Wednesday, May 22, 2019 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.21 AM

വോട്ടിങ്‌ യന്ത്രം: കമ്മിഷന്‍ വ്യക്‌തത വരുത്തണം

uploads/news/2019/05/309880/editorial.jpg

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തെരഞ്ഞെടുപ്പ്‌ കമ്മിഷനും ഏറ്റവുമധികം ചര്‍ച്ചയില്‍ നിറഞ്ഞു നിന്ന ദിവസങ്ങളാണ്‌ കഴിഞ്ഞു പോകുന്നത്‌. തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ പല നിലപാടുകളും തീരുമാനങ്ങളും പക്ഷപാതപരമായിരുന്നുവെന്ന്‌ പലവട്ടം ആരോപണങ്ങള്‍ ഉയര്‍ന്നതാണ്‌. തെരഞ്ഞെടുപ്പിന്റെ ദിനങ്ങള്‍ തീരുമാനിച്ചതില്‍ പോലും ബി.ജെ.പിയെ അനുകൂലിക്കുന്ന നിലപാടാണ്‌ കമ്മിഷന്‍ സ്വീകരിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആദ്യ ആരോപണം. പിന്നീട്‌ കമ്മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരുന്ന തെരഞ്ഞെടുപ്പ്‌ യന്ത്രങ്ങളുടെ വിശ്വാസ്യത സംശയനിഴലിലാണെന്ന വാദം പ്രതിപക്ഷം ഉന്നയിച്ചു. ഇത്‌ കമ്മിഷന്‍ ആദ്യം തന്നെ തള്ളിക്കളഞ്ഞു. വോട്ട്‌ ആര്‍ക്ക്‌ വീണെന്നു വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്ന വിവി പാറ്റ്‌ സ്ലിപ്പുകള്‍ എല്ലാം എണ്ണണമെന്ന ആവശ്യം തെരഞ്ഞെടുപ്പ്‌ പ്രക്രിയ ആരംഭിക്കുന്നതിനു മുന്‍പ്‌ തന്നെ പ്രതിപക്ഷം ഉന്നയിച്ചതായിരുന്നു. ഇതും കമ്മിഷന്‍ തള്ളിയതുകൊണ്ടാണ്‌ പ്രതിപക്ഷം കോടതിയില്‍ പോയതും ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു വിവിപാറ്റ്‌ യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ എണ്ണണമെന്ന്‌ കോടതി വിധിച്ചതും.

തെരഞ്ഞെടുപ്പ്‌ പ്രക്രിയയ്‌ക്ക്‌ ഇടയില്‍ പലതവണ വോട്ടിങ്‌ യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പല സംഭവങ്ങളും പ്രതിപക്ഷം ഉന്നയിച്ചു. അതൊക്കെ അടിസ്‌ഥാനരഹിതമാണെന്നായിരുന്നു കമിഷന്റെ നിലപാട്‌. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചില ബി.ജെ.പി. നേതാക്കളും തെരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍ ലംഘിച്ചു എന്ന്‌ പ്രതിപക്ഷം പല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉന്നയിച്ചപ്പോള്‍ അതെല്ലാം തള്ളി കമ്മിഷന്‍ ക്ലീന്‍ ചിറ്റ്‌ നല്‍കിയത്‌ കമ്മിഷന്റെ ഉള്ളില്‍ തന്നെ പൊട്ടിത്തെറി ഉണ്ടാക്കിയിരിക്കുകയാണ്‌. ക്ലീന്‍ ചിറ്റ്‌ നല്‍കാനുള്ള തീരുമാനങ്ങളോട്‌ താന്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നെന്നും അത്‌ കമ്മിഷന്റെ ഉത്തരവുകളില്‍ രേഖപ്പെടുത്തണമെന്നും കമ്മിഷനംഗം അശോക്‌ ലവാസ തുറന്നു പറഞ്ഞത്‌ കമ്മിഷനിലെ അഭിപ്രായവ്യത്യാസം തുറന്നു കാട്ടുന്നതാണ്‌. ലവാസയുടെ എതിരഭിപ്രായം രേഖപ്പെടുത്തില്ല എന്നാണ്‌ കമിഷന്റെ തീരുമാനം.

വോട്ടിങ്‌ യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച്‌ ഇന്നലെ പോലും ധാരാളം വീഡിയോ ദൃശ്യങ്ങളടക്കം വാര്‍ത്തകള്‍ വന്നിട്ടും അതൊക്കെ കണക്കിലെടുക്കാതെ തള്ളിക്കളയുകയാണ്‌ കമ്മിഷന്‍. വോട്ടിങ്‌ യന്ത്രങ്ങള്‍ സ്‌ട്രോങ്‌ റൂമിനുള്ളില്‍ സുരക്ഷിതമാണെന്ന്‌ പറയുമ്പോഴും ധാരാളം വോട്ടിങ്‌ യന്ത്രങ്ങള്‍ വാഹനങ്ങളിലും മറ്റും കടത്തുന്നത്‌ എങ്ങനെയെന്നു വിശദീകരിക്കാന്‍ കമ്മിഷന്‍ തയാറാകുന്നില്ല. അവ കരുതല്‍ ഉപയോഗത്തിനു വച്ച യന്ത്രങ്ങളാണെന്ന്‌ പറയുമ്പോഴും ഇത്തരം യന്ത്രങ്ങളും ഇങ്ങനെ കടത്താനാകുമോ എന്ന സംശയം ബാക്കിയാണ്‌. കമ്മിഷന്‍ ഇത്തരം കാര്യങ്ങളിലൊന്നും വിശദീകരണം നല്‍കുന്നില്ലെന്ന്‌ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണറായ എസ്‌.വൈ. ഖുറേഷി പോലും അഭിപ്രായപ്പെട്ടു കഴിഞ്ഞു. ഭരണഘടനാ സ്‌ഥാപനങ്ങള്‍ ഇങ്ങനെ സംശയത്തിന്റെ നിഴലിലാകുന്നത്‌ ഒട്ടും ആശാസ്യമല്ല. എല്ലാത്തരം പക്ഷഭേദങ്ങളില്‍ നിന്നും മുക്‌തമായി നിഷ്‌പക്ഷമായാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബോധ്യപ്പെടുന്ന തരത്തില്‍ വ്യക്‌തത വരുത്താന്‍ കമ്മിഷന്‌ ഉത്തരവാദിത്വമുണ്ട്‌.

Ads by Google
Wednesday 22 May 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW