Thursday, June 27, 2019 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 03.00 PM

കാരണമില്ലാതെ എന്നെ സിനിമയില്‍ നിന്ന് പുറത്താക്കി; തുറന്നു പറച്ചിലുമായി ശില്‍പ ഷെട്ടി

uploads/news/2019/05/309721/shilpa.jpg

1993-ല്‍ ബാസിഗര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് സിനിമ രംഗത്തേക്ക് എത്തിയ നടിയാണ് ശില്‍പ്പ ഷെട്ടി. പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 2007-ല്‍ ലണ്ടനില്‍ വച്ച് നടന്ന സെലിബ്രിറ്റി ബിഗ് ബ്രദര്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ 63% ശതമാനം വോട്ട് നേടി വിജയിച്ചു. ഈ വിദേശ ചാനല്‍ പരിപാടിയില്‍ വിജയിയാകുന്ന ആദ്യത്തെ ഇന്ത്യന്‍ ആയിരുന്നു ശില്‍പ്പ.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. എന്നാല്‍ ബോളിവുഡ് താരറാണിയിലേക്കുള്ള തന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് ശില്‍പ. ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന പേജിലാണ് താന്‍ നേരിട്ട വംശീയ അധിക്ഷേപത്തെ കുറിച്ചും വിമര്‍ശനങ്ങളെ കുറിച്ചുമൊക്കെ ശില്‍പ്പ തുറന്നെഴുതിയത്. ശില്‍പ്പയുടെ കുറിപ്പ് വായിക്കാം ;

'' ഞാന്‍ ഇരുണ്ടിട്ടായിരുന്നു, ഉയരമുള്ള നീണ്ട് മെലിഞ്ഞ കുട്ടി. തന്റെ ജീവിതം എങ്ങനെയാവുമെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ബിരുദം നേടി അച്ഛനൊപ്പം ജോലി ചെയ്യുമെന്നാണ് കരുതിയത്. അതിനിടെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. കുറച്ചുകൂടി വലുതും മികച്ചതുമായ എന്തെങ്കിലും. എന്നാല്‍ അത് സാധ്യമാകുമെന്ന് ഞാന്‍ കരുതിയില്ല. തമാശയ്ക്ക് ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍ എന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ താല്‍പ്പര്യമുള്ള ഒരു ഫോട്ടോഗ്രാഫറെ കണ്ടു. എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കാനുള്ള വലിയ അവസരമായിരുന്നു എനിക്കത്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മികച്ച ചിത്രങ്ങളാണ് വന്നത്. അതാണ് മോഡലിങ്ങില്‍ എനിക്ക് അവസരങ്ങള്‍ തുറന്നു തന്നത്.

വൈകാതെ ആദ്യ ചിത്രത്തിലേക്ക് എനിക്ക് അവസരം ലഭിച്ചു. പിന്നീട് എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഞാന്‍ മുന്നോട്ടു തന്നെ പോയി. പക്ഷേ വിലപ്പെട്ടതൊന്നും വളരെ പെട്ടെന്ന് ലഭിക്കില്ല. ഇന്റസ്ട്രിയിലേക്ക് എത്തുമ്പോള്‍ എനിക്ക് 17 വയസായിരുന്നു. ഞാന്‍ ലോകം കണ്ടിട്ടില്ലായിരുന്നു, ജീവിതം മനസിലാക്കാനുള്ള പ്രായവും ആയിട്ടില്ലായിരുന്നു. എനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ലായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുക എന്ന ചിന്തയില്‍ ഞാന്‍ ഭയം മൂലം വിറച്ചു. വിജയങ്ങളില്‍ അമിതമായി സന്തോഷിച്ചിരുന്ന എനിക്ക് പരാജയങ്ങള്‍ കനത്ത ആഘാതമാണ് നല്‍കിയത്. ഒരു നിമിഷം ആഘോഷിച്ച് അടുത്തതിനെ അവഗണിക്കുക എന്നത് എളുപ്പമായിരുന്നില്ല.

ഞാന്‍ ഓര്‍ക്കുന്നുണ്ട് ചില നിര്‍മാതാക്കള്‍ കാരണമൊന്നുമില്ലാതെ അവരുടെ ചിത്രങ്ങളില്‍ നിന്ന് എന്നെ പുറത്താക്കി. ഈ ലോകം എനിക്ക് അനുകൂലമായിരുന്നില്ല. പക്ഷേ അതൊന്നും എന്ന ബാധിക്കാതിരിക്കാന്‍ ശ്രമിച്ചു. ഒരു മാറ്റത്തിന് വേണ്ടിയാണ് ബിഗ് ബ്രദറിലേക്ക് പോകുന്നത്. അത് വ്യത്യസ്തമായി ചെയ്യാന്‍ പറ്റിയ അവസരമായിരുന്നു. അത് വലിയ സമ്മര്‍ദ്ദത്തിനാണ് കാരണമായത്. ഞാന്‍ പൊതുവിടങ്ങളില്‍ ആക്രമിക്കപ്പെട്ടു. എന്റെ രാജ്യത്തിന്റെ പേരില്‍ മാത്രം വിവേചനം നേരിട്ടു. അത് അത്ര എളുപ്പമായിരുന്നില്ല. ആ വീടിനുള്ളില്‍ ഞാന്‍ തന്നെയായിരുന്നു. അത്രയും എത്തിയ ശേഷം തോല്‍ക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു.

ഞാന്‍ വിജയിച്ചപ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണെന്ന് എല്ലാവരും പറഞ്ഞു. അപ്പോഴാണ് ഞാന്‍ അനുഭവിച്ച് കഷ്ടപ്പാടെല്ലാം മൂല്യമുള്ളതാണെന്ന് മനസിലായത്. എനിക്ക് വേണ്ടി മാത്രമല്ല വംശീയത നേരിടുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ നിലകൊണ്ടത്. എന്റെ ജീവിതം ഉയര്‍ച്ചയും താഴ്ചയും ചേര്‍ന്നതാണ്. വളരെ മോശമായ ഒരുപാട് സമയമുണ്ടായിരുന്നു. പക്ഷേ മികച്ച വിജയങ്ങളുമുണ്ടായി. ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. അതാണ് എന്നെ ഇപ്പോഴത്തെ ഞാനാക്കിയത്. ശക്തയായ സ്വതന്ത്രയായ സ്ത്രീ, അഭിമാനമുള്ള അഭിനേതാവ്, ഭാര്യ അമ്മ.''

Ads by Google
Ads by Google
Loading...
TRENDING NOW