Monday, June 24, 2019 Last Updated 14 Min 2 Sec ago English Edition
Todays E paper
Ads by Google
സജിത്ത്‌ പരമേശ്വരന്‍
Wednesday 22 May 2019 01.19 AM

'ശബരിമല' പത്തനംതിട്ടയില്‍ വിധി പറയും

uploads/news/2019/05/309877/PTAmandalam220519.jpg

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ കാട്ടിയ വ്യഗ്രത കേരളത്തെ ആകമാനം പിടിച്ചുലച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ ഇത്‌ ഏറെ പ്രതിഫലിക്കുക പത്തനംതിട്ടയിലായിരിക്കുമെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. തെരഞ്ഞെടുപ്പ്‌ ഫലത്തോടൊപ്പം അയ്യപ്പസ്വാമിയുടെ ഹിതം കൂടി കണ്ടറിയാമെന്ന്‌ വിശ്വസിക്കുന്നവരും ഏറെ. പൊതുവെ യു.ഡി.എഫ്‌. മണ്ഡലമെന്ന്‌ ഖ്യാതിയുള്ള പത്തനംതിട്ടയില്‍ ഇക്കുറി നടന്നത്‌ വീറും വാശിയുമേറിയ ത്രികോണ മത്സരം.

ശബരിമല ആചാരസംരക്ഷണത്തിനായി അരയും തലയും മുറുക്കി മുന്നിട്ടിറങ്ങിയ ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ മത്സരിക്കാന്‍ കളത്തിലിറങ്ങിയപ്പോള്‍തന്നെ മണ്ഡലം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ സുരേന്ദ്രനെതിരേ 240 കേസുകള്‍ എടുത്ത സര്‍ക്കാര്‍ നടപടിപോലും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്ന്‌ വിലയിരുത്തുന്നവരും കുറവല്ല.

ആറന്മുളയിലെ സിറ്റിങ്‌ എം.എല്‍.എ. വീണാജോര്‍ജിനെ ആദ്യം തന്നെ ഗോദയിലിറക്കി കരുത്തുകാട്ടിയ എല്‍.ഡി.എഫ്‌. തുടക്കത്തില്‍ പ്രചരണവീഥിയില്‍ ഏറെ മുന്നിലായിരുന്നു. എന്നാല്‍ യു.ഡി.എഫ്‌. സിറ്റിങ്‌ എം.പി. ആന്റോ ആന്റണിയെ മൂന്നാം ഊഴത്തിന്‌ കച്ചകെട്ടിയിറക്കിയതോടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ്‌ കാലം ഉത്സവാന്തരീക്ഷത്തിലാണ്‌ പരിസമാപ്‌തി കുറിച്ചത്‌.

**** അവകാശവാദങ്ങള്‍

തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രതിഫലിക്കുമെന്ന്‌ വ്യക്‌തമാക്കിയാണ്‌ യു.ഡി.എഫും ബി.ജെ.പിയും ഇവിടെ പ്രചരണം ആരംഭിച്ചത്‌. മതപരമായ വിഷയങ്ങള്‍ പ്രചരണായുധമാക്കരുതെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും അതൊന്നും ഇരു മുന്നണികളും വകവച്ചില്ല. ശബരിമല ആചാര സംരക്ഷണത്തിനായി തുടക്കം മുതല്‍ തന്നെ ഉറച്ച നിലപാട്‌ സ്വീകരിച്ചത്‌ കോണ്‍ഗ്രസാണെന്നും ഇതിനായി കേസില്‍ കക്ഷി ചേരാന്‍ വരെ പാര്‍ട്ടി തയ്യാറായെന്നുമാണ്‌ യു.ഡി.എഫ്‌. പ്രചരണങ്ങളില്‍ മുഴങ്ങി കേട്ടത്‌.

ആദ്യം വിധിയെ സ്വാഗതം ചെയ്‌ത ബി.ജെ.പി. പിന്നീട്‌ മലക്കം മറിയുകയായിരുന്നുവെന്നും യു.ഡി.എഫ്‌. ആരോപിച്ചു. എന്നാല്‍, ജനഹിതം അറിഞ്ഞ്‌ ആചാര സംരക്ഷണത്തിനായി അയ്യപ്പഭക്‌തര്‍ക്കൊപ്പം സമരരംഗത്തിറങ്ങിയത്‌ തങ്ങളാണെന്നുള്ള വാദം ഉന്നയിച്ച്‌ ബി.ജെ.പി തിരിച്ചടിച്ചു. കെ.സുരേന്ദ്രന്‍ ആചാര സംരക്ഷണത്തിനായി സഹിച്ച ത്യഗവും ബി.ജെ.പി പ്രചാര വിഷയമാക്കി.

എന്നാല്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും വികസനമാണ്‌ മുഖ്യ വിഷയമെന്നുമായിരുന്നു ഇടത്‌ നിലപാട്‌. എം.എല്‍.എ. എന്ന നിലയില്‍ വീണാജോര്‍ജ്‌ നടപ്പാക്കിയ വികസനം എടുത്തുകാട്ടിയാണ്‌ അവര്‍ പ്രചരണം കൊഴുപ്പിച്ചത്‌. പുതുതായി എന്ത്‌ വികസനം നടപ്പാക്കി എന്ന ചോദ്യം യു.ഡി.എഫ്‌. ഉന്നയിച്ചപ്പോള്‍ എം.പി. എന്ന നിലയില്‍ ആന്റോ ആന്റണി എന്തുചെയ്‌തു എന്ന മറുചോദ്യം ഇടതു ചേരിയില്‍ നിന്നും ഉയര്‍ന്നു.

**** വോട്ടില്‍ കണ്ടത്‌

പോളിങ്‌ 74.19 ശതമാനമായി ഉയര്‍ന്നു. 2014-ലെ തെരഞ്ഞെടുപ്പിനെക്കാള്‍ എട്ട്‌ ശതമാനം കൂടുതല്‍. ആചാര സംരക്ഷണത്തിന്‌ മുന്നിട്ടിറങ്ങിയവര്‍ക്ക്‌ വോട്ട്‌ നല്‍കണമെന്ന എന്‍.എസ്‌.എസിന്റെ നിര്‍ദ്ദേശവും സുരേന്ദ്രനെ തുണയ്‌ക്കണമെന്ന എസ്‌.എന്‍.ഡി.പിയുടെ രഹസ്യ സന്ദേശവും വന്നതോടെ അഭൂതപൂര്‍വമായ ഹൈന്ദവ ഏകീകരണം മണ്ഡലത്തില്‍ ഉണ്ടായി എന്ന കാര്യം വ്യക്‌തമാണ്‌. ഇത്‌ ബി.ജെ.പി ക്യാമ്പില്‍ ഏറെ ആഹ്‌ളാദമാണ്‌ സൃഷ്‌ടിച്ചത്‌.

ഉദ്ദേശം 67 ശതമാനത്തില്‍ അധികം ഹൈന്ദവ വോട്ടുകള്‍ തങ്ങള്‍ക്ക്‌ അനുകൂലമായി വീണു എന്നാണ്‌ ഇവരുടെ വിലയിരുത്തില്‍. ബാക്കി വരുന്ന 30 ശതമാനം വോട്ടുകള്‍ ഇടതും വലതും പങ്കിട്ടെടുത്തുവെന്നും ഇവര്‍ വാദിക്കുന്നു. കൂടാതെ എന്‍.ഡി.എ. മുന്നണിയില്‍ പുതുതായി എത്തിയ പി.സി. ജോര്‍ജിന്റെ സാധീനം പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ ക്രിസ്‌ത്യന്‍ വോട്ടുകളില്‍ ചെറിയ ശതമാനമെങ്കിലും തങ്ങള്‍ക്ക്‌ അനുകൂലമാക്കാന്‍ കഴിഞ്ഞുവെന്നാണ്‌ ബി.ജെ.പിയുടെ വിലയിരുത്തല്‍.

എന്നാല്‍, ഈ അവകാശവാദം യു.ഡി.എഫ്‌. തള്ളികളയുന്നു. ഹിന്ദുവോട്ടുകളില്‍ നല്ലൊരു ശതമാനം കോണ്‍ഗ്രസിന്‌ അനുകൂലമായി വീണെന്നും 70 ശതമാനത്തില്‍ അധികം ക്രിസ്‌ത്യന്‍ വോട്ടുകളും മുസ്ലിം വോട്ടുകളും ലഭിക്കുന്നതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടുനേടി സിറ്റിംഗ്‌ എം.പി. ആന്റോ ആന്റണിതന്നെ ഇക്കുറിയും വിജയിക്കുമെന്നുമാണ്‌ കോണ്‍ഗ്രസിന്റെ കണക്കൂകൂട്ടല്‍. എന്നാല്‍, പരമ്പരാഗതമായി കോണ്‍ഗ്രസിന്‌ ലഭിച്ചിരുന്ന ഹിന്ദു വോട്ടുകള്‍ ഇക്കുറി കനിഞ്ഞില്ലെന്ന്‌ വാദിക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്‌. പത്തനംതിട്ട ജില്ലയില്‍ ച്രരണം ശക്‌തമായിരുന്നില്ലെന്നും ഇക്കൂട്ടര്‍ പറയുന്നു.

എല്‍.ഡി.എഫ്‌. ചേരിയില്‍ കറതീര്‍ന്ന കമ്മ്യൂണിസ്‌റ്റ്‌ വാദികളുടെ വോട്ടുപോലും ചോര്‍ന്നു എന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. ഇത്‌ ബി.ജെ.പിക്ക്‌ അനുകൂലമായാണ്‌ വീണതെന്നും സംസാരമുണ്ട്‌. എന്നാല്‍, പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ വീണാജോര്‍ജ്‌ നടത്തിയ മുന്നേറ്റം എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം വളര്‍ത്തുന്നു. കൂടാതെ ഓര്‍ത്തഡോക്‌സ്‌ സഭാ മേധാവിയുടെ തെരഞ്ഞെടുപ്പ്‌ ദിനത്തില്‍ ഉണ്ടായ പരസ്യമായ പ്രഖ്യാപനം അനുകൂല സാഹചര്യം സൃഷ്‌ടിച്ചുവെന്നാണ്‌ ഇവരുടെ വിശ്വാസം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ നടത്തിയ പ്രചരണത്തോടൊപ്പം സോഷ്യല്‍ മീഡിയയില്‍ അണികള്‍ ഇട്ട ചില പോസ്‌റ്റുകളും തെരഞ്ഞെടുപ്പ്‌ ഫലത്തെ ബാധിക്കുമെന്ന്‌ വിലയിരുത്തുന്നവരുമുണ്ട്‌.

**** അടിയൊഴുക്കുകള്‍

ഹൈന്ദവ വോട്ടുകളുടെ ഏകീകരണം എത്രമാത്രമാണ്‌ എന്നതിനെ ആശ്രയിച്ചിരിക്കും പത്തനംതിട്ട മണ്ഡലത്തിലെ ഫലം. ഈ ഏകീകരണം ക്രിസ്‌ത്യന്‍, മുസ്ലീം വോട്ടുകളിലും സംഭവിച്ചാല്‍ കണക്കുകൂട്ടലുകള്‍ പാടെ തെറ്റും. എന്നാല്‍, നൂനപക്ഷ വോട്ടുകള്‍ വിഘടിച്ചുപോയതായാണ്‌ പൊതുവെയുള്ള സംസാരം. മൂന്നു മുന്നണികളും പ്രചവണത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു എന്ന്‌ പറയാം.

സ്‌ത്രീകളുടെ പങ്കാളിത്തമാണ്‌ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധേയമായത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ എട്ട്‌ ശതമാനം കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിയതും ഇതുകൊണ്ടാണെന്ന്‌ വിലയിരുത്തുന്നു. എസ്‌.എന്‍.ഡി.പി, എന്‍.എസ്‌.എസ്‌. നിലപാടുകളും തെരഞ്ഞെടുപ്പ്‌ ഫലത്തെ വളരെയേറെ സ്വാധീനിക്കാന്‍ ഇടയുണ്ട്‌. പത്തനംതിട്ട മണ്ഡലത്തില്‍ ഇക്കുറി ജില്ലക്കാരനായ ഒരാളെ മത്സരിപ്പിക്കണമെന്ന നിലപാടായിരുന്നു തുടക്കത്തില്‍ തന്നെ ഡി.സി.സിക്ക്‌ ഉണ്ടായിരുന്നത്‌.

മൂന്നാമത്‌ ഒരു തവണകൂടി ആന്റോ ആന്റണിക്ക്‌ സീറ്റ്‌ നല്‍കുന്നതിനെ എതിര്‍ത്തവരും കുറവല്ല. ഇത്‌ തെരഞ്ഞെടുപ്പിനെ ഏത്‌ രീതിയില്‍ ബാധിച്ചുവെന്ന്‌ പറയാന്‍ കഴിയില്ല. സിറ്റിംഗ്‌ എം.എല്‍.എയെ, എം.പി. സ്‌ഥാനത്തേക്ക്‌ മത്സരിപ്പിക്കുന്ന നിലപാടിനെതിരേ ഇടതിലും ചില പൊട്ടിത്തെറികള്‍ ദൃശ്യമായിരുന്നുവെങ്കിലും പിന്നീട്‌ ഇതിന്‌ ശമനമുണ്ടായി. ശബരിമല വിഷയത്തോടൊപ്പം സ്‌ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ വ്യക്‌തിത്വമാണ്‌ തെരഞ്ഞെടുപ്പില്‍ പ്രകടമായതെന്ന്‌ വിലയിരുത്തുന്നവരും ഏറെയാണ്‌.

Ads by Google
സജിത്ത്‌ പരമേശ്വരന്‍
Wednesday 22 May 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW