Wednesday, June 26, 2019 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.09 AM

കണ്ണൂരില്‍ ആരു ജയിച്ചാലും നിയമപോരാട്ടം ഉറപ്പ്‌

വാശിയേറിയ പ്രചാരണത്തിനൊടുവില്‍ റെക്കോഡില്‍ തൊട്ട പോളിങ്‌. പതിവായ കള്ളവോട്ട്‌ ആരോപണം ലക്ഷ്യം കണ്ട രാഷ്‌ട്രീയസാഹചര്യം. സംസ്‌ഥാനചരിത്രത്തിലാദ്യമായി റീപോളിങ്‌...ഇതെല്ലമാണു കണ്ണൂര്‍ മണ്ഡലത്തെ ഇക്കുറി ശ്രദ്ധാകേന്ദ്രമാക്കുന്നത്‌. ആരു ജയിച്ചാലും കള്ളവോട്ട്‌ ആരോപണം വീണ്ടുമുയരുമെന്ന്‌ ഉറപ്പ്‌. ജനവിധിക്കുശേഷവും കണ്ണൂര്‍ നിയമപോരാട്ടത്തിനു വേദിയാകുമെന്നാണു പൊതുവിലയിരുത്തല്‍.

അവകാശവാദങ്ങള്‍

വോട്ട്‌ ചെയ്യാന്‍ ജനം കാട്ടിയ ആവേശം അനുകൂലഘടകമാണെന്ന്‌ എല്‍.ഡി.എഫും യു.ഡി.എഫും അവകാശപ്പെടുന്നു. കണ്ണൂരിലെ അക്രമരാഷ്‌ട്രീയത്തോടു ജനത്തിനുള്ള വിയോജിപ്പ്‌ വിജയം സമ്മാനിക്കുമെന്നാണു യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ. സുധാകരന്റെ അവകാശവാദം. കെ.പി.സി.സി. വര്‍ക്കിങ്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ സംഘടനാരംഗത്തെ കരുത്തും ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ സ്വീകരിച്ച നിലപാടും സുധാകരന്‌ അനുകൂലമാകുമെന്ന്‌ യു.ഡി.എഫ്‌. അവകാശപ്പെടുന്നു. പ്രചാരണരംഗത്തു മുസ്ലിം ലീഗ്‌ സജീവമായതും സുധാകരനു പ്രതീക്ഷ പകരുന്നു.
സിറ്റിങ്‌ എം.പി. എന്ന നിലയില്‍ പി.കെ. ശ്രീമതി നടത്തിയ വികസനപ്രവര്‍ത്തനങ്ങളിലാണ്‌ എല്‍.ഡി.എഫിന്റെ പ്രതീക്ഷ. നിയമസഭാമണ്ഡലക്കണക്കില്‍ നിലവിലുള്ള ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കുറയാനുള്ള ഒരു രാഷ്‌ട്രീയസാഹചര്യവും കണ്ണൂരിലില്ലെന്ന്‌ എല്‍.ഡി.എഫ്‌. പറയുന്നു. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ കണ്ണൂരില്‍ ബി.ജെ.പി. ഏറ്റവുമധികം വോട്ട്‌ നേടിയതു 2014-ലാണ്‌, 51,636. വിജയിക്കുമെന്ന അവകാശവാദമില്ലെങ്കിലും അതിന്റെ ഇരട്ടി വോട്ട്‌ നേടുമെന്ന്‌ എന്‍.ഡി.എ. ചൂണ്ടിക്കാട്ടുന്നു.

വോട്ടില്‍ കണ്ടത്‌

മണ്ഡലത്തിലെ പോളിങ്‌ ശതമാനം 81.32-ല്‍നിന്ന്‌ 82.58-ലേക്ക്‌ ഉയര്‍ന്നതിന്റെ ആനുകൂല്യം മൂന്നു മുന്നണികളും അവകാശപ്പെടുന്നു. യു.ഡി.എഫ്‌. ശക്‌തികേന്ദ്രങ്ങളായ ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട്‌, കണ്ണൂര്‍ മണ്ഡലങ്ങളിലെ പോളിങ്‌ വര്‍ധന അവര്‍ക്കു പ്രതീക്ഷ പകരുന്നു. ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ടു പേരാവൂര്‍ മേഖലയിലുണ്ടായ പ്രതിഷേധം 2014-ലെ തെരഞ്ഞെടുപ്പില്‍ സജീവചര്‍ച്ചയായിരുന്നു. ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ 2009-ലെ തെരഞ്ഞെടുപ്പിനെക്കാള്‍ കുറഞ്ഞ പോളിങ്ങാണു സുധാകരന്‍ പരാജയപ്പെട്ട 2014-ല്‍ രേഖപ്പെടുത്തിയത്‌. 2009-ല്‍ സുധാകരന്‌ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ ഈ രണ്ടു മണ്ഡലങ്ങളിലെ വോട്ടിങ്‌ ശതമാനം ഇക്കുറി വര്‍ധിച്ചത്‌ അനുകൂലമാകുമെന്നു യു.ഡി.എഫ്‌. കരുതുന്നു. അതേസമയം ഇത്തവണ ഏറ്റവും കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിയത്‌ ഇടതുശക്‌തികേന്ദ്രങ്ങളായ തളിപ്പറമ്പ്‌, മട്ടന്നൂര്‍, ധര്‍മടം മണ്ഡലങ്ങളിലാണ്‌. തളിപ്പറമ്പ്‌ മണ്ഡലത്തിലാണ്‌ ഏറ്റവും ഉയര്‍ന്ന പോളിങ്‌ രേഖപ്പെടുത്തിയത്‌. പോളിങ്‌ വര്‍ധിക്കുന്നത്‌ എല്‍.ഡി.എഫിന്‌ അനുകൂലമാണെന്ന ചരിത്രവും അവര്‍ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ്‌. വിജയിച്ച 2009-ലെ തെരഞ്ഞെടുപ്പിനേക്കാള്‍ പോളിങ്‌ 2014-ല്‍ രേഖപ്പെടുത്തിയപ്പോള്‍ എല്‍.ഡി.എഫിനായിരുന്നു ജയം.

അടിയൊഴുക്കുകള്‍

പോളിങ്‌ കൂടിയത്‌ ആരെ തുണയ്‌ക്കുമെന്ന സംശയത്തെക്കാള്‍, ബി.ജെ.പി. വോട്ട്‌ അവരുടെ പെട്ടിയില്‍ത്തന്നെ വീഴുമോയെന്ന ആശങ്ക യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും വലയ്‌ക്കുന്നു. പല ബൂത്തുകളിലും ബി.ജെ.പിയുടെ അസാന്നിധ്യം ഇടതുപക്ഷത്തിന്റെ നെഞ്ചിടിപ്പ്‌ ഉയര്‍ത്തുന്നു. ബി.ജെ.പി. വോട്ട്‌ യു.ഡി.എഫിനു മറിച്ചെന്ന്‌ എല്‍.ഡി.എഫ്‌. ആരോപിക്കുന്നു. 2014-ലെ തെരഞ്ഞെടുപ്പില്‍ 6,566 വോട്ടിനാണു സുധാകരന്‍ ശ്രീമതിയോടു തോറ്റത്‌. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ലഭിച്ച വോട്ട്‌ ഒരുലക്ഷത്തോളമാണ്‌. അതുകൊണ്ടുതന്നെ "ശബരിമല ആചാരസംരക്ഷന്‍" എന്ന പ്രതിഛായയില്‍ ബി.ജെ.പി. വോട്ടുകളില്‍ ഒരു പങ്ക്‌ സുധാകരനു ലഭിച്ചാല്‍ എല്‍.ഡി.എഫിനു തിരിച്ചടിയാകും.

കെ. സുജിത്ത്‌

Ads by Google
Tuesday 21 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW