Wednesday, June 12, 2019 Last Updated 25 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 12.50 AM

ഘടകകക്ഷികളെ മെരുക്കാന്‍ അമിത്‌ ഷായുടെ അത്താഴവിരുന്ന്‌

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ എന്‍.ഡി.എ. ഘടകക്ഷികള്‍ക്ക്‌ ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ ഷായുടെ അത്താഴവിരുന്ന്‌. ഡല്‍ഹിയിലെ അശോകാ ഹോട്ടലില്‍ ഒരുക്കിയ വിരുന്നിനു ശേഷം ഘടകകക്ഷി നേതാക്കളുമായി ഷാ ചര്‍ച്ചയും നടത്തി. അത്താഴവിരുന്നിന്‌ മുമ്പ്‌ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്‌ഥാനത്ത്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത്‌ ഷായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്‌ച നടത്തി.
ഫലപ്രഖ്യാപനത്തിന്‌ മുമ്പ്‌ തന്നെ പ്രതിപക്ഷ നിരയില്‍ കൂട്ടായ്‌മയ്‌ക്കുള്ള ചര്‍ച്ച പുരോഗമിക്കവേയാണ്‌ അമിത്‌ഷാ വിരുന്നിനൊപ്പം എന്‍.ഡി.എ ഘടകക്ഷികളുമായി അനൗപചാരിക ചര്‍ച്ച നടത്തിയത്‌. എക്‌സിറ്റ്‌ പോള്‍ ഫലം എന്‍.ഡി.എയ്‌ക്ക്‌ അനുകൂലമായ സാഹചര്യത്തിലാണ്‌ ഷായുടെ യോഗം. അതേസമയം ഫലസുചനകള്‍ പ്രതികൂലമായതിനാല്‍ കഴിഞ്ഞ ദിവസം നടത്താനിരുന്ന പ്രതിപക്ഷ യോഗം മാറ്റിവച്ചിരുന്നു.
ശിവസേന നേതാവ്‌ ഉദ്ധവ്‌ താക്കറെ, അകാലിദള്‍ നേതാവ്‌ പ്രകാശ്‌ സിംഗ്‌ ബദാല്‍, മകന്‍ ശുക്‌ഭീര്‍ ബാദല്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍, രാം വിലാന്‍ പാസ്വാന്‍, മകന്‍ ചിരാക്‌ പാസ്വാന്‍, അണ്ണാ ഡി.എം.കെ നേതാവ്‌ ഇ. പളിനിസ്വാമി, ഒ.പനീര്‍സെല്‍വം, അപ്‌നാദാ ദള്‍ നേതാവ്‌ അനുപ്രിയ പട്ടേല്‍, രാംദോസ്‌ അത്തേവാല തുടങ്ങിയവരും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും വിരുന്നില്‍ പങ്കെടുത്തു. എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ഘടകക്ഷികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങളില്‍ പ്രാഥമിക ചര്‍ച്ച നടന്നു.
പ്രതിപക്ഷ നിര ശക്‌തമാകുന്നതിന്‌ മുമ്പ്‌ തന്നെ ഘടകകക്ഷികളുടെ യോഗം വിളിച്ച്‌ നില ഭദ്രമാക്കാനുള്ള നീക്കമാണ്‌ ബി.ജെ.പി നടത്തിയത്‌. ബി.ജെ.പിക്കു കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ചില ഘടകകക്ഷികളെങ്കിലും സമ്മര്‍ദതന്ത്രവുമായി രംഗത്തിറങ്ങിയേക്കുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്‌. എക്‌സിറ്റ്‌ പോള്‍ ഫലത്തിന്റെ ബലത്തില്‍ ഘടകകക്ഷികള്‍ക്ക്‌ മേല്‍ ആധിപത്യം നേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ്‌ ഇന്നലത്തെ വിരുന്ന്‌ വിലയിരുത്തപ്പെടുന്നത്‌. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ വരെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കടുത്ത ഭിന്നതയിലായിരുന്ന ശിവസേനയും സാഹചര്യത്തിനൊത്ത്‌ കളംമാറ്റുന്ന ജെ.ഡി.യുവും അടക്കമുള്ള പാര്‍ട്ടികളെ ബി.ജെ.പി സംശയത്തോടെയാണ്‌ വീക്ഷിക്കുന്നത്‌.
രാജ്യത്തെ 543 ലോക്‌ സഭാ സീറ്റുകളില്‍ തമിഴ്‌നാട്ടിലെ ഒരു സീറ്റില്‍ തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയിരുന്നു. 542 സീറ്റുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായത്‌. ഇതിന്റെ ഫലപ്രഖ്യാപനമാണ്‌ നാളെ പുറത്തുവരുന്നത്‌.
271 സീറ്റാണ്‌ കേവല ഭൂരിപക്ഷത്തിന്‌ ആവശ്യമായത്‌. 2014ലെ തെരഞ്ഞെടുപ്പില്‍ 282 സീറ്റ്‌ നേടി ബി.ജെ.പി. തനിച്ച്‌ കേവല ഭൂരിപക്ഷം നേടിയിരുന്നു. ഇത്തവണ രണ്ട്‌ എക്‌സിറ്റ്‌ പോളുകള്‍ ഒഴികെ മറ്റെല്ലാം എന്‍.ഡി.എയ്‌ക്ക്‌ കേവല ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്‌.

Ads by Google
Wednesday 22 May 2019 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW