Thursday, June 27, 2019 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 01.22 AM

ദാനധര്‍മങ്ങള്‍ക്ക്‌ പ്രസക്‌തി കൂടുതല്‍

uploads/news/2019/05/309435/1.jpg

സല്‍കര്‍മങ്ങള്‍കൊണ്ട്‌ ധന്യമാക്കേണ്ട മാസമാണു വിശുദ്ധ റമദാന്‍. കര്‍മങ്ങള്‍ ഒരുവന്റെ ആത്മാവിനെ സംസ്‌കരിക്കുന്നതോടൊപ്പംതന്നെ ചുറ്റുപാടുമുള്ള കലുഷിതാവസ്‌ഥക്ക്‌ അറുതി വരുത്താനുള്ള മാര്‍ഗംകൂടി നിര്‍ദേശിക്കുന്നു. ദാരിദ്ര്യവും ഇല്ലായ്‌മയും കാലങ്ങളായി മനുഷ്യന്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ്‌. മനുഷ്യന്റെ കാര്യക്ഷമതയും കഴിവും സാഹചര്യവും വ്യത്യസ്‌തമാണ്‌. എല്ലാവര്‍ക്കും ഒരുപോലെ നേട്ടംകൈവരിക്കാന്‍ കഴിയണമെന്നില്ല.
ഉള്ളവന്‍ ഇല്ലാത്തവനു സഹായം ചെയ്യല്‍ കടമയായി ഏറ്റെടുക്കലാണ്‌. ഒരു ദിശയില്‍ മാത്രം സമ്പത്ത്‌ കേന്ദ്രീകരിക്കുന്നത്‌ ഒഴിവാക്കാനുള്ള മികച്ച മാര്‍ഗം. ദാനധര്‍മം നല്‍കല്‍ സമ്പന്നന്റെ ഔദാര്യമായല്ല, അവകാശമായാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. നിങ്ങള്‍ക്ക്‌ നാം നല്‍കിയതില്‍നിന്നും ചെലവഴിക്കുക(സൂറത്തുല്‍ ബഖറ) എന്നാണു സ്രഷ്‌ടാവ്‌ നമ്മോട്‌ ഉണര്‍ത്തുന്നത്‌. ദാനംചെയ്യല്‍ കൊണ്ട്‌ സമ്പത്തില്‍ യാതൊരു കുറവും വരില്ലായെന്ന്‌ അനുയായികളെ മുഹമ്മദ്‌ നബി(സ) പഠിപ്പിച്ചു. ഇതരമാസങ്ങളില്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്ക്‌ ലഭിക്കുന്നതിനെക്കാള്‍ ഇരട്ടി പ്രതിഫലം റമദാനിലെ കര്‍മങ്ങള്‍ക്കു ലഭിക്കുന്നതാണ്‌. റമദാനില്‍ ധര്‍മം വര്‍ധിപ്പിക്കാന്‍ നബി(സ) പഠിപ്പിക്കുന്നു. ഇമാം തുര്‍മുദി ഉദ്ധരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം, ജനങ്ങളില്‍വച്ച്‌ ഏറ്റവും വലിയ ഉദാരമതി മുഹമ്മദ്‌ നബി(സ)യാണ്‌, അവിടുന്ന്‌ ഏറ്റവും കൂടുതല്‍ ധര്‍മം ചെയ്‌തിരുന്നത്‌ റമദാന്‍ മാസത്തിലായിരുന്നു.
റമദാനില്‍ ധാനധര്‍മം വര്‍ധിപ്പിക്കണമെന്ന്‌ ഉപര്യുക്‌ത ഹദീസ്‌ സൂചിപ്പിക്കുന്നു. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന വിശ്വാസിക്ക്‌ വിശപ്പിന്റെ രുചി ബോധ്യമാകുന്നു. പരാധീനത മൂലം പട്ടിണി കിടക്കേണ്ടിവരുന്ന സഹോദരന്റെ വേദന അവന്‍ ഉള്‍കൊള്ളുന്നു. പിന്നെ സഹോദരനുനേരെ സഹായഹസ്‌തം നീട്ടാന്‍ അധികസമയം വേണ്ടിവരില്ല.
അര്‍ഹിക്കുന്നവരിലേക്ക്‌ സഹായം എത്തിക്കാന്‍ ഇന്നു മാര്‍ഗം ഏറെയുണ്ട്‌. ചാരിറ്റി കൂട്ടായ്‌മകള്‍ പ്രാദേശികതലത്തിലും ദേശീയതലത്തിലുമൊക്കെ സജീവമാണ്‌. നമുക്ക്‌ കഴിയുന്ന രീതിയില്‍ ഒരു എളിയ സാന്ത്വന പ്രവര്‍ത്തനമെങ്കിലും ചെയ്യാന്‍ പരിശ്രമിക്കണം. ഈ പുണ്യമാസത്തിന്റെ പവിത്രത മനസിലാക്കി അപരന്റെ കണ്ണീരൊപ്പാന്‍ നാഥന്‍ തുണയ്‌ക്കട്ടെ.

ഡോ. മുഹമ്മദ്‌ ഫാറൂഖ്‌ നഈമി
അല്‍ ബുഖാരി കൊല്ലം
(എസ്‌.എസ്‌.എഫ്‌ ദേശീയ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍മാനുമാണു ലേഖകന്‍)

Ads by Google
Monday 20 May 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW