Thursday, June 27, 2019 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.04 AM

കള്ളനോട്ട്‌ കേസ്‌ അന്വേഷണം തമിഴ്‌നാട്ടിലേക്ക്‌; മൂന്നുപേര്‍ കസ്‌റ്റഡിയിലെന്നു സൂചന

uploads/news/2019/05/309594/c6.jpg

നെടുങ്കണ്ടം : കള്ളനോട്ടുകളുമായി തമിഴ്‌നാട്‌ സ്വദേശി പിടിയിലായ സംഭവത്തില്‍ മൂന്നു പേര്‍ കസ്‌റ്റഡിയിലായതായി സൂചന. തമിഴ്‌നാട്‌ സ്വദേശി അരുണ്‍കുമാറാണ്‌ കഴിഞ്ഞ ദിവസം 500 രൂപയുടെ കള്ളനോട്ടുകളുമായി പിടിയിലായത്‌.
സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കു വ്യാപിപ്പിച്ചിരിക്കുകയാണ്‌. ഇതിനിടെയാണു ഇന്നലെ മൂന്നു പേര്‍ കസ്‌റ്റഡിയിലുള്ളതായി സൂചന ലഭിച്ചത്‌. അന്തര്‍സംസ്‌ഥാന മാഫിയകളുമായി ബന്ധമുള്ളതായി സംശയിക്കുന്ന സംഘത്തില്‍പ്പെട്ടവരാണു പിടിയിലായത്‌. തൂക്കുപാലം മാര്‍ക്കറ്റിലെ കടകളില്‍ അരുണ്‍കുമാര്‍ എന്ന ഗണപതിയും ഭാസ്‌കരനും ചേര്‍ന്നു 500 രൂപയുടെ കള്ളനോട്ടുകള്‍ പല തവണ മാറിയെടുത്തിട്ടുണ്ട്‌.പിടിച്ചെടുത്തതു ഒര്‍ജിനിലിനെ വെല്ലുന്ന നോട്ടുകളാണെന്നും അന്വേഷണ സംഘം വ്യക്‌തമാക്കി. അന്ധരായവര്‍ക്കു നോട്ട്‌ തിരിച്ചറിയാനുള്ള ബ്രെയില്‍ ലിപിയടക്കം പിടിച്ചെടുത്ത നോട്ടുകളുടെ വശങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതിനാല്‍ തന്നെ ഇവ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനും കഴിയില്ല. ഞായറാഴ്‌ചകളില്‍ തിരക്കേറിയ തൂക്കുപാലം ചന്തയില്‍ സംഘം കൂടുതല്‍ നോട്ടുകള്‍ മാറിയെടുത്തതായും പോലീസിനു സംശയമുണ്ട്‌.
മൂന്ന്‌ കടകളില്‍ ഭാസ്‌കരനും ഗണപതിയുമെത്തി നോട്ട്‌ മാറിയെടുത്തതായി പോലീസ്‌ കണ്ടെത്തി. തൂക്കുപാലത്തു നെടുങ്കണ്ടം പോലീസ്‌ പരിശോധന ശക്‌തമാക്കി. തമിഴ്‌നാട്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കള്ളനോട്ട്‌ മാഫിയ സംഘത്തിലെ കണ്ണികളാണ്‌ ഗണപതിയും ഭാസ്‌കരനുമെന്നാണു പോലീസിന്റെ കണ്ടെത്തല്‍. ഇരുവരും ചേര്‍ന്ന്‌ ആസൂത്രിതമായി കള്ളനോട്ട്‌ വ്യാപകമായി മാറിയെടുത്തോയെന്നും പോലീസ്‌ പരിശോധിച്ചു വരികയാണ്‌. ഇതിനായി അറസ്‌റ്റിലായ ഗണപതിയെ പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. ഞായറാഴ്‌ചകളില്‍ ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പച്ചക്കറി, മത്സ്യ, മാംസ വ്യാപാരം നടക്കുന്നത്‌ തൂക്കുപാലം മാര്‍ക്കറ്റിലാണ്‌. ഇവിടെയെത്തി സമാനമായ രീതിയില്‍ കള്ളനോട്ട്‌ മാറിയെടുത്ത സംഭവങ്ങള്‍ ഇതിനു മുന്‍പും നടന്നിട്ടുണ്ട്‌.
ഒരേ സീരിയല്‍ നമ്പരില്‍ ഒന്നിലധികം നോട്ടുകളാണ്‌ ഇവരുടെ താമസസ്‌ഥലത്തു നിന്നും പോലീസ്‌ കണ്ടെത്തിയത്‌. കഴിഞ്ഞ വര്‍ഷവും തമിഴ്‌നാട്‌ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന കള്ളനോട്ട്‌ മാഫിയ സംഘത്തെ ജില്ലാ പോലീസ്‌ കുടുക്കിയിരുന്നു. കള്ളനോട്ട്‌ നിര്‍മാണവുമായി ബന്ധമുള്ളത്‌ രക്ഷപെട്ട ഭാസ്‌കരനാണെന്നാണു പോലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ക്കായി തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചു.

Ads by Google
Tuesday 21 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW