Friday, June 21, 2019 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 09.45 PM

രസിപ്പിക്കുന്ന ചരിത്രം

uploads/news/2019/05/309519/book.jpg

ചരിത്രം പൊതുവേ വിരസമാണെന്നാണ്‌ വയ്‌പ്. പക്ഷേ, അഞ്ചുപതിറ്റാണ്ടിനപ്പുറം നടന്ന ചരിത്രത്തെ നോവല്‍ച്ചിമിഴിലേക്ക്‌ ഒതുക്കിയവതരിപ്പിക്കുന്ന കുഞ്ഞാലിത്തിര ഒരിക്കല്‍പ്പോലും വിരസമാവുന്നില്ലെന്നത്‌ അത്ഭുതം തന്നെയാണ്‌. നൂറ്റാണ്ടുനീളുന്ന ചരിത്രത്തിന്റെ കുതിപ്പും കിതപ്പും കണ്ണീരും ചതിയുമെല്ലാം നോവലില്‍ വികാരം ചോരാതെ അണിനിരക്കുന്നു.
കുഞ്ഞാലിമരയ്‌ക്കാര്‍ എന്നു കേട്ടിട്ടുണ്ടെങ്കിലും കുഞ്ഞാലിമാര്‍ പലരുണ്ടെന്ന്‌ എത്രപേര്‍ക്കറിയാം? നാലു കുഞ്ഞാലിമാരുടെ കാലത്ത്‌ 15 സാമൂതിരിമാര്‍ അധികാരക്കസേരയില്‍ വന്നുപോയി എന്നത്‌ ആരു ശ്രദ്ധിച്ചിട്ടുണ്ട്‌? വെറുതേ പഠിച്ചുപോവുകയും പറഞ്ഞുപോവുകയും അല്ലാതെ ചരിത്രത്തിന്റെ ഉള്ളിലേക്കിറങ്ങിച്ചെല്ലാന്‍ മലയാളി മടിക്കുന്നു.
അവിടെയാണ്‌ കുഞ്ഞാലിത്തിരയുടെ പ്രസക്‌തിയേറുന്നത്‌. കുഞ്ഞാലിയല്ല, ചരിത്രമാണ്‌ ഈ നോവലില്‍ നായകസ്‌ഥാനത്ത്‌. പറയേണ്ടത്‌ പല കുഞ്ഞാലിമാരുടെ കഥയാവുകയും അതിന്‌ നൂറിലേറെ വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുണ്ടാവുകയും ചെയ്യുമ്പോള്‍ അങ്ങനെയായില്ലെങ്കിലേ അത്ഭുതമുള്ളൂ.
നോവലിലേക്ക്‌ വായനക്കാരനെ പിടിച്ചിടാന്‍ നാലാം കുഞ്ഞാലിയുടെ പിന്‍മുറക്കാരനായ ഒരാളില്‍നിന്നാണ്‌ കഥ തുടങ്ങുന്നത്‌. അതാകട്ടെ, ഒരു ചലച്ചിത്രത്തിന്റെ തുടക്കംപോലെ മിഴിവുറ്റതായിട്ടുണ്ട്‌. കുഞ്ഞാലിമരയ്‌ക്കാരെപ്പറ്റി ഒരു സിനിമ വരുന്നതറിഞ്ഞിട്ടാകുമോ ഇതിന്റെ രചനയെന്ന്‌ ഞാന്‍ സംശയിക്കുന്നു. പൊതുവേ രാജീവ്‌ ശിവശങ്കറിന്റെ നോവലുകളിലെ വാങ്‌മയ ചിത്രം കാഴ്‌ചയുടെ സുഖം തരുന്നവയാണ്‌. കുഞ്ഞാലിത്തിരയില്‍ ചലച്ചിത്രത്തിലെ സീനുകളെ അനുകരിച്ചെന്ന മട്ടില്‍ കാമറ പല കാഴ്‌ചക്കോണില്‍നിന്നു തുറക്കുന്നുണ്ട്‌. കപ്പല്‍ത്തട്ടില്‍നിന്നു പോര്‍ച്ചുഗീസുകാര്‍ മരയ്‌ക്കാര്‍പ്പടയെ കാണുന്ന കാഴ്‌ചയൊക്കെ സിനിമയേക്കാള്‍ മനോഹരം തന്നെയാണ്‌.
മാമാങ്കം, അരിയിട്ടുവാഴ്‌ച, രേവതി പട്ടത്താനം, യുദ്ധത്തിന്റെ തയാറെടുപ്പുകള്‍ തുടങ്ങിയവയെല്ലാം പഠിച്ചെഴുതിയതിന്റെ സത്യസന്ധത ഈ നോവലിനുണ്ട്‌. കൊച്ചി, കണ്ണൂര്‍, കോഴിക്കോട്‌ തുടങ്ങിയ പഴയകാല രാജവംശങ്ങളുടെ കഥ പറയുമ്പോള്‍ അവിടങ്ങളിലെ ഭാഷതന്നെ ഉപയോഗിച്ചിരിക്കുന്നത്‌ അഭിനന്ദനാര്‍ഹമായ ശ്രമമാണ്‌. പ്രാദേശിക ഭാഷാഭേദങ്ങളും മലയാളി മറന്നുപോകരുതല്ലോ. കുഞ്ഞാലിമരയ്‌ക്കാര്‍ സംസാരിക്കുന്നതും മരയ്‌ക്കാന്മാരുടെ ഭാഷതന്നെയാണ്‌ എന്നത്‌ എടുത്തുപറയണം. കടലിനോടു മല്ലിടുന്ന മരയ്‌ക്കാന്‍ അച്ചടിഭാഷ പറഞ്ഞിരുന്നെങ്കില്‍ കല്ലുകടിയായേനേ.
കാലങ്ങള്‍ക്കിപ്പുറത്തു മാറിനിന്നു നിര്‍വികാരമായി ചരിത്രത്തെ നിരീക്ഷിക്കുന്ന രീതിയല്ല, നോവലില്‍ അവലംബിച്ചിരിക്കുന്നതെന്നത്‌ കൗതുകകരമാണ്‌. നോവലിസ്‌റ്റ് ഇതില്‍ പല ഘട്ടങ്ങളില്‍ കഥാപാത്രങ്ങളായി മാറുകയാണ്‌. ഡയറിക്കുറിപ്പുകളിലൂടെയും പലരുടെ വാമൊഴികളിലൂടെയുമൊക്കെയാണു കഥ വികസിക്കുന്നത്‌.
തുഹ്‌ഫത്തുല്‍ മുജാഹിദ്ദീന്‍ രചിച്ച ഷെയ്‌ഖ് സൈനുദ്ദീന്‍ മഖ്‌ദൂം മുതല്‍ വിദേശസഞ്ചാരി ഡ്വാര്‍ത്തേ ബാര്‍ബോസ വരെ കഥാപാത്രങ്ങളായി വന്നുപോകുന്നു. പരിചിതമല്ലാത്ത പോര്‍ച്ചുഗീസ്‌ പേരുകള്‍ ഓര്‍ത്തുവയ്‌ക്കാന്‍ ആദ്യം ഇത്തിരി പ്രയാസം തോന്നിയാലും കഥയുടെ ലഹരിയിലേക്കു വീഴുമ്പോള്‍ ഇടയ്‌ക്ക് മുന്‍താളുകള്‍ മറിച്ചുനോക്കിയിട്ടായാലും കഥയില്‍ ഒട്ടിപ്പിടിക്കും. തച്ചോളി ഒതേനനെയും കുഞ്ഞാലിയുടെ തോഴനായി നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്‌ മോഹന്‍ലാല്‍ സിനിമയില്‍ മമ്മൂട്ടിയെയും മമ്മൂട്ടി സിനിമയില്‍ മോഹന്‍ലാലിനെയും അതിഥിതാരമായി അവതരിപ്പിക്കുന്നതിനെ ഓര്‍മിപ്പിച്ചേക്കാം.
പക്ഷേ, കുഞ്ഞാലിയും ഒതേനനും തോഴരായിരുന്നു എന്ന സൂചന വടക്കന്‍പാട്ടിലുണ്ട്‌ എന്നതു സത്യംതന്നെയാണ്‌. അത്‌ ഇങ്ങനെ തന്നെയായിരുന്നോ എന്നത്‌ നോവലിസ്‌റ്റിന്റെ ഭാവനയാകാം. എന്തായാലും വടകരയില്‍ കളരിനടത്തുന്ന ഒതേനന്‍ ആപത്‌ഘട്ടത്തില്‍ ചങ്ങാതിയെ സഹായിക്കാതിരിക്കില്ലെന്ന്‌ ഉറപ്പല്ലേ?
കുഞ്ഞാലിനാലാമന്റെ മരണവുമായി ബന്ധപ്പെട്ട ഘട്ടങ്ങളില്‍ രാജീവ്‌ ശിവശങ്കറുടെ ഭാവന വേറൊരു തലത്തിലേക്കുയരുന്നുണ്ട്‌. മരണത്തെത്തന്നെ ഒരു കഥാപാത്രമായി ഇവിടെ അവതരിപ്പിക്കുകയാണ്‌. താന്‍ കൈവച്ചില്ലെങ്കില്‍ മറ്റാരും കൈവയ്‌ക്കുകയില്ലെന്നുറപ്പുള്ള വിഷയങ്ങളാണ്‌ രാജീവ്‌ തേടിപ്പിടിക്കുന്നത്‌. തമോവേദവും കല്‍പ്രമാണവും മുതല്‍ വായനക്കാര്‍ അതു ശ്രദ്ധിക്കുന്നുണ്ട്‌. കലിപാകവും മറപൊരുളുംപോലെ മലയാള സാഹിത്യത്തില്‍ അര്‍ഥവത്തായ മുഴക്കം സൃഷ്‌ടിക്കാനിരിക്കുന്നതാണ്‌ കുഞ്ഞാലിത്തിരയും എന്നുറപ്പ്‌.

കുഞ്ഞാലിത്തിര
(നോവല്‍)
രാജീവ്‌ ശിവശങ്കര്‍
വില: 370 രൂപ, ഡിസി ബുക്‌സ്

Ads by Google
Monday 20 May 2019 09.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW