Tuesday, May 21, 2019 Last Updated 9 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.10 AM

കാസര്‍ഗോട്ട്‌ ഇത്തവണ 'പെരിയ' വിധിയെഴുതും

ഭാഷകളുടെ അതിര്‍വരമ്പുകള്‍ വിജയത്തെ സ്വാധീനിക്കുന്ന മണ്ഡലമാണു കാസര്‍ഗോഡ്‌. തെക്കുനിന്നു കോണ്‍ഗ്രസിന്റെ വാക്‌പോരാളി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വരവും തുടര്‍ന്നുണ്ടായ ഫണ്ട്‌ വിവാദങ്ങളും റീപോളിങ്ങുമെല്ലാം കാസര്‍ഗോഡിനെ ഏറെ ശ്രദ്ധേയമാക്കി. പെരിയ ഇരട്ടക്കൊലപാതകം സി.പി.എമ്മിനേല്‍പ്പിച്ച കനത്തപ്രഹരത്തില്‍നിന്നു മോചനം ലഭിക്കുന്നതിനു മുമ്പാണു ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നടന്നത്‌. കാസര്‍ഗോട്ട്‌ എതിരാളികളുടെ മുഖ്യപ്രചാരണവിഷയവും കൊലപാതകരാഷ്‌ട്രീയമായിരുന്നു.
നാടിളക്കിയുള്ള പ്രചാരണത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണു യു.ഡി.എഫ്‌. ക്യാമ്പ്‌. രാഷ്‌ട്രീയത്തിനതീതമായി സ്വീകാര്യതയുള്ള മുന്‍ എം.എല്‍.എ: കെ.പി. സതീഷ്‌ചന്ദ്രന്റെ പ്രതിഛായ ഗുണം ചെയ്യുമെന്നും എല്‍.ഡി.എഫ്‌. കരുതുന്നു. രവീശതന്ത്രി കുണ്ടാര്‍ എന്‍.ഡി.എയുടെ വോട്ട്‌ വിഹിതം വര്‍ധിപ്പിക്കുമോയെന്നത്‌ ഇരുമുന്നണികളിലും ആശങ്ക വിതയ്‌ക്കുന്നു.

അവകാശവാദങ്ങള്‍

രണ്ടു പതിറ്റാണ്ടായി എല്‍.എല്‍.എഫിന്റെ കുത്തകമണ്ഡലമായ കാസര്‍ഗോട്ട്‌ സ്‌ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ യു.ഡി.എഫ്‌. പ്രതീക്ഷയിലാണ്‌.
സര്‍വേ ഫലങ്ങളും യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനു പ്രതീക്ഷ പകരുന്നു. കള്ളവോട്ടിനേത്തുടര്‍ന്ന്‌ ചുവപ്പുകോട്ടകളില്‍ വീണ്ടും വോട്ടെടുപ്പ്‌ നടന്നതും അനുകൂലഘടകമാകുമെന്നു യു.ഡി.എഫ്‌. അവകാശപ്പെടുന്നു.
മണ്ഡലത്തിലെ പോളിങ്‌ 80.57 ശതമാനമായി വര്‍ധിച്ചതാണ്‌ എല്‍.ഡി.എഫിന്റെ പ്രധാന വിജയപ്രതീക്ഷ. ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി അനുകൂലമാക്കാന്‍ കഴിഞ്ഞെന്നും എല്‍.ഡി.എഫ്‌. അവകാശപ്പെടുന്നു. ശബരിമല വിഷയവും കന്നഡ വോട്ടര്‍മാര്‍ക്കിടയില്‍ രവീശതന്ത്രിക്കുള്ള പിടിപാടും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്‌ എന്‍.ഡി.എ.

വോട്ടില്‍ കണ്ടത്‌

ജില്ലയിലെ അഞ്ചു മണ്ഡലങ്ങള്‍ക്കൊപ്പം കണ്ണൂരിലെ പയ്യന്നൂരും കല്യാശേരിയും ചേരുമ്പോള്‍, ഇരുമുന്നണികള്‍ക്കുംഭീഷണിയുയര്‍ത്തുന്നതു മഞ്ചേശ്വരം മണ്ഡലമാണ്‌.
നിയമസഭാ പോരാട്ടത്തില്‍ എപ്പോഴും മുസ്ലിം ലീഗിനൊപ്പം നില്‍ക്കുന്ന മഞ്ചേശ്വരം ലോക്‌സഭയിലേക്കു ബി.ജെ.പിക്കൊപ്പമാണ്‌. മണ്ഡലത്തിലെ പോളിങ്‌ ശതമാനം 78.33-ല്‍നിന്ന്‌ 80.52-ലേക്ക്‌ ഉയര്‍ന്നത്‌ മൂന്നുമുന്നണികള്‍ക്കും പ്രതീക്ഷ പകരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയപ്രതീക്ഷ പുലര്‍ത്തുമ്പോഴും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പ്രവചനത്തിനില്ല. സിറ്റിങ്‌ എം.പി: പി. കരുണാകരന്റെ ഭൂരിപക്ഷം 6000-ല്‍നിന്ന്‌ അരലക്ഷത്തിലെത്തിക്കുമെന്ന്‌ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി സതീഷ്‌ചന്ദ്രന്‍ അവകാശപ്പെടുന്നു.

അടിയൊഴുക്കുകള്‍

പെരിയ ഇരട്ടക്കൊലപാതകമായിരുന്നു മണ്ഡലത്തില്‍ യു.ഡി.എഫിന്റെ മുഖ്യപ്രചാരണവിഷയം. അറിയപ്പെടുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എന്ന നിലയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്‌ഥാനാര്‍ഥിത്വവും ന്യൂനപക്ഷങ്ങള്‍ക്കു പ്രാമുഖ്യമുള്ള കാസര്‍ഗോട്ട്‌ എസ്‌.ഡി.പി.ഐ. ഒപ്പമുണ്ടെന്നതും യു.ഡി.എഫിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.
പെരിയ ഇരട്ടക്കൊലപാതകത്തെ മുഖ്യമന്ത്രിതന്നെ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ പ്രതിഷേധം തണുത്തെന്നാണ്‌ എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. താഴേത്തട്ടിലെ ചിട്ടയായ പ്രവര്‍ത്തനവും എല്‍.ഡി.എഫിന്‌ അനുകൂലഘടകമാണ്‌.

ബാലഗോപാലന്‍ പെരളത്ത്‌

Ads by Google
Tuesday 21 May 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW