Wednesday, June 26, 2019 Last Updated 6 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.21 AM

വാര്‍ധക്യപെന്‍ഷന്‍ തട്ടിയെടുക്കാന്‍ വയോധികനെ കൊന്നു; യുവാവ്‌ അറസ്‌റ്റില്‍

uploads/news/2019/05/310033/c3.jpg

മണിമല : ബാങ്കില്‍ നിന്നെടുത്ത വാര്‍ധക്യപെന്‍ഷന്‍ തട്ടിയെടുക്കാന്‍ വയോധികനെ പരിചയക്കാരനായ യുവാവ്‌ കൊലപ്പെടുത്തി. മണിമല മൂങ്ങാനി പുളിക്കപ്പീടികയില്‍ തോമസി(ബേബി- 88) നെയാണു മദ്യം നല്‍കാമെന്നു പ്രലോഭിച്ചു റബര്‍ത്തോട്ടത്തില്‍ കൊണ്ടുപോയി യുവാവ്‌, തോര്‍ത്ത്‌ കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊന്നത്‌. കേസില്‍ കൂലിപ്പണിക്കാരനായ കട്ടപ്പന വള്ളക്കടവ്‌ കോളനി കാരകുന്നില്‍ വില്‍സ(36)നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ചെറുവള്ളി പൂവത്തോലിയിലുള്ള തോട്ടത്തില്‍ ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചിനായിരുന്നു സംഭവം. മുന്‍പരിചയമുള്ള വില്‍സണിനൊപ്പം പോയി ബാങ്കില്‍നിന്നു തോമസ്‌ പെന്‍ഷന്‍ വാങ്ങിയിരുന്നു. ഈ പണം തട്ടിയെടുത്തു മദ്യപിക്കുന്നതിനായി ആളൊഴിഞ്ഞ സ്‌ഥലത്തേക്ക്‌ തോമസിനെ കൊണ്ടുപോകുകയായിരുന്നു. കൊലപാതകത്തിനുശേഷം വയോധികന്റെ പോക്കറ്റില്‍നിന്നു പണം തട്ടിയെടുത്തു. പണവുമായി മണിമലയിലെത്തിയപ്പോള്‍ ഓട്ടോഡ്രൈവര്‍മാര്‍ കണ്ടു. പിന്നീട്‌ ബസ്‌ സ്‌റ്റാന്‍ഡിലെത്തിയ പ്രതിയെ അവര്‍ പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാക്കി. സംഭവദിവസം രാവിലെ വീട്ടില്‍ നിന്നു പോയ തോമസ്‌, വളരെ വൈകിയും തിരിച്ചെത്താത്തതിനാല്‍ മകന്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന്‌ ഇരുവരെയും ഒരുമിച്ചു മണിമല ടൗണിലും പൂവത്തോലിയിലും പകല്‍ കണ്ടതായി പോലീസിനു വിവരം ലഭിച്ചു. സംഭവദിവസം ഓട്ടോയില്‍ക്കയറി രണ്ടു പേരും പോകുന്നതു കണ്ടതായി ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ പരസ്‌പരവിരുദ്ധമായാണു പ്രതി സംസാരിച്ചത്‌. തന്നോടൊപ്പം വന്ന തോമസ്‌, പിന്നീട്‌ എങ്ങോട്ടോ പോയെന്ന്‌ ആദ്യം പറഞ്ഞ വില്‍സണ്‍, നിരന്തരമായ ചോദ്യം ചെയ്യലില്‍ കുറ്റംസമ്മതിക്കുകയായിരുന്നു. എന്നാല്‍, കൊലപ്പെടുത്തിയ സ്‌ഥലം വെളിപ്പെടുത്തിയില്ല. പല സ്‌ഥലങ്ങള്‍ പറഞ്ഞ്‌ പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും ഒടുവില്‍ കൊലപാതകം നടത്തിയ സ്‌ഥലം കാട്ടിക്കൊടുത്തു. തോമസിന്റെ സംസ്‌കാരം ഇന്നു രാവിലെ പത്തിന്‌ മണിമല ഹോളിമെയ്‌ജൈ ഫൊറോനാ പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ പാലാ പുഞ്ചക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ബേബി, റൂബി, ജെസി, റാണി, സാബു, മിനി, ജോര്‍ജുകുട്ടി.മരുമക്കള്‍: കുഞ്ഞുമോള്‍, റോബിന്‍, തോമസുകുട്ടി, തോമസ്‌,റീന,സജീവ്‌,ഷിനി.

Ads by Google
Thursday 23 May 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW