Thursday, June 13, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.28 AM

തെരഞ്ഞെടുപ്പു ഫലം: മുന്നണികളില്‍ തുടര്‍ചലന സാധ്യത

ഒരു മാസത്തെ കാത്തിരിപ്പിനുശേഷം ഇന്നു തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ സംസ്‌ഥാനത്തു മൂന്നു മുന്നണികളെയും കാത്തിരിക്കുന്നതു വലിയ പരീക്ഷണഘട്ടം. ശബരിമലയും ചര്‍ച്ച്‌ ആക്‌ടും ഈശ്വരവിശ്വാസവും പ്രചാരണവിഷയം നിശ്‌ചയിച്ച തെരഞ്ഞെടുപ്പില്‍, പിന്നാക്കം പോയാല്‍ മൂന്നു മുന്നണികളിലും കലാപം പൊട്ടിപ്പുറപ്പെടും.
ശബരിമല യുവതീപ്രവേശന വിഷയമാണ്‌ ബി.ജെ.പി. മുഖ്യമായും തെരഞ്ഞെടുപ്പ്‌ പ്രചാരണ ആയുധമാക്കിയത്‌. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വ്യക്‌തിപ്രഭാവമോ ഒന്നും ബി.ജെ.പി. വലിയ വിഷയമാക്കിയില്ല. ബി.ജെ.പിക്കു കിട്ടിയ സുവര്‍ണവിഷയമായിരുന്നു ശബരിമല. ഇതു വോട്ടായി മാറിയിട്ടുണ്ടെങ്കില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. ചരിത്രനേട്ടമുണ്ടാക്കും. ബി.ജെ.പി. സംസ്‌ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിനു നല്‍കിയ കണക്കില്‍ പറയുന്നത്‌ തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ഉറപ്പുവിജയവും തൃശൂരില്‍ വിജയസാധ്യതയുമാണ്‌. നിയമസഭാ മണ്ഡലങ്ങളുടെ കാര്യത്തില്‍ ഏഴിടത്ത്‌ ഒന്നാം സ്‌ഥാനവും പതിനഞ്ചിടത്തു രണ്ടാം സ്‌ഥാനവും പറയുന്നു. ഇത്രയും നേട്ടം കൈവരിക്കാനായില്ലെങ്കിലും അടുത്തെങ്കിലുമെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്നു ബി.ജെ.പി. ദേശീയ നേതൃത്വം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.
ശബരിമല വിഷയം ബി.ജെ.പി. മുന്നണിക്കു നേട്ടമായാല്‍ അതിന്റെ പഴി മുഴുവന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേള്‍ക്കേണ്ടിവരും. സി.പി.എമ്മിലെയും സി.പി.ഐയിലെയും ഒരു വിഭാഗം ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലവിലുള്ള സ്‌ഥിതി തുടരണമെന്ന അഭിപ്രായക്കാരായിരുന്നു. അത്‌ ഉറക്കെപ്പറയാന്‍ അവര്‍ തയാറായില്ല. അതോടെയായിരുന്നു യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടിത്തം നടത്തിയത്‌. ഈ സാഹചര്യത്തില്‍ തിരിച്ചടി നേരിട്ടാന്‍ സര്‍ക്കാര്‍-സി.പി.എം- ഇടതു മുന്നണി നേതൃത്വങ്ങള്‍ അണികളോടു മറുപടി പറയേണ്ടിവരും.
ന്യൂനപക്ഷ വോട്ട്‌ ഗണ്യമായി ലഭിെച്ചന്നാണ്‌ യു.ഡി.എഫിന്റെ വിലയിരുത്തല്‍. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍തന്നെ ഇതു വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. ബി.ജെ.പി. സര്‍ക്കാരിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന പ്രചാരണവും രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിച്ചതും സംസ്‌ഥാന സര്‍ക്കാര്‍ ചര്‍ച്ച്‌ ആക്‌ട്‌ കൊണ്ടുവരാന്‍ ശ്രമിച്ചതുമൊക്കെയാണ്‌ ഇതിനു കാരണമായി പറയുന്നത്‌. ഈ വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്തുന്നതില്‍ യു.ഡി.എഫ്‌. ഒരു പരിധി വരെ വിജയിക്കുകയും ചെയ്‌തു. ഉദ്ദേശിച്ചപോലെ ന്യൂനപക്ഷ ഏകീകരണമുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലും യു.ഡി.എഫിലും നേതൃമാറ്റ മുറവിളി ഉയരും.

ഷാലു മാത്യു

Ads by Google
Thursday 23 May 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW