Thursday, June 20, 2019 Last Updated 25 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 02.37 PM

മനസില്‍ ഒരു മുഖം മാത്രം

''അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.പി.എ.സി ലളിതയുടെ വിശേഷങ്ങളിലേക്ക് ....
kpac lalitha interview

മലയാള സിനിമയുടെ ഭാഗ്യനക്ഷത്രമായുദിച്ച ലളിത സുന്ദര കാവ്യമാണ് കെ. പി. എ. സി ലളിത. 50 വര്‍ഷമായി മുഖത്ത് ചായംപുരട്ടി എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍ക്ക് ജീവന്റെ തുടിപ്പുനല്‍കി ആ കലാകാരി ഇന്നും യാത്ര തുടരുന്നു. അവസാന പ്രാണന്‍ വരെയും അഭിനയമെന്ന മാസ്മരികതയില്‍ ഒഴുകിയൊഴുകി നടക്കണമെന്നാണ് അവരുടെ ആഗ്രഹം.

ആ സ്വാഭാവിക അഭിനയ ശൈലിക്കു ലഭിച്ച ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളടക്കമുള്ള അംഗീകാരങ്ങള്‍ മലയാളത്തില്‍ മറ്റൊരു നടിക്കുമവകാശപ്പെടാനാവാത്തതാണ്.

സിനിമാജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയായി. തിരിഞ്ഞുനോക്കുമ്പോള്‍?


സന്തോഷം തോന്നുന്നു. ഇത്രയും ദൂരം യാത്ര ചെയ്യാന്‍ കഴിഞ്ഞല്ലോ. അഭിനയ ജീവിതത്തിലെനിക്ക് ഒരിക്കലും നഷ്ടമൊന്നും സംഭവിച്ചിട്ടില്ല. ലാഭം മാത്രമേയുള്ളൂ.

ഇനിയും ചെയ്യാന്‍ ആഗ്രഹമുള്ള വേഷങ്ങളില്ലേ?


തീര്‍ച്ചയായിട്ടുമുണ്ട്. ഇനിയും ഒരുപാട് വേഷങ്ങള്‍ ചെയ്യാന്‍ കിടക്കുന്നതേയുള്ളൂ. എന്റെ കഴിവിനനുസരിച്ചുള്ള, അതായത് എനിക്ക് ചെയ്യാന്‍ പറ്റുന്ന വേഷങ്ങള്‍ ഇനിയുമുണ്ടാവാം. അവസാനം വരെ അഭിനയിക്കാന്‍ കഴിയണമെന്നാണ് ആഗ്രഹം. പിന്നെ നമ്മുടെ ആരോഗ്യവും ശരീരവും അനുവദിക്കുന്നിടത്തോളം ജോലി ചെയ്തുകൊണ്ടിരിക്കും. അഭിനയമെന്ന ജോലിയില്‍നിന്ന് വിട്ടുപോവില്ല. ഇതിലാണെന്റെ ആത്മാവ്.

ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാപാത്രങ്ങളുണ്ടോ?


ഉണ്ട്. 1971 ല്‍ ശരശയ്യ എന്ന ചിത്രത്തില്‍ ഒരു വേഷം ഞാന്‍ ചെയ്തു. അന്ന് നാടകത്തില്‍ അഭിനയിക്കുന്ന കാലമാണ്. ശരശയ്യ നാടകത്തില്‍ ഞാന്‍ അഭിനയിച്ച വേഷം തന്നെയായിരുന്നു സിനിമയിലും. ഒട്ടും താല്‍പര്യമില്ലാതെയാണ് ആ വേഷം സിനിമയില്‍ ചെയ്തത്. എനിക്ക് ചേരുന്ന വേഷവുമായിരുന്നില്ലത്.

അന്ന് ഞാന്‍ തീരെ മെലിഞ്ഞിട്ടാണ്. അതുകൊണ്ടുതന്നെ വച്ചുകെട്ടൊക്കെയായിട്ടാണ് അഭിനയിക്കുന്നത്. എനിക്കാണെങ്കില്‍ മേക്കപ്പിനെക്കുറിച്ചും മറ്റും ഒട്ടും അറിവില്ല. ശരീരത്തിനും മുഖത്തിനും ചേരുന്ന മേക്കപ്പ് ചെയ്തില്ലെങ്കില്‍ ബോറായിതോന്നും. സിനിമ ഇറങ്ങി കഴിഞ്ഞപ്പോള്‍ ആ വേഷം ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നി.

kpac lalitha interview

ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളടക്കം നേടിയതില്‍ ഏറ്റവും പ്രിയപ്പെട്ടത്?


അങ്ങനെ പറയാന്‍ പറ്റില്ല. കാരണം എന്റെ എല്ലാ വേഷങ്ങളും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതുതന്നെയാണ്. ജീവിതത്തില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു വേഷമുണ്ടായിരുന്നു. ചക്രവാകം എന്ന സിനിമയിലെ ഭ്രാന്തിപാറു. വളരെ അഭിനയപ്രാധാന്യമുള്ള, ഞാന്‍ നന്നായി അഭിനയിച്ച ഒന്ന്. അതിന് അവാര്‍ഡ് കിട്ടിയെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്.

അതൊരു മുഴുനീള വേഷമായിരുന്നില്ല. അന്നൊക്കെ മുഴുനീള വേഷം ചെയ്യുന്നവര്‍ക്കേ അവാര്‍ഡുള്ളൂ. എന്നെ എപ്പോള്‍ കാണുമ്പോഴും പ്രിയദര്‍ശന്‍ പറയുമായിരുന്നു ഏറ്റവും മികച്ച വേഷമാണതെന്ന്. അന്നെങ്ങാനും ജൂറിയായി ഞാനുണ്ടായിരുന്നെങ്കില്‍ ചേച്ചിക്ക് അവാര്‍ഡ് നല്‍കിയേനെ എന്ന പ്രിയന്റെ വാക്കുകള്‍ എനിക്ക് നാഷണല്‍ അവാര്‍ഡാണ്.

ലളിതയെന്ന അഭിനേത്രിയോട് ഭരതന്‍ സാറിനുണ്ടായിരുന്ന ഇഷ്ടം?


ഞാന്‍ അഭിനയിക്കുന്നത് അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമുള്ള കാര്യമായിരുന്നു. നടി എന്ന നിലയില്‍ എന്നോട് ബഹുമാനവും ഉണ്ടായിരുന്നു. ഭരതേട്ടന്റെ വെങ്കലം, അമരം... ഇവയിലൊക്കെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതുപോലെ എനിക്ക് പറഞ്ഞുതരില്ല.

ആരെങ്കിലും ചോദിച്ചാല്‍ പറയും ഓ അവരൊരു സ്‌റ്റേജ് ആര്‍ട്ടിസ്റ്റല്ലേ, അവര്‍ക്കതൊന്നും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലല്ലഎന്ന്. എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ അംഗീകാരമാണ്.
നല്ല വേഷങ്ങള്‍ ചെയ്യുന്നതിലോ അഭിനയിക്കുന്നതിലോ ഒരിക്കലും എന്റെ ഭര്‍ത്താവ് എന്നെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ് എനിക്ക് ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്.

വിവാഹശേഷവും ഭരതന്റെ സിനിമയിലൂടെ തന്നെ തിരിച്ചുവന്നു?


അതാണ് ഞാന്‍ പറഞ്ഞത്. വിവാഹിതയായി അമ്മയായിക്കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ വീട്ടിലിരുന്നാല്‍ മതി എന്ന ചിന്താഗതിക്കാരനായിരുന്നില്ല അദ്ദേഹം.
ഭരതേട്ടന്റെ തന്നെ കാറ്റത്തെ കിളിക്കൂടിലൂടെയാണ് അഭിനയരംഗത്തേക്ക് തിരികെയെത്തിയത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളാണ് കൂടുതലായും ചെയ്തിരുന്നത്.

ഭരതേട്ടന്റെ വിയോഗത്തിനുശേഷം ഇടയ്ക്ക് വീണ്ടും സിനിമയില്‍നിന്ന് വിട്ടുനിന്നു. പിന്നെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സത്യന്‍ ചിത്രത്തിലൂടെ മൂന്നാമതും വന്നു. ഭാര്യയെന്നെ നിലയിലും നടിയെന്ന നിലയിലും രണ്ട് മുഖത്തോടെയായിരുന്നു ഭരതേട്ടന്‍ എന്നെ കണ്ടത്. വീട്ടില്‍ ഞങ്ങള്‍ അടിപിടി കൂടും, വഴക്കുണ്ടാക്കും കുട്ടികളുടെ കാര്യത്തില്‍ പ്രശ്നമുണ്ടാക്കും. ഞാനവരെ തല്ലിയാല്‍ ഭരതേട്ടനിഷ്ടപ്പെടില്ല. ലൊക്കേഷനില്‍ ചെന്നാല്‍ മറ്റൊരു മുഖമായിരുന്നു. നടിയെന്ന ബഹുമാനം തന്നുകൊണ്ടായിരുന്നു പെരുമാറ്റം.

എന്തും തുറന്നുപറയുന്ന സ്വഭാവമാണല്ലോ? ഇതില്‍ ബുദ്ധിമുട്ടുണ്ടായിട്ടില്ലേ?


നമ്മുടെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ പേടിക്കേണ്ട കാര്യമൊന്നുമില്ല. എനിക്ക് പറയാനുള്ളത് പറഞ്ഞാല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് ചിന്തിക്കേണ്ട കാര്യമില്ല. എന്തും വരട്ടെയെന്ന് വിചാരിക്കുന്നതെന്തുകൊണ്ടാണെന്നാല്‍ ദൈവം നമുക്ക് എന്തെങ്കിലും കല്‍പ്പിച്ചു വച്ചിട്ടുണ്ടെങ്കില്‍ അത് അതിന്റെ വഴിക്ക് നടക്കും. ഞാന്‍ എപ്പോഴും പറയാറുണ്ട്, ജനനം നമുക്കറിയാന്‍ കഴിയും.
kpac lalitha interview

ഡോക്ടറെ കണ്ട്, ഇന്ന സമയത്ത് ഇന്ന നക്ഷത്രത്തില്‍ പ്രസവിക്കണമെന്നു പറഞ്ഞാല്‍ സിസേറിയന്‍ ചെയ്തിട്ടായാലും അത് നടക്കും, പക്ഷേ മരിക്കുന്ന കാര്യത്തില്‍ നമുക്കങ്ങനെ തീരുമാനിക്കാന്‍ പറ്റുമോ? ഇന്ന ദിവസം ഇത്രാം തീയതി മരിക്കണമെന്ന് വിചാരിച്ചാല്‍ നടക്കില്ലല്ലോ. അത് ദൈവത്തിന്റെ നിശ്ചയമാണ്. അദ്ദേഹം എഴുതി വച്ച സ്‌ക്രിപ്റ്റനുസരിച്ചിരിക്കും അതൊക്കെ. ആ സ്‌ക്രിപ്റ്റില്‍ നമ്മള്‍ അവസാനിക്കേണ്ട ദിവസം ഏത്, ഏത് സമയത്ത് എവിടെവച്ച് എന്ന് എഴുതിയിട്ടുണ്ട്. അത് മനസിലാക്കി നമ്മള്‍ ജീവിക്കണം.

അഭിപ്രായങ്ങള്‍ പറഞ്ഞാലും ഇല്ലെങ്കിലും ഒരിക്കല്‍ മരിക്കണം. പേടിച്ച് ജീവിക്കുന്നതിലും നല്ലത് ഭയക്കാതെ ജീവിക്കുന്നതാണ്. ആരെയും വേദനിപ്പിക്കാതെ എല്ലാവരേയും സ്നേഹിച്ചൊക്കെ ജീവിക്കണം. എന്നു കരുതി മദര്‍ തെരേസയായി ജീവിക്കാനും പറ്റില്ല. മനുഷ്യനായാല്‍ ചിലപ്പോള്‍ ദേഷ്യം വരും സങ്കടം വരും, തമാശ പറയണമെന്നു തോന്നും. ഇതൊക്കെ പ്രകടിപ്പിക്കണം.

എന്നും എപ്പോഴും മനസില്‍ മായാതെ നില്‍ക്കുന്നത്?


ഭരതേട്ടന്റെ വേര്‍പാടാണ്. അതിനേക്കാള്‍ വലുതായൊന്നുമില്ല. അല്‍പ്പസമയം വെറുതെയിരുന്നാല്‍ ഭരതേട്ടന്‍ മനസിലേക്കോടിയെത്തും. 1969 ലാണ് ഞാന്‍ സിനിമയിലെത്തിയത്.

1978 ലാണ് ഭരതേട്ടന്‍ എന്നെ വിവാഹം ചെയ്യുന്നത്. അദ്ദേഹം പോയി ഇത്ര വര്‍ഷത്തിനുശേഷവും എനിക്കത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കണ്ണുനിറഞ്ഞുപോകും. സിനിമയിലും ജീവിതത്തിലും ഇത്രയും ദൂരം യാത്ര ചെയ്തിട്ടും എന്റെ മനസ് ഇന്നും നന്ദിയോടെ, ഏറെ സ്നേഹത്തോടെ ഓര്‍ക്കുന്ന മുഖം ഭരതേട്ടന്റെതാണ്.

മുത്തശ്ശിയായ കെ.പി.എ.സി ലളിതയെക്കുറിച്ച്? .


മുത്തശ്ശിയായതില്‍ ആര്‍ക്കാണ് സന്തോഷമില്ലാത്തത്. എനിക്കുമുണ്ട് ഒരു കൊച്ചു കാന്താരിപെണ്ണ്. മകള്‍ ശ്രീക്കുട്ടിയുടെ കുഞ്ഞിനിപ്പോള്‍ അഞ്ച് വയസായി. ത്വര എന്നാണ് പേര്. ശ്രീക്കുട്ടിയും ഭര്‍ത്താവും മുംബൈയിലാണ്. ഡിസംബറില്‍ വന്നിട്ടുപോയതാണ്. എന്നും വിളിക്കും ഫോട്ടോ അയച്ചുതരും.

ശ്രീക്കുട്ടി ഇപ്പോള്‍ നല്ല മടിച്ചിയായിട്ടുണ്ട്, അധ്യാപികയായിരുന്നു, ജോലിപോലും നിര്‍ത്തി കുഞ്ഞിന്റെ പിറകെയാണ്. നേരത്തെ നല്ലോണം വരയ്ക്കുകയൊക്കെ ചെയ്തിരുന്നു. ഇപ്പോള്‍ അതിനും മടിയാണ്. അടുത്ത അധ്യയന വര്‍ഷം വീണ്ടും ജോലിക്കുപോകണമെന്ന് പറയുന്നു. സിദ്ദാര്‍ഥ് വീണ്ടും സിനിമയുടെ ലോകത്തേക്ക് തന്നെ നടക്കുകയാണ്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW