Tuesday, May 21, 2019 Last Updated 9 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.12 AM

സാമൂഹ്യമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം

uploads/news/2019/05/309610/editorial.jpg

സാമൂഹിക മാധ്യമങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടു എന്നതാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഒരു പ്രധാന പ്രത്യേകത. ഫേസ്‌ബുക്ക്‌, വാട്‌സാപ്പ്‌, ട്വിറ്റര്‍ എന്നിവയിലൂടെ നടന്ന പ്രചാരണം ഇതുവരെയുള്ള തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളില്‍ ഏറ്റവും പുതുമയേറിയതായിരുന്നു. അമേരിക്കയിലും മറ്റും ട്വിറ്റര്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉപയോഗിച്ചിട്ടുള്ളതാണ്‌. ഇതില്‍ പല ആപ്ലിക്കേഷനുകളും പ്രചാരത്തിലായിട്ട്‌ പത്തു വര്‍ഷത്തോളമായെങ്കിലും ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഇത്ര വ്യാപകമായി ഉപയോഗിക്കുന്നത്‌ ഇതാദ്യമാണ്‌. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണകാലത്ത്‌ ഇന്ത്യയിലെ പല പ്രമുഖ നേതാക്കള്‍ക്കും ട്വിറ്റര്‍ അക്കൗണ്ട്‌ പോലുമില്ലായിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റ്‌ ലഭ്യതയും ഇന്റര്‍നെറ്റിന്റെ പ്രചാരവും വ്യാപിച്ചതോടെ കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ തുടങ്ങി. ഇന്ത്യയിലെ ഇന്റര്‍നെറ്റ്‌ ഉപയോക്‌താക്കളുടെ എണ്ണം ഈ വര്‍ഷം 62 കോടിയാകുമെന്നാണ്‌ കണക്കാക്കുന്നത്‌. സാമൂഹ്യമാധ്യമങ്ങള്‍ക്കിടയില്‍ തന്നെ വാട്‌സാപ്പ്‌ ആണ്‌ ഏറ്റവും വ്യാപകം. 20 കോടി പേര്‍ ഇന്ത്യയില്‍ വാട്‌സാപ്പ്‌ ഉപയോഗിക്കുന്നു. എന്നാല്‍, ട്വിറ്റര്‍ ഉപയോഗിക്കുന്നത്‌ ഇന്ത്യയിലെ ഇന്റര്‍നെറ്റ്‌ ഉപയോക്‌താക്കളുടെ 17 ശതമാനം മാത്രമാണ്‌. ഇത്‌ ഈവര്‍ഷം പരമാവധി വര്‍ധിച്ച്‌ മൂന്നു കോടി വരെയാകാമെന്നാണ്‌ കരുതപ്പെടുന്നത്‌. എങ്കിലും ട്വിറ്ററിലെ പ്രചാരണമാണ്‌ കുറേക്കൂടി ഗൗരവമുള്ളതായി കണക്കാക്കപ്പെടുന്നത്‌.

തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണം അതിരുകടന്നതായിരുന്നു. നേതാക്കളെ അപമാനിക്കുന്ന അനേകം പോസ്‌റ്റുകളും ട്രോളുകളും വ്യാപകമായി പ്രചരിച്ചു. ധാരാളം വനിതാ സ്‌ഥാനാര്‍ഥികള്‍ ട്രോളുകളിലൂടെ അപമാനിക്കപ്പെട്ടു എന്ന്‌ ആംനെസ്‌റ്റി ഇന്ത്യ വിലയിരുത്തുന്നു. ഇവരെ നിശാബ്‌ദരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പ്രചാരണങ്ങള്‍ മനുഷ്യാവകാശ ലംഘനമാണെന്നാണ്‌ ആംനെസ്‌റ്റി കണക്കാക്കുന്നത്‌. വനിതാ സ്‌ഥാനാര്‍ഥികള്‍ അവരുടെ രാഷ്‌ട്രീയത്തിന്റെ പേരിലും നിലപാടുകളുടെ പേരിലും ആക്രമിക്കപ്പെട്ടു. മത ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍, വംശീയ ന്യൂനപക്ഷ വിഭാഗക്കാര്‍, ദളിത്‌ വിഭാഗക്കാര്‍ എന്നിവരൊക്കെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്രമിക്കപ്പെട്ടു എന്ന്‌ ആംനെസ്‌റ്റി പറയുന്നു. ഇതിന്റെ വ്യാപ്‌തി വിലയിരുത്താന്‍ 2000 വളണ്ടിയര്‍മാരെ നിയോഗിച്ച്‌ സര്‍വേ നടത്താനൊരുങ്ങുകയാണ്‌ ആംനെസ്‌റ്റി. അപമാനകരമായ ട്രോളുകളുടെ സ്വഭാവം, അവ വനിതാ സ്‌ഥാനാര്‍ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിച്ചു എന്നതെല്ലാം പഠനത്തില്‍ ഉള്‍പെടും.

മമതാ ബാനര്‍ജിയുടെ ചിത്രം മോര്‍ഫ്‌ ചെയ്‌ത്‌ സിനിമാ നടിയുടെ ഫോട്ടോയില്‍ ചേര്‍ത്ത്‌ വച്ച്‌ പ്രചരിപ്പിച്ചത്‌ ഇക്കഴിഞ്ഞയാഴ്‌ച ഏറെ കുപ്രസിദ്ധിയാര്‍ജിച്ച സംഭവമാണ്‌. ബി.ജെ.പിയുടെ യുവജനസംഘടനയുടെ മുന്‍നിര നേതാവാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായത്‌. തങ്ങള്‍ക്ക്‌ എതിര്‍പ്പുള്ള എല്ലാവരെയും നിശിതമായി അപഹസിക്കുന്ന പ്രവണത സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന നല്ലൊരു പങ്ക്‌ ജനങ്ങളിലും കണ്ടുവരുന്നുണ്ട്‌. എതിരാളികളെ അടിച്ചമര്‍ത്തുക എന്നതാണ്‌ ഇതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്‌. അതു മറ്റു വ്യക്‌തികളിലോ സമൂഹത്തിലോ ഉണ്ടാക്കുന്ന ആഘാതം ഇവരാരും കണക്കിലെടുക്കുന്നില്ല. ഉത്തരവാദിത്വ ബോധത്തോടെയും ഗൗരവപൂര്‍ണമായും സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നു എന്നാണ്‌ ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്‌. അതിനുവേണ്ട വ്യാപകമായ ബോധവത്‌കരണം തന്നെ നടത്തേണ്ടതുണ്ട്‌.

Ads by Google
Tuesday 21 May 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW