുന്നു. ഇതുതന്നെ മറ്റു വിമാനത്താവളങ്ങളിലും ഇതു നടക്കുന്നു. ഇടയ്‌ക്ക്‌ പിടിക്കപ്പെടുന്നത്‌ ചില കാരിയര്‍മാര്‍ മാത്രമാണ്‌. പ്രധാന ആസൂത്രകര്‍ പിടിക്കപ്പെടാതെ പോകുന്നു. ഈ ആസൂത്രകര്‍ ആര്‍ക്കു വേണ്ടിയാണ്‌ സ്വര്‍ണം കടത്തുന്നതെന്ന്‌ അന്വേഷണോദ്യോഗസ്‌ഥര്‍ക്ക്‌ ഇനിയും കണ്ടു പിടിക്കാന്‍ സാധിച്ചിട്ടില്ല. അവര്‍ എല്ലായ്‌പോഴും തിരശീലയ്‌ക്ക്‌ പിന്നില്‍ കഴിയുന്നു. ആര്‍ക്കുവേണ്ടിയാണ്‌ സ്വര്‍ണം കടത്തുന്നത്‌, കടത്തുന്ന സ്വര്‍ണമൊക്കെ എവിടേക്ക്‌ പോകുന്നു എന്നുകൂടി തെളിയുമ്പോഴേ സ്വര്‍ണക്കടത്തിന്റെ അന്വേഷണം പൂര്‍ത്തിയാകൂ.

Ads by Google
Thursday 23 May 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW