Thursday, May 23, 2019 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.21 AM

തോക്കുചൂണ്ടി ഭീഷണി, ഓടിച്ചിട്ടു കീഴ്‌പ്പെടുത്തല്‍, കൈയില്‍ 13 കോടിയുടെ ചരസ്‌

uploads/news/2019/05/310037/c1.jpg

കൊച്ചി: എക്‌സൈസ്‌ സംഘത്തെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച രാജ്യാന്തര ലഹരിമരുന്നു കടത്തുസംഘാംഗം പിടിയില്‍. പുതുവൈപ്പ്‌ ലൈറ്റ്‌ ഹൗസിനു സമീപം ആലുവപ്പറമ്പ്‌ വീട്ടില്‍ വര്‍ഗീസ്‌ ജൂഡ്‌സണാ(52)ണ്‌ ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടോടെ മൂലമ്പിള്ളിയില്‍നിന്നു പിടിയിലായത്‌. ഇയാളുടെ വാഹനത്തില്‍നിന്ന്‌ 6.5 കിലോ ചരസ്‌ പിടിച്ചെടുത്തു. അതിനു രാജ്യാന്തര വിപണിയില്‍ 13 കോടി രൂപ വിലവരും.
മയക്കുമരുന്ന്‌ കൈമാറാനെത്തിയ ജൂഡ്‌സണ്‍ എക്‌സൈസ്‌ സംഘത്തെ തിരിച്ചറിഞ്ഞയുടന്‍ വാഹനം അതിവേഗം ഓടിച്ചുപോയി. എക്‌സൈസ്‌ സംഘം പിന്തുടര്‍ന്ന്‌ തടഞ്ഞുനിര്‍ത്തിയപ്പോള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മല്‍പ്പിടിത്തത്തിലൂടെയാണ്‌ കീഴ്‌പ്പെടുത്തിയത്‌.
നിലവിലെ നാര്‍ക്കോട്ടിക്‌സ്‌ ആക്‌ട്‌ പ്രകാരം നൂറു ഗ്രാം ചരസ്‌ കൈവശമുണ്ടെങ്കില്‍തന്നെ പത്തുവര്‍ഷം കഠിനതടവു കിട്ടാവുന്ന ശിക്ഷയാണ്‌. ഒരു കിലോഗ്രാം കൈയിലുണ്ടെങ്കില്‍ ശിക്ഷ 20 വര്‍ഷം വരെയാണ്‌. നേപ്പാളില്‍ നിര്‍മിച്ച പിസ്‌റ്റളും എട്ടു തിരകളും മഹീന്ദ്ര എക്‌സ്‌.യു.വി. വാഹനവും പിടിച്ചെടുത്തിട്ടുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.
ചരസു കടത്തിനു വര്‍ഗീസ്‌ ജൂഡ്‌സണ്‍ മറയായി ഉപയോഗിച്ചിരുന്നത്‌ ഓട്ടിസം ബാധിച്ച മകനെയായിരുന്നു. മകനെയും ഇയാള്‍ വാഹനത്തില്‍ കൊണ്ടുപോയിരുന്നു. കുട്ടിയെ കാട്ടി പരിശോധനയില്‍നിന്നു രക്ഷപ്പെടുകയായിരുന്നു രീതി.
എന്‍.ഐ.എ. ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ തെരയുന്ന ലഹരിമരുന്നു കടത്തു സംഘാംഗമാണ്‌ വര്‍ഗീസ്‌ ജൂഡ്‌സണ്‍. എക്‌സൈസ്‌ സംഘാംഗങ്ങള്‍ ഇടപാടുകാരായി നടിച്ചു വന്‍ തുക വാഗ്‌ദാനംചെയ്‌താണ്‌ വര്‍ഗീസ്‌ ജൂഡ്‌സണെ വലയില്‍ വീഴ്‌ത്തിയത്‌. നേപ്പാളില്‍നിന്നാണ്‌ വര്‍ഗീസ്‌ ജൂഡ്‌സണ്‍ ചരസ്‌ കേരളത്തിലേക്കു കൊണ്ടുവന്നത്‌. ജി.പി.ആര്‍.എസ്‌. സഹായത്തോടെ വാഹനം സ്വയം ഓടിച്ചാണ്‌ നേപ്പാളില്‍ പോയിരുന്നത്‌. മയക്കുമരുന്ന്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിന്‌ ഇയാള്‍ റെന്റ്‌ എ കാര്‍ ബിസിനസും നടത്തിയിരുന്നു. ക്വട്ടേഷന്‍ സംഘം രൂപീകരിക്കാനും ഇയാള്‍ക്ക്‌ ഉദ്ദേശ്യമുണ്ടായിരുന്നെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ചരസ്‌ വേട്ടയാണിതെന്ന്‌ എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ കെ. ചന്ദ്രപാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിയെ പിടികൂടിയ സംഘത്തിന്‌ എക്‌സൈസ്‌ കമ്മിഷണര്‍ ഋഷിരാജ്‌ സിങ്‌ 25,000 രൂപ സമ്മാനം നല്‍കി. നേതൃത്വം നല്‍കിയ എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ ഇന്‍സ്‌പെക്‌ടര്‍ പി. ശ്രീരാജിന്‌ എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ കെ. ചന്ദ്രപാലന്‍ സമ്മാനത്തുക കൈമാറി.
പ്രിവന്റീവ്‌ ഓഫീസര്‍ കെ.ആര്‍. രാംപ്രസാദ്‌, ഇന്റലിജന്‍സ്‌ പ്രിവന്റീവ്‌ ഓഫീസര്‍ എ.എസ്‌. ജയന്‍, ഡി.സി സ്‌ക്വാഡ്‌ അംഗം റോബി, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ പി.എക്‌സ്‌. റൂബന്‍, എം.എം. അരുണ്‍കുമാര്‍, സിദ്ധാര്‍ഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമ്മിഷണര്‍ ടി.എ. അശോക്‌ കുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Thursday 23 May 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW