Monday, May 20, 2019 Last Updated 6 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 04.40 PM

രേഖ യഥാര്‍ത്ഥമെന്ന് അതിരൂപത; അന്വേഷണം ശരിയായ വിധത്തിലല്ല; ഗൂഢാലോചനയ്ക്ക് പിന്നില്‍ ഭൂമി ഇടപാടില്‍ പ്രതിസ്ഥാനത്തുള്ളവര്‍, സി.ബി.ഐ അന്വേഷണം വേണം

രേഖ കേസിന്റെ മറവില്‍ അതിരൂപതയിലെ ഭൂമി കേസും വ്യാജമെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഭൂമി കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു. സഭയ്ക്കുള്ളിലുള്ളവരും പുറത്തുതമ്മില്‍ ചില അവിശുദ്ധ ബന്ധമുണ്ട്.
fake document case

കൊച്ചി: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ ശക്തമായ നിലപാടുമായി എറണാകുളം-അങ്കമാലി അതിരൂപത. രേഖകള്‍ വ്യാജമല്ല, യഥാര്‍ത്ഥമാണ്. ഭൂമി ​ഇടപാട് കേസില്‍ പ്രതിസ്ഥാനത്തുള്ളവരാണ് കേസിനു പിന്നില്‍ ഗൂഢാലോചന നടത്തിയിരിക്കുന്നത്. കേസില്‍ സഭയ്ക്കകത്തും പുറത്തുമുള്ള ചില ശക്തികള്‍ ഇടപെട്ടിട്ടുണ്ട്. അത് പുറത്തുവരാന്‍ സി.ബി.ഐയോ ജുഡീഷ്യല്‍ കമ്മീഷനോ കേസ് അന്വേഷിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.

കേസില്‍ പോലീസിന്റെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. സത്യസന്ധമായ അന്വേഷണം സ്വാഗതം ചെയ്യുന്നു. രേഖ വ്യാജമാണോ അല്ലയോ എന്ന് വ്യക്തമായി അന്വേഷിക്കണം. രേഖ യഥാര്‍ത്ഥമാണെന്നാണ് വിശ്വാസം. കേസില്‍ അറസ്റ്റിലായിരിക്കുന്ന ആദിത്യ ഒരു വ്യവസായ സ്ഥാപനത്തിന്റെ സര്‍വറില്‍ നിന്ന് എടുത്തതാണെന്നും മാര്‍ മനത്തോടത്ത് പറഞ്ഞു.

സെര്‍വറിലുള്ള ഡോക്യൂമെന്റിലെ സക്രീന്‍ ഷോട്ടാണിത്. അതുകൊണ്ടാണ് അത് വ്യാജമല്ലെന്ന് കൃത്യമായി പറയുന്നതെന്ന് ബിഷപ് മനത്തോടത്ത് വ്യക്തമാക്കി. കേസില്‍ പോലീസിന്റെ അന്വേഷണത്തിന് അപ്പുറത്താണ് കാര്യങ്ങള്‍. അതിനാല്‍ ഇതില്‍ സി.ബി.യോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നാണ് അതിരൂപത ആവശ്യപ്പെടുന്നത്. പോലീസിന് അന്വേഷിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ നടക്കുന്നത് ശരിയായ അന്വേഷണമല്ലെന്നുമാണ് അതിരൂപത ആരോപിക്കുന്നത്.

ഭൂമി ഇടപാടില്‍ നടന്ന കുംഭകോണത്തെ കുറിച്ച് കൃത്യമായ രേഖകള്‍ ഉണ്ട്. ഇന്‍കം ടാക്‌സും അതും ശരിവച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വത്തിക്കാന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചത്. ഭൂമി ഇടപാടില്‍ ശക്തമായ നിലപാട് എടുത്ത ചില വൈദികരെ ലക്ഷ്യമിടാന്‍ ഈ കേസ് ഉപയോഗിക്കുന്നുവെന്ന് വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറയുന്നു.

രേഖ കേസിന്റെ മറവില്‍ അതിരൂപതയിലെ ഭൂമി കേസും വ്യാജമെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഭൂമി കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു. സഭയ്ക്കുള്ളിലുള്ളവരും പുറത്തുതമ്മില്‍ ചില അവിശുദ്ധ ബന്ധമുണ്ട്.

ആദിത്യയെ പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു. ആദിത്യ പൊതുസമൂഹത്തില്‍ മാന്യനായ വ്യക്തിയാണ്. ടോണി കല്ലൂക്കാരന്‍ അച്ചനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പറയുന്നതില്‍ നിയമപരമായ ബുദ്ധിമുട്ടുണ്ട്.

ഒരു വ്യവസായ ഗ്രൂപ്പില്‍ ജോലി ചെയ്യുമ്പോള്‍ ലഭിച്ച രേഖയാണിത്. മതാധ്യാപകന്‍ കൂടിയായ അദ്ദേഹത്തിന്റെ ധാര്‍മ്മിക ബോധമാണ് അത് ചോര്‍ത്താന്‍ പ്രേരിപ്പിച്ചത്. ഭൂമി കേസ് പുറത്തുവന്നതോടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അറിഞ്ഞ് ആദിത്യ നടത്തിയ അന്വേഷണമാണ് ഇവ പുറത്തുകൊണ്ടുവരാന്‍ പ്രേരിപ്പിച്ചതെന്ന് ഫാ.മുണ്ടാന്‍ പറഞ്ഞു.

15ന് ആലുവ ഡി.വൈ.എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച ആദിത്യനെ വീണ്ടും പിറ്റേന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയാണ് ഫാ.ടോണി കല്ലൂക്കാരന്റെ പേര് പറയിപ്പിച്ചതെന്ന് ആദിത്യ പറഞ്ഞതായി ഫാ. സണ്ണി കളപ്പുരയ്ക്കല്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഇടയ്ക്ക് ഉദ്യോഗസ്ഥനെ മാറ്റിയതും സംശയം സൃഷ്ടിക്കുന്നു. കേസിനു പിന്നില്‍ കുറച്ചു വൈദികരുടെ കൂടെ പേര് പറയിക്കുകയിരുന്നു പോലീസിന്റെ ലക്ഷ്യം. വൈദികരെ പ്രതികളാക്കി അറസ്റ്റു ചെയ്യിക്കാന്‍ കുറച്ചുകാലമായി ഇവിടെ ഗൂഢാലോചന നടക്കുന്നു. രണ്ടാഴ്ച മുന്‍പ് ഇതുസംബന്ധിച്ച് ആലുവ ഡി.വൈ.എസ്.പിക്ക് ഈ തിരക്കഥ നല്‍കി. അതിന്റെ അടിസ്ഥാനത്തിലാണ് ഈ നാടകം മുഴുവന്‍ നടക്കുന്നതെന്നും ഫാ.സണ്ണി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്ന സമയം നോക്കിയാണ് പോലീസ് ഈ കേസ് അന്വേഷണരം ഊര്‍ജിതമാക്കിയതെന്നും ഫാ.സണ്ണി പറഞ്ഞു. ചില കോര്‍പറേറ്റ് ഇടപാടുകളില്‍ തന്റെ മേലധ്യക്ഷന്മാര്‍ ഇടപെടുന്നത് ശ്രദ്ധയില്‍പെട്ട ഒരു മതാധ്യാപകന്റെ ധാര്‍മ്മികമായ നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആദിത്യ ചോര്‍ത്തിയ രേഖകളില്‍ ഒരു ബിഷപിന്റെ ബാങ്ക് ഇടപാടിന്റെ വിവരങ്ങളുമുണ്ടെന്നും ബിഷപ് മനത്തോടത്ത് പറഞ്ഞു.

ആദിത്യയുടെ പിതാവ് സക്കറിയയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ആദിത്യയ്ക്ക് പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദനമേറ്റുവെന്നും കൊല്ലപ്പെടുമെന്ന് തോന്നിയ സാഹചര്യത്തിലാണ് പോലീസിന്റെ സമ്മര്‍ദ്ദപ്രകാരം ഫാ.ടോണിയുടെ പേര് പറഞ്ഞതെന്നും അതിരൂപത ആരോപിച്ചു. ഫാ.ടോണിയെയും കസ്റ്റഡിയില്‍ സമാനമായി പീഡിപ്പിച്ച് മറ്റ് വൈദികര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ആരോപണം ഉയര്‍ത്തുന്നു.

Ads by Google
Monday 20 May 2019 04.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW