Wednesday, June 26, 2019 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 12.51 AM

വോട്ടെണ്ണല്‍ നാളെ : വോട്ടിങ്‌ യന്ത്രം ; പരാതി തീരാതെ പ്രതിപക്ഷം

uploads/news/2019/05/309760/d1.jpg

ന്യൂഡല്‍ഹി : സ്‌ട്രോങ്‌ റൂമുകളിലടച്ച ജനമനസ്‌ നാളെ എണ്ണാനിരിക്കെ, പുതിയ ആവശ്യവുമായി പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു മുന്നില്‍. വിവി പാറ്റ്‌ സ്ലിപ്പുകള്‍ ആദ്യമെണ്ണണമെന്ന ആവശ്യത്തില്‍ കമ്മിഷന്റെ തീരുമാനം ഇന്നുണ്ടാകും.
അതിനിടെ, ബി.ജെ.പിയുടെ വിജയം ലക്ഷ്യമിട്ട്‌ യു.പിയിലും ഹരിയാനയിലും മറ്റും വോട്ടിങ്‌ യന്ത്രങ്ങള്‍ മാറ്റുന്നെന്നു പരാതിയുയര്‍ന്നു. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നു മുന്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി ആവശ്യപ്പെട്ടു. വോട്ട്‌ രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ സ്‌ട്രോങ്‌ റൂമുകളില്‍ ഭദ്രമാണെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും തെരഞ്ഞെടുപ്പു കമ്മിഷന്‍ ആവര്‍ത്തിച്ചു.
ടി.ഡി.പി. അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതിനു ശേഷമാണു പുതിയ ആവശ്യവുമായി 22 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്‌.
ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ചു യന്ത്രത്തിലെ സ്ലിപ്പുകളാണ്‌ വോട്ടിങ്‌ യന്ത്രത്തിലെ വോട്ടുമായി ഒത്തുനോക്കേണ്ടത്‌. ഇത്‌ ഏറ്റവുമൊടുവില്‍ മതിയെന്ന തീരുമാനം മാറ്റണമെന്നാണു പ്രധാന ആവശ്യം. സ്ലിപ്പുകള്‍ ആദ്യമെണ്ണി യന്ത്രത്തിലെ വോട്ടുമായി ഒത്തുനോക്കണം. പിഴവുണ്ടെങ്കില്‍ ആ മണ്ഡലത്തിലെ മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഇന്നു ചര്‍ച്ച ചെയ്യാമെന്നു കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്‌.
അതിനിടെ, 100 ശതമാനം വിവി പാറ്റ്‌ സ്ലിപ്പുകളും എണ്ണാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്ടില്‍നിന്നുള്ള ഒരു സംഘടന നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. നേരത്തേ തീര്‍പ്പാക്കിയ വിഷയം ഇനിയും പരിശോധിക്കാനില്ലെന്ന്‌ അവധിക്കാല ബെഞ്ച്‌ വിശദീകരിച്ചു. യു.പിയിലും ഹരിയാനയിലും മറ്റും വാഹനങ്ങളില്‍ വോട്ടിങ്‌, വിവി പാറ്റ്‌ യന്ത്രങ്ങള്‍ കൊണ്ടുപോയതാണു പുതിയ വിവാദത്തിനു കാരണമായത്‌. ബി.ജെ.പിക്കു വോട്ട്‌ രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ രഹസ്യമായി സ്‌ട്രോങ്‌ റൂമുകളില്‍ വയ്‌ക്കാനാണു നീക്കമെന്നാണ്‌ ആരോപണമുയര്‍ന്നത്‌. ഈ ആരോപണത്തില്‍ വാസ്‌തവമില്ലെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്‌തമാക്കി.
വോട്ട്‌ രേഖപ്പെടുത്തിയ വോട്ടിങ്‌ യന്ത്രങ്ങള്‍ മുദ്രവച്ച്‌ സായുധസേനയുടെ കാവലിലും ക്യാമറകളുടെ നിരീക്ഷണത്തിലുമാണു സൂക്ഷിച്ചിരിക്കുന്നത്‌. പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലേ സ്‌ട്രോങ്‌ റൂമുകള്‍ തുറക്കൂ. എണ്ണുന്നതിനു മുമ്പ്‌ ഓരോ ബൂത്തിലെയും യന്ത്രത്തിന്റെ സീരിയല്‍ നമ്പറടക്കം പ്രതിനിധികളെ ബോധ്യപ്പെടുത്തുമെന്നും കമ്മിഷന്‍ വിശദീകരിച്ചു.
എക്‌സിറ്റ്‌ പോളുകള്‍ അനുകൂലമായതിന്റെ ആവേശത്തില്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷാ ഇന്നലെ എന്‍.ഡി.എ. ഘടകകക്ഷി നേതാക്കന്മാര്‍ക്കു വിരുന്നൊരുക്കി. പ്രതിപക്ഷത്തു നിരാശ പ്രകടമാണെങ്കിലും എന്‍.ഡി.എയെ പുറത്താക്കാമെന്ന പ്രതീക്ഷ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. ഫലമറിഞ്ഞതിനു ശേഷമേ കൂടുതല്‍ ചര്‍ച്ചയുണ്ടാകൂ.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Wednesday 22 May 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW