Wednesday, June 26, 2019 Last Updated 9 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 10.47 PM

'കൃഷ്‌ണാ, ഐ ലവ്‌ യൂ!'

uploads/news/2019/05/309327/3.jpg

(കാലം: 1978) നേരം പുലര്‍ന്നു. ശംഖനാദം മുഴങ്ങി. ഭാനുബിംബം തിളങ്ങി. രാധ കുളികഴിഞ്ഞു വന്നു. പൊട്ടുകുത്തി, മുടി ചീകി, മുടിയില്‍ പ്ലാസ്‌റ്റിക്‌ പൂവു ചൂടി, പൗഡര്‍ പൂശി, പാവാടയും ബ്ലൗസുമണിഞ്ഞു, ഹാഫ്‌ സാരി ചുറ്റി, ലേഡീസ്‌കുടയും നോട്ടുബുക്കും പേനയുമെടുത്തു.
രാധ, ടൈപ്പും ഷോര്‍ട്ട്‌ഹാന്‍ഡും പഠിക്കാന്‍ പോവുകയാണ്‌.
ടൈപ്പ്‌റൈറ്റിങ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക്‌ അധികം ദൂരമൊന്നുമില്ല. എങ്കിലും പുതിയൊരു വിദ്യ അഭ്യസിക്കാനിറങ്ങുമ്പോള്‍ എല്ലാം അതിന്റെ മുറയനുസരിച്ചു വേണമല്ലോ.
പത്താംതരം കഷ്‌ടിച്ചു പാസായ രാധയ്‌ക്ക് ഇനി ഏക രക്ഷാമാര്‍ഗം ''ടൈപ്പും ഷോര്‍ട്ട്‌ഹാന്‍ഡു'മാണ്‌. 'കൊട്ടാന്‍ പോവുക'- എന്നാണ്‌ ഇതിനു നാട്ടില്‍ പറയുക! 'കൊട്ടാന്‍' പോയില്ലെങ്കില്‍ തയ്യല്‍ പഠിക്കാന്‍ പോകണം. അത്‌ രാധയ്‌ക്ക് ഇഷ്‌ടമല്ല. മാത്രമല്ല, കല്യാണച്ചന്തയില്‍ ടൈപ്പിനു പോകുന്ന പെണ്‍കുട്ടിക്ക്‌ ഒരു നിലയുംവിലയുമൊക്കെയുണ്ട്‌. ടൈപ്പിന്റെ പരീക്ഷ ജയിച്ചാല്‍ ബോംബെയിലും മറ്റും ജോലി കിട്ടിയേക്കുമെന്നൊരു മെച്ചവുമുണ്ട്‌. അടുത്ത വീട്ടിലെ വേലായുധന്‍ മാഷിന്റെ മകന്‍ ടൈപ്പും ഷോര്‍ട്ട്‌ഹാന്‍ഡും പഠിച്ച്‌ അറബിനാട്ടിലാണത്രേ! നല്ല ശമ്പളവും!
''മോളേ! പ്രാര്‍ഥിച്ചിട്ട്‌ ഇറങ്ങ്‌!'' -രാധയുടെ അമ്മ അടുക്കളവാതിലിനു പിന്നില്‍നിന്നു പറഞ്ഞു.
രാധയുടെ അച്‌ഛന്‍ മാധവന്‍നായര്‍ വെള്ള മുണ്ടും ഷര്‍ട്ടുമണിഞ്ഞ്‌ കാലന്‍കുടയുമെടുത്ത്‌ റെഡിയായിക്കഴിഞ്ഞിരുന്നു.
ഭിത്തിയില്‍ പുഞ്ചിരിതൂകുന്ന കൃഷ്‌ണന്റെ ഫോട്ടോയിലേക്കു നോക്കി രാധ തൊഴുകൈയോടെ പ്രാര്‍ഥിച്ചു:
-''ടൈപ്പുപഠനം കഴിയുമ്പോള്‍ ഒരു ജോലിയും പൂവമ്പഴം പോലൊരു ചെറുക്കനെയും സംഘടിപ്പിച്ചുതരണേ!''
രാധ മാത്രമല്ല, കൂടെപ്പഠിച്ച മൂന്നാലു കൂട്ടുകാരികളും അവരവരുടെ വീടിന്റെ ഉമ്മറത്തുനിന്ന്‌ ഈവിധം പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു, ഭഗവാന്‍ പുഞ്ചിരി തൂകുന്നുമുണ്ടായിരുന്നു. അലകടല്‍ നടുവിലും അഖില മനസിലും നീലനഭസിലും അദ്ദേഹം പള്ളിയുറങ്ങുന്നുണ്ടല്ലോ!
സ്‌ഥലത്തെ പ്രധാന ദിവ്യന്മാരില്‍ ഒരാളായ നാരായണന്റെ ചായപ്പീടികയുടെ മുകളിലത്തെ നിലയിലാണ്‌ 'ആള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കൊമേഴ്‌സ്' എന്ന വിശ്രുത സര്‍വകലാശാല. പുരാതനമാണ്‌ ഈ വിദ്യാപീഠം. മച്ചില്‍ (ഇന്നത്തെ സി.സി. ടിവി ക്യാമറകള്‍ പോലെ) കടവാവലുകള്‍ തൂങ്ങിക്കിടക്കുന്നു. ഇളകിവീഴാറായ തൂണുകള്‍. പൊളിഞ്ഞ ജനല്‍വാതിലുകള്‍. നൂറ്റാണ്ടുകള്‍ പിന്നിട്ടവയെന്നു തോന്നിക്കുന്ന മേശ- കസേരകള്‍. വായ്‌ പിളര്‍ന്ന്‌ കുട്ടിഭൂതങ്ങളെപ്പോലെ ടേബിളുകളില്‍ മരുവുന്ന ടൈപ്പ്‌റൈറ്ററുകള്‍! ഈ മുറിയിലൂടെയാണ്‌ ചായക്കടയിലെ പുക അന്തരീക്ഷത്തിലേക്ക്‌ രക്ഷപ്പെടുന്നത്‌.
ചായക്കടയുടെ ചുറ്റിലും ബസ്‌ സ്‌റ്റോപ്പിലും പഴുതാരമീശയും കുരുവിക്കൂടും ഫിറ്റു ചെയ്‌ത, ബെല്‍ബോട്ടം ധരിച്ച, വലിയ കോളറുള്ള ഷര്‍ട്ടിട്ട യുവകോമളന്മാര്‍ പുകവലിച്ചു പുഷ്‌പശരങ്ങള്‍ എയ്യുന്നതു കാണാന്‍ നില്‍ക്കാതെ രാധയും അച്‌ഛനും മുകളിലത്തെ നിലയിലേക്കു കയറി.
ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പത്തുപന്ത്രണ്ടു പേര്‍ 'കൊട്ട്‌' തുടങ്ങിക്കഴിഞ്ഞു. രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു ഷിഫ്‌റ്റുണ്ട്‌ മേളപ്പെരുക്കം.
രാധ 'പ്രിന്‍സിപ്പലി'നെക്കണ്ട്‌ ഫീസടച്ചു. ഒരു മാസത്തേക്ക്‌ ടൈപ്പിനു മാത്രം പതിനഞ്ചു രൂപ. ഷോര്‍ട്ട്‌ഹാന്‍ഡ്‌ കൂടെയാണെങ്കില്‍ ഇരുപതു രൂപ.
രണ്ടിന്റെയും പരീക്ഷ ഒരേ ദിവസമാണ്‌. മാത്രമല്ല, ഷോര്‍ട്ട്‌ഹാന്‍ഡുകാര്‍ക്ക്‌ വെളിയില്‍ വലിയ ഡിമാന്റുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌. ''ടൈപ്പും ഷോര്‍ട്ട്‌ഹാന്‍ഡും പഠിക്കുന്ന യുവതിക്ക്‌ വരനെ ആവശ്യമുണ്ട്‌' എന്നാണ്‌ പല വിവാഹപരസ്യങ്ങളിലും കാണുന്നതും.
രാധയെ ഒരു ടൈപ്പ്‌റൈറ്റിങ്‌ യന്ത്രത്തിന്റെ മുമ്പിലിരുത്തി പ്രിന്‍സിപ്പല്‍ പറഞ്ഞു തുടങ്ങി: -''നോക്കു കുട്ടീ, ശരിക്കും പഠിച്ചാല്‍, നല്ല സ്‌പീഡ്‌ കിട്ടിയാല്‍ കാര്യം നേടി. 'ലോവറും' 'ഹയറും' പാസാകണം. പിന്നെ, വലിയ കമ്പനികളിലൊക്കെ സര്‍ട്ടിഫിക്കറ്റിനല്ല വൈദഗ്‌ധ്യത്തിനാണു വില. നല്ല വേഗത്തില്‍ ഭംഗിയായി ടൈപ്പ്‌ ചെയ്യാനറിയാമോ എന്നേ അവര്‍ നോക്കുകയുള്ളൂ. പിന്നെ, ഇംഗ്ലീഷ്‌ മാത്രമല്ല മലയാളം ടൈപ്പിങ്ങും പഠിക്കണം. ഭരണഭാഷ മലയാളമാക്കുകല്ലേ?''
രാധ ചുറ്റും നോക്കി.
മുറിക്കുള്ളില്‍ ടൈപ്പ്‌റൈറ്റിങ്‌ റിബണിന്റെ മണം. യന്ത്രങ്ങളുടെ 'ടക്‌, ടക്‌, ടക്‌'- എന്ന ശബ്‌ദം. ആകെക്കൂടി ഒരു സര്‍ക്കാര്‍ ഓഫീസിന്റെ പ്രതീതി. തനിക്ക്‌ ഒരു സര്‍ക്കാര്‍ ജോലി കിട്ടിയതായി രാധ വെറുതെ സങ്കല്‍പിച്ചു.
''ഇന്നുതന്നെ ക്ലാസിലിരുന്നുകൊള്ളൂ...''- പ്രിന്‍സിപ്പല്‍ കനിഞ്ഞു.
രാധയുടെ അച്‌ഛന്‍ താഴെ ചായക്കടയില്‍ കയറി. നാരായണന്‍ വെറും ചായക്കടക്കാരന്‍ മാത്രമല്ല, ലോകവിവരമുള്ള സാര്‍വദേശീയ വിപ്ലവകാരിയും പഴയ കൂട്ടുകാരനുമാണ്‌.
''മകളെ ടൈപ്പിനു ചേര്‍ത്തു, അല്ലേ! മലയാളംകൂടി ടൈപ്പ്‌ ചെയ്യാന്‍ പഠിപ്പിക്കണം. ഓഫീസുകളില്‍ മലയാളം ടൈപ്പ്‌റൈറ്റര്‍ വന്നു തുടങ്ങി''- നാരായണന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.
മലയാളം ടൈപ്പ്‌റൈറ്റര്‍ വരുന്നതോടെ ഒരു പ്രത്യേകതരം ഭാഷയുണ്ടാകുമെന്നാണ്‌ നാരായണന്റെ പക്ഷം. 'പാല്‍പ്പായസം', 'ഭൂതം', 'അധഃസ്‌ഥിതന്‍' എന്നൊക്കെ ടൈപ്പ്‌ ചെയ്യാന്‍ നല്ലതുപോലെ അദ്ധ്വാനിക്കണം. 'അറ്റകുറ്റപ്പണി' എന്നത്‌ 'അ...റ..റ..കു...റ...റപണി'യായിപ്പോയെന്നിരിക്കും. പിന്നെ, ടൈപ്പ്‌ പരീക്ഷ പാസാകുന്ന കാര്യം. അത്‌ എളുപ്പമാണ്‌. വര്‍ഷംതോറും സര്‍ക്കാര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്റെ കെ.ജി.ടി.ഇ. പരീക്ഷയുണ്ട്‌. അതിന്റെ ലോവറും ഹയറും പാസായാല്‍ കൊള്ളാം. ഒന്നുമല്ലെങ്കില്‍, സര്‍ക്കാര്‍ ഓഫീസുകളുടെ അടുത്ത്‌ ഒരു മുറി കിട്ടിയാല്‍ അപേക്ഷകള്‍ ടൈപ്പു ചെയ്‌ത് ജീവിച്ചുപോകാം!
ഒറ്റയിരിപ്പിനു മഹാഭാരതം മുഴുവന്‍ കേട്ടെഴുതിയ ഗണപതിഭഗവാനാണ്‌ ആദ്യം
'ഷോര്‍ട്ട്‌ഹാന്‍ഡ്‌' നടപ്പാക്കിയതെന്നാണ്‌ നാരായണന്റെ പക്ഷം. സി.വി. രാമന്‍പിള്ള
'മാര്‍ത്താണ്ഡവര്‍മ' പറഞ്ഞുകൊടുത്ത്‌ എഴുതിച്ചപ്പോഴും 'ഷോര്‍ട്ട്‌ഹാന്‍ഡ്‌' സിസ്‌റ്റം പ്രയോഗിച്ചിരുന്നിരിക്കണം. ടൈപ്പും ഷോര്‍ട്ട്‌ഹാന്‍ഡും പഠിക്കാത്ത ഒറ്റ പട്ടര്‍ പോലും പണ്ട്‌ പാലക്കാട്ട്‌ ഉണ്ടായിരുന്നില്ലെന്ന്‌ വി.കെ.എന്നും പറഞ്ഞിട്ടുണ്ട്‌.
''എഡോ! ഈ ടൈപ്പ്‌റൈറ്റര്‍ വലിയൊരു സംഗതിയാണ്‌- പ്രത്യേകിച്ചും മലയാളം ടൈപ്പ്‌റൈറ്റര്‍. നമ്മള്‍ പണ്ടൊക്കെ കളരിയില്‍പോയി 'ഹരി:ശ്രീ' എന്ന്‌ എഴുതിയില്ലേ? ഇനി അതൊക്കെ ടൈപ്പ്‌റൈറ്ററിലൂടെ സാധിക്കാം. ഒടുവില്‍ അക്ഷരം എഴുതാന്‍ നമ്മുടെ കുട്ടികള്‍ മറന്നുപോകും!'' - ചായ മറ്റൊരു കപ്പിലേക്ക്‌ വീശിയൊഴിച്ച്‌ ക്രാന്തദര്‍ശിയായ കവിയെപ്പോലെ നാരായണന്‍ ഖേദിച്ചു.
(കമ്പ്യൂട്ടറും ഡി.ടി.പിയും ഇന്റര്‍നെറ്റും യൂട്യൂബും വരുന്നതിനു കാലങ്ങള്‍ക്കു മുമ്പേ, നാരായണന്‍ ഇതെല്ലാം പറഞ്ഞുവച്ചു എന്ന്‌ ചരിത്രകാരന്മാര്‍ പിന്നീടെഴുതും!)
''അതു മാത്രമോ? ഗുണന-ഹരണ-പെരുക്കപ്പട്ടികകളൊന്നും കഷ്‌ടപ്പെട്ടു കാണാതെ പഠിക്കേണ്ട. തിരുവനന്തപുരത്ത്‌ 'കെല്‍ട്രോണ്‍' എന്ന കമ്പനി കണക്കുകൂട്ടുന്ന മിഷ്യന്‍ ഉണ്ടാക്കിയെന്നും അത്‌ അവര്‍ മുഖ്യമന്ത്രിക്കു കൊടുത്തെന്നും കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടു!''- മാധവന്‍നായര്‍ ഓര്‍മിച്ചു.
''മാറ്റമില്ലാത്തത്‌ മാറ്റത്തിനു മാത്രമേ ഉള്ളഡോ!'' - കാള്‍ മാര്‍ക്‌സിന്റെ ശബ്‌ദത്തില്‍ നാരായണന്‍ ചൊല്ലി. അതു കേട്ട്‌ ചായക്കടയുടെ ഉത്തരത്തിലെ പല്ലി ചിലച്ചു- സംഗതി ശരിയാണെന്നര്‍ഥം!
നിഷ്‌ക്കളങ്കമായ എഴുപതുകളില്‍, കാലത്തിന്റെ മണ്‍പാതയിലൂടെ രാധയും അച്‌ഛനും വീട്ടിലേക്കു തിരിച്ചു നടന്നു. അച്‌ഛന്‍ ചിന്താകുലനായിരുന്നു. ചായക്കടക്കാരന്‍ നാരായണന്‍ പറഞ്ഞ മറ്റൊരു കാര്യമായിരുന്നു മനസില്‍.
-നാട്ടിലെ ടൈപ്പ്‌റൈറ്റിങ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടുകള്‍ പ്രേമം തളിര്‍ക്കുന്ന ഇടങ്ങള്‍കൂടിയാണത്രേ! ടൈപ്പ്‌റൈറ്റിങ്ങിന്റെ ആദ്യപാഠം ഇംഗ്ലീഷ്‌അക്ഷരങ്ങള്‍ ടൈപ്പു ചെയ്‌തു പഠിക്കുക എന്നതാണ്‌. അടുത്തിടെ ഒരുവള്‍ ഒരു കടലാസ്‌ നിറയെ 'ഐ ലവ്‌ യൂ!' എന്നു ടൈപ്പ്‌ ചെയ്‌തിട്ട്‌ റോഡിലേക്ക്‌ ഏതോ ഒരു പയ്യന്‌ ഇട്ടുകൊടുത്തത്രേ! അവര്‍ ഒരാഴ്‌ചകഴിഞ്ഞപ്പോള്‍ സ്‌ഥലംവിട്ടു!
ഏതു കൃഷ്‌ണനോടായിരിക്കും രാധ 'ഐ ലവ്‌ യൂ!' എന്ന്‌ ടൈപ്പ്‌റൈറ്ററിലൂടെ പറയുക?- മാധവന്‍നായരുടെയുള്ളില്‍ കൊള്ളിമീന്‍ പാഞ്ഞു. ഒരുപക്ഷേ, ഷോര്‍ട്ട്‌ഹാന്‍ഡിലാണ്‌ അവള്‍ പ്രേമലേഖനമെഴുതുന്നതെങ്കില്‍ എങ്ങനെ അറിയാനാണ്‌? കന്യകമാരുടെ നവാനുരാഗങ്ങളെ ആര്‍ക്കാണ്‌ പ്രവചിക്കാനാവുക? ഒന്നോര്‍ത്താല്‍ അങ്ങനെയൊന്നും വിചാരിക്കുന്നതിലും കഥയില്ല. പ്രേമിക്കാനും പ്രേമലേഖനമെഴുതാനും കച്ചകെട്ടിയിറങ്ങുന്നവര്‍ക്ക്‌ താമരയിലയിലും സംഗതി രചിക്കാം! ശകുന്തള അപ്രകാരം എഴുതിയില്ലേ?
''അച്‌ഛനെന്താണ്‌ ആലോചിക്കുന്നത്‌?''-രാധ ചോദിച്ചു.
അയാള്‍ ഒന്നും മിണ്ടിയില്ല.
''ഒരു സിനിമയിലില്ലേ, അച്‌ഛാ! പ്രേംനസീര്‍ വലിയ ഉദ്യോഗസ്‌ഥനാണ്‌. ഷീല അയാളുടെ ടൈപ്പിസ്‌റ്റും. സിനിമയുടെ പേര്‌ ഓര്‍ക്കുന്നില്ല. അവസാനം അവര്‍ തമ്മില്‍ പ്രേമമായി''- രാധ ചിരിച്ചുകൊണ്ടു പറഞ്ഞു. അപ്പോള്‍ അവളുടെ കൈവളകള്‍ കിലുങ്ങി. തലമുടിയിലെ പ്ലാസ്‌റ്റിക്‌ റോസാപ്പൂവു വിളറിച്ചിരിച്ചു.
രാധയുടെ അച്‌ഛന്‍ ഒന്നു ഞെട്ടി.
''വേഗം നടക്കൂ! വീട്ടില്‍ അമ്മ ഒറ്റയ്‌ക്കാണ്‌!''-ഞെട്ടല്‍ പുറത്തുകാട്ടാതെ അയാള്‍ പറഞ്ഞു.

Ads by Google
Sunday 19 May 2019 10.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW