Tuesday, May 21, 2019 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.10 AM

ആറ്റിങ്ങല്‍ ഉറച്ച 'സമ്പത്തെന്ന്‌' എല്‍.ഡി.എഫ്‌; അല്ലെന്ന്‌ അടൂര്‍

തലസ്‌ഥാനജില്ലയിലെ രണ്ടാമത്തെ ലോക്‌സഭാമണ്ഡലമായ ആറ്റിങ്ങല്‍ ചുവപ്പുകോട്ടയായാണ്‌ അറിയപ്പെടുന്നത്‌. അതുകൊണ്ടുതന്നെ ലോക്‌സഭയിലെ സി.പി.എമ്മിന്റെ "സമ്പത്തില്‍" ആറ്റിങ്ങല്‍ നിര്‍ണായകമാണ്‌. കോണ്‍ഗ്രസിനു വയനാട്‌ എങ്ങനെയോ അങ്ങനെയാണു തങ്ങള്‍ക്ക്‌ ആറ്റിങ്ങല്‍ എന്നാണ്‌ എല്‍.ഡി.എഫിന്റെ അവകാശവാദം. എന്നാല്‍, ഇക്കുറി എല്‍.ഡി.എഫിനു കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നു യു.ഡി.എഫ്‌. പറയുന്നു. മികച്ച പാര്‍ലമെന്റേറിയനെന്നു പ്രശംസ പിടിച്ചുപറ്റിയ എ. സമ്പത്ത്‌ തന്നെയാണ്‌ ഇക്കുറിയും ഇടതുകോട്ട കാക്കാന്‍ രംഗത്തുള്ളത്‌. സമ്പത്തിനു കണക്കുപറയാന്‍ യു.ഡി.എഫ്‌. പരീക്ഷിക്കുന്നതു കോന്നിയിലെ സിറ്റിങ്‌ എം.എല്‍.എ. അടൂര്‍ പ്രകാശിനെയാണ്‌. എന്‍.ഡി.എയ്‌ക്കുവേണ്ടി ബി.ജെ.പിയുടെ തീപ്പൊരിനേതാവ്‌ ശോഭാ സുരേന്ദ്രനും രംഗത്തിറങ്ങിയതോടെ പുറമേയ്‌ക്കെങ്കിലും ആറ്റിങ്ങലില്‍ ത്രികോണമത്സരത്തിന്റെ പ്രതീതിയാണ്‌.

അവകാശവാദങ്ങള്‍

എ. സമ്പത്തിന്‌ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്‌ ഒരു എതിരാളിയേയല്ലെന്ന്‌ എല്‍.ഡി.എഫ്‌. അവകാശപ്പെടുന്നു. ശബരിമലയോ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്‌ഥാനാര്‍ഥിത്വമോ ഇവിടെ ചെലവാകില്ലെന്നും ഇടതുമുന്നണി വിലയിരുത്തുന്നു. സമ്പത്തിനു വ്യക്‌തിപരമായി മണ്ഡലത്തിലുള്ള സ്വാധീനവും ഈ അവകാശവാദത്തിന്‌ അടിത്തറയാണ്‌. എന്നാല്‍, കഴിഞ്ഞതവണ ലഭിച്ച 69,378 വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറി ഉറപ്പുപറയാന്‍ എല്‍.ഡി.എഫ്‌. തയാറല്ല.
അടൂര്‍ പ്രകാശിന്റെ സ്‌ഥാനാര്‍ഥിത്വം കൊണ്ടുതന്നെ ഇക്കുറി ആറ്റിങ്ങല്‍ തിരിച്ചുപിടിക്കുമെന്നു യു.ഡി.എഫ്‌. അവകാശപ്പെടുന്നു. മണ്ഡലത്തിലെ ഈഴവ വോട്ടുകളില്‍ നിര്‍ണായകസ്വാധീനം ചെലുത്താന്‍ പ്രകാശിനു കഴിഞ്ഞതായാണു വിലയിരുത്തല്‍. ശബരിമല വിഷയവും സംസ്‌ഥാനത്തെ ഭരണവിരുദ്ധവികാരവും മുതല്‍ക്കൂട്ടാകുമെന്നു യു.ഡി.എഫ്‌. അവകാശപ്പെടുന്നു. കാട്ടാക്കട, അരുവിക്കര, നെടുമങ്ങാട്‌, ഇടതുകോട്ടയായ വാമനപുരം എന്നിവിടങ്ങളില്‍ ലീഡ്‌ ചെയ്യുമെന്നും ആറ്റിങ്ങലില്‍ മാത്രമാകും സമ്പത്തിനു ഭൂരിപക്ഷം ലഭിക്കുകയെന്നും യു.ഡി.എഫ്‌. അവകാശപ്പെടുന്നു.
പ്രചാരണരംഗത്തു ശക്‌തമായ സാന്നിധ്യമായിരുന്ന എന്‍.ഡി.എയുടെ പ്രതീക്ഷയത്രയും ശബരിമല വിഷയത്തിലാണ്‌. ആറ്റിങ്ങലില്‍ ബി.ജെ.പി. ഇക്കുറി അത്ഭുതം സൃഷ്‌ടിക്കുമെന്നു ശോഭാ സുരേന്ദ്രന്റെ പ്രചാരണ മാനേജര്‍മാര്‍ പറയുന്നു.

വോട്ടില്‍ കണ്ടത്‌

ആറ്റിങ്ങലില്‍ എല്‍.ഡിഎഫിനും യു.ഡി.എഫിനും ശക്‌തമായ വെല്ലുവിളി ഉയര്‍ത്താന്‍ എന്‍.ഡി.എയ്‌ക്കു കഴിഞ്ഞെന്നതു യാഥാര്‍ഥ്യമാണ്‌. അഞ്ചരശതമാനമാണു മണ്ഡലത്തിലെ പോളിങ്‌ വര്‍ധന. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞതവണ ഇടതുമുന്നണിക്കായിരുന്നു മേല്‍ക്കൈ. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കര ഒഴികെ മറ്റെല്ലാം എല്‍.ഡി.എഫിന്‌ ഒപ്പമായിരുന്നു. ഇതില്‍ വാമനപുരം, ആറ്റിങ്ങല്‍, കിളിമാനൂര്‍ എന്നിവ ഇടതുകോട്ടകളാണ്‌.

അടിയൊഴുക്കുകള്‍

ശിവഗിരി മഠം സ്‌ഥിതിചെയ്യുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഈഴവ വോട്ടുകള്‍ നിര്‍ണായകമാണ്‌. എന്‍.ഡി.എയോടുപിണങ്ങുകയും പിണറായിയോട്‌ അടുക്കുകയും ചെയ്‌ത എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട്‌ ഗുണം ചെയ്‌തെന്ന്‌ എല്‍.ഡി.എഫ്‌. വിലയിരുത്തുന്നു. കെ. അനിരുദ്ധന്റെ മകന്‍ എന്നതും മൂന്നുതവണ എം.പിയായിരുന്നതും സമ്പത്തിന്‌ അനുകൂലഘടകങ്ങളാണ്‌. തൊഴിലാളികള്‍ കൂടുതലുള്ള മണ്ഡലത്തില്‍ സംസ്‌ഥാനസര്‍ക്കാര്‍ കയര്‍-മത്സ്യബന്ധനമേഖലകള്‍ക്കായി ആവിഷ്‌ക്കരിച്ച പദ്ധതികളും ഗുണം ചെയ്യും. ഉറപ്പായും ജയിക്കുമെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ വിലയിരുത്തിയ സീറ്റുകളിലൊന്നുകൂടിയാണ്‌ ആറ്റിങ്ങല്‍. എന്നാല്‍, വെള്ളാപ്പള്ളി നടേശനുമായുള്ള ആത്മബന്ധം അടൂര്‍ പ്രകാശിനു പ്രതീക്ഷയേകുന്നു. എസ്‌.എന്‍.ഡി.പി. യോഗത്തെ എതിര്‍ക്കുന്ന ശ്രീനാരായണ ധര്‍മവേദിക്കും ആറ്റിങ്ങലില്‍ ശക്‌തമായ വേരോട്ടമുണ്ട്‌. ധര്‍മവേദി നേതാവ്‌ ബിജു രമേശ്‌, അടൂര്‍ പ്രകാശിന്റെ ബന്ധുവുമാണ്‌. സി.പി.എം. സ്‌ഥിരമായി ജയിച്ചിരുന്ന കോന്നി നിയമസഭാമണ്ഡലം പിടിച്ചെടുത്ത ചരിത്രവും അടൂര്‍ പ്രകാശിന്‌ അവകാശപ്പെടാനുണ്ട്‌.

ആര്‍. സുരേഷ്‌

Ads by Google
Tuesday 21 May 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW