Saturday, June 08, 2019 Last Updated 34 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 08.18 AM

കത്തിനശിച്ചത്‌ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വ്യാപാരസ്‌ഥാപനം; കണ്‍മുന്നില്‍ ഉപജീവനമാര്‍ഗം വെണ്ണീറായി, പൊട്ടിക്കരഞ്ഞ്‌ ജീവനക്കാര്‍ ; സൂക്ഷിച്ചിരുന്നത് ഒരു ​കോടി രൂപയുടെ സ്‌റ്റോക്ക്‌

uploads/news/2019/05/309903/umbrella mart.jpg

തിരുവനന്തപുരം: വര്‍ഷങ്ങളായി തങ്ങളെ പോറ്റുന്ന സ്‌ഥാപനത്തിലേക്ക്‌ പതിവ്‌ പോലെയെത്തിയവര്‍ കണ്ടത്‌ തങ്ങളുടെ തൊഴിലിടത്തെ ചുറ്റി ഉയരുന്ന പുകപടലങ്ങളാണ്‌. എന്തു സംഭവിക്കുന്നുവെന്ന്‌ അറിയാതെ സ്‌ഥാപനം തുറന്നവര്‍ക്ക്‌ കനത്ത പുകയും ചൂടും കാരണം അകത്തേക്ക്‌ കയറാനുമായില്ല. ഭയന്ന്‌ അമ്പരന്ന ജീവനക്കാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും അപ്പോഴേക്കും ആര്‍ക്കും രക്ഷിക്കാന്‍ കഴിയാത്ത തരത്തില്‍ സ്‌ഥാപനവും സാധനങ്ങളും വെന്തുവെണ്ണീറായി കഴിഞ്ഞിരുന്നു.

ഇന്നലെ വരെ അന്നമൂട്ടിയ സ്‌ഥാപനം കണ്‍വെട്ടത്ത്‌ എരിഞ്ഞമര്‍ന്നപ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെയാണ്‌ പലരും പൊട്ടിക്കരഞ്ഞത്‌. ഉണ്ടായിരുന്ന ജോലി കൂടി ഇല്ലാതായതോടെ ഇനി എന്തെന്ന ചോദ്യത്തിനുമുന്നില്‍ പകച്ചു നില്‍ക്കുകയാണ്‌ ഈ ഹതഭാഗ്യര്‍. പാഞ്ഞെത്തിയ മുപ്പതോളം ഫയര്‍ എന്‍ജിനുകള്‍ക്കു പിന്നെ ചെയ്യാനുണ്ടായിരുന്നത്‌ തീ നിയന്ത്രണവിധേയമാക്കി അണക്കുക എന്ന ദൗത്യം മാത്രമായിരുന്നു.

ഇന്നലെവരെ തങ്ങളുടെയും കുടുംബത്തിന്റെയും അത്താണിയായിരുന്ന സ്‌ഥാപനം കണ്‍മുന്നില്‍ വെന്തുവെണ്ണീറാകുന്നത്‌ കണ്ട ജീവനക്കാര്‍ക്ക്‌ കണ്ണീരടക്കാനായില്ല. പൊട്ടിക്കരഞ്ഞ്‌ തളര്‍ന്നിരുന്ന ജീവനക്കാരെ ആശ്വസിപ്പിക്കാനുള്ള ശ്രമവും വൃഥാവിലായി. എട്ട്‌ വനിതകളടക്കം 17 ജീവനക്കാരുടെ ഉപജീവനമാര്‍ഗം കൂടിയാണ്‌ ഇന്നലത്തെ തീയില്‍ വെണ്ണീറായത്‌. വിവിധ ജില്ലകളില്‍ നിന്നുള്ള തൊഴിലാളികളില്‍ പലരും ദീര്‍ഘകാലമായി ഇവിടെ ജോലി ചെയ്യുന്നവരാണ്‌. 18 വര്‍ഷമായി ജോലി ചെയ്യുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്‌.

ഒരു തൊഴിലിടം എന്നതിനപ്പുറം വൈകാരികമായ ബന്ധമാണ്‌ സ്‌ഥാപനവുമായി ഇവര്‍ക്കുള്ളത്‌. നഗരത്തെ മുള്‍മുനയിലാക്കിയ തീപിടുത്തത്തില്‍ കത്തിനശിച്ചത്‌ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വ്യാപാരസ്‌ഥാപനമായിരുന്നു. 1942 ലാണ്‌ ചെല്ലം അംബ്രല്ലാമാര്‍ട്ട്‌ പഴവങ്ങാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌. ഇപ്പോഴത്തെ ഉടമകളുട മുത്തച്‌ഛന്‍ രംഗസ്വാമി റെഡ്‌ഡിയാറാണ്‌ തിരുവനന്തപുരത്ത്‌ മേലെ പഴവങ്ങാടിയില്‍ സ്‌ഥാപനം തുടങ്ങിയത്‌. പിന്നീട്‌ റെഡ്‌ഡിയാറുടെ മകനും അയാളുടെ കാലശേഷം ഇപ്പോഴത്തെ ഉടമകളായ മക്കള്‍ സുനില്‍കുമാറിനും രവികുമാറിനും അമ്മ കുമാരി കലാവതിക്കും ലഭിച്ചത്‌. നേരത്തെ കുറഞ്ഞ സ്‌ഥലത്ത്‌ പ്രവര്‍ത്തിച്ചിരുന്ന സ്‌ഥാപനം കൂടുതല്‍ സ്‌ഥലം വാങ്ങി വിപുലീകരിച്ചത്‌ ഇപ്പഴത്തെ ഉടമകളാണ്‌. നിലവില്‍ 16 സെന്റ്‌ സ്‌ഥലത്താണ്‌ വ്യാപാരസ്‌ഥാപനവും ഗോഡൗണും പ്രവര്‍ത്തിച്ചു വന്നത്‌.

നേരത്തെ കുട വില്‌പനയില്‍ തുടങ്ങി പിന്നീട്‌ സ്‌കൂള്‍ ബാഗുകളും മെത്തയും ലെതര്‍ ഉല്‌പന്നങ്ങളും വില്‍ക്കുന്ന വലിയ സ്‌ഥാപനമായി മാറുകയായിരുന്നു. ഇന്നലെ അപ്രതീക്ഷിതമായി ഉണ്ടായ തീപിടുത്തത്തില്‍ സ്‌ഥാപനവും ഗോഡൗണും സാധന സാമഗ്രികളും പൂര്‍ണമായും കത്തി നശിച്ചതോടെ കോടികളുടെ നഷ്‌ടമാണ്‌ ഉടമകള്‍ക്കുണ്ടായിരിക്കുന്നത്‌. പൊതുവെ ഒരു കോടി രൂപയുടെയെങ്കിലും സ്‌റ്റോക്ക്‌ സൂക്ഷിക്കുന്ന സ്‌ഥാപനത്തിലും ഗോഡൗണിലുമായി സ്‌കൂള്‍ തുറക്കുന്നതിന്‌ മുന്നോടിയായി കൂടുതല്‍ സ്‌റ്റോക്ക്‌ സൂക്ഷിച്ചിരുന്നു.

ഇതെല്ലം ഇന്നലെ പൂര്‍ണമായും കത്തി നശിച്ചിരുന്നു. കോടികളുടെ നഷ്‌ടത്തിനോടൊപ്പം തീപിടിച്ചതിനെ തുടര്‍ന്ന്‌ കാര്യമായ കേടുപാടുകള്‍ പറ്റിയ ബില്‍ഡിംഗടക്കം പുതുക്കിപണിത്‌ പഴയ നിലയിലെത്താന്‍ മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന കഠിനാദ്ധ്വാനത്തിനൊപ്പം വേണ്ടി വരുന്ന ഭീമമായ തുക എങ്ങനെകണ്ടെത്തും എന്നതാണ്‌ ഉടമകളെ അലട്ടുന്നത്‌.

Ads by Google
Ads by Google
Loading...
TRENDING NOW