Monday, May 20, 2019 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 01.21 AM

മുത്തച്‌ഛാധിപത്യം!

uploads/news/2019/05/309434/3.jpg

മുത്തച്‌ഛന്‍മുതുക്കന്റെ
മുത്തച്‌ഛനിരിക്കുന്നു
മുത്തച്‌ഛനവനുള്ള
മുത്തച്‌ഛന്‍ മരിച്ചീല
അഞ്ഞൂറുവയസുള്ളോ-
രപ്പുപ്പന്മാരുമിപ്പോള്‍
കുഞ്ഞായിട്ടിരിക്കുന്നോ
രപ്പൂപ്പനവര്‍ക്കുണ്ട്‌!
(കുഞ്ചന്‍നമ്പ്യാര്‍)

പേരക്കുട്ടി നീട്ടിച്ചൊല്ലുന്നതുകേട്ടു പത്രംവായന നിറുത്തി അച്ചാപ്പിച്ചാച്ചന്‍ ചെവി കൂര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ചിന്ത 90 കൊല്ലം പിറകോട്ടുപോയി. രാവുണ്ണിയാശാന്‍ അന്നു ഈണത്തില്‍ ചൊല്ലിപ്പഠിപ്പിച്ചത്‌ ഇപ്പോഴും ഓര്‍മയിലുണ്ട്‌. പേരക്കുട്ടി ചൊല്ലുന്നതില്‍ അക്ഷരത്തെളിമയും ഈണവും താളവുമെല്ലാമുണ്ട്‌. കേട്ടിരിക്കാന്‍ രസംതോന്നി. എങ്കിലും, തെരഞ്ഞെടുപ്പുകാലമായതിനാല്‍ ചൂടന്‍ വാര്‍ത്തകള്‍ ധാരാളമുള്ളതുകൊണ്ട്‌ പത്രംവായനയില്‍ വീണ്ടും മുഴുകി.
പിറ്റേന്നും അതിന്റെ പിറ്റേന്നും ഇതേസമയത്ത്‌ ഇതേപാട്ട്‌ ആവര്‍ത്തിക്കുന്നതുകേട്ടപ്പോള്‍, കാണാതെപഠിക്കാനുള്ള പാഠമായതിനാല്‍ അവനിതാവര്‍ത്തിക്കുന്നതായിരിക്കുമെന്നാണു മൂപ്പില്‍സ്‌ കരുതിയത്‌. പക്ഷേ, ഒരാഴ്‌ചയായിട്ടും ഇവനിതാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌...? പഠിക്കാന്‍ മണ്ടനൊന്നുമല്ലല്ലോ അവന്‍? ഒരുപക്ഷേ, എന്നോടു നേരിട്ടുപറയാന്‍ മേലാത്തതുകൊണ്ട്‌? മൂപ്പില്‍സിന്റെ ഊഹം ശരിയാണ്‌. ജീമോന്റെ പപ്പാ ഡിക്‌സണ്‍ സഹികെട്ടിട്ട്‌, മോനെ ഒരു കരുവാക്കിയെന്നേയുള്ളൂ. അയാള്‍ ഭാഷാധ്യാപകനാണ്‌. കവിതകളിഷ്‌ടമാണ്‌. ധാരാളം വായിക്കുകയും ചെയ്യും. മോനെയും കവിത പഠിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്‌. അത്‌ അതിന്റെ ഒരുവശം. മറുവശമാണു പ്രധാനം. ഡിക്‌സന്റെ ഫാദറും ഫാദറിന്റെ ഫാദറും ഫാദറിന്റെ ഫാദറിന്റെ ഫാദറുമുണ്ട്‌.
അദ്ദേഹമാണു മക്കളുടെയും നാട്ടുകാരുടെയും അച്ചാപ്പിച്ചാച്ചന്‍. പ്രായം തൊണ്ണൂറ്റൊമ്പത്‌! സെഞ്ച്വറിയടിച്ചിട്ടേ പോകൂ എന്ന വാശിയിലാണ്‌ അച്ചാപ്പിച്ചാച്ചന്‍. ഗ്രാന്റ്‌ ഫാദറിനു വയസ്‌ എണ്‍പത്തൊന്ന്‌. അപ്പനും മകനും തമ്മില്‍ പതിനെട്ടുവയസിന്റെ വ്യത്യാസംമാത്രം. ഡിക്‌സന്റെ ഫാദറിന്‌ ഷഷ്‌ടിപൂര്‍ത്തി കഴിഞ്ഞു. ഡിക്‌സന്‌ വയസ്‌ മുപ്പത്തിയേഴ്‌. തലമുറതലമുറയായി ഒറ്റപ്പുത്രന്മാരാണ്‌.
എല്ലാവര്‍ക്കും പെണ്‍മക്കളുണ്ട്‌. അവരെ കെട്ടിച്ചയച്ചതുകൊണ്ട്‌ അവരാരും വീട്ടിലില്ല. അവര്‍ അവരുടെ മക്കളും കൊച്ചുമക്കളുമായി സുഖമായി കഴിയുന്നു. ഡിക്‌സന്റെ അമ്മ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. മറ്റുവല്യമ്മമാരൊക്കെ ഡിക്‌സണു ഭാരമാകാതെ കടന്നുപോയി. ഡിക്‌സണു മൂന്നു പെങ്ങന്മാരുണ്ട്‌. രണ്ടുപേരു മഠത്തില്‍പോയി. അവരും, കല്യാണം കഴിച്ചുവിട്ട പെങ്ങളും പിള്ളേരും അപ്പന്റെ പെങ്ങന്മാരുടെ പിള്ളേരും വല്യപ്പന്റെ പെങ്ങന്മാരുടെ പിള്ളേരും എല്ലാവരുംകൂടെ അവധിക്കാലത്തൊരു വരവുണ്ട്‌. അതൊരു പൂരമാ! അപ്പനെയും വല്യപ്പനെയും അപ്പൂപ്പനെയും മരുമകള്‍ എങ്ങനെ അന്വേഷിക്കുന്നു എന്നതിനെപ്പറ്റിയുള്ള ചര്‍ച്ചയാണ്‌ ഉല്ലാസവേളയിലെ പ്രധാന ഇനം. സന്ധ്യയാകുമ്പോള്‍ ജിന്‍സിമോള്‍ ഡിക്‌സന്റെയടുത്തിരുന്നു ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിഗമനത്തെചൊല്ലി ചങ്കുരുകി കരയുന്നതാനു പൂരത്തിന്റെ അന്ത്യം.
ഈ പിതൃത്രയത്തെ താങ്ങുന്നതിന്റെ കഷ്‌ടപ്പാട്‌ ഡിക്‌സണും അവന്റെ ഭാര്യക്കും മാത്രമേ അറിയാവൂ. അപ്പനെയും വല്യപ്പനെയും ഒരു വിധത്തില്‍ "മാനേജ്‌" ചെയ്യാം. അപ്പൂപ്പന്റെ കാര്യമാണ്‌...! കണ്ണിനു കാഴ്‌ചക്കുറവില്ല, ചെവി കേള്‍ക്കാം, പ്രഷറില്ല, പ്രമേഹമില്ല. ഹാര്‍ട്ടുമില്ല! അതു രണ്ടര്‍ത്ഥത്തിലും ശരിയാണ്‌. അപ്പനെന്നല്ല, വല്യപ്പനെപ്പോലും അച്ചാപ്പിച്ചാച്ചന്‍ വിരട്ടും. കമാന്നൊരക്ഷരംപോലും അവര്‍ മിണ്ടത്തില്ല. ഡിക്‌സനു പള്ളിയില്‍പ്പോകാനും പള്ളിക്കൂടത്തില്‍പോകാനും അനുവാദം വേണ്ട. എങ്കിലും, ഒന്നു പറഞ്ഞിട്ടുപോകുന്നതാണിഷ്‌ടം.
ഒരു കുടുംബത്തിന്റെ ഗതിയാതാണെങ്കില്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയിലെ മുത്തച്‌ഛകൃതിവികൃതിക്കൂത്തുകള്‍ എന്തായിരിക്കും...!

റവ. ഡോ. തോമസ്‌ മൂലയില്‍
(ലേഖകന്റെ ഫോണ്‍ നമ്പര്‍: 9048117875)

Ads by Google
Monday 20 May 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW